കലാഭവനു 40
ഐഎസ്ഐ മാര്‍ക്കുള്ള ചിരിയുടെ അംഗീകൃത വിതരണക്കാരായിരുന്നു ഇവര്‍. കള്ളച്ചിരിയുള്ള ഒരു പള്ളീലച്ചനും തല തതെറിച്ച കുറെ പയ്യന്‍മാരും. മിമിക്സ് പരേഡ് എന്ന ചിരിയുടെ മാലപ്പടക്കം ഓര്‍മകളില്‍ എപ്പോഴും കൊരുത്തിട്ടിരിക്കുന്നത് ഈ പേരിന്റെ കരുത്തിലാണ്- കൊച്ചിന്‍ കലാഭവന്‍. മിമിക്രിക്കാരനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ജോലിയായിരുന്നു കലാഭവന്‍ ട്രൂപ്പിലെ അംഗത്വം. ചിരിയുടെ തുടക്കം എന്നും കലാഭവനില്‍ നിന്നായിരുന്നു. ആബേലച്ചനുള്ളിടത്തോളം കേരളത്തില്‍ കലാഭവന്‍ ഒരു ശക്തിയായിരുന്നു, തരംഗമായിരുന്നു, ഉറച്ച ചില വിശ്വാസങ്ങളായിരുന്നു. അച്ചനും കുട്ടികളും രാജ്യാന്തരനിലവാരമുള്ള ഒരു ബ്രാന്‍ഡായി ലോകരാജ്യങ്ങളില്‍ ജൈത്രയാത്ര നടത്തുമ്പോഴും കൊച്ചിന്‍ കലാഭവന്‍ ആഗോളമിമിക്രിക്കാര്‍ക്ക് അസൂയയോടെ മാത്രം നോക്കിക്കാണാന്‍ കഴിയുന്ന ഒരു സ്ഥാപനമായിരുന്നു. പുതുതലമുറയ്ര്‍ക്ക് വ്യക്തമാകാന്‍ വേണ്ടി ലളിതമാക്കിയാല്‍, മിമിക്രിക്കമ്പനികള്‍ക്കിടയിലെ ഗൂഗിള്‍ ആയിരുന്നു കലാഭവന്‍.
ബോബനും മോളിയും പോലെ, ജഗതി ശ്രീകുമാര്‍ പോലെ മലയാളിച്ചിരിയുടെ സര്‍വകാലപര്യായങ്ങളില്‍ ഒന്നാണ് കൊച്ചിന്‍ കലാഭവനും. പേരിന്റെ ആദ്യം കലാഭവന്‍ എന്നുള്ളത് കേരളത്തിലെ ഏതൊരു കലാകാരനും പത്തരമാറ്റ് തെളിച്ചമുള്ള അംഗീകാരമായിരുന്നു. കാരണം പേരിനോടൊപ്പമുള്ള ആ കലാഭവന്‍ ഒരു ജനകീയകലാകാരന് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ഡിഗ്രി ആയിരുന്നു. മലയാളത്തിന്റെ ഇൌ കലാഭവന്‍ രൂപീകൃതമായിട്ട് ഇത് നാല്‍പതാം വര്‍ഷം.
കലാഭവന്‍ ക്രിസ്ത്യന്‍ ആര്‍ട്സ് ക്ളബ് കൊച്ചിന്‍ കലാഭവനായി മാറിയത് കൃത്യം 40 വര്‍ഷം മുമ്പ്. അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ് 1969 ലെ സെപ്റ്റംബറില്‍ കലാഭവന് തിരിതെളിച്ചത്. 1969 സെപ്റ്റംബര്‍ മൂന്നിനാണ് ക്ളബിന്റെ പേര് കലാഭവന്‍ എന്നാക്കി മാറ്റിത്. ആരാധനാക്രമപരിഷ്കാരങ്ങള്‍ക്കായി അന്നത്തെ കൊച്ചി ബിഷപ്പ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാറേക്കാട്ടില്‍ വിളിച്ചുവരുത്തിയ സിഎംഐ സഭാംഗമായ ഫാ.ആബേല്‍ രൂപംകൊടുത്ത സ്ഥാപനമാണ് പിന്നീട് കലാകേരളത്തിന്റെ സാംസ്കാരികനക്ഷത്രമായി മാറിയത്.
