ഡൈവോഴ്സിന്റന്ന് രാത്രി
രണ്ട് വര്‍ഷം കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ വിവാഹമോചനവുമായി വീട്ടിലെത്തിയപ്പോള്‍ മുതല്‍ സ്റ്റെല്ലക്ക് കടുത്ത ശൂന്യത തോന്നി. റിച്ചാര്‍ഡിനെ പ്രണയിച്ചിരുന്ന സമയത്ത് കരുതി ഒരിക്കലും തങ്ങള്‍ക്കിടയിലൊരകല്‍ച്ചയുണ്ടാവില്ല എന്ന്.
വിവാഹം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി. നല്ലൊരു ജീവിതത്തിനു വേണ്ടിയുള്ള കാത്തിരിപ്പും ക്ഷമയും അവസാനിപ്പിച്ച് വിവാഹമോചനത്തെക്കുറിച്ചാലോചിച്ചപ്പോള്‍ അതായി പിന്നെയുള്ള പ്രതീക്ഷ. വിവാഹമോചനം കിട്ടുന്നതോടെ ജീവിതം മാറിമറിഞ്ഞ് സന്തോഷപ്രദമാകും എന്നു കരുതി.
ഒടുവില്‍ അത് കിട്ടിയപ്പോള്‍ വല്ലാത്ത ശൂന്യത. സത്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി റിച്ചാര്‍ഡിനെ വെറുക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുമ്പോള്‍, വക്കീലുമായി രാപ്പകലുകള്‍ ചെലവിടുമ്പോള്‍ ഒക്കെ പ്രണയിച്ചിരുന്നത് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയെ ആയിരുന്നു. അത് കയ്യില്‍ കിട്ടിയപ്പോള്‍ എല്ലാ ആവേശവും അടങ്ങി.
എങ്കിലും എന്തിനായിരുന്നു ഇതെന്ന് റിച്ചാര്‍ഡിനോടെങ്കിലും തനിക്ക് തുറന്നു പറഞ്ഞേ പറ്റൂ, ഈ രാത്രിയില്‍ തന്നെ. ഫോണെടുത്തപ്പോള്‍ തന്നെ വിരല്‍ത്തുമ്പില്‍ വന്ന നമ്പര്‍ അപരിചിതമായ ഏതോ നമ്പരെന്ന ഭാവത്തോടെ അവള്‍ ഡയല്‍ ചെയ്തു. അപ്പുറത്ത് റിച്ചാര്‍ഡിന്റെ ശബ്ദം കേട്ടപ്പോള്‍ വല്ലാത്ത ചങ്കിടിപ്പ്.
പ്രണയിച്ചിരുന്നപ്പോഴത്തെ പോലെ. എങ്കിലും കടുത്ത ശബ്ദത്തില്‍ അവള്‍ പറഞ്ഞു.-
‘ഇനിയെങ്കിലും നിങ്ങളോടിതു പറഞ്ഞില്ലെങ്കില്‍ ഞാനീ ഡൈവോഴ്സ് വാങ്ങിയതിന് അര്‍ത്ഥമില്ലാതാവും.. കണ്ടുമുട്ടിയ നാള്‍ മുതല്‍ ഞാന്‍ നിങ്ങളില്‍ നിന്നാഗ്രഹിച്ചിരുന്നത് ഒന്നു മാത്രമാണ്, സ്നേഹം. എന്നാല്‍ എത്ര ക്ഷമിച്ചിട്ടും എത്ര കാത്തിരുന്നിട്ടും അത് മാത്രമെനിക്ക് കിട്ടിയില്ല. നിങ്ങള്‍ക്ക് വേണ്ടത് മറ്റെന്തൊക്കെയോ ആയിരുന്നു.. എനിക്കു വേണ്ടത് നിങ്ങള്‍ തന്നില്ല, അതുകൊണ്ടാണ് ഞാന്‍ പിരിഞ്ഞത്..’
റിച്ചാര്‍ഡിനും പറയാനുണ്ടായിരുന്നു ചിലത് -
‘ഞാനൊരു പുരുഷനാണ്.. സെക്സിനുവേണ്ടി കൂടിയാണ് ഞാന്‍ നിന്നെ കല്യാണം കഴിച്ചത്. വിവാഹത്തിന് മുമ്പ് നീ വിശുദ്ധിയെക്കുറിച്ച് പ്രസംഗിച്ചപ്പോള്‍ വിവാഹംവരെ ഞാന്‍ കാത്തിരുന്നില്ലേ.. വിവാഹം കഴിഞ്ഞപ്പോഴോ ഓരോ ദിവസവും സ്നേഹത്തിന് കണക്ക് പറഞ്ഞ് പരിഭവിച്ച് നീയെനിക്കത് മാത്രം നിഷേധിച്ചു… എനിക്കു വേണ്ടത് നീയും തന്നില്ല, അതുകൊണ്ടാണ് ഞാന്‍ പിരിഞ്ഞത്…’
‘ഇനി എന്തു ചെയ്യാന്‍ പോകുന്നു ?’
‘ഇതുവരെ നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കണം… എന്തു കൊടുത്തും ? ‘
‘സ്നേഹം കൊടുത്തും ?’
‘അതെ.. എനിക്കത് വാശിയാണ്.. എന്റെ ചെറുപ്പം വെറുതെ പാഴായിപ്പോയി.. നീയോ ?’
‘എനിക്കും തിരിച്ചുപിടിക്കണം..ഞാന്‍ കൊതിച്ചതെല്ലാം… ‘
‘പരിഭവിച്ചു പിടിച്ചു വാങ്ങാമെന്നാണോ ?’
‘അല്ല.. എനിക്കും വാശിയുണ്ട്.. എന്തും കൊടുത്ത് ഞാനെല്ലാം നേടും..’
‘ങ്ഹും.. ഇത് നേരത്തെ ആകാമായിരുന്നു..’
‘ങ്ഹും.. നിങ്ങളോടോ ? ഒരിക്കലുമില്ല..’
‘വേണ്ട.. നിന്നില്‍ നിന്ന് ഞാനും ഒന്നും പ്രതീക്ഷിക്കുന്നില്ല… വേറെ പെണ്ണുങ്ങളുണ്ടോന്ന് നോക്കട്ടെ..വേറെ ആണുങ്ങളുണ്ടോന്ന് ഞാനും..’
‘ബൈ..’
‘ബൈ ബൈ..’










