സില്‍ക്കുടുത്ത സ്മരണകള്‍ !!
കമ്യൂണിസ്റ്റുകാരെപ്പോലെ തന്നെ വീട്ടുകാര്‍ക്ക് പേടിയായിരുന്നു സില്‍ക്കിനെയും. കൗമാരത്തില്‍ കൈവിട്ടുപോകാന്‍ പരുവത്തില്‍ നടക്കുന്ന ചെറുക്കനെ വഴി തെറ്റിക്കുമോ ഇവര്‍ ? സില്‍ക്ക് വഴി തെറ്റിച്ചില്ല. അത്രമേല്‍ തീവ്രമായ മിഴികളിലൂടെ, തടിച്ച അധരങ്ങളുടെ വന്യമാമായ ആകര്‍ഷണത്തിലൂടെ, പ്രേക്ഷകരുടെ ഒരു തലമുറയെ വഴി തെളിച്ചതേയുള്ളൂ, വികാരങ്ങളുടെ വേലിയേറ്റം കുറിക്കുന്ന രംഗങ്ങള്‍ അവര്‍ സ്വന്തമാക്കിയത് എല്ലാം തുറന്നു കാണിച്ചോ മാംസളമായ ശരീരം അര്‍ഥമില്ലാതെ ഇളക്കിക്കാണിച്ചോ ആയിരുന്നില്ല.
സില്‍ക്ക് എന്ന തുണിത്തരത്തെ അതിനെക്കാള്‍ ലോലമായ വികാരപ്രതികരണങ്ങളുടെ ഹോള്‍സെയില്‍ ഇടപാടുകൊണ്ട് പതിറ്റാണ്ടുകളോളം അമ്മാനമാടിയ ദക്ഷിണേന്ത്യയുടെ ലോലവികാരവസ്ത്രം സില്‍ക്ക് സ്മിത ജീവന്‍ വെടിഞ്ഞിട്ട് ഇന്ന് 13 വര്‍ഷം പൂര്‍ത്തിയാവുന്നു.പോയകാലത്തിന്‍റെ ഈ നയന്‍താരയ്‍ക്ക് ഈ ചരമദിനത്തില്‍ ഒരു പ്രേക്ഷകന്‍റെ പൂച്ചെണ്ടുകള്‍ !!
വശ്യമായ രണ്ടു കണ്ണുകള്‍ കൈമുതലാക്കി ഇനി ലോകത്ത് ഒരു മാദകനടിയും പിടിച്ചു നില്‍ക്കാന് പോകുന്നില്ല. സില്‍ക്ക് സ്മിത വെളുത്തു കൊഴുത്ത സൗന്ദര്യത്തിന്‍റെ പ്രതീകമായിരുന്നില്ല. മുഷിഞ്ഞ നിറം. ആകര്‍ഷകമെന്നു പറയാന്‍ രണ്ടു കണ്ണുകള്‍ മാത്രം.സ്മിതയെ സിനിമയിലേക്കു കണ്ടെത്തിയത് ഇൌസ്റ്റ്മാന്‍ ആന്റണിയും കലൂര്‍ ഡെന്നീസും ജോണ്‍ പോളും ചേര്‍ന്നായിരുന്നു. ഇൌസ്റ്റ്മാന്‍ ആന്റണി സംവിധാനം ചെയ്ത ”ഇണയെത്തേടി” എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് സ്മിതയുടെ അരങ്ങേറ്റം. ഇന്നു വില്ലനായി വിളങ്ങുന്ന കലാശാലാ ബാബുവായിരുന്നു സിനിമയിലെ നായകന്‍. ബാബുവിന്റെ ആദ്യ ചിത്രവുമായിരുന്നു ഇത്.
