മിസ് കണ്‍ജീനിയാലിറ്റിയുടെ കാമുകന്‍

പ്രിയപ്പെട്ട ക്ലാരമോള്‍ കുര്യാക്കോസിന്,

 എട്ടാം ക്ളാസില്‍ നീ പഠിക്കുമ്പോള്‍ ഒരു പെരുമഴയത്ത് കുടയുടെ കാലൊടിഞ്ഞ് മഴ നനയാതെ കയറി നിന്നതാണെന്റെ കടയില്‍. പത്താം ക്ളാസ് തോറ്റിട്ട് കടയില്‍ നില്‍ക്കുകയായിരുന്ന ഞാന്‍ ആദ്യമായായിരുന്നില്ല നിന്നെ കാണുന്നത്. എന്നിട്ടും ആ പെരുമഴയത്ത് നീ ഓടിക്കയറിയത് എന്റെ മനസ്സിലേക്കായിരുന്നു.

പിന്നെ മഴയില്ലാത്തപ്പോഴും കുടയുടെ കാലൊടിയാത്തപ്പോഴും നീ എന്റ കടയില്‍ വന്നു. എല്ലാ ദിവസവും സ്കൂള്‍ വിട്ട് നീ പോകും വരെ കടയിലിരിക്കാന്‍ ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിനക്കറിയാമോ ? ചിക്കുന്‍ ഗുനിയ പിടിച്ച് എണീക്കാന്‍ വയ്യാതായപ്പോഴും ഒരു ദിവസം പോലും മുടങ്ങാതെ ഞാന്‍ ആ കൌണ്ടറില്‍ വന്നു കിടന്നിട്ടുണ്ട്.

മാള പോളിടെക്നിക്കില്‍ അഡിമിഷന്‍ കിട്ടിയിട്ട് ഞാന്‍ പോകാതിരുന്നത് നിന്നെ ഒരു ദിവസം പോലും കാണാതിരിക്കാനാവാത്തതുകൊണ്ടാണ്. അന്ന് പോളിയില്‍ പോയിരുന്നെങ്കില്‍ ഇന്ന് ഞാനെന്റെ അളിയന്റെ കൂടെ ഗള്‍ഫില്‍ ജോലി ചെയ്തേനേ. ആറുമാസം കൂടുമ്പോള്‍ കട്ട സ്പ്രേയുമടിച്ച് നാട്ടില്‍ വന്ന് ഞാനെഴുതിയ മലയാളം ബ്ളോഗ് പുസ്തകമാക്കുമ്പോള്‍ നീയെന്നെ ആരാധനയോടെ നോക്കിയേനേ. എന്റെ കള്ളുകുടി പാര്‍ട്ടികളില്‍ നിന്റെപ്പനും ആങ്ങള ആന്റപ്പനും കുടിച്ചുകുന്തംമറിഞ്ഞേനെ.

ഇത് ഭയങ്കര ചതിയായിപ്പോയി ക്ളാരേ, നീ സുന്ദരിയാണ് സുന്ദരിയാണ് എന്ന് എത്ര തവണ നിന്നോടു ഞാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ നീയത് സമ്മതിച്ചിട്ടുമുണ്ട്. എന്നിട്ട് എന്തിനാണ് ഇങ്ങനെയൊരു അക്രമം കാണിച്ചത്. ബാംഗൂര് പഠിക്കാന്‍ പോയപ്പോള്‍ മുതല്‍ നിന്നെക്കുറിച്ച് പല കഥകളും ഞാന്‍ കേട്ടിരുന്നു. ഒന്നും ഞാന്‍ വിശ്വസിച്ചില്ല. ആയിരം രൂപ തന്നാല്‍ നിന്റെ കൂടെ ലക്ഷ്വറി ബസിന്റെ ബര്‍ത്തില്‍ ബാംഗൂര്‍ക്ക് കിടന്നു പോകാം എന്ന് വലിയവീട്ടിലെ ജോര്‍ഡി പറഞ്ഞപ്പോഴും ഞാന്‍ വിശ്വസിച്ചില്ല.

