വിശുദ്ധ റീമി ടോമിയും രണ്ടു മുസ്ലിം തീവ്രവാദികളും
പരിശുദ്ധ കന്യകാമറിയത്തിന്റെ പെരുന്നാളിന്റെ നോട്ടീസില്‍ കന്യാകാമറിയത്തിന്റെ പടമുണ്ടായിരുന്നില്ല.
പകരം നോട്ടീസിന്റെ ഭൂരിഭാഗവും അപഹരിച്ചു കൊണ്ട് നോട്ടീസിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്ന ചിത്രം പാലായുടെ വാനമ്പാടി റീമി ടോമിയുടേതായിരുന്നു. പെരുന്നാളിന് റീമി ടോമിയും സംഘവും നയിക്കുന്ന ഗാനമേളയാണ് പ്രധാന പരിപാടി എന്നുള്ളതുകൊണ്ടും പരിപാടിക്കായി ചെറുതല്ലാത്ത തുക പള്ളിക്കമ്മിറ്റി മുടക്കുന്നു എന്നതു കൊണ്ടുമാണ് ഗായികയുടെ പടം നല്ല നിറങ്ങളില്‍ തന്നെ കൊടുക്കാന്‍ തീരുമാനിച്ചത്.
കൂടാതെ കന്യകാമാറിയത്തിന്റെ നല്ല ചിത്രങ്ങള്‍ അന്വേഷിച്ചു നടന്ന പള്ളിക്കമ്മിറ്റിയോട് “മൂപ്പത്തിയുടെ അടുത്ത കാലത്തെടുത്ത പടങ്ങളൊന്നും കിട്ടാനില്ലെ”ന്നായിരുന്നു പ്രസ്സുകാരന്റെ മറുപടി.
പെരുന്നാളിന്റെ ഹൈലൈറ്റ് റീമി ടോമിയുടെ പരിപാടിയാണെന്നിരിക്കെ പെങ്കൊച്ചിന്റെ പടം വീശിക്കൊടുക്കുന്നതിലും തെറ്റില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.
നോട്ടീസിറങ്ങിയതിനു ശേഷമാണ് പലരും മറിച്ചൊരഭിപ്രായപ്രകടനം നടത്തിയത്. റീമിക്കൊച്ച് ചിരിച്ചുല്ലസിച്ചു നില്‍ക്കുന്ന പടം കണ്ട് ഇടവക സ്തംഭിച്ചു നിന്നു. വര്‍ഷാവര്‍ഷം ഇറങ്ങുന്ന പെരുന്നാള്‍ നോട്ടീസിലെ കന്യകാമറിയത്തെ വെട്ടിയെടുത്ത് ഭിത്തിയിലൊട്ടിച്ച് പ്രാര്‍ഥിച്ചു പോന്ന പാവം പിടിച്ച ചേടത്തിമാര്‍ കണ്‍ഫ്യൂഷനിലായി.
മാതാവിന്റെ പുതിയ ചിത്രം കിട്ടാത്തതിലായിരുന്നു ചിലര്‍ക്ക് ദുഖം. പുറത്തു നിന്നു വാങ്ങുന്ന മാതാവിനെക്കാള്‍ ഇടവടയില്‍ നിന്നു കിട്ടുന്ന മാതാവിനാണല്ലോ വിശ്വാസ്യത കൂടുതല്‍.
ടിവിയിലൊക്കെ കണ്ട് റീമി ടോമിയെ അമ്മച്ചിമാര്‍ക്കൊക്കെ നന്നായറിയാം. എങ്കിലും കന്യാകാമറിയത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായോ മറ്റോ റീമിക്കൊച്ചിനെ കണ്ട് ചിലര്‍ നോട്ടീസിലെ റീമിച്ചിത്രത്തില്‍ നോക്കി മുട്ടിപ്പായി പ്രാര്‍ഥിച്ചു. തന്റെ സ്വതസിദ്ധവും നിഷ്കളങ്കവുമായ ചിരിയിലൂടെ അനേകമനേകം നോട്ടീസുകളിലൂടെ വിശുദ്ധ റീമി ടോമി ഇടവക ജനങ്ങളെ അനുഗ്രഹിച്ചു കൊണ്ടിരുന്നു.