ആന്ധ്രാപ്രദേശിലെ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിത തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമഭിനയിച്ചതോടെയാണ് സില്‍ക്ക് എന്ന ഡിഗ്രി നേടിയത്. സിലുക്ക് സിലുക്ക് സിലുക്ക് എന്ന സിനിമ കൂടിയായപ്പോള്‍ സില്‍ക്ക് സ്മിത എന്ന പേരുറച്ചു.പതിനഞ്ചു വര്‍ഷത്തോളം സില്‍ക്ക് സ്മിത തെന്നിന്ത്യന്‍ സിനിമയുടെ മാദകറാണിയായി അടക്കിവാണു.മുന്നൂറോളം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍കൂടാതെ ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടു. സില്‍ക്കിന്‍റെ നൃത്തം തെന്നിന്ത്യന്‍ സിനിമയുടെ വാണിജ്യമുഖം നിര്‍ണയിച്ചിരുന്ന കാലത്ത് പോലും ഒരു നിര്‍ണായക ശക്തിയാകാന്‍ സില്‍ക്കിനു കഴിഞ്ഞില്ല. എല്ലാ ഭാഷകളിലും സില്‍ക്ക് എന്ന വാക്കിന് ഒരേ അര്‍ത്ഥമായി പിന്നീട്.
അഥര്‍വം, സ്ഫടികം എന്നീ സിനിമകളില്‍ മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം വേഷമിട്ട സില്‍ക്ക് സ്മിത തുമ്പോളി കടപ്പുറം പോലുള്ള ചില സിനിമകളില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങളും അഭിനയിച്ചു. പക്ഷെ, കഥാപാത്രം ഏതായാലും സില്‍ക്കിന്‍റെ കണ്ണുകളും തടിച്ച അധരങ്ങളും പ്രേക്ഷകനു നല്‍കിയ സന്ദേശം ഒന്നു മാത്രമായിരുന്നു.
നല്ല സില്‍ക്ക് പോലത്തെ ആ കാലം അവസാനിച്ചത് ചെന്നൈയിലെ വീട്ടുമുറിയില്‍ 1996 സെപ്റ്റംബര്‍ 23ന് കൂളായി സില്‍ക്ക് ഫാനില്‍ തൂങ്ങി ജീവിതം അവസാനിച്ചപ്പോഴാണ്. മരണത്തോടെ സിനിമാ ലോകത്തിന് സില്‍ക്ക് വെറുക്കപ്പെട്ടവളായി. സില്‍ക്കിനോടൊപ്പം കെട്ടിമറിഞ്ഞഭിനയിച്ച താരങ്ങളരാരും തിരിഞ്ഞു നോക്കിയില്ല. മാദകറാണിമാര്‍ക്ക് മരണം, പതിവ്രതനായികമാര്‍ക്കു വ്യഭിചാരത്തെക്കാള്‍ മാരകമാണെന്നു ചലച്ചിത്രലോകം തന്നെ കാട്ടിത്തന്നു.ആരും ഞെട്ടിയില്ല, അനുശോചനം രേഖപ്പെടുത്തിയില്ല. കറുത്ത ഗ്ലാസ് വച്ചു വന്നു സംസ്കാരത്തില്‍ പങ്കെടുത്തുമില്ല.
ഞെട്ടല്‍ ക്യാംപസുകളിലായിരുന്നു, അസംഖ്യം യുവാക്കളുടെ ഹൃദയങ്ങളിലായിരുന്നു. സില്‍ക്കിനെ സംബന്ധിച്ചിടത്തോളം 36 വയസ് ഒന്നുമായിരുന്നില്ല. സില്‍ക്കിനൊപ്പം കാലം ജീവിച്ചു കൊതി തീരും മുമ്പേ സില്‍ക്ക് മടങ്ങി. അനാഥമായ വികാരങ്ങളുടെ ചുടലപ്പറമ്പില്‍ കാലം പഴയ തുണിത്തരങ്ങളില്‍ ഇന്നും സില്‍ക്ക് തിരയുന്നു. ആ നനുത്ത പട്ട് പകരുന്ന ഉത്തേജനത്തിന് സ്മിതയുടെ കണ്ണുകളുടെ ആഴമുണ്ട്, ആ നോട്ടത്തിന്‍റെ തീവ്രയുടെ അര്‍ത്ഥതലങ്ങളുണ്ട്. എത്ര കാലം കഴിഞ്ഞാലും ലോകം സില്‍ക്കിനെ ഓര്‍ക്കും. ഇനിയും പൂത്തോണിയെത്താത്ത പുഴയോരങ്ങളില്‍, ഏഴിമലപ്പൂഞ്ചോലകളില്‍ കാലമെത്ര കഴിഞ്ഞാലും സില്‍ക്ക് ഒരു മാദകക്കാറ്റായി നിലനില്‍ക്കും. അവിടെ ഓര്‍മകളുടെ ഏറുമാടം കെട്ടി പ്രേക്ഷകരും.

