ഫാന്‍സിന്റെ സ്വന്തം റോഡ്സ്

ഫാന്‍സിന്റെ സ്വന്തം റോഡ്സ്

ഇത് ഒരു കദനകഥയാണ്. ഹൃദയഭേദകമായ ഒരു കഥ. കഥ എന്നു പറഞ്ഞാല്‍ സംഭവം. ഇതിലെ കഥാപാത്രങ്ങളും ഒാരോ സംഭവങ്ങളാണ്. ഇതിലെ പ്രധാനകഥാപാത്രം ഒരു റോഡ് ആണ്. ആ റോഡും ഒരു സംഭവം തന്നെ. റോഡ് എന്നു പറഞ്ഞാല്‍ പൊതുവഴി. കോഴിക്കോട് നഗരപ്രാന്തത്തിലുള്ള മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇൌ പാവപ്പെട്ട റോഡിന്റെ അവസ്ഥ വളരെ മോശമാണ്. എന്നു വച്ചാല്‍ ചില ബ്ലോഗര്‍മാരുടെ മനസ്സ് പോലെ അഗാധമായ കുഴികള്‍ക്കു മേലേ തളം കെട്ടി നില്‍ക്കുന്ന ചെളിവെള്ളം. വശങ്ങളിലൂടെ പോകാമെന്നു വച്ചാല്‍ റോഡിനു വശങ്ങളില്ല. ഇതുവഴിയുള്ള യാത്രയില്‍ കുഴിയില്‍ വീണു കൈകാലുകള്‍ക്ക് ക്ഷതമേറ്റവര്‍, വസ്ത്രത്തില്‍ ചളിപുരണ്ടവര്‍, പുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍, അങ്ങനെ റോഡുമൂലം കഷ്ടനഷ്ടങ്ങളുണ്ടായിട്ടുള്ളവരാണ് അതുവഴിയുള്ള യാത്രക്കാരിലേറെയും.

അങ്ങനെ റോഡ് ഒരു ജനകീയപ്രശ്നമായപ്പോള്‍, പലവട്ടം പലവഴിക്കായി പലര്‍ക്കു നല്‍കിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാകാതെ വന്നപ്പോള്‍ പലതരത്തിലുള്ള പ്രതിഷേധപരിപാടികള്‍ നടന്നു. റോഡില്‍ വാഴ നടല്‍, കളിവള്ളം ഇറക്കല്‍ തുടങ്ങിയ മീഡിയം ക്രിയേറ്റീവ് ആയ പരിപാടികള്‍ നടത്തിയിട്ടും ഫലമൊന്നും കാണാതെ വന്നപ്പോള്‍ ഗതികെട്ട നാട്ടുകാരുടെ രക്ഷയ്ര്‍ക്കായി മുണ്ടടുമടക്കിയുടുത്ത് ഞെടുപ്പന്‍ ഡയലോഗുകളുമായി അവര്‍ ഇറങ്ങി ? ആര് ? ഒാള്‍ കേരളാ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ര്‍ഡ് കള്‍ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. പോസ്റ്റര്‍ ഒട്ടിച്ചും റിലീസിങ് ദിവസം പൂവെറിഞ്ഞും ജീവിക്കുന്ന ഏഴാംകൂലികളാണ് ഫാന്‍സുകാര്‍ എന്ന് അതുവരെ വിശ്വസിച്ചിരുന്നവര്‍ക്കെല്ലാം തെറ്റി. ജനകീയപ്രശ്നങ്ങളില്‍ നിരുപാധികം ഇടപെടാനും തങ്ങള്‍ക്കു കഴിയുമെന്നു തെളിയിക്കുകയായിരുന്നു ലാലേട്ടന്‍ ഫാന്‍സിന്റെ ഉദ്ദേശം.