നോട്ടീസ് ഇടവകയുടെയും രൂപതയുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞാണ് പെരുന്നാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തി ഔസേപ്പച്ചന്‍ വികാരിയച്ചനോട് തന്റെ ഹൃദയം തുറക്കുന്നത്.- അച്ചോ ഒരു കളിപ്പു പറ്റി.. !
എന്നതാടാ ഉവ്വേ ഈ അവസാന നിമിഷത്തില്… റീമി ടോമി വരുകേലന്നൊന്നും അല്ലല്ലോ അല്ലേ ?
ഔസേപ്പച്ചന്‍ വിളറി- സംഗതി അതു തന്നെയാണച്ചോ !
അച്ചനും വിളറി. ഇടവകയിലെ കുഞ്ഞാടുകള്‍ അത്ര ക്ഷമയുളളവരല്ല.ഗാനമേള നടക്കുന്ന മൈതാനത്താണെങ്കില്‍ കല്ലുകളേറെയും.
എനിക്കൊരു ചാനലു വിട്ടുപോയതാ അച്ചോ… എനിക്കു ടോമിയെ നന്നായിട്ടറിയാവുന്നതാന്നേ… ചെന്നു പറഞ്ഞാലപ്പോഴേ മോളെ വിടും.. ആ ഒരുറപ്പിലാ ഞാന്‍ നോട്ടീസില്‍ റീമിയുടെ പേരു വച്ചത്… പിന്നെ ഞാനതു മറന്നു.. ഇന്നലെ ചെന്നപ്പോഴല്ലേ… റീമിയൊരു ഗള്‍ഫ് പരിപാടിക്കു പോയേക്കുവാ.. അടുത്ത മാസമേ വരൂ… കൊഴഞ്ഞല്ലോ അച്ചോ !!
കുഞ്ഞാടുകളെ വിവരമറിയിച്ചാല്‍ പെരുന്നാള്‍ ചിലപ്പോള്‍ മാറ്റിവയ് ക്കേണ്ടി വരും. ഒന്നും സംഭവിക്കാത്ത മട്ടില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകട്ടെ.
ഔസേപ്പച്ചന് തന്റെ പരിചയക്കാരിയും അത്യാവശ്യം എന്തെങ്കിലുമൊക്കെ നമ്പരു കാണിച്ച് ജനത്തെ കൈയ്യിലെടുക്കാനും വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം പാടാനും കഴിയുന്ന സന്ധ്യയെ റീമിയ്ക്കു പകരം ബുക്കു ചെയ്തു. റീമിയെയൊക്കെ ആരറിയാന്‍, അല്ലെങ്കിലും ഇതൊക്കെയുണ്ടോ ആളുകള്‍ ശ്രദ്ധിക്കാന്‍ പോകുന്നു… എന്നൊക്കെ സ്വയം സമാധാനിച്ച് പെരുന്നാള്‍ ദിനം വരെ അച്ചനും ഔസേപ്പച്ചനും കഴിച്ചുകൂട്ടി.
റീമി ടോമിയുടെ ഗാനമേള കാണാന്‍ അടുത്ത കൂട്ടുകാരനായ ഷെഫിഖിനോടൊപ്പം തന്റെ ലാംബി സ്കൂട്ടറില്‍ പോകുമ്പോള്‍ ഗഫൂറിന് തന്റെ ജീവിതത്തിലെ ചില വഴിത്തിരിവുകളിലേയ്ക്കാണ് തന്റെ യാത്രയെന്നറിയില്ലായിരുന്നു. ലാംബി കിതച്ചു കിതച്ചെത്തുമ്പോഴേക്കും പള്ളിമുറ്റം നിറഞ്ഞിരുന്നു. സ്കൂട്ടര്‍ ഒരു തെങ്ങില്‍ ചാരി വച്ച് ഗഫൂര്‍ ഷെഫിഖിനൊപ്പം ഗാനമേളയ്ക്കു കാതോര്‍ത്ത് നിന്നു.
