മീറ്റിന്‍റെ നാറ്റം !!!
പലരും പറഞ്ഞതാണ്, ചെറായ് ബ്ലോഗ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച് ബ്ലോഗേഴ്സ് സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ നടത്തിയ പരിപാടി ഒരു അസംബന്ധസംഗമം ആണെന്ന് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞത് സത്യത്തില്‍ ബ്ലോഗ് മീറ്റിന് നല്ല പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയായിരുന്നു എന്ന്. അല്ലെങ്കിലും കോമഡി മാത്രം പറയുന്ന ഞാന്‍ പറഞ്ഞ ചെറായ് മീറ്റ് കോമഡി മാത്രം ആളുകള്‍ക്ക് മനസ്സിലാവാതെ പോയതാണ് കുഴപ്പമെന്ന്. ചിലര്‍ അത് ശരിവച്ചു, ചിലര്‍ എതിര്‍ത്തു.ബ്ലോഗ് മീറ്റ് പൊളിക്കാനായിരുന്നു അതെന്നും വാദമുണ്ടായി. ബ്ലോഗ് സൗഹൃദസംഗമം കഴിഞ്ഞപ്പോള്‍ പിന്നെയും ബ്ലോഗ് മീറ്റ് വന്‍വിജയം എന്ന പേരില്‍ ആഘോഷം നടക്കുമ്പോള്‍ അന്നു ബെര്‍ളി പറഞ്ഞതിന്‍റെ പൊരുള്‍ എന്തായിരുന്നു എന്ന് ചിലര്‍ പിന്നെയും ചര്‍ച്ച ചെയ്യുന്നു.
നിങ്ങള്‍ക്കൊന്നും വേറൊരു പണിയുമില്ലേ എന്നാണ് ആദ്യം ചോദിക്കേണ്ടത്. എങ്കിലും ഇത്ര ഭയങ്കരമായ ഒരു ചര്‍ച്ച നടന്ന വിഷയമായതുകൊണ്ട് അങ്ങനെ ഞാന്‍ ചോദിക്കില്ല. എന്നാല്‍, ഒരു കാര്യം വളരെ വ്യക്തമായി പറയാം. ബ്ലോഗിന്‍റെ പേരില്‍ അസംബന്ധ സംഗമം എന്ന പോസ്റ്റിലൂടെ ഞാന്‍ ഒരു കോമഡിയും പറഞ്ഞിട്ടില്ല. മീറ്റിന്‍റെ പ്രചാരം കൂട്ടുക എന്നൊരാശയം എന്‍റെ തലയില്‍ കൂടി പോലും പോയിട്ടില്ല. ബ്ലോഗ് മീറ്റ് എന്ന പേരില്‍ ആ പരിപാടി നടത്തുന്നതെങ്കില്‍ അത് അസംബന്ധമാണ് എന്നാണ് ഞാന്‍ പറഞ്ഞത്. സൗഹൃദസംഗമം എന്ന പേരില്‍ ഇവിടെ ആര്‍ക്കും എവിടെ വേണമെങ്കിലും ഒത്തുകൂടി ഫുഡ് അടിച്ചു പടമെടുത്തു പിരിയാം. അങ്ങനെ ഒരു പരിപാടിയെപ്പറ്റി അഭിപ്രായം പറയേണ്ട കാര്യം എനിക്കില്ല.
എന്നാല്‍, സൗഹൃദസംഗമമായി ഒരു പരിപാടി നടത്തിയ ശേഷം, നടന്നത് ഉദാത്തമായ ബ്ലോഗ് മീറ്റ് ആയിരുന്നു എന്ന മട്ടില്‍ പ്രചാരണം നടക്കുമ്പോള്‍, കളി വേറെയാണ്. ചെറായി മീറ്റ് വന്‍വിജയം, ചെറായി മീറ്റ് വന്‍വിജയം എന്നു കുറെ ദിവസമായി കേള്‍ക്കുന്നു. കുറെയാളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി സൗഹൃദം പങ്കിട്ടു പിരിഞ്ഞു. അതിലെന്ത് വിജയവും പരാജയവും ? ഇനി മീറ്റ് പൊളിക്കാന്‍ വേണ്ടി ഒരു ഗൂഢസംഘം അഹോരാത്രം പണിയെടുക്കുകയും സൗഹൃദകൂട്ടായ്മക്കു വരാനിരുന്നവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ അതില്‍ കാര്യമുണ്ട്.ഏതോ ശത്രുക്കള്‍ ഉണ്ടെന്നു നടിച്ച് ഒന്നൊന്നരമാസം സാങ്കല്‍പികശത്രുക്കളോട് പടപൊരുതുകയായിരുന്നു കുറെ മണ്ടന്‍മാര്‍.
