പഴശ്ശിരാജ (റിവ്യൂ)
കാത്തിരിപ്പിന് അര്‍ഥമുണ്ടായി. കേരളവര്‍മ പഴശ്ശിരാജ ചീത്തപ്പേരു കേള്‍പ്പിക്കാതെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം ഉറപ്പാക്കി. ആശങ്കകള്‍ക്കും അഭ്യഹങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് പഴശ്ശിരാജ ലോകസിനിമ തന്നെയാണെന്ന പ്രേക്ഷകരുടെ സാക്ഷ്യമൊഴിയില്‍ ആദ്യദിനം ആരവങ്ങളോടെ തിയറ്ററുകള്‍ സജീവമായി. ഇത് മലയാള സിനിമയ്ര്‍ക്ക് അപൂര്‍വമായി മാത്രം ലഭിക്കുന്ന സൌഭാഗ്യം. മിമിക്രിയാണെങ്കിലും ഷക്കീലയാണെങ്കിലും സിനിമയുടെ വിജയം തിയറ്ററുകളില്‍ ആഘോഷമാണ്. ഒരു നല്ല സിനിമ ആവേശത്തോടെ സ്വീകരിക്കപ്പെടുമ്പോള്‍ അത് സിനിമയുടേതെന്നതിനു പുറമേ കലയുടെ, ചരിത്രത്തിന്റെ ഒക്കെ ആഘോഷമാണ്. ഒരു മമ്മൂട്ടി ചിത്രമെന്നോ ഹരിഹരന്‍ ചിത്രമെന്നോ ഇതിനെ വിശേഷിപ്പിക്കുന്നില്ല. ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. ഏറെക്കാലം നീണ്ട കഠിനാധ്വാനത്തിന്റെയും ത്യാഗങ്ങളുടെയും വിജയമാണ്. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് കേരളവര്‍മ പഴശ്ശിരാജയും സ്ഥാനം പിടിക്കുന്നു.
ചിത്രത്തിന്റെ കഥയെപ്പറ്റി ഏറെ വാചാലനാകേണ്ട കാര്യമില്ല. എംടി വാസുദേവന്‍ നായരുടെ തിരക്കഥ മോശമല്ല. ഡയലോഗുകള്‍ വടക്കന്‍ വീരഗാഥയോടു താരതമ്യം ചെയ്യാനാവില്ല. രണ്ടും രണ്ടു ട്രീറ്റ്ര്‍മെന്റാണ്. സിനിമകള്‍ തമ്മിലും ഒരു താരതമ്യത്തിനു സാധ്യതയില്ല. പ്രധാനകഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന പഴശ്ശിരാജ ആണെങ്കിലും ചിത്രത്തിലെ പ്രകടനത്തില്‍ പഴശ്ശിരാജയെക്കാള്‍ മികച്ചു നില്‍ക്കുന്നത് എടച്ചേനി കുങ്കനും തലയ്ര്‍ക്കല്‍ ചന്തുവും നീലിയും ഒക്കെയാണ്.
മമ്മൂട്ടിയെക്കാള്‍ കയ്യടി നേടുന്നത് ശരത്ര്‍കുമാര്‍ ആണെന്ന് പറയുന്നത് ഖേദകരമാണെങ്കിലും സത്യമാണ്. മനോജ് കെ.ജയന്റെ എന്നും സ്മരിക്കപ്പെടുന്ന പ്രകടനങ്ങളിലൊന്നായിരിക്കും പഴശ്ശിരാജയിലേത്. ചുറുചുറുക്കും തീക്ഷ്ണയൌവ്വനത്തിന്റെ സ്ത്രൈണഭാവങ്ങളും ചേര്‍ത്തു വച്ച നീലി എന്ന സമര്‍ഥയായ പോരാളിയെ അവതരിപ്പിച്ച പത്മപ്രിയയും സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കും. സൂക്ഷ്മാഭിനയത്തിന്റെ മികവു കൊണ്ട് ജഗതി ശ്രീകുമാറും തന്റെ വേഷം അവിസ്മരണീയമാക്കി.
ആദ്യപകുതിയും രണ്ടാം പകുതിയും എല്ലാം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ എംടിയും സംവിധായകന്‍ ഹരിഹരനും വിജയിച്ചിരിക്കുന്നു. റസൂല്‍ പൂക്കുട്ടിയൊക്കെ ഇവിടെ വന്നിട്ട് എന്തു ചെയ്യാനാണ് എന്നു ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് സിനിമ. മലയാള സിനിമയ്ര്‍ക്ക് ഇതുവരെ അന്യമായിരുന്ന ഒരു പശ്ചാത്തലശബ്ദമിശ്രണം പഴശ്ശിരാജയിലൂടെ പ്രേക്ഷകര്‍ അനുഭവിക്കുന്നു. ഇതൊക്കെ നമുക്കും സാധിക്കാവുന്നതേയുള്ളല്ലോ എന്ന വിസ്മയമാണ് ബാക്കി. ശബ്ദമിശ്രണത്തിലെ വേറിട്ട ശൈലി പ്രേക്ഷകര്‍ അനുഭവിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് സീനുകളിലെ ശബ്ദസാന്നിധ്യത്തെ പൂക്കുട്ടി, പൂക്കുട്ടി വിളികള്‍ കൊണ്ട് പ്രേക്ഷകര്‍ എതിരേറ്റത്. മഴയും കാടും, വാള്‍മുനകളുടെ സംവാദവും എന്തിന് ഇതുവരെ ഒന്നും കേള്‍പ്പിക്കാത്ത മൌനവും പൂക്കുട്ടിയുടെ കൈകളിലൂടെ പുതുതായെന്തൊക്കെയോ പറയുന്നുണ്ട്, സിനിമയില്‍.