ഔസേപ്പച്ചന്‍ ഭ്രാന്തു പിടിച്ചവനെപ്പോലെ അതു വഴി പാഞ്ഞു നടക്കുന്നുണ്ടായിരുന്നു. റീമി ടോമിയെ കാണാന്‍ ഗ്രീന്‍ റൂമിനു മുമ്പിലിരച്ചു കൊണ്ടിരുന്ന ജനത്തെ അനാഥജഡത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുന്ന താല്‍ക്കാലിക ഷെഡ്ഡിനു മുമ്പില്‍ നിന്നെന്ന പോലെ നിന്ന് രണ്ടു പൊലീസുകാര്‍ ലാത്തി ലളിതമായി വീശി ആട്ടിയോടിക്കുന്നുണ്ടായിരുന്നു.
കര്‍ട്ടന്‍ ഉയര്‍ന്നു കഴിയുമ്പോള്‍ ഏത് അനാഥജഡവും തിരിച്ചറിയപ്പെടുമെന്ന ഭീതി അച്ചനെ വേഷം മാറാന്‍ പേടിപ്പിച്ചു. ഒരു അയഞ്ഞ പാന്റും ടീ ഷര്‍ട്ടുമിട്ട് അച്ചന്‍ ദുഖത്തിന്റെ പാനപാത്രം പോലെ ഒരു തെങ്ങില്‍ ചാരി നിന്നു. ഇടയ്ക്ക് അതു വഴി ഓടിപ്പോയ ഔസേപ്പച്ചനും അച്ചനെ തിരിച്ചറിഞ്ഞില്ല. അന്ത്യകൂദാശ വാങ്ങാനോ മറ്റോ ഔസേപ്പച്ചന്‍ അന്വേഷിക്കുന്നത് തന്നെയാണെന്നു തിരിച്ചറിഞ്ഞ അച്ചന്‍ ഔസേപ്പച്ചനെ വിളിച്ചു.
യ്യോ !.. അച്ചനെന്നാ ഈ വേഷച്ചില് ?
ഓ ചുമ്മാ… ഓടാനാണെങ്കിലും ഇതാ എളുപ്പം…
അത് നേരാ – തനിക്കു വേഷം മാറാന്‍ പറ്റാത്തതിന്റെ നിരാശയായിരുന്നു ഔസേപ്പച്ചന്.
റീമി ടോമി മാറി സന്ധ്യയായത് മുന്‍കൂട്ടി അറിഞ്ഞ ചിലര്‍ കര്‍ട്ടനുയരുമ്പോളേ പ്രതികരിക്കാന്‍ കാത്തിരുന്നു. കര്‍ട്ടന്‍ ഉയര്‍ന്നു. സന്ധ്യ തടിച്ചു കൊഴുത്ത തന്റെ ശരീരം മദാലസമായി അലങ്കരിച്ച് കുണുങ്ങി നിന്നു. ജനം കൂവിക്കൊണ്ടേയിരുന്നു.
അച്ചന്‍ വലിഞ്ഞു. ഔസേപ്പച്ചന്‍ അപ്രത്യക്ഷനായി. ആദ്യഗാനം വിതുമ്പലോടെ സന്ധ്യ പാടിത്തുടങ്ങിയപ്പോള്‍ ജനം സഹികെട്ട് കല്ലുകള്‍ കൈയ്യിലെടുത്തു.
