അഭിമുഖം- സ്വാമി ചാര്‍ളി ചൈതന്യ

വിവാദനായകന്‍ സ്വാമി ചാര്‍ളി ചൈതന്യയുമായി അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വസതിയായ ബ്ലോഗ്തീരം റിസോര്‍ട്ടില്‍ വച്ച് ഞങ്ങളുടെ അതിസുന്ദരിയായ വനിതാറിപ്പോര്‍ട്ടര്‍ നടത്തിയ അഭിമുഖം.

നമസ്കാരം സ്വാമിന്‍..

നമസ്കാരം.. എത്ര വയസ്സായി ?

19..

ശ്ശൊ കഴിഞ്ഞു പോയി..

എന്താ സ്വാമിന്‍ ?

അനിയത്തിമാരുണ്ടോ ?

രണ്ടു പേരുണ്ട്.. ഒരാള്‍ എന്‍ജിനീയറിങ്ങിന് പഠിക്കുന്നു.. മറ്റെയാള്‍ മൂന്നു വയസ്സാവുന്നതേയുള്ളൂ..

കഷ്ടം !

എന്താണ് സ്വാമിന്‍.. അവര്‍ക്കെന്തെങ്കിലും ആപത്ത് ??

ഒന്നുമില്ല വല്‍സേ.. ഒരു പത്ത് പന്ത്രണ്ട് വയസ്സായിരുന്നെങ്കില്‍.. ങ്ഹാ ഇനി പോട്ടെ..

സ്വാമിന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണല്ലോ..

വാര്‍ത്തയിലെന്നല്ല.. എപ്പോഴും എവിടെയും നിറഞ്ഞു നില്‍ക്കുന്നതാണെനിക്കിഷ്ടം..

ബെര്‍ളി തോമസ് എന്ന പേരുള്ള പാലാക്കാരനായ ഫ്രോഡ് തന്നെയാണ് ഇവിടെ സ്വാമി ചാര്‍ളി ചൈതന്യ എന്ന പേരില്‍ കഴിയുന്നതെന്ന് പറയുന്നു. ഇത് സത്യമാണോ ?

കള്ളം പച്ചക്കള്ളം.. ഇത് കത്തോലിക്കാ സമുദായത്തില്‍ നിന്നും ഒരു സ്വാമി വളര്‍ന്നുവരുന്നതിനെതിരെയും പ്രതിഭാശാലിയായ ഒരു ചെറുപ്പക്കാരന്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതിനെതിരെയുമുള്ള അസൂയയുടെ ഭാഗമായി ചില നിഗൂഢകേന്ദ്രങ്ങളില്‍ നിന്ന് ചില കുബുദ്ധികള്‍ നടത്തുന്ന കുല്‍സിതശ്രമത്തിന്റെ ഭാഗമാണ്..

അമേരിക്കയില്‍ നിന്ന് ഒരു വീട്ടമ്മ സ്വാമിക്കെതിരെ പരാതിയുമായി വന്നിട്ടുണ്ടല്ലോ.. സ്വാമി അവരെ വഞ്ചിച്ചു എന്നാണ് പറയുന്നത് ?

സ്ത്രീകളെ ഞാന്‍ പൊതുവേ വഞ്ചിക്കാറില്ല.. പിന്നെ അവര്‍ക്ക് ആളുമാറിയതാവാനാണ് സാധ്യത..

അല്ല.. സ്വാമിയുടെ അനേകം ചിത്രങ്ങള്‍ അവരുടെ കയ്യിലുണ്ട്..

അത് ഈ നാട്ടില്‍ പലരുടെയും കയ്യിലുണ്ട്.. എന്നില്‍ ഭക്തിയുള്ളവര്‍ എന്റെ ഫോട്ടോ സൂക്ഷിക്കുന്നതില്‍ എന്താണ് ഇത്ര അദ്ഭുതം.. നിങ്ങള്‍ സൂക്ഷിക്കാറില്ലേ ?

ഞങ്ങളുടെ എംഡി ബെര്‍ളി തോമസിന്റേതല്ലാതെ ഒരു ഫോട്ടോയും ഞാന്‍ സൂക്ഷിക്കാറില്ല..

അ..അ..അതെ..അത്..അതാണ്.. അതാണ്..

അങ്ങേയ്ക്ക് സിനിമാ രാഷ്ട്രീയ രംഗത്ത് വലിയ ബന്ധങ്ങള്‍ ഉണ്ടെന്നാണല്ലോ പറയുന്നത്.. അങ്ങയുടെ ഫ്ലാറ്റില്‍ നിന്നു കിട്ടിയ ഫോട്ടോകളില്‍ പല പ്രമുഖരും ഉണ്ടല്ലോ.. അവരൊക്കെയായി എന്താണ് ബന്ധം ?

അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്.. ഉദാഹരണത്തിന് എന്റെ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റ് എഴുതിയിരിക്കുന്നത് സത്യന്‍ അന്തിക്കാടാണ്.. അതുപോലെ എന്റെ സുഹൃത്തുക്കള്‍ വിവിധ മേഖലയില്‍ നിന്നുള്ളവരാണ്..

പക്ഷെ, താങ്കളെ അറിയില്ലെന്നും എന്നോ ഒരിക്കല്‍ ആരോ ഫോണില്‍ വിളിച്ച് ഒരു രണ്ട് വരി ചോദിച്ച് പറയിപ്പിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തിലെ ലേഖനം കൂടി ചേര്‍ത്ത് പ്രസിദ്ധീകരിച്ചാതാണെന്നും അതിന്റെ പേരില്‍ സ്വാമി ചാര്‍ളി ചൈതന്യയുമായി തന്നെ ബന്ധപ്പെടുത്തരുതെന്നുമാണല്ലോ സത്യന്‍ അന്തിക്കാട് പറഞ്ഞത് ..

എല്ലാം മായ.. അദ്ദേഹത്തിന്റെ ഇന്നത്തെ ചിന്താവിഷയം കത്തിപ്പടമാണെന്നു ഞാന്‍ പറഞ്ഞിരുന്നു.. അതിന്റെ പ്രതികാരമായാവാം ഈ തള്ളിപ്പറയല്‍.. എനിക്കതില്‍ വിഷമമില്ല..ലോകത്ത് എന്നും മഹാന്മാര്‍ക്ക് ഇതാണ് ഗതി.. യേശുക്രിസ്തുവിനെ ശിഷ്യന്മാര്‍ തള്ളിപ്പറഞ്ഞില്ലേ ? സോക്രട്ടീസിനെ, ഗാന്ധിജിയെ.. എനിക്കിതു കിട്ടണം..

ബെര്‍ളി തോമസ് എന്ന പേരില്‍ തന്നെ വഞ്ചിച്ച ശേഷം താങ്കളിവിടെ സ്വാമി ചാര്‍ളി ചൈതന്യ എന്ന പേരില്‍ സുഖമായി ബ്ലോഗ് രാജാവായി വാഴുകയാണ് എന്നു പരാതിയുണ്ടല്ലോ.. താങ്കളുടെ ധാരാളം ചിത്രങ്ങളും അവരുടെ കയ്യിലുണ്ട്..

ഫോട്ടോയുടെ കാര്യം ഞാന്‍ പറഞ്ഞല്ലോ.. പോരെങ്കില്‍ ഈയിടെയായി ഭക്തജനങ്ങള്‍ എന്റെ ഫോട്ടോ ഇ മെയിലില്‍ അയച്ചു കൊടുക്കുകയും ഭിത്തിയില്‍ ഒട്ടിച്ചു വയ്ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. ഞാന്‍ വെറുമൊരു സന്യാസി മാത്രമല്ല ഫഗവാന്‍ ആണെന്നു പോലും ചില ഭക്തന്മാര്‍ പറയുന്നുണ്ട്.. ഇതൊന്നും ഞാനറിഞ്ഞുകൊണ്ടല്ല..

പാലായില്‍ പോക്കറ്റടിയും പിടിച്ചുപറിയുമായി നടക്കുന്ന ബെര്‍ളി തോമസ് എന്ന ക്രിമിനലാണ് താങ്കളെന്നു പറയുന്നല്ലോ ?

ബെര്‍ളി തോമസിനെ ഞാന്‍ അറിയുകയേയില്ല..

താങ്കളുടെ ബ്ലോഗ് തീരം റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ നഴ്സുമാരുടെ രണ്ട് യൂണിഫോമുകളും ഒരു കാളത്തോലും പൊലീസ് കണ്ടെത്തിയിരുന്നല്ലോ..

എനിക്കറിയില്ല.. എന്റെ സുഹൃത്തുക്കളായ സുനീഷ് തോമസ്, ദില്‍ബാസുരന്‍, എതിരന്‍ കതിരവന്‍ തുടങ്ങിയവരാണ് അടുത്തകാലത്തായി ആ മുറി ഉപയോഗിച്ചിരുന്നത്.. നഴ്സുമാരെ ആരെയും എനിക്ക് പരിചയമില്ല.. പിന്നെ കാളത്തോല്‍ എന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല.. എന്റെ സുഹൃത്ത് സുനീഷ് എനിക്ക് ഗിഫ്ടായി തന്നതാണ് അത്.. കാളത്തോലാണോ എന്നൊന്നും എനിക്കറിയില്ല.. ഞങ്ങളുടെ ചേംബര്‍ ഓഫ് ബ്ലോഗേഴ്സ് കേന്ദ്രകമ്മിറ്റിയുടെ കോര്‍ കമ്മിറ്റി ചേരുന്നത് അതിലാണ്.