വിവാദറോഡിലെ കുഴികളാണ് തല്‍ക്കാലം പ്രമാദമായ ജനകീയപ്രശ്നം എന്നറിയാവുന്നതിനാല്‍ ലാലേട്ടന്‍ ഫാന്‍സ് കയറി പിടിച്ചതും അവിടെ തന്നെ. പണ്ടു ഫ്രോഡ് പ്രതിഷേധക്കാര്‍ ചെയ്തമാതിരി ഇടപാടുകള്‍ വേണ്ടെന്നും കഥ, തിരക്കഥ, സംഭാഷണം, സ്റ്റോറിബോര്‍ഡ് തുടങ്ങിയവ ഉള്ള ഒരു പ്രതിഷേധപരിപാടി വേണം നടപ്പാക്കാന്‍ എന്ന കാര്യത്തില്‍ ഫാന്‍സിനു സംശയം ഇല്ലായിരുന്നു. ആക്ഷനും കോമഡിയും ഫാമിലിയും എല്ലാം ഉള്ള ഒരു കംപ്ലീറ്റ് എന്റര്‍ടെയിനര്‍ ആണുദ്ദേശിച്ചത്. പദ്ധതി ആസുത്രണം ചെയ്തു. പഞ്ചായത്ത് കിണര്‍… പഞ്ചായത്ത് കുളം… എന്നിങ്ങനെ റോഡിലെ കുഴികള്‍ക്ക് പ്രതീകാത്മകമായി പേരു നല്‍കി. എല്ലാറ്റിനും മുന്‍പിലായി റോഡില്‍ വാഴയും ചെടികളും നട്ടുവച്ചു. ഈ റോഡിലൂടെ നടന്നു പോകുന്ന അടുത്തുള്ള എയുപി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി നിലവിളക്കുകൊളുത്തി സമരം ഉദ്ഘാടനം ചെയ്തു. സഹപാഠികള്‍ ചേര്‍ന്നു റോഡിനു റീത്ത് സമര്‍പ്പിച്ചു. പിന്നെ നിലവിളക്കേന്തി മൂന്നു വട്ടം പ്രദക്ഷിണം.. ഇതിനെല്ലാം ഒടുവിലായി വിത്തിറക്കല്‍… ഇതോടെ ആദ്യഘട്ടം സമരം കഴിഞ്ഞു.

ശയനപ്രദക്ഷിണം ഒരു സ്ഥിരം സംഭവമാണെങ്കിലും അത് ചെയ്യുന്ന രീതി കൊണ്ട് വ്യത്യസ്തമാക്കാമല്ലോ. കരുത്തന്‍മാരും വീരന്‍മാരുമായ അഞ്ചു ഫാന്‍സ് യുവാക്കള്‍ ചെളിയിലേക്കിറങ്ങി. നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ ശയന പ്രദക്ഷിണം നടത്തി… തലങ്ങും വിലങ്ങുമായി പലതവണ ഉരുണ്ടു. സംഗതി രസം പിടിച്ചതോടെ കൂടുതല്‍ ആളുകള്‍ ചെളിയിലിറങ്ങി. ചുമ്മാതല്ല, പത്രക്കാര്‍, ചാനലുകാര്‍ മൊബൈല്‍ ഫോണ്‍ ഞരമ്പുകള്‍, എല്ലാവരും ഗിടിലം കൊണ്ടു നില്‍ക്കുന്നു. ഇതിനെല്ലാം സാക്ഷിയായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിന്റെ ഇരുവശങ്ങളിലായി നിന്നിരുന്നു.