നീ ബാംഗൂര് കോളജില്‍ സിനിമാറ്റിക് ഡാന്‍സ് കളിച്ചതറിഞ്ഞ് ഞാനെത്ര ദിവസം ഉറങ്ങാതെ കിടന്നു എന്നറിയാമോ ? നിനക്കെങ്ങനെ മനസ്സു വന്നു അതിനൊക്കെ. പണ്ടൊരു സണ്‍ഡേ സ്കൂള്‍ വാര്‍ഷികത്തിന് മാര്‍ഗംകളിക്ക് പേരുകൊടുത്തിട്ടു മല്‍സരിക്കാറായപ്പോള്‍ നിന്റെ പേര് ഇല്ലാതെ വന്നപ്പോള്‍ നീ ബഹളമുണ്ടാക്കിയതോര്‍മയുണ്ടോ ? ഇനി ഞാനാ സത്യം തുറന്നു പറയാം. അന്ന് നിന്റെ പേര് വെട്ടിക്കളഞ്ഞത് ഞാനായിരുന്നു.

ഇന്ന് മാര്‍ഗംകളിക്കുന്ന നീ നാളെ മാര്‍ഗംവിട്ടു കളിക്കുമോ എന്ന പേടികൊണ്ടാണ് ഞാനത് ചെയ്തത്. അല്ലെങ്കിലും നിന്റെ എല്ലാ കളികളും എന്റെ മുന്നിലായിരിക്കണമെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു. എല്ലാം തകര്‍ന്നു.

 എന്റെ ചങ്ക് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കട തുറന്നിട്ട് നാല് ദിവസമായി. നീ മിസ് ഭരണങ്ങാനം മല്‍സരത്തില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞതു മുതല്‍ ഞാന്‍ ഉറങ്ങിയിട്ടില്ല. മല്‍സരം നടക്കുന്ന ദിവസം ഞാന്‍ കരിദിനമാചരിക്കും. രാവിലെ മുതല്‍ മരിയാ ബാറിലിരുന്ന് കള്ളടിക്കും. ചാകട്ടെ.
സൌന്ദര്യമല്‍സരം പ്രേംകുമാറിന്റെ ലോക്കല്‍ ചാനല്‍ ലൈവ് കാണിക്കുന്നുണ്ട് എന്നു കേട്ടു. സന്തോഷമായി എല്ലാം എല്ലാവരും കാണട്ടെ.

നീ നാളെ മിസ് ഭരണങ്ങാനമായിക്കഴിയുമ്പോള്‍ ചെമ്മീനിലെ രമണനെപ്പോലെ ഞാന്‍ ടൈറ്റാനിക്കിന്റെ തുഞ്ചത്തു നിന്നു ചാടി മരിക്കും. നിനക്കിനിയും സമയമുണ്ട്. ഇപ്പോള്‍ നാല് റൌണ്ടല്ലേ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോള്‍ നീ മിസ് കണ്‍ജീനിയാലിറ്റിയേ ആയിട്ടുള്ളൂ. ക്ളാരേ, കണ്‍ജീനിയാലിറ്റിയൊക്കെ ഒരു പരിധിവരെ ഞാന്‍ സഹിക്കും. ഇപ്പോള്‍ നീ മല്‍സരം ബഹിഷ്കരിച്ച് വരൂ. നിന്നെ ഞാന്‍ സ്വീകരിക്കാം.

ഇനിയും മുന്നോട്ടു പോകാനാണ് ഭാവമെങ്കില്‍… എനിക്കൊന്നും പറയാനില്ല. ഭരണങ്ങാനം പള്ളിയിലെ സെമിത്തേരിയില്‍ നിന്റെ വല്യപ്പച്ചന്റെ ഒപ്പീസുകൂടാന്‍ വരുമ്പോള്‍ തൂങ്ങിച്ചത്തു തെമ്മാടിക്കുഴിയില്‍ കിടക്കുന്ന എന്നെ മൈന്‍ഡ് ചെയ്തേക്കരുത്.

