പ്രതിഷേധമിരമ്പുന്നു
കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. സത്യത്തില്‍ മലയാളിയുടെ മുഖത്തു നോക്കി അണ്ടര്‍വെയര്‍ ഊരിക്കാണിച്ചതുപോലെയായിപ്പോയി ഇത്. അതും രണ്ടു ഭീകരസംഭവങ്ങളും ഒരാഴ്ച തന്നെയായി എന്നത് മറ്റൊരു ഞെട്ടല്‍. എല്ലാവര്‍ക്കും ഇതു മാത്രമേ സംസാരിക്കാനുള്ളൂ. അല്ലെങ്കിലും ഇത്ര ഭയങ്കരമായ ഒരു അവഗണന കേരളത്തിനോടും മലയാളത്തിനോടും ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യന്‍ പനോരമയുമാണ് ലക്ഷക്കണക്കിനു മലയാളികളെപ്പോലെ എന്നെയും ധാര്‍മികരോഷം കൊള്ളിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ദീപശിഖാപ്രയാണത്തിന് അഭിനവ് ബിന്ദ്രയെ വിളിച്ചു, സാനിയ മിര്‍സയെ വിളിച്ചു, കപില്‍ ദേവിനെ വിളിച്ചു.- കേരളത്തിന്റെ ശ്രീശാന്തിനെ മാത്രം വിളിച്ചില്ല. അവരൊക്കെ ഉത്തരേന്ത്യക്കാരാണല്ലോ. ഇവിടെ ദക്ഷിണേന്ത്യയിലെ കായികതാരങ്ങളെ അവഗണിച്ചു എന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ, കേരളത്തെ അവഗണിച്ചു എന്നു പറയാതിരിക്കാനെനിക്കാവില്ല. അഭിനവ് ബിന്ദ്രയ്ക്കു പകരം ദീപശിഖ ഏറ്റുവാങ്ങേണ്ടിയിരുന്ന എന്റെ ആരാധനാമൂര്‍ത്തി ആരാധ്യനായ ശ്രീശാന്ത് ഇവിടെ അവഗണിക്കപ്പെട്ടതിനെതിരെ ഒരുത്തനും ഒന്നും മിണ്ടുന്നില്ല.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ കേരളത്തിന്റെ പുണ്യമായ ശ്രീയെ അവഗണിച്ച കോമണ്‍വെല്‍ത്ത് കൂതറകളുടെ നടപടിയില്‍ ഒരു മലയാളിയെന്ന നിലയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. സാനിയ മിര്‍സയെ വിളിച്ചു പക്ഷെ, പി.ടി. ഉഷയെ വിളിച്ചില്ല. അപ്പോള്‍ പി.ടി.ഉഷ ആരായി ? നമ്മള്‍ മലയാളികള്‍ ആരായി ? ഇത് സത്യത്തില്‍ ഉഷയെ അപമാനിക്കലാണ്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇതിനെപ്പറ്റി പ്രതികരിക്കുന്നതിനും നമുക്കൊക്കെ അശ്വാസം പകരുന്ന രണ്ടു വാക്കു സംസാരിക്കുന്നതിനുമായി പുണ്യശ്രീയുടെ പുണ്യമാതാശ്രീയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനു മുമ്പ് വിവിധ മാധ്യമങ്ങളിലൂടെ അനേകം അനേകം പ്രസ്താവനകളിലൂടെ മാതാശ്രീ നമുക്കൊക്കെ അനുഗ്രഹം ചൊരിഞ്ഞതും അശ്വാസം പകര്‍ന്നതും ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണു രണ്ടും നിറഞ്ഞൊഴുകുകയാണ്.
അതൊക്കെ പോട്ടെന്നു വയ്ക്കാം. കപില്‍ ദേവ് ക്രിക്കറ്റ് കളിക്കാരനല്ലെങ്കിലും നമ്മളെ സംബന്ധിച്ച് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. അഭിനവ് ബിന്ദ്രയോ വെടിവയ്പിന്റെ അംബാസിഡറുമായി. എന്നിട്ടും, എന്നിട്ടും വോളിബോളിന്റെ ബ്രാന്‍ഡ് അംബാസിഡറായ നമ്മുടെ മെഗാസ്റാര്‍ മമ്മൂട്ടിയെ കോമണ്‍വെല്‍ത്തില്‍ നിന്ന് ഭീകരമായി ഒഴിവാക്കി. കുഞ്ഞുന്നാളില്‍ വള്ളിനിക്കറിട്ടു നടക്കുന്ന പ്രായം മുതല്‍ അദ്ദേഹം കളിച്ചിട്ടുള്ള വോളിബോളിന്റെ കണക്കു നോക്കിയാല്‍ ഈ അവഗണനയൊന്നും ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. ഒരു മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഫാന്‍ എന്ന നിലയില്‍ ശക്തമായി ഞാന്‍ ഇതിലും പ്രതിഷേധിക്കുന്നു. സത്യത്തില്‍ മിനിഞ്ഞാന്നു കൂടി കോമണ്‍വെല്‍ത്ത് ദീപശിഖയുമേന്തി മമ്മൂട്ടി ലണ്ടന്‍ നഗരത്തിലൂടെ ഓടുന്നതും ആര്‍പ്പുവിളികളുമായി ബ്രിട്ടിഷ് ആരാധകര്‍ പിന്നാലെയോടുന്നതും സ്വപ്നം കണ്ടതാണ്. ഇതൊക്കെ സ്വപ്നം കണ്ട ഞാനിപ്പോള്‍ ആരായി ?