എറിയുന്നതിനു മുന്നോടിയായി ചിലര്‍ സന്ധ്യയെ നോക്കി ഉന്നം പിടിച്ചു. മൈക്ക് വലിച്ചെറിഞ്ഞ് അവള്‍ തിരിഞ്ഞോടി. ഇത്തരം അനുഭവങ്ങള്‍ ധാരാളമുള്ള തബലിസ്റ്റ് തബല വാരിയെടുത്ത് ഓടി. ഓര്‍ക്കസ്ട്രക്കാര്‍ നിക്കണോ പോണോ എന്ന ആശങ്കയോടെ നിന്നു.
ലോലഹൃദയരായ കുഞ്ഞാടുകള്‍ പക്ഷെ എറിഞ്ഞില്ല. അവര്‍ക്ക് എറിയാന്‍ തോന്നിയില്ല. അവര്‍ക്ക് വേണ്ടത് ഔസേപ്പച്ചനെയായിരുന്നു. ചതിക്കു കൂട്ടു നിന്ന അച്ചനും മിസ്സിങ് ആണ്.
അടുത്ത ഗാനം പാടാന്‍ നന്നായി കറുത്ത യുവാവ് വന്നു. പ്രതീക്ഷിച്ചതു പോലെ അയാള്‍ തമിഴ് സ് പെഷലിസ്റ്റായിരുന്നു. ആക്ഷന്‍ ത്രില്ലര്‍ പോലെയായിരുന്നു ആ ഗാനം. അടുത്തതും അയാള്‍ തന്നെ പാടണമെന്നായി ജനം. പാവം പയ്യന്‍ മറ്റൊന്നു പാടി. പിന്നെ രണ്ടു മലയാളം ഗാനങ്ങള്‍ കൂടി പാടിച്ച് ധാരാളം കൈയ്യടി നല്‍കി അവനെ വിശ്രമിക്കാന്‍ വിട്ടപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞെന്നു തോന്നി.
അത്മവിശ്വാസത്തോടെ വീണ്ടും സന്ധ്യ എത്തി. അവള്‍ പാടിത്തുടങ്ങി. ജനം കൂവിത്തുടങ്ങി. ഇരുകൂട്ടരും വാശിയിലായിരുന്നു. ഒരു വരി പോലും കുറയ്ക്കാതെ അവള്‍ മുഴുവനും പാടി. ഒരു വരിപോലും ആരും കേള്‍ക്കാതെ ജനം അവസാനം വരെ കൂവി.
കൈയ്യിലൊരു സമ്മാനപ്പൊതിയുമായി ഗാനം കഴിഞ്ഞപ്പോഴേക്കും ഗഫൂറും ഷെഫിഖും വേദിയിലെത്തി. സമ്മാനപ്പൊതി വാങ്ങുമ്പോള്‍ സന്ധ്യക്കു കരച്ചില്‍ വന്നു.സ് റ്റേജിന്റെ പിന്നില്‍ വച്ച് ആര്‍ത്തിയോടെ അവള്‍ സമ്മാനപ്പൊതി വലിച്ചു കീറി തുറന്നു. പ്രേക്ഷകരുടെ സമ്മാനത്തിന്റെ ചൂടുള്ള ഗന്ധം അവളുടെ മുഖത്തേയ്ക്കടിച്ചു. ഉള്ളില്‍ ചൂടുമാറാത്ത ആനപ്പിണ്ഡം !!
സന്ധ്യ ശരിക്കും കരഞ്ഞു.വിവരമറിഞ്ഞ ഔസേപ്പച്ചന്‍ ക്ഷുഭിതനായി. പൊലീസുകാരിറങ്ങി സമ്മാനം കൊടുത്ത ഗഫൂറിനെയും ഷെഫിഖിനെയും പിടികൂടി.
ഇവരെന്തിനിവിടെ വന്നു. ഇവര്‍ പെരുന്നാള്‍ കലക്കാന്‍ വന്ന മുസ്ലിം തീവ്രവാദികളാണ്.-ഔസേപ്പന്‍ പറഞ്ഞു.
