ത്രെഡ് ഡിസ്കഷന്‍ !
നമസ്കാരം സര്‍.. ഞാന്‍ വിളിച്ചിരുന്നു.. ഒരു കഥ പറയാന്‍.
ഇരിക്കൂ.. ഇരിക്കൂ.. ഏത് ടൈപ്പ് കഥയാണ് ?
എല്ലാ ടൈപ്പും ഉണ്ട് സര്‍.. സാറിനേതാണ് വേണ്ടതെന്നു വച്ചാല്‍ എടുക്കാം.. പിന്നെ, തിരക്കഥ എഴുതാന്‍ എനിക്കു ഷൊര്‍ണൂര്‍ ടിബിയില്‍ തന്നെ റൂം വേണം.. ശ്രീയേട്ടനും ദാസേട്ടനും അവിടെയാണിരിക്കാറുള്ളത്..
ശ്രീയേട്ടനും ദാസേട്ടനും ? മനസ്സിലായില്ല..
മനസ്സിലാവില്ല സര്‍.. പ്രതിഭകളെ അങ്ങനെയാര്‍ക്കും പെട്ടെന്നു മനസ്സിലാവില്ല.. ശ്രീനിവാസന്‍.. ലോഹിതദാസ്.. ഇവരെയാണ് ഞാനുദ്ദേശിച്ചത്..
അത് ശരി.. അവരെയാരും അങ്ങനെ വിളിക്കാറില്ലല്ലോ.. ശ്രീനി, ലോഹി അങ്ങനെയല്ലേ പറയുന്നത്..
പക്ഷെ, ഞാനിങ്ങനെയാണ് സര്‍ പറയുന്നത്.. ഞനെല്ലാം ഡിഫറന്റാണ്.. എന്റെ സബ്ജക്ടുകളും അങ്ങനെയാണ് സര്‍..
ശരി, ശരി.. ഒരെണ്ണം പറഞ്ഞുനോക്കൂ.. നമുക്ക് നോക്കാം.. ഫാമിലി സബ്ജക്ടുണ്ടെങ്കില്‍ പറയൂ.. അതാവുമ്പോള്‍ നമുക്ക് മിനിമം ഗാരണ്ടിയുണ്ട്..
പറയാം.. സര്‍.. എല്ലാം മാക്സിമം ഗാരണ്ടിയുള്ള ഐറ്റങ്ങളാണ് സര്‍.. സൂപ്പര്‍ സ്റ്റാറിനെ വച്ചുള്ളതു വേണോ അല്ലാത്തതു വേണോ ?
സ്റ്റാറിനെയൊക്കെ പിന്നെ തീരുമാനിക്കാം.. താന്‍ കഥ പറ..
ശരി പറയാം സര്‍.