ഇതൊക്കെ കണ്ടു ചിലര്‍ ചോദിച്ചു. ഇവന്‍മാരൊക്കെ ഇൌ കാണിച്ച അധ്വാനത്തിന്റെ പകുതിയുണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും കൂടി കുറച്ചു മണ്ണിട്ട് ആ റോഡ് നന്നാക്കാമായിരുന്നില്ലേ എന്ന്. വ്യക്തിപരമായി എനിക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ല. റോഡ് നന്നാക്കുന്നത് പൊതുജനത്തിന്റെ ജോലിയല്ല. അത് ചെയ്യേണ്ടവര്‍ ആസനത്തില്‍ മുളച്ച ആലില്‍ കിളിര്‍ത്ത വള്ളിയില്‍ തൂങ്ങി യാത്ര ചെയ്യുമ്പോള്‍ റോഡിനെ ആശ്രയിക്കുന്ന പൊതുജനത്തിന് ശക്തമായ പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിച്ചേ പറ്റൂ. എന്നിട്ടെന്തായി ? പിറ്റേന്ന് പത്രങ്ങളുടെ ഒന്നാം പേജില്‍ തന്നെ ഫാന്‍സ് സമരം സ്ഥാനം പിടിച്ചു, പടം സഹിതം. ചാനലുകള്‍ ഗംഭീരറിപ്പോര്‍ട്ട് നല്‍കി. അങ്ങനെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഒരു സംഭവമായി.

ഇതാണോ വലിയ കദനകഥ എന്നൊക്കെ പറഞ്ഞ് തികഞ്ഞ മമ്മൂട്ടി ഫാനായ ഞാന്‍ അവതരിപ്പിച്ചത് എന്നു ചോദിക്കുന്നവരോട് പറയട്ടെ. ഇത് വെറും ടൈറ്റില്‍സ് മാത്രം. കഥയില്‍ കദനം തുടങ്ങാന്‍ പോണതേയുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സ് മാധ്യമങ്ങളില്‍ അസൂയാവഹമായ സ്ഥാനം നേടിയ സംഭവം ചര്‍ച്ചയായതിന്റെ പിറ്റേന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സടകുടഞ്ഞെണീറ്റു. ഗറുവാസീസ് ആശാന്റെ ഗുണ്ടാശിഷ്യന്‍ എന്‍ദോയെപ്പോലെ മമ്മൂട്ടി ഫാന്‍സ് ആ റോഡിലേക്കു നോക്കി പറഞ്ഞു- ആ കുഴികള്‍ ഞങ്ങളുടേതാണ്. ചുമ്മാ ഡയലോഗ് പറഞ്ഞതുകൊണ്ടായോ, കുറച്ചുകൂടി ശ്രദ്ധേയമായ പ്രതിഷേധപപരിപാടികള്‍ നടത്തി കുറച്ചുകൂടി മീഡിയാപുള്ളിങ് ആയ സമരത്തിലൂടെ ലോകമെങ്ങുമുള്ള മാധ്യമങ്ങളില്‍ നിറയണം.

ഏതാനും ദിവസത്തെ ഹോംവര്‍ക്കും ഹാര്‍ഡ്ര്‍വര്‍ക്കും കൊണ്ട് അവര്‍ മമ്മൂട്ടി പ്രൊജക്ടിന്റെ തിരക്കഥ തയ്യാറാക്കി. നേരേ എല്ലാ മാധ്യമങ്ങളുടെയും ഒാഫിസുകളിലെത്തി കുളംതോണ്ടി കൂതറയായ റോഡിനെ പുനരുദ്ധരിക്കുന്ന വിവരം മോഹന്‍ലാല്‍ ഫാന്‍സ് നോക്കിയിട്ടു നടക്കാത്ത കാര്യം ഇതാ ഞങ്ങള്‍ നടത്താന്‍ പോകുന്നു എന്ന ഭാവ-താള-ലയത്തല്‍ പറഞ്ഞുവത്രേ. അതും കുറച്ചുകൂടി വൈറൈറ്റി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാംസോടെ. അതായത്, റോഡിലെ കുഴിയില്‍ തളം കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ അസ്ഥി നിമഞ്ജനം ചെയ്യല്‍, അതുകഴിഞ്ഞ് റോഡില്‍ കാളപൂട്ടല്‍ തുടങ്ങി അതിശയകരമാം വിധം ക്രിയേറ്റീവ് ആയ ഐറ്റങ്ങള്‍. ഇതു ഫാന്‍സ് ടു ഫാന്‍സ് സെവന്‍സ് മല്‍സരമാണെന്നു മനസ്സിലായതോടെ ജനത്തിനും ഹരമായി. യാത്ര ചെയ്യാന്‍ കൊള്ളിലെങ്കിലെന്താ റോഡ് നേരമ്പോക്കിനു വകയുണ്ടാക്കുന്നുണ്ടല്ലോ. സമയമായതോടെ ആളു കൂടി, പത്രക്കാര്‍ വന്നു, ചാനലുകാര്‍ വന്നു. മാധ്യമപ്രതിനിധികളും ചാരന്മാരും വന്നു.