സംഗീതരംഗത്തെ പ്രമുഖരായ കെ. കെ. ആന്റണി മാസ്റ്റര്‍, റഫി ജോസ്, എം. കെ. അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, എമില്‍ ഐസക്, റെക്സ് ഐസക് തുടങ്ങിയവരുള്‍പ്പെടെ കലാഭവന്റെ സംഗീതസംരംഭത്തില്‍ പങ്കാളികളായി. ഗാനഗന്ധര്‍വന്‍ കെ. ജെ. യേശുദാസ് ക്ളബ്ബിന്റെ ഡയറക്ടറായി ചേര്‍ന്നത് വലിയൊരു നാഴികക്കല്ലായി. എല്ലാ മതസ്ഥര്‍ക്കും കടന്നുവരാവുന്ന കലയുടെ തുറന്ന വേദിയായി ഒരു സ്ഥാപനം വേണം എന്ന നിര്‍ദ്ദേശം അദ്ദേഹമാണ് മുന്നോട്ടുവച്ചത്. സെന്റ് ആല്‍ബര്‍ട്സ് ഗ്രൌണ്ടില്‍ 1971 ജനുവരി 23 ന് കലാഭവന്‍ ചരിത്രമെഴുതി. കലാകേരളം ഒരിക്കലും ദര്‍ശിച്ചിട്ടില്ലാത്ത പുതുമകള്‍ നിറഞ്ഞ സംഗീതവിരുന്ന്.യേശുദാസും ജയചന്ദ്രനും ജാനകിയും ബി. വസന്തയുമുള്‍പ്പെടെ പ്രമുഖ ഗായകര്‍. അമ്പതോളം കലാകാരന്‍മാര്‍ ,അറുപതില്‍പ്പരം സംഗീതോപകരണങ്ങള്‍ കൊച്ചിന്‍ കലാഭവന്റെ ആദ്യ മഹാസംരഭമായിരുന്നു അത്.
എറണാകുളം ബ്രോഡ്ര്‍വേ കൊച്ചുമുറി ക്ളാസ് റൂമും ഒാഫിസുമാക്കി മാറ്റിയായിരുന്നു കലാഭവന്‍ അക്കാദമിയുടെ പ്രവര്‍ത്തനം. ഗിത്താര്‍, വയലിന്‍, തബല, ഹാര്‍മോണിയം എന്നിവയെല്ലാം കുറഞ്ഞനിരക്കില്‍ പഠിപ്പിച്ചുതുടങ്ങിയതോടെ വിദ്യാര്‍ഥികളുടെ പ്രവാഹമായി. പിന്നീട് എറണാകുളം നോര്‍ത്തിലുള്ള ഒാള്‍ കേരള കാത്തലിക് കോണ്‍ഗ്രസിന്റെ കെട്ടിടത്തിലേക്ക് മാറി. കലാഭവന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ തല്‍പരനായിരുന്ന കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ തുടര്‍ന്ന് നിസാര തുകയ്ക്ക് എറണാകുളം നോര്‍ത്തില്‍ 11 സെന്റ് സ്ഥലം നല്‍കി. ഇന്നു കാണുന്ന നാലു നിലയിലുള്ള കലാഭവന്‍ അക്കാദമി അങ്ങനെയാണ് അവിടേക്കു മാറ്റുന്നത്. വളര്‍ച്ച പെട്ടെന്നായിരുന്നു.
കലാഭവന്‍ ഗാനമേളയ്ര്‍ക്കിടയിലെ ഗ്യാപ് ഫില്ലറായി വളര്‍ന്നു വന്ന മിമിക്രിയെ ഏറ്റെടുത്ത് ഒരു മുഴുനീള സ്റ്റേജ് ഷോയാക്കി മാറ്റാനുള്ള ധൈര്യമാണ് കലാഭവന്റെ എക്കാലത്തെയും വലിയ സംഭാവന. അത് വന്യമായ ഒരു സ്വപ്നമായിരുന്നു. പക്ഷെ, ഒപ്പമുള്ള കലാകാരന്മാര്‍ പകര്‍ന്ന ധൈര്യത്തില്‍ ആബേലച്ചന്‍ ആ ചരിത്രസംഭവത്തിനു ചുക്കാന്‍ പിടിച്ചു. അതും ഒരു സെപ്റ്റംബറില്‍ ആയിരുന്നു. 1981 സെപ്റ്റംബര്‍ 21ന് കൊച്ചിയിലെ ഫൈന്‍ ആര്‍ട്സ് ഹാളിലായിരുന്നു കലാഭവന്‍ മിമിക്രി സംഘത്തിന്റെ ആദ്യപ്രകടനം. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടിലെ സിദ്ദീഖും ലാലും, സംവിധായകന്‍ കൂടിയായ അന്‍സാര്‍, ഇന്നും മിമിക്രി രംഗത്തു മുന്നണിക്കാരനായ കെ.എസ്. പ്രസാദ്, നടന്‍ കലാഭവന്‍ റഹ്മാന്‍, ഒപ്പം വര്‍ക്കിച്ചന്‍ പേട്ടയുംകലാഭവന്‍ മിമിക്രി വേദിയിലൂടെ മലയാള സിനിമയ്ക്കു സംഭാവന ചെയ്ത താരനിരയിലെ തുടക്കക്കാര്‍ ഇവരായിരുന്നു.