ക്ളാരേ, നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാനിതൊക്കെ പറയുന്നത്. സൌന്ദര്യം അളക്കുന്ന പരിപാടിയാണ് സൌന്ദര്യമല്‍സരം എന്ന് നീയിപ്പോഴും വിശ്വസിക്കുന്നു എങ്കില്‍ അത് മണ്ടത്തരമാണ്. ഇത് അമേരിക്കയുടെ പരിപാടിയാണ്. വലിയവീട്ടിലെ ജോര്‍ഡി ഇപ്പോള്‍ അമേരിക്കയില്‍ ഡോക്ടറാണെന്ന കാര്യം അറിയാമല്ലോ. അവന്‍ കുറെക്കാലം നിന്നെ വളയ്ക്കാന്‍ നടന്നതാണ്. അത് നടക്കില്ലെന്നു കണ്ടപ്പോള്‍, നമ്മുടെ പ്രേമം വിജയിക്കുമെന്നായപ്പോള്‍ അത് പൊളിക്കാന്‍ വേണ്ടി നടത്തുന്നതാണീ സൌന്ദര്യമല്‍സരം.

നീയിതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ നിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് സ്പോണ്‍സര്‍മാരായിരിക്കും. അവര്‍ പറയുമ്പോള്‍ എണീക്കണം, അവര്‍ പറയുന്നത് കഴിക്കണം, അവര്‍ പറയുന്നവരുടെ കൂടെ കിടക്കണം തുടങ്ങി നീ ഏതു നിറത്തിലുള്ള ഷഡ്ഡി ഇടണം എന്നു പോലും അവര്‍ തീരുമാനിക്കും. എല്ലാത്തിന്റെയും പിന്നില്‍ ജോര്‍ഡിയുടെ കറുത്ത കൈകളാണ്.

ക്ളാരേ, ഇനിയെങ്കിലും തിരിച്ചുവരൂ. മിസ് ഭരണങ്ങാനമാണോ മിസിസ് ചാര്‍ളിയാണോ കൂടുതല്‍ വിലയുള്ള പദവി എന്ന് ആലോചിച്ചു നോക്കൂ. ലോകത്തിന്നു വരെ ഒരു സൌന്ദര്യറാണിയെയും ചാര്‍ളി എന്നു പേരുള്ള ഒരാള്‍ കല്യാണം കഴിച്ചിട്ടില്ല. അതുകൊണ്ട് നമ്മുടെ കല്യാണം നടക്കണമെങ്കില്‍ ഉള്ള കണ്‍ജീനിയാലിറ്റിയുമായി നീയിങ്ങു പോരെ.

അവസാനമായി എനിക്കൊന്നേ പറയാനുള്ളൂ. പ്രേംകുമാറിന്റെ കൂതറ ചാനലില്‍ ലൈവ് തുടങ്ങുമ്പോള്‍ അവസാനറൌണ്ടിലെത്തിയ പത്ത് പേരുടെ കൂടെ ക്ളാരേ നീ ഉണ്ടാകരുത്. നിന്റെ ഓരോ അവയവവും അളന്ന് മാര്‍ക്കിടുമ്പോള്‍ ഞാന്‍ മരിയ ബാറില്‍ ഓരോ പെഗ്ഗും ഫിനിഷ് ചെയ്യുകയായിരിക്കും. ആ വിവരവും ഞാന്‍ പ്രേം കുമാറിനെ അറിയിച്ചിട്ടുണ്ട്.

ഒടുവില്‍ നീ മിസ് ഭരണങ്ങാനമായി കിരീടം ചൂടുമ്പോള്‍ അവസാനത്തെ പെഗ്ഗില്‍ പനാമര്‍ ഒഴിച്ച് ഞാന്‍ കുടിക്കുകയായിരിക്കും. കിരീടം, പനാമര്‍, പനാമര്‍, കിരീടം. ചാനലില്‍ ഇതിങ്ങനെ ഇടവിട്ട് കാണിച്ചുകൊണ്ടിരിക്കും. നിന്റെ വിജയത്തോടൊപ്പം എന്റെ മരണവും നാട്ടുകാര്‍ ലൈവായി കാണട്ടെ ക്ളാരേ, ലൈവായി കാണട്ടെ. എന്തു വേണമെന്ന് വേഗം തീരുമാനിക്കുക.

സ്വന്തം ചാര്‍ളി.
മിസ് വേള്‍ഡ് ലേഡീസ് സ്റ്റോര്‍,
ഭരണങ്ങാനം.

