നയന്‍സ് സ്റ്റാറ !
മുല്ലപ്പെരിയാര്‍ അണക്കെട്ടുപോലെയാണ് നയന്‍താര. മുതല്‍ ഉദ്ഭവിക്കുന്നത് കേരളത്തിലാണെങ്കിലും ഭക്ഷിക്കുന്നതും പാനം ചെയ്യുന്നതും തമിഴന്‍മാരാണ്. ചിമ്പുവും കുമ്പുവും മുതല്‍ ഇപ്പോള്‍ പ്രഭുദേവ വരെ എത്രയോ പേര്‍ ആ അനാക്രാന്തസുമത്തെ പ്രണയത്തിന്‍റെ 136 അടിയില്‍ നിന്നു 142ലേക്കുയര്‍ത്തി. ദാവണിയുടുത്ത് ബോര്‍ഡര്‍ വിട്ടുപോയ നയന്‍സ് ബിക്കിനിയിട്ട് തിരിച്ചു വന്നു. ആണുങ്ങളെ പേടിയാണെന്നു പണ്ടൊരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞ കൊച്ചാണ് ! ഇപ്പോള്‍ എന്തിനെയെങ്കിലും പേടിയുണ്ടോ എന്നിനി ചോദിച്ചു നോക്കണം. ഇപ്പോള്‍ എന്തിനാണ് നല്ല തങ്കം പോലത്തെ നയന്‍സിനെപ്പറ്റി പറയുന്നത് എന്നു തോന്നാം.
നമ്മുടെ മലയാളികളുടെ അഭിമാനമായ നയന്‍സിനെതിരെ ലേറ്റസ്റ്റായി തമിഴ്‍നാട്ടില്‍ വന്‍പ്രക്ഷോഭമാണ് നടക്കുന്നത്. എന്തു പ്രക്ഷോഭം ? നയന്‍താരക്കെതിരെ പ്രക്ഷോഭം നയിക്കുന്നത് തമിഴകത്തെ സ്ത്രീ സംഘടനകളാണ്. ഭാര്യയും മക്കളുമുള്ള ഒരാളുടെ കുടുംബം തകര്‍ക്കാന്‍ നയന്‍താര ശ്രമിക്കുന്നു എന്നാരോപിച്ചാണ് തമിഴ്‌നാട്ടിലെ സ്ത്രീ സംഘടനകള്‍ സമരമുഖത്ത് ഇറങ്ങിയിരിക്കുന്നത്. നയന്‍താര കുലീനയായ സ്ത്രീയല്ലെന്നും മറ്റുള്ളവരുടെ കുടുംബം തകര്‍ക്കുന്നതില്‍ തല്‍പരയാണെന്നും ആരോപണമുണ്ട്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. തമിഴ്‌നാട്ടില്‍ നയന്‍താരയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശൊ!
ഇങ്ങനെയൊരു സ്റ്റേറ്റ് ഇന്ത്യയില്‍ വേറെ ഒന്നുകൂടി ഇല്ലല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടം തോന്നുന്നു. കാമുകന് താല്‍പര്യമുള്ള സ്ത്രീയോട് ഇനി ക്ണാപ്പന് താല്‍പര്യം തോന്നാതിരിക്കുന്നതിനായി സുന്ദരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കാമുകിമാര്‍ ഭരണം കയ്യാളുന്ന സ്റ്റേറ്റ് ആണ്. കുലസ്ത്രീ, കുടുംബമഹിമ എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് അവര്‍ക്കറിയാം. നയന്‍താര പ്രുദേവയുടെ പിന്നാലെ നടക്കുന്നത് അവസാനിപ്പിക്കുകയും നല്ലവനായ ആ നര്‍ത്തക-സംവിധായക-അഭിനയ പ്രതിഭയുടെ കുടുംബം തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നു പിന്മാറുകയും ചെയ്തില്ലെങ്കില്‍ ഇനി മുതല്‍ ആരും നയന്‍സിന്‍റെ സിനിമകള്‍ കാണില്ല.
പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയമാണെന്നും അവര്‍ താമസം ഒരുമിച്ചാണെന്നും ഇനി താമസിയാതെ വിവാഹം കഴിക്കുമെന്നുമൊക്കെ കള്ളമാധ്യമങ്ങള്‍ നുണക്കഥകള്‍ എഴുതി വിട്ടിരുന്നു. അതെല്ലാം പച്ചക്കള്ളമാണെന്ന് അന്നേ പറഞ്ഞിട്ടും ആരും വിശ്വസിക്കില്ല. ഇനി ആരെങ്കിലും വിശ്വാസമില്ലാത്തവരായുണ്ടെങ്കില്‍ അവരെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി നയന്‍താര അഭിനയിക്കുന്ന മലയാളം സിനിമയായ ബോഡിഗാര്‍ഡിന്‍റെ നൃത്തസംവിധാനം ഏറ്റെടുത്ത് പ്രഭുദേവ കോട്ടയത്തും കൊല്ലത്തുമൊക്കെ നയന്‍സിന്‍റെ പിന്നാലെ കൊതുകുകടി കൊണ്ടു നടന്നതിനു കാലം സാക്ഷിയാണ്.
