ചൈനയുടെ കഴുത്തിനു പിടിക്കുന്നു
ചൈനീസ് ഫോണുകള്‍ നിരോധിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ചില ചൈനീസ് ഫോണുകള്‍പോലെ തന്നെ ഡ്യൂപ്ളിക്കേറ്റാണെന്നാണ് പലരും കരുതിയിരിക്കുന്നത്. തീവ്രവാദി ഭീഷണി ഉണ്ടായ കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നത് ചൈനീസ് മൊബൈല്‍ ആണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ ഇല്ലാത്ത മോഡലുകള്‍ക്ക് സുരക്ഷാഭീഷണിയുടെ പേരില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വൈകാതെ തന്നെ ചൈനീസ് മോഡലുകള്‍ ഐഎംഇഐ നമ്പരോടുകൂടി ലഭ്യമാകാന്‍ തുടങ്ങിയതോടെ നിരോധനത്തിനുള്ള സാഹചര്യം മാറി. അതേ സമയം, ചൈനയില്‍ നിന്നെത്തുന്ന പ്രധാനമോഡലുകള്‍ മാത്രമാണ് ഐഎംഇഐ നമ്പര്‍ ഏര്‍പ്പെടുത്തിയതെന്നും അതില്ലാത്തവ ധാരാളം ഇപ്പോഴും എത്തുന്നുണ്ടെന്നും പറയുന്നു.
ചൈനയില്‍ നിന്നുള്ള മോഡലുകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ പുതിയ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്നാണ് ഒടുവിലത്തെ വിവരം. സുരക്ഷാഭീഷണിക്കു പുറമേ ജനങ്ങളുടെ സുരക്ഷ കൂടി കണക്കിലെടുത്താണത്രേ നിരോധനനീക്കം. ചില ചൈനീസ് മോഡലുകളില്‍ വരുന്ന ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണത്രേ പുതിയ നീക്കം.
എന്നാല്‍ സംഗതി ഇതൊന്നുമല്ലെന്നു പറയുന്ന ചൈനീസ് പ്രേമികള്‍ എല്ലാം നോക്കിയയുടെ കളിയാണെന്ന് ആരോപിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ മേല്‍ക്കൈയുള്ള നോക്കിയയുടെ പാരഡികളാണ് വിപണിയില്‍ ഏറ്റവുമധികം വിറ്റുപോകുന്നതെന്നിരിക്കെ ചൈനീസ് ഫോണുകള്‍ നോക്കിയയ്ക്ക് ചില്ലറ നഷ്ടമൊന്നുമല്ല ഉണ്ടാക്കുന്നതെന്നു കരുതണം. നോക്കിയ മാത്രമല്ല, ബ്ളാക്ബെറി, ഐഫോണ്‍ തുടങ്ങിയ ലോകോത്തര കമ്പനികളുടെ ജനപ്രിയ മോഡലുകളും മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ കൊടുത്താല്‍ വിപണിയില്‍ കിട്ടും. മോക്കിയ, ബ്ളൂബെറി, യുഫോണ്‍ എന്നൊക്കെയാണ് ഈ കമ്പനികളുടെ പേരെന്നു മാത്രം. ഏകദേശ കണക്കനുസരിച്ച് 15 ല”ക്ഷം ചൈനീസ് ഹാന്‍ഡ്സെറ്റുകളാണ് ഇന്ത്യയില്‍ ഒരു മാസം വിറ്റുപോകുന്നത്.