ഇനി ബ്ലോഗ് മീറ്റ് എന്ന നിലയില്‍ അതൊരു വന്‍വിജയമായിരുന്നു എന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍,അത് വിഡ്ഢിത്തമായിരിക്കും. മലയാളം ബ്ലോഗിനെ സംബന്ധിച്ചു നോക്കിയാല്‍ ചെറായി മീറ്റ് ഒരു നാഷനല്‍ വെയ്സ്റ്റ് ആണ്.ആളൊന്നിന് 250 രൂപ വീതം പിരിച്ച് ഒരു ടൂറിസ്റ്റ് റിസോര്‍ട്ടില്‍ ഫുഡ് അടിച്ചു പിരിഞ്ഞിട്ട് മലയാളം ബ്ലോഗില്‍ ഞങ്ങള്‍ ചരിത്രം രചിച്ചു എന്നു പറയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വലിയ പരാജയമായിരിക്കും.100 രൂപ വീതം ഷെയറിട്ട് വൈകുന്നേരം 10 ബ്ലോഗര്‍മാര്‍ കള്ളടിക്കുന്നതും ഇതും തമ്മില്‍ എന്തു വ്യത്യാസം ? കള്ളടിക്കുന്നത് ഒരു പാപമാണ് എന്നെനിക്കു തോന്നിയിട്ടില്ല.
ഒന്നുമല്ലെങ്കിലും പത്തുനൂറു പേര്‍ പങ്കെടുത്ത പരിപാടിയെന്ന നിലയില്‍, പത്ത് നാല്‍പതു പേര്‍ കണ്ണീരോടെ പോസ്റ്റുകളിട്ട ഒരു സംഭവമെന്ന നിലയില്‍ ഇതൊരു സംഭവമാണല്ലോ എന്നാര്‍ക്കും തോന്നാം. ആ അര്‍ത്ഥത്തിലാണെങ്കില്‍ ഇതൊരു സംഭമല്ല. ഇതിനെക്കാള്‍ ആളു കൂടുന്ന പരിപാടികള്‍ ഇതിലും വൃത്തിയായി നാട്ടില്‍ നടക്കുന്നുണ്ട്. ബ്ലോഗുമായി ബന്ധപ്പെടുത്തുമ്പോഴല്ലേ ഇതൊരു സംഭവമാകുന്നത് എന്ന് അപ്പോള്‍ ചോദിക്കാം. ബ്ലോഗിലൂടെ സംഘടിപ്പിച്ച ഒരു പരിപാടി എന്നല്ലാതെ അവിടെന്താണ് നടന്നത് ? ഭക്ഷണം, മാജിക്, മിമിക്രി,ഭക്ഷണം, ഫോട്ടോ,മദ്യപാനം. ഇതൊക്കെയാണ് ബ്ലോഗ് മീറ്റ് എങ്കില്‍ ഇനിയുള്ള എല്ലാ ബ്ലോഗ് മീറ്റുകളിലും ഞാന്‍ പങ്കെടുക്കും എന്നൊരു സുഹൃത്ത് പറഞ്ഞിരിക്കുന്നത് കണ്ടു. ഇതാണ് ചെറായി മീറ്റുകൊണ്ടുണ്ടായ ദോഷം. ഇതൊക്കെയാണ് ബ്ലോഗ് മീറ്റ് എന്നു ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു കളഞ്ഞു.