കോമണ്‍വെല്‍ത്തിന്റെ കാര്യം പോട്ടെന്നു വയ്ക്കാം. അതിനി പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍ ശ്രീശാന്തിനെയും മമ്മൂട്ടിയെയും ഒന്നും കള്ളന്‍മാര്‍ അംഗീകരിക്കാന്‍ പോകുന്നില്ല. പക്ഷെ, സിനിമയുടെ കാര്യം വരുമ്പോള്‍ നമ്മളങ്ങനെ മിണ്ടാതിരിക്കേണ്ട കാര്യമുണ്ടോ ? ഇങ്ങനെ മിണ്ടാതിരുന്ന് മിണ്ടാതിരുന്ന് അവസാനം ഇന്ത്യയുടെ മാപ്പ് വരയ്ക്കുമ്പോള്‍ കേരളം അവന്‍മാര്‍ അങ്ങൊഴിവാക്കിക്കളയും. അതുകൊണ്ട് വിട്ടുകളയരുത്.
മലയാളത്തില്‍ ഏറ്റവുമധികം നല്ല സിനിമകള്‍ ഇറങ്ങിയ വര്‍ഷമാണ് കഴിഞ്ഞത്. എന്നിട്ടും ഇന്ത്യന്‍ പനോരമയില്‍ ഒരെണ്ണം പോലുമില്ല. എങ്ങനെ ഞെട്ടാതിരിക്കും. ഞാന്‍ അന്നു മുതല്‍ ഞെട്ടിക്കൊണ്ടിരിക്കുകയാണ്. മഹാനായ ഡയറക്ടര്‍ അമല്‍ സര്‍ നീരദ് സാറിന്റെ സാഗര്‍ അലിയാസ് ജാക്കിയോ തോമസ് മാര്‍ സെബാസ്റ്യന്റെ മായാബസാറോ പോലും ഇന്ത്യന്‍ പനോരമയില്‍ ഇടം കണ്ടെത്തിയില്ലെന്നു പറയുമ്പോള്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ആലോചിക്കണം. പനോരമയില്‍ കാണാം എന്നുറപ്പുള്ളതുകൊണ്ട് തിയറ്ററില്‍ പോയി കാണാതിരുന്ന ടു ഹരിഹര്‍നഗര്‍, പട്ടണത്തില്‍ ഭൂതം, ലൌ ഇന്‍ സിംഗപ്പൂര്‍ തുടങ്ങിയ സിനിമകള്‍ പോലും പനോരമയില്‍ ഇല്ലെന്നു പറയുമ്പോള്‍ ഇവന്‍മാരൊക്കെ എവിടെ നോക്കിയാണ് സിനിമ കാണുന്നതെന്നാണ് ഞാനാലോചിക്കുന്നത്. കഥ, സംവിധാനം കുഞ്ചാക്കോ, ഡോക്ടര്‍ പേഷ്യന്റ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകള്‍ എവിടെപ്പോയി ?
പനോരമ സമിതി മിക്കവാറും യഥാര്‍ഥ ചലച്ചിത്രസ്നേഹികളുടെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. സാമൂഹികപ്രതിബദ്ധതയുള്ള എത്രയോ എത്രയോ സിനിമകള്‍, ലോകം നിശ്ചയമായും കണ്ടിരിക്കേണ്ട എത്രയോ ചലച്ചിത്രകാവ്യങ്ങള്‍, ലോകത്ത് ഒരു സിനിമക്കാരനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ കുറെ സംവിധായകര്‍ ഭ്രാന്തന്‍മാരെപ്പോലെ അലഞ്ഞുതിരിഞ്ഞ, ലോകസിനിമയ്ക്കു തന്നെ പാഠപുസ്തകമാക്കാവുന്ന എത്രയോ സിനിമകള്‍ ക്രൂരമായി അവഗണിക്കപ്പെട്ടു.
ഇതില്‍ പ്രതിഷേധിക്കാനും ലോകത്തിന്റെ വിവിധ വിവിധ മേഖലകളില്‍ മലയാളിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനും ഒക്കെയായി പറ്റിയാല്‍ നാളെ തന്നെ കേരളത്തിലങ്ങോളമിങ്ങോളം മലയാളികളെല്ലാവരും ചേര്‍ന്ന് ഒരു മനുഷ്യച്ചങ്ങല സൃഷ്ടിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. നമ്മളെല്ലാവരും ഇവിടെ കൈകോര്‍ത്ത് പിടിച്ചപ്പോഴൊക്കെ ലോകത്ത് രാഷ്ട്രീയമാറ്റങ്ങളുണ്ട്. ആസിയാന്‍ കരാറിനെതിരെയുള്ള നമ്മുടെ മനുഷ്യച്ചങ്ങല കഴിഞ്ഞതേയുള്ളൂ, അവിടെ ആസിയാന്‍ ഉച്ചകോടി നടക്കുന്നു. അതുകൊണ്ട് മനുഷ്യച്ചങ്ങലയില്‍ വിശ്വസിക്കുക. നാളെ ഓഫിസുകളും വിദ്യാഭ്യാസവും ബഹിഷ്കരിച്ച് കൈകോര്‍ക്കാനിറങ്ങുക. കോമണ്‍വെല്‍ത്തുകാരെയും പനോരമക്കാരെയും നമുക്കൊരു പാഠം പഠിപ്പിക്കണം. ആഹ !