മലയാളത്തിന്റെ ലോക സിനിമ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹമാണ് പഴശ്ശിരാജ എന്നതില്‍ സംശയമില്ല. എന്നാല്‍ ലോകസിനിമയിലെ മലയാള സാന്നിധ്യം എന്ന അംഗീകാരത്തിനു തക്ക മികവിലേക്ക് സിനിമ ഉയര്‍ന്നിട്ടുമില്ല. ബെന്‍ഹറിനെക്കാള്‍ മികച്ച ചിത്രമാണ് പഴശ്ശിരാജ എന്നു എംടി വാസുദേവന്‍ നായര്‍ അവകാശപ്പെടുമ്പോഴും ലോകനിലവാരത്തോടു മല്‍സരിക്കാനാവുന്ന തലത്തില്‍ അനേകം അനേകം സാധ്യതകള്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു എന്നത് സത്യമാണ്. യുദ്ധചിത്രമെന്ന നിലയിലും വനാന്തരങ്ങളിലെ പ്രയാണങ്ങളുടെ സാധ്യതകളുടെ കാര്യത്തിലും പഴശ്ശിരാജയ്ര്‍ക്ക് ലോകനിലവാരത്തിലേക്കെത്താന്‍ ഏറെ സഞ്ചരിക്കാനുണ്ട്. എങ്കിലും, ഇൌ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്രയധികം സാധിച്ച ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് പ്രേക്ഷകനെന്ന നിലയില്‍ എന്റെ അഭിവാദ്യങ്ങള്‍.
അഞ്ചു ഭാഷകളിലായി അഞ്ഞൂറിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രം ഇന്നു റിലീസ് ചെയ്തത് മലയാളത്തില്‍ മാത്രം. 130 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയ്ര്‍ക്ക് എല്ലാ സെന്ററുകളിലും അപ്രതീക്ഷിതമായ തിരക്കായിരുന്നു. പശ്ചാത്തലത്തിലെ ബ്രിട്ടീഷ് ചാരന്‍, പാരഗന്‍ ചെരുപ്പ് തുടങ്ങിയ കുപ്രചരണങ്ങള്‍ ഏറ്റില്ല. സിനിമയുടെ ഷൂട്ടിങ്ങ് സ്റ്റില്ലുകള്‍ ദുരുപയോഗിച്ചാണ് ചിത്രത്തിനെതിരെ വ്യാപകമായി ഒാണ്‍ലൈന്‍ പ്രചാരണം നടത്തിയിരുന്നത്. ഒന്നില്‍ പഴശ്ശിയും സംഘവും നില്‍ക്കുന്ന ഷോട്ടില്‍ ദൂരെ, ദൂരെ പാന്റിട്ട് ഒരാള്‍ നടന്നുപോവുന്നതായിരുന്നെങ്കില്‍ മറ്റേതില്‍ ചന്തുവും നീലിയും കൂടിയുള്ള ഷോട്ടില്‍ ചന്തുവിന്റെ കാലില്‍ റബര്‍ ചെരുപ്പു കിടക്കുന്നതായിരുന്നു ഇമെയില്‍ ഫോര്‍വേഡുകളിലെ പ്രമേയം. ബ്രിട്ടീഷ് ചാരനും പാരഗന്‍ ചെരുപ്പും സിനിമയില്‍ എവിടെ ? സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ ആംഗിളിലല്ല സിനിമ ചിത്രീകരിക്കുന്നത് എന്ന അടിസ്ഥാനബോധം ഇല്ലാത്തവരാണ് ഇൌ പ്രചാരണം നടത്തിയതും ചിലരൊക്കെ വിശ്വസിച്ചതും എന്നു ചുരുക്കം.
ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ചിത്രം വൈകാതെ റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കാം. ലൊസാഞ്ചലസില്‍ റിലീസ് സെന്റര്‍ ഉള്ള പഴശ്ശിരാജ സാങ്കേതികമായി ഒാസ്കര്‍ മല്‍സരത്തിനു യോഗ്യമാണ്. റസൂല്‍ പൂക്കുട്ടി ചിത്രത്തിലും ഒാസ്കര്‍ വോട്ടിങ് സമിതിയിലും ഉണ്ടെന്നതും ശ്രദ്ധേയമാണ്. എന്തായാലും ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച പഴശ്ശിരാജ ലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയായി മാറുകയാണ്. ഒരു വടക്കന്‍ വീരഗാഥയ്‍ക്കു ശേഷം എംടി-ഹരിഹരന്‍-മമ്മൂട്ടി ടീം ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. അമ്മ നിര്‍മിച്ച ട്വന്റി ട്വന്റിക്ക് അനുവദിച്ചതുപോലെ ആദ്യ മൂന്നു ദിവസമോ ഏതാനും ദിവസങ്ങളോ 50 ശതമാനം ടിക്കറ്റ് നിരക്ക് വര്‍ധനയോടെ സിനിമ റിലീസ് ചെയ്യാന്‍ ഹര്‍ജി നല്‍കി ഒക്ടോബര്‍ രണ്ടിലെ റിലീസിങ് മാറ്റിവയ്‍ക്കുകയായിരുന്നു. തീരുമാനം കോടതി സര്‍ക്കാരിനു വിട്ടുകൊടുത്തെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധന അംഗീകരിക്കപ്പെട്ടില്ല. പകരം 50 ശതമാനം നികുതി ഇളവോടെയാണിപ്പോള്‍ സിനിമ തിയറ്ററുകളിലേക്കെത്തിയിരിക്കുന്നത്.