കാത്തിരിപ്പിനൊടുവില്‍ കാളയെ തെളിച്ചു കൊണ്ട് അവര്‍ വന്നു. ഒാള്‍ കേരളാ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ താരങ്ങള്‍. ഉദ്ദേശിച്ചപോലെ ഒരുപാട് പേരില്ല. വിരലില്‍ എണ്ണിയാല്‍ പെട്ടെന്നു തീരും. കൂടെ കാളയും കലപ്പയും നിമഞ്ജനം ചെയ്യാനുള്ള അസ്ഥിയും. അവര്‍ വന്നു, നിന്നു, കാളയും അതുപോലെ ചെയ്തു. ജനങ്ങള്‍ ഹര്‍ഷാരവങ്ങളോടെ സ്വാഗതം ചെയ്തു. റോഡ് ഷോ തുടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മോഹന്‍ലാല്‍ ഫാന്‍സ് പ്രതിനിധി രംഗത്തെത്തി. – എന്താണ് പരിപാടി ?

മമ്മൂട്ടി ഫാന്‍സ് കാര്യം പറഞ്ഞു. മോഹന്‍ലാല്‍ ഫാന്‍സ് പറഞ്ഞു- നടപ്പില്ല, ദിസ് റോഡ് ബിലോങ്സ് ടു അസ്. ഇൌ റോഡില്‍ മമ്മൂട്ടി ഫാന്‍സിന്റെ എടപാടുകള്‍ നടക്കില്ല. ഇവിടെ ഞങ്ങള്‍ കൃത്യമായി പ്രതിഷേധിക്കുകയും അത് കേരളമാധ്യമങ്ങള്‍ സുപ്രധാനനമായി ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തതാണ്. ഇനി ഇവിടെ ഒരിടപാടും വേണ്ട. ഞങ്ങള്‍ ശയനപ്രദക്ഷിണം നടത്തിയ പുണ്യഭൂമി കാളയെക്കൊണ്ട് ഇളക്കിമറിക്കാമെന്നും കരുതേണ്ട. മമ്മൂട്ടി ഫാന്‍സ് പ്രതിരോധിക്കാന്‍ ചെറിയ ശ്രമം നടത്തി. മോഹന്‍ലാല്‍ ഫാന്‍സ് കൈ തെറുത്തു കയറ്റി. കോട്ടയം കുഞ്ഞച്ചനെയും സേതുരാമയ്യര്‍ സിബിഐയെയും ഇന്‍സ്പെക്ടര്‍ ബല്‍റാമിനെയും മനസ്സില്‍ ധ്യാനിച്ച് കലപ്പ തോളിലേന്തി സാമാന്യം നല്ല വേഗത്തില്‍ മമ്മൂട്ടി ഫാന്‍സ് വന്നവഴിയേ തിരിച്ചുപോയി. പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന കാള എത്ര വേഗം നടന്നിട്ടും അവര്‍ക്കൊപ്പം എത്താന്‍ പാടുപെടുന്നുണ്ടായിരുന്നു എന്നാണ് ചില ഫാന്‍സൈകദൃക്കുകള്‍ പറയുന്നത്. എനിക്കിതൊന്നും അറിയാന്‍മേല.