ഔസേപ്പച്ചാ വിവരക്കേടു പറയരുത്- അച്ചന്‍ പറഞ്ഞു- ഇവരിവിടുള്ള പിള്ളാരാ..!!
ജനം വട്ടം കൂടി. ഔസേപ്പച്ചന്റെ ഷര്‍ട്ടിലും കോളറിലുമൊക്കെ ചില കൈകള്‍ പിടുത്തമിട്ടു. ഗഫൂറിനെയും ഷെഫിഖിനെയും ഔസേപ്പച്ചനെയുമായി ജീപ്പ് പൊലീസ് സ് റ്റേഷനിലെത്തി. മഞ്ഞ് കൊണ്ടിരിക്കുന്ന ലാംബി സ്കൂട്ടറിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഗഫൂറിനു സങ്കടം വന്നു.കുഞ്ഞാടുകള്‍ പിന്നാലെ വന്നു. ഗാനമേള കഴിഞ്ഞ് പരാതിയുമായി സന്ധ്യയും.
ജീവിതത്തിലാദ്യമായാണ് സര്‍ എനിക്ക് ആനപ്പിണ്ഡം ഗിഫ്റ്റ് കിട്ടുന്നത് – സന്ധ്യ മൂക്കു പിഴിഞ്ഞു.
ആനയുടേത് ആദ്യമായിട്ടാണെന്നു പറയെടീ- ഒരു കുഞ്ഞാട് പറഞ്ഞു.
ഗഫൂറിനെതിരെ കേസെടുക്കണമെന്ന് സന്ധ്യയും ഔസേപ്പച്ചനെതിരെ കേസെടുക്കണമെന്ന് കുഞ്ഞാടുകളും വാദിച്ചു. എങ്കില്‍ രണ്ടു കേസുമെടുക്കുമെന്നായി പൊലീസ്. അങ്ങനെയെങ്കില്‍ ഗഫൂറിനെ ജാമ്യത്തില്‍ വിടണമെന്നായി കുഞ്ഞാടുകള്‍. ഔസേപ്പച്ചനെ ജാമ്യത്തില്‍ വിടണമെന്ന് സന്ധ്യ പോലും പറഞ്ഞില്ല.
ഒടുവില്‍ തന്റെ യഥാര്‍ഥ വേഷത്തിന്റെ ആത്മവിശ്വാസവുമായി അച്ചനും വന്നു- സംഗതി അവസാനിപ്പിക്കാം… ആനപ്പിണ്ഡക്കേസിലെ യഥാര്‍ത്ഥ പ്രതി പിടിയിലുണ്ട്. ഇവനെ കൈകാര്യം ചെയ്യാം…
അച്ചന്‍ മുന്നില്‍ നിര്‍ത്തിയ സ്വന്തം മകനെ കണ്ട് ഔസേപ്പച്ചന്‍ ഞെട്ടി – മകനേ നീയോ ?
പിന്നല്ലാതെ… അപ്പച്ചന്‍ പ്രസുദേന്തിയായിരിക്കുമ്പോള്‍ ഞാന്‍ തന്നെ ഇതു കൊടുക്കുന്നത് മോശമാണല്ലോ എന്നു കരുതിയാണ് ഇവരെക്കൊണ്ട് കൊടുപ്പിച്ചത്.. അപ്പനാണെങ്കിലും പോക്രിത്തരം കാണിക്കുന്നതിനൊരതിരില്ലേ ?
മകന്റെ വിധിന്യായത്തിനു മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുമ്പോള്‍ പുറത്ത് റീമി ടോമിയുടെ ചിത്രമുള്ള പെരുന്നാള്‍ നോട്ടീസ് വെറുതെ മഞ്ഞുകൊള്ളുകയായിരുന്നു