ഇനിയിപ്പോള്‍ ആരും ഒന്നും എതിര്‍ത്തുപറയാതിരിക്കാനാണെന്നു തോന്നുന്നു, മീറ്റിനെ കുറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് കൂട്ടിക്കെട്ടിയത്. ഈ മീറ്റിന്‍റെ ഉദ്ദേശം തന്നെ ഇതായിരുന്നു, ഞങ്ങളിതൊന്നും ആദ്യം പറഞ്ഞില്ലെന്നേയുള്ളൂ എന്ന ലൈന്‍. അത്ര നല്ല മനസ്സായിരുന്നെങ്കില്‍ ഈ പരിപാടി തന്നെ വേണ്ടെന്നു വച്ച് ആ തുകയത്രയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു കൂടായിരുന്നോ ? അല്ലെങ്കിലും ജീവകാരുണ്യപ്രവര്‍ത്തനം എന്ന പേരില്‍ ഇങ്ങനെ ചെയ്ത പ്രവൃത്തിയെ മാര്‍ക്കറ്റ് ചെയ്ത് ചെറുതാക്കുകയും അതിനു മുന്‍കൈയെടുത്തവരെ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്യുമ്പോള്‍ ഈ സഹായം ഒക്കെ സ്വീകരിക്കുന്നവരെപ്പറ്റിയുള്ള സങ്കല്‍പമെന്താണെന്ന് മനസ്സിലാവുന്നില്ല. ജൂണ്‍ മാസത്തില്‍ കുടവിതരണം, യൂണിഫോം വിതരണം എന്ന പേരില്‍ പാവപ്പെട്ട കുട്ടികളുടെ വിളിച്ചു നിര്‍ത്തി ഫോട്ടോയെടുത്ത് പത്രത്തില്‍ കൊടുക്കുന്ന ലയണ്‍സ്-റോട്ടറി സംസ്കാരവും ഇതും തമ്മിലെന്താണു വ്യത്യാസം. അല്ലെങ്കിലും ഇതൊക്കെ ഇത്രയാഘോഷിക്കാന്‍ മാത്രം ജീവിതത്തില്‍ ഒരാള്‍ക്കും ഒരു സഹായവും ചെയ്‍തു കൊടുത്തിട്ടില്ലാത്തവരായിരുന്നോ അവിടെ വന്നവര്‍ ?
എന്തു പറഞ്ഞാലും അങ്ങനെ ചില ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടന്നു എന്നത് കൊണ്ട് ബ്ലോഗ് മീറ്റ് ഉദാത്തമായി, ചരിത്രത്തിന്‍റെ ഭാഗമായി, അതിനു വരാതിരുന്നവര്‍ നിത്യനരകത്തിനര്‍ഹരായി എന്നും ചില രസകരമായ വാദങ്ങളുണ്ട്.ഇടക്കിടയ്‍ക്ക് ബൂലോഗകാരുണ്യം ബൂലോഗകാരുണ്യം എന്നു പറയുന്നുമുണ്ട്.ബ്ലോഗിനെപ്പറ്റി പറയുമ്പോള്‍ ജീവകാരുണ്യത്തെപ്പറ്റി പറഞ്ഞിട്ടെന്തു കാര്യം ? അതുമിതും തമ്മില്‍ കൂട്ടിക്കുഴയ്‍ക്കുന്നതെന്തിന് ? ഒരു ബ്ലോഗര്‍ രസീതുബുക്കുമായി വന്നു പിരിവെടുത്തതിനെപ്പറ്റി പറഞ്ഞ് നെഞ്ചത്തടിയും നിലവിളിയുമാണ്. അത് ചെയ്ത ബ്ലോഗര്‍ക്ക് അതിന്‍റെ പുണ്യം കിട്ടിക്കൊള്ളും.ബൂലോഗ കാരുണ്യം എന്ന വാക്ക് മിണ്ടിയാല്‍ തന്നെ ചെറായി മീറ്റു നടക്കുകയില്ല എന്ന അവസ്ഥ വന്നപ്പോള്‍ സംഘാടകര്‍ ആ ചിന്ത ഉപേക്ഷിച്ചു എന്നാണൊരാള്‍ പറയുന്നത്. അതിന്‍റെ അര്‍ഥം സഘാടകരൊഴികെ ബാക്കിയുള്ള ബ്ലോഗര്‍മാരെല്ലാം കണ്ണില്‍ച്ചോരയില്ലാത്തവരാണെന്നാണോ ?