എന്നാല്‍, അതു ഗോസിപ്പായിരിക്കുമെന്നൊക്കെ കരുതിയിരുന്ന ആളുകളെ അമ്പരപ്പിച്ചുകൊണ്ട് പ്രഭുദേവയുടെ ഭാര്യ റംലത് നയന്‍സിനെ ഒത്തുകിട്ടിയാല്‍ ആ കവിള്‍ നോക്കി നാലു പൂശു പൂശുമെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കാര്യങ്ങളുടെ കിടപ്പ് ജനങ്ങള്‍ക്കു മനസ്സിലായത്. തന്‍റെ കുടുബം തകര്‍ക്കരുതെന്ന് പല തവണ അഭ്യര്‍ഥിച്ചിട്ടും നയന്‍താര അനുസരിക്കുന്നില്ലെന്നും പ്രഭുദേവയെ വളച്ചൊടിച്ച് കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ഇനി വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചാണ് റംലത് പരസ്യമായി രംഗത്തിറങ്ങിയത്.
അവിഹിതബന്ധം അത്ര മോശപ്പെട്ട കാര്യമാണെന്ന് നയന്‍താര സമ്മതിച്ചിട്ടില്ല. പ്രഭുദേവയെ നിലയ്‍ക്കു നിര്‍ത്തിയ ശേഷം തന്നെ മര്യാദ പഠിപ്പിക്കുന്നതാണ് നല്ലതെന്നു റംലതിനോടു വ്യക്തമാക്കിയ നയന്‍താര തന്‍റെ നിലപാടുകളില്‍ മാറ്റം പ്രതീക്ഷിക്കാനൊന്നുമില്ലെന്ന സൂചനയാണ് നല്‍കിയത്. അല്ലെങ്കിലും തിരുവല്ലക്കാരിയുടെ ബോള്‍ഡ്‍നെസ് എന്താണെന്ന് തമിഴത്തികള്‍ക്കുണ്ടോ അറിയൂ.
പ്രഭുദേവയുടെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു റംലത്. പ്രേമബദ്ധരായതിനെ തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയും പ്രഭുദേവയുടെ നിര്‍ബന്ധത്താല്‍ റംലത് ഹിന്ദുമതത്തിലേക്ക് മാറി ലത എന്ന പേര് സ്വീകരിക്കുകയും ചെയ്തു.താന്‍ വിവാഹം ചെയ്ത കാര്യം വീട്ടുകാരും നാട്ടുകാരും അറിയാതിരിക്കാനായി റംലത്തിനെ പ്രഭുദേവ ഒളിവില്‍ താമസിപ്പിക്കുകയും ചെയ്തിരുന്നുവത്രേ. അതിനു ശേഷം ഈയടുത്ത കാലത്താണ് ഇരുവരുടെയും മൂത്ത മകന്‍ കാന്‍സര്‍ വന്ന് മരിച്ചത്. അതോടെ പ്രഭുദേവ നയന്‍താരയില്‍ അഭയം തേടുകയായിരുന്നെന്നാണ് സൂചന. മൂപ്പില്‍സ് പിന്നെ നേരേ ചൊവ്വേ വീട്ടില്‍ പോലും വരാറില്ലായിരുന്നത്രേ.
“നയന്‍താര ഇപ്പോള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും താന്‍പോരിമയാണ്. തന്റെ കാല്‍ക്കല്‍ എന്തും വീഴുമെന്ന ചിന്തയാണ് അവള്‍ക്ക്. ഒരു കുടുംബത്തെയാണ് അവള്‍ തകര്‍ക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. ഭാര്യയും കുട്ടികളും ഉള്ള ഒരാളെ വലവീശിപ്പിടിച്ച് അഹങ്കാരം കാണിക്കുന്ന നയന്‍താരയ്ക്ക് തമിഴ്‌നാട്ടിലെ അമ്മമാരും സഹോദരികളും മാതൃസംഘടനകളും ചുട്ട മറുപടി നല്‍കുമെന്നാണ് എന്റെ പ്രതീക്ഷ” – റംലത് ബുദ്ധിപൂര്‍വം നടത്തിയ പരാമര്‍ശം എന്തായാലും തമിഴകത്തെ സ്ത്രീസംഘടനകള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനിയങ്ങോട്ട് അവിഹിതബന്ധം വിശുദ്ധമായി നിലനിര്‍ത്താന്‍ നയന്‍താര ഒറ്റയ്‍ക്കു പോരാടേണ്ടി വരും. നയന്‍സ് ഇതുവരെ ചിമ്പുവിനോടു മാത്രമേ തോറ്റിട്ടുള്ളൂ. ഇനി ആരോടൊക്കെ തോല്‍ക്കേണ്ടി വരുമെന്നു കണ്ടറിയണം.