താങ്കളുടെ ജിമെയില്‍ ഐഡിയില്‍ നിന്ന് ധാരാളം അശ്ലീല ചാറ്റുകള്‍ കണ്ടെത്തിയതായി പറയുന്നുണ്ടല്ലോ.. ചെറിയ പെണ്‍കുട്ടികളെ ബ്ലോഗ് തുടങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് താങ്കള്‍ അശ്ലീലചാറ്റിങ്ങിനു പ്രേരിപ്പിക്കുന്നതായും പരാതിയുണ്ട്..

ഞാന്‍ പറഞ്ഞല്ലോ.. കത്തോലിക്കാ സമുദായത്തില്‍ നിന്നും ഒരു സ്വാമി വളര്‍ന്നുവരുന്നതിനെതിരെയും പ്രതിഭാശാലിയായ ഒരു ചെറുപ്പക്കാരന്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതിനെതിരെയുമുള്ള അസൂയയുടെ ഭാഗമായി ചില നിഗൂഢകേന്ദ്രങ്ങളില്‍ നിന്ന് ചില കുബുദ്ധികള്‍ നടത്തുന്ന കുല്‍സിതശ്രമത്തിന്റെ ഭാഗമാണ് ഇതും..

താങ്കളുടെ കല്യാണത്തിന് കാളവണ്ടിയില്‍ താങ്കള്‍ വന്നിറങ്ങുന്നതിന്റെ ചിത്രവും മറ്റും കണ്ടു..

കാളവണ്ടിയല്ല.. കാളകളെ പൂട്ടിയ രഥമാണ് അത്.. കുതിരകള്‍ അര്‍ജന്റായി വേറൊരു റൂട്ടില്‍ പോയതുകൊണ്ട് കാളകളെ വച്ച് അഡ്ജസ്റ്റ് ചെയ്തതാണ്..

ആ കാളരഥക്കാരന് താങ്കള്‍ കാശ് കൊടുത്തില്ലെന്നു പറയുന്നു..

അയാള്‍ക്ക് അന്തസ്സായി കല്യാണവിരുന്നും ഐസ്ക്രീമും നല്‍കി..

കല്യാണവിരുന്നൊരുക്കിയ അവര്‍ക്ക് താങ്കള്‍ കാശ് നല്‍കിയില്ലെന്നു പറയുന്നു..

കാശ് നല്‍കിയില്ലെങ്കിലും ഞാന്‍ ധാരാളം അനുഗ്രഹങ്ങള്‍ നല്‍കി..

താങ്കളുടെ എല്ലാ കാര്യങ്ങള്‍ക്കും മുന്‍കൈ എടുത്ത കോണ്‍സ്റ്റബിള്‍ ഫ്രെഡറിക് ഗോണ്‍സാല്‍വസ് എന്നു പറയുന്ന ആള്‍..

സ്വാമിക്കു മുന്നില്‍ കോണ്‍സ്റ്റബിളെന്നോ ഹെഡ്കോണ്‍സ്റ്റബിളെന്നോ വ്യത്യാസമില്ല.. എല്ലാവരും എന്റെ മക്കളാണ്.. ഭക്തിയാണ് അവരെ എന്നിലേക്കടുപ്പിക്കുന്നത്..

പലപ്പോഴും താങ്കള്‍ ഗുരുവിന്റെ പാതയാണ് പിന്‍തുടരുന്നത് എന്നു പറയാറുണ്ടല്ലോ.. ആരാണ് താങ്കളുടെ ഗുരു ?

ഗുരു.. ഞാന്‍ പറഞ്ഞാല്‍ ഒറ്റിക്കൊടുക്കലാവില്ലല്ലോ..?

ഇല്ല സ്വാമിന്‍ ധൈര്യമായി പറഞ്ഞോളൂ..

കൊടകരയില്‍ സജീവന്‍ എന്ന പേരിലും ജെബലലിയില്‍ വിശാലമനസ്കന്‍ എന്ന പേരിലും ജീവിക്കുന്ന ബ്ലോഗര്‍മാരുടെ കണ്‍കണ്ട ദേവമാണ് എന്റെ ഗുരു.. എന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് എന്നെ ഇതിലേക്കു വലിച്ചിഴച്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നാല് പൂശണമെന്നു വിനീതമായി അപേക്ഷിക്കുന്നു..!

Related Posts with Thumbnails
blog comments powered by Disqus