എല്ലാം പോട്ടെ, മീറ്റിന്‍റെ സംഘാടകര്‍ ശുദ്ധപാവങ്ങളും തങ്കപ്പെട്ട മനുഷ്യരുമല്ലേ, അതെങ്കിലും ഓര്‍ക്കണ്ടേ എന്നാണു ചിലര്‍ ചോദിക്കുന്നത്. മീറ്റിന്‍റെ സംഘാടകരുടെ പുണ്യവും മലയാളം ബ്ലോഗും തമ്മിലെന്താണു ബന്ധമെന്നാണ് എനിക്കു മനസ്സിലാവാത്തത്. മലയാളത്തില്‍ ഏതാണ്ട് പത്തെണ്ണായിരം ബ്ലോഗുകളുണ്ടെന്നാണ് പറയുന്നത്. ഇവരില്‍ നിന്ന് പത്തെഴുപത് പേരാണ് മീറ്റില്‍ പങ്കെടുത്തത്. അതായത് ഒരു ശതമാനത്തില്‍ താഴെ. എന്നാല്‍ മലയാളം ബ്ലോഗുകളുടെ വായനക്കാര്‍ ഈ എഴുപതോ ഏഴായിരമോ അല്ല എന്നത് തിരിച്ചറിയാത്തിടത്തോളം കാലം ഇവിടെ കാര്യങ്ങള്‍ക്കൊന്നും വലിയ മാറ്റം പ്രതീക്ഷിക്കേണ്ട. അപകടകരമായ ഒരു ഗോത്രസ്വഭാവം ഇവിടെ ബ്ലോഗര്‍മാരുടെ സ്വാതന്ത്യത്തെപ്പോലും ബാധിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല.പരിശുദ്ധ ചെറായി മീറ്റിനെതിരെ പോസ്റ്റുകളിടുന്ന ബെര്‍ളി ആ ഗോത്രത്തിന്‍റെ കണ്ണില്‍ തികഞ്ഞ അധമനായിരിക്കും. എനിക്കൊരു പുല്ലുമില്ല. മീറ്റില്‍ നൂറല്ല, ആയിരം പേര്‍ പങ്കെടുത്തെങ്കിലും ശരി, ബ്ലോഗ് എന്ന മാധ്യമത്തിലൂടെ എനിക്കു പ്രതികരിക്കാന്‍ ഭയം തോന്നിത്തുടങ്ങുന്നെങ്കില്‍ പിന്നെയീ ബ്ലോഗിന്‍റെ ആവശ്യമില്ലല്ലോ.
ഈ പോസ്റ്റിനെയും വ്യാഖ്യാനിച്ചു കുളമാക്കാതിരിക്കാനായി മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കാം.
1. ചെറായില്‍ നടന്ന ബ്ലോഗര്‍മാരുടെ സൗഹൃദകൂട്ടായ്മ ഉഷാറായി നടന്നു എന്നത് അതില്‍ പങ്കെടുത്തവരുടെ മാത്രം കാര്യമാണ്.എനിക്കൊന്നും പറയാനില്ല.
2. ചെറായ് മീറ്റ് മലയാളം ബ്ലോഗ് ചരിത്രത്തിലെ കനത്ത ഏടാണ്, നാഴികക്കല്ലാണ് എന്നൊക്കെയാണ് നിലപാടെങ്കില്‍ ഉണ്ടയാണ്, മാങ്ങാത്തൊലിയാണ് എന്നേ എനിക്കു പറയാനുള്ളൂ.
ഓഫ് ടോപിക്
-ബെര്‍ളിച്ചായന്‍ ബൂലോഗപുലിയാണ്- എന്നു ചിലര്‍ പലയിടത്തും എഴുതി കാണുന്നു. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. പുലി, കഴുത തുടങ്ങി ഏതെങ്കിലും മൃഗമായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമം എന്‍റെ മനുഷ്യജന്മത്തോടുള്ള വെല്ലുവിളിയാണ്. അച്ചായന്‍ പുലിയല്ലേ- എന്നു കേള്‍ക്കുമ്പോള്‍ എനിക്കൊരു കോപ്പും തോന്നാറില്ല.
ബെര്‍ളിച്ചായന്‍ എന്നെന്നെ ചിലര്‍ പണ്ട് അഭിസംബോധന ചെയ്തിരുന്നതില്‍ അല്‍പം ആക്ഷേപമുണ്ടായിരുന്നു. ഇന്നു കഥ മാറി. അച്ചായന്‍ എന്നു വിളിക്കപ്പെടുന്നതിലെ രതി എനിക്കു ബാധകമല്ല. പത്തോ പന്ത്രണ്ടോ വയസ്സുള്ള പാലക്കാരു പിള്ളേര് അച്ചായാ എന്നു വിളിക്കുന്നത് മനസ്സിലാക്കാം. എന്നെപ്പോലെയുള്ള അനേകം അനേകം ആളുകള്‍ എന്നെ അച്ചായാ എന്നു ചേര്‍ത്തു വിളിക്കുന്നത് വളരെ നെഗറ്റീവായാണ് എനിക്കു തോന്നുന്നത്.ഞാനാരുടെയും അച്ചായനും കൊച്ചായനുമൊന്നുമല്ല.അച്ചായാ എന്നു വിളിച്ച് ഇനീം എന്നെ നാറ്റിക്കരുത്. പാലായിലും കാഞ്ഞിരപ്പള്ളിയിലുമുള്ള ചില ഫ്യൂഡല്‍ മാടമ്പിമാര്‍ക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല.