കലാഭവന്റെ ധനശേഖരണാര്‍ഥം ടിക്കറ്റ് വച്ചു നടത്തിയ ആ പരിപാടിയുടെ സ്പോണ്‍സര്‍ സുനൈന എന്ന ഷര്‍ട്ട് കമ്പനിയായിരുന്നു. പരിപാടി കഴിഞ്ഞതും ആറു കലാകാരന്‍മാര്‍ക്കും വേദിയില്‍ വച്ചു സുനൈന ഷര്‍ട്ടുകള്‍ സമ്മാനിച്ചു. ഷര്‍ട്ടുകള്‍ നല്‍കിയത് അന്നു മലയാള സിനിമയില്‍ തുടക്കക്കാരനായിരുന്ന ഒരു നടനായിരുന്നു – മമ്മൂട്ടി. ഒപ്പമുണ്ടായിരുന്നത് ശ്രീനിവാസനും. അടുത്ത ദിവസം ടൌണ്‍ഹാളിലും നിറഞ്ഞ സദസിനു മുന്നില്‍ മിമിക്സ് പരേഡ് അവതരിപ്പിച്ചു. ഇതോടെ നാടിന്റെ നാനാഭാഗത്തു നിന്നു ബുക്കിങ്ങുകളായി. 1000 രൂപയായിരുന്നു ഒരു ഷോയ്ക്കു പ്രതിഫലം വാങ്ങിയിരുന്നത്. കലാകാരന്‍മാര്‍ക്കു പ്രതിഫലം 100 രൂപ വീതം.
മനോധര്‍മമനുസരിച്ചു നടത്തിയിരുന്ന മിമിക്രിയില്‍ ഒരു തിരക്കഥ രൂപപ്പെടുത്തിയതു സിദ്ദീഖ് ലാല്‍ ആയിരുന്നു. ഒന്നര മാസം നീണ്ട റിഹേഴ്സലിനു ശേഷമായിരുന്നു അരങ്ങേറ്റം.വര്‍ക്കിച്ചന്‍ പേട്ട ജോലി കിട്ടി പോയശേഷമാണു കളമശേരിയിലെ ഒരു ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി നോക്കിയിരുന്ന സൈനുദീന്‍ സംഘത്തിലേക്കു വരുന്നത്.ജയറാം, ദിലീപ്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, നാരായണന്‍ കുട്ടി, അബി, കലാഭവന്‍ നവാസ്, കലാഭവന്‍ റഹ്മാന്‍, സലിം കുമാര്‍, തെസ്നി ഖാന്‍ എന്നിവരെല്ലാം തുടര്‍ന്ന് ഓരോരോ കാലങ്ങളില്‍ ഈ വേദിയിലൂടെ അരങ്ങിലെത്തി.
ഇന്ന് പേരിനോടൊപ്പം കലാഭവന്‍ എടുത്തണിഞ്ഞിരിക്കുന്ന ചിലര്‍ അക്കാലത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നു. കലാഭവന്‍ എന്ന ചിരിക്കമ്പനിക്ക് പഴയ ഉൌര്‍ജമില്ല. പക്ഷെ, ഇന്നും കേരള സാംസ്കാരിക രംഗത്ത് കലാഭവനിലെ കുട്ടികള്‍ തന്നെ നമ്പര്‍ വണ്ണായി തുടരുന്നു. സിദ്ധിഖ് ലാല്‍ മലയാള സിനിമ കണ്ട മികച്ച ഹിറ്റ്മേക്കേഴ്സ് ആയി മാറി. യേശുദാസും സുജാതയും മലയാളിയുടെ സംഗീതാഭിരുചിയുടെ അവസാനവാക്കായി മാറി. ജയറാം, കലാഭവന്‍ മണി തുടങ്ങിയ താരങ്ങള്‍ വേറെയും. കൊച്ചിന്‍ കലാഭവന്റെ ജൈത്രയാത്രയില്‍ നാല്‍പതാം വര്‍ഷം വലിയൊരു നാഴികക്കല്ലു തന്നെയാണ്. ആഘോഷിക്കപ്പെടാതെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടാതെ അതു കടന്നുപോവുമ്പോഴും അടക്കിപ്പിടിച്ച ഒരു ചിരികൊണ്ട് കലാഭവന്റെ നെറ്റിയില്‍ ഒരു ചിരിമുത്തം പകരുകയാണ് മലയാളികള്‍.










