കുട്ടീസ്, ഡൂഡില്‍ ചെയ്യൂ..
ഗൂഗിളിന്റെ ഒരേയൊരു അവസരവാദമാണ് സമയാസമയങ്ങളില്‍ മാറ്റി മാറ്റിയിടുന്ന ഗൂഗിള്‍ ഹോം പേജിലെ ഗൂഗിള്‍ ഡൂഡിലുകള്‍. എന്തെങ്കിലും വിശേഷദിവസമുള്ളപ്പോഴൊക്കെ ഗൂഗിള്‍ ഇതങ്ങനെ മാറ്റിക്കളയും. എന്റെ ഈ ബ്ളോഗില്‍ 100, 250, 500 പോസ്റ്റുകള്‍ തികഞ്ഞപ്പോള്‍ ഡൂഡില്‍ ഇടുമെന്നു പറഞ്ഞു വല്യ ബഹളമായിരുന്നു. മലയാളം ബ്ളോഗു കംപ്ളീറ്റും അസൂയക്കാരാണെന്നു പറഞ്ഞ് പിന്നെ ഒഴിവാക്കി. പിന്നെ, എന്തു സംഭവിച്ചാലും 1000 പോസ്റ്റുകള്‍ തികയുമ്പോള്‍ ഒരാഴ്ചത്തേക്ക് എന്റെ ഫോട്ടോയോ എന്തരോ ഒക്കെ വച്ച് വല്യ ഒരു ഡൂഡില്‍ ഇടുമെന്നാണ് പറയുന്നത്. ഇടല്ലേ, ഇടല്ലേ എന്നു പറഞ്ഞ് ഞാന്‍ ഡെയ്ലി മെയിലയക്കുന്നുണ്ട്.
ഇപ്പോള്‍, ഗൂഗിള്‍ ഇന്ത്യയിലെ സ്കൂള്‍ കുട്ടികള്‍ക്കു വേണ്ടി അതിശയകരമായ ഒരു ഡൂഡില്‍ മല്‍സരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൂഡില്‍ ഇന്ത്യ മല്‍സരം ഇന്ത്യയെ തങ്ങള്‍ എങ്ങനെ കാണുന്നു എന്ന തീമില്‍ ഗൂഗിളിന്റെ ലോഗോ അലങ്കരിച്ച് വര്‍ണശബളമോ അല്ലാത്തതോ ആയ ഡൂഡില്‍ ഡിസൈന്‍ ചെയ്ത് രാജ്യാന്തരപ്രശസ്തിയും കൈനിറയെ പണവും നേടാനുള്ള സുവര്‍ണാവസരം കുട്ടികള്‍ക്കു മുതലെടുക്കാം.

ഒന്നു മുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഡൂഡില്‍ കുട്ടികള്‍ തന്നെ ഡിസൈന്‍ ചെയ്യണം. ചാച്ചനെയും അമ്മച്ചിയെയും കൊണ്ട് ഡൂഡില്‍ ചെയ്യിച്ച് മല്‍സരത്തിനയക്കാമെന്നു വിചാരിക്കേണ്ട. ഗൂഗിള്‍ എര്‍ത്തായിട്ടും സ്ട്രീറ്റ് വ്യൂവായിട്ടും നിങ്ങളുടെ വീട്ടിനുള്ളില്‍ നടക്കുന്ന എടപാടുകള്‍ വരെ കാണാനുള്ള സെറ്റപ്പുള്ളവരാണ് അവന്‍മാര്‍. അതുകൊണ്ട് ഫ്രോഡ് വേലകള്‍ക്കു പോവാതെ ഉള്ള കലാഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു ചായങ്ങള്‍ ചാലിച്ചു കളമെഴുതുക.
എന്റെ ഇന്ത്യ എന്നതാണ് ഡൂഡിലിങ് വിഷയം. കഴിയുന്നതും വൃത്തിയായി സംഗതി ഡിസൈന്‍ ചെയ്ത് സെപ്റ്റംബര്‍ അവസാനത്തോടെ സംഗതി അയക്കുക. ഡൂഡിലിങ്ങിനു വേണ്ടി ഗൂഗിള്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക പേജില്‍ നിന്നും ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം. ഒന്നാം സമ്മാനം നേടുന്ന ഡൂഡില്‍ കോടിക്കണക്കിനാളുകള്‍ നോക്കുന്ന ഗൂഗിള്‍ ഹോം പേജില്‍ നവംബര്‍ 14ന് പ്രസിദ്ധീകരിക്കും. അതിനെക്കാള്‍ വലിയ മറ്റൊരംഗീകാരമില്ല എങ്കിലും കുട്ടിക്ക് ഒരു ലാപ്ടോപും കുട്ടിയുടെ സ്കൂളിന് ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
1-4 ക്ളാസ്സുകാരെ ഒരു ഗ്രൂപ്പിലും 4-7 ക്ളാസ്സുകാരെ മറ്റൊരു ഗ്രൂപ്പിലും 7-10 ക്ളാസ്സുകാരെ മൂന്നാമതൊരു ഗ്രൂപ്പിലും ഉള്‍പ്പെടുത്തിയാണ് മല്‍സരങ്ങള്‍. ഇവരില്‍ നിന്നും 600 പേരെ തിരഞ്ഞെടുത്ത ശേഷം ഒരു ഗ്രൂപ്പില്‍ നിന്നു 15 പേരെ വീതം 45 പേരടങ്ങുന്ന ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. ഈ ഡൂഡിലുകള്‍ ഡൂഡില്‍ ഗാലറിയില്‍ ഒക്ടോബര്‍ 21ന് പബ്ളിഷ് ചെയ്യും. ജനങ്ങളുടെ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുക. നഫനല്‍ അവാര്‍ഡ് ദാനച്ചടങ്ങിലേക്ക് ഈ 45 പേര്‍ക്കും ക്ഷണമുണ്ടാവും. ഇവരുടെ യാത്രാച്ചെലവുകള്‍ ഗൂഗിള്‍ വഹിക്കും. അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ഥികളും കാര്‍ട്ടൂണിസ്റ്റ് പൊന്നപ്പനും ആര്‍ടിസ്റ്റ് രാഘവനും ചേര്‍ന്നാണ് വിധിനിര്‍ണയം നടത്തുന്നത്. ഗൂഗിളിന്റെ മുഖ്യഡൂഡ്ലര്‍ ഡെന്നിസ് ഹാങ് ആണ് അവസാന വിജയിയെ തിരഞ്ഞെടുക്കുന്നത്.
ഗൂഗിള്‍ ഡൂഡില്‍ ഫോര്‍ ഇന്ത്യ പേജില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളനുസരിച്ച് വേണം ഡൂഡില്‍ തയ്യാറാക്കാന്‍. എ 4 കടലാസില്‍ വേണം ഡൂഡില്‍ മല്‍സരത്തിനയക്കാന്‍. ക്രയോണ്‍ മുതല്‍ ഫോട്ടോഷോപ് വരെ എന്തും ഉപയോഗിക്കാം. ത്രിഡി സോഫ്റ്റ്വെയറുപയോഗിക്കാന്‍ പാടില്ല. സെപ്റ്റംബര്‍ 30 വൈകുന്നേരത്തിനകം എന്‍ട്രികള്‍ ഗൂഗിളിന്റെ ബാംഗൂര്‍ ഓഫിസില്‍ ലഭിക്കണം. വിലാസം ഇവിടെ:-
Doodle 4 Google,
Google India Pvt. Ltd.
No. 3, RMZ Infinity – Tower E
Old Madras Road
4th and 5th Floors
Bangalore, 560 016
India