Related Posts with Thumbnails
  • JubinEdathua
    "ആരാ മോനേ ദിനേശാ ഈ എരപ്പാളിത്തരം കാണിച്ചെ..? നീയാ..?"
    "ങ്ങേ.. ഞാനോ... അയ്യോ അണ്ണാ ഞാനല്ല.. നമ്മടെ ഫാന്‍സ് പിള്ളേരാ...."
  • തീപ്പൊരി
    നമ്മുടെ നേരും നെറിയും കെട്ട രാഷ്ട്രീയ കോമാളികള് ഇന്നു ഭാരതത്തെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുകയാണ്. ജപ്പാന് കുഴികള് മുതല് അവന്റെ അമ്മേനെ കെട്ടിക്കാന് . ഇവനെ ഒക്കെ നിരത്തി നിറുത്തി വെടിവെച്ചു കൊള്ളണം . ഈ ജന്മത്തിലെങ്കിലും കേരളമെന്ന നാട്ടിലെ റോഡുകള് ഒന്ന് നേരെയായ് കണ്ടാല് മതിയാരുന്നു.
  • അവര്‍ക്കൊരു ജോയിന്‍റ് ആക്ഷന്‍ നടത്താമായിരുന്നു.. ഹരികൃഷ്ണന്‍സ് പോലെ.....
  • പുലിക്കുട്ടി
    ഇരട്ട ക്ലൈമാക്സ്‌ ആവരുത്
  • വേണേല്‍ അതും ആവാം....അപ്പോള്‍ ഒരു പത്രത്തില്‍ ഒരുകൂട്ടരാണ് ചെയ്തതെന്നും മറുപത്രത്തില്‍ മറുപക്ഷമാണെന്നും റിപ്പോര്‍ട്ട് ചെയ്യട്ടേ....
  • JubinEdathua
    അതെയതേ... ഫാന്‍സ് കുഴിയില്‍ ചാടുമ്പോള്‍ കാമറയും കൂട്ടത്തില്‍ ചാടട്ടെ...
  • ജസ്റ്റിന്‍
    രാഷ്ട്രീയ പാര്‍ടികളുടെ യുവജന സംഘടനകളുടെ കുത്തക ആയിരുന്ന ഇത്തരം വിഷയങ്ങള്‍ ഫാന്സ്കാര്‍ കൂടെ ഏറ്റെടുക്കുന്നത് നല്ലത് തന്നെ. ഒന്നുമില്ലെങ്കിലും നാട്ടുകാര്‍ക്ക് ഒരു നേരംപോക്ക് ആവുമല്ലോ !!!
  • rakesh666
    അതെ ആ റോഡിനെന്താ ഇത്ര കൊഴപ്പം ..ഇത് കേട്ടാതോന്നും ഇത് കേരളത്തിലെ ആദ്യത്തെ ഗട്ടറാണെന്ന്
  • ഇരഞ്ഞിക്കാരന്‍
    ഇവന്‍മാരൊക്കെ ഇൌ കാണിച്ച അധ്വാനത്തിന്റെ പകുതിയുണ്ടായിരുന്നെങ്കില്‍ എല്ലാവര്‍ക്കും കൂടി കുറച്ചു മണ്ണിട്ട് ആ റോഡ് നന്നാക്കാമായിരുന്നില്ലേ
  • ഈ റോഡ് കണ്ടിട്ടു വലിയ കുഴപ്പമില്ലല്ലോ. ഇടപ്പള്ളി രാഘവന് പിള്ള റോഡ് ഇതിലും കൂതറയായിരുന്നു. ഇപ്പോള്‌ എങ്ങനെ ആണെന്നറിയല്ല.

    പന്നിപ്പനി പറന്നു നടക്കുമ്പോള് തന്നെ വേണം ചീക്ക വെള്ളത്തില് കിടന്നുരുണ്ട് ആവേശം കാണിക്കാന്.
  • ഇങ്ങനെ ഒക്കെ ഷൊ കാണിചിട്ട് ആ റോഡ് നന്നായാ‍ൽ കൊള്ളാം
    ഇല്ലേൽ..???
  • rintucp
    savari giri giri
  • hi hi മംഗലശേരി റോഡുകണ്ഡന്‍
  • ഹാ , ഹാ , ഹാ
    ഈ ഫാന്സുകളുടെ ഒരു കാര്യം.
blog comments powered by Disqus