Related Posts with Thumbnails
View Comments to “മിസ് കണ്‍ജീനിയാലിറ്റിയുടെ കാമുകന്‍”
  1. Shades 14 July 2008 at 11:48 am #

    Berlichaa,
    ee congeniality ennuvechaa enthuvaa?

  2. പോങ്ങുമ്മൂടന്‍ 14 July 2008 at 6:08 am #

    :) :) :)

  3. Sharu.... 14 July 2008 at 4:01 am #

    :) അടിപൊളി

  4. Shaf 14 July 2008 at 2:02 am #

    വായിച്ചു, രസിച്ചു…

  5. ശ്രീവല്ലഭന്‍. 14 July 2008 at 1:28 am #

    :-)

  6. നിഷാദ് 14 July 2008 at 12:01 am #

    വായിച്ചു, രസിച്ചു…

    ഇങ്ങനെയൊക്കെ എഴുതുന്നതിന് നിങ്ങളെയൊക്കെയുണ്ടല്ലോ വെളിച്ചത്ത് ചോറുതന്ന് ഇരുട്ടത്ത് കിടത്തണം …

  7. ഹരിയണ്ണന്‍@Hariyannan 13 July 2008 at 5:10 pm #

    ക്ലാരക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണണമെന്ന് നിനക്കാഗ്രഹമുണ്ടെങ്കില്‍…
    ചാര്‍ളീ..
    നീ ആ പനാമര്‍ ലൈവാക്കി ലൌവിനെ കശാപ്പൂ!

  8. പ്രിയ 13 July 2008 at 3:32 pm #

    :) പിന്‍വിളി വിളിക്കാതെ ചാര്‍ളി

    മിസ് ഭരണങ്ങാനം ആയിക്കഴിഞ്ഞാല് ചാര്‍ളിയെ കെട്ടിയവനാക്കി കാവല്നായും കോവര്ക്കഴുതയും ആയി വാഴ്ത്തിക്കോളും ക്ലാര (ഇപ്പഴും അതൊക്കെ തന്നന്നോ, സാരമില്ല, ഒരു പബ്ലിസിറ്റി കിട്ടുമല്ലോ)

  9. ..:: അച്ചായന്‍ ::.. 13 July 2008 at 1:52 pm #

    ഇന്ന് മാര്‍ഗംകളിക്കുന്ന നീ നാളെ മാര്‍ഗംവിട്ടു കളിക്കുമോ എന്ന പേടികൊണ്ടാണ് ഞാനത് ചെയ്തത്.

    എന്താ ഒരു അലക്ക് എനിക്ക് വയ്യ :D

  10. fahad 13 July 2008 at 1:44 pm #

    good funny reading

  11. പാമരന്‍ 13 July 2008 at 1:28 pm #

    ഹയ്യോ.. എനിക്കു വയ്യ! എന്തൊരലക്കാ ബര്‍ലിച്ചാ.. നമിച്ചു.. ആദ്യം കാടടച്ചുള്ള വെടിയാണെന്നല്ലേ കരുതിയത്!

  12. അയല്‍ക്കാരന്‍ 13 July 2008 at 1:26 pm #

    ഭരണങ്ങാനത്തിന്‍റെ ഒരു യോഗത്തെക്കുറിച്ച് പലപ്പോഴും ആലോചിച്ചുപോയിട്ടുണ്ട്. ചാര്‍ലിയെപ്പോലുള്ള മഹാന്മാര് അവിടെ ഉണ്ടായിടും ആ നാട് എന്നും സ്ത്രീകളുടെ പേരിലാണ് അറിയപ്പെട്ടിട്ടുള്ളത്. വിശ്വാസികള്‍ അല്ഫോന്‍സാമ്മയുടെ നാമത്തിലും അവിശ്വാസികള്‍ മിസ് കുമാരിയുടെ നാമത്തിലും ആ നാടിനെ അറിയുന്നു.

    ഇനി ക്ലാരയുടെ നാമം ഭരണങ്ങാനത്തെ പ്രസിദ്ധമാക്കട്ടെ. ചാര്‍ളിമാര്‍ അമേരിക്കയ്ക്ക് പറക്കട്ടെ.

Leave a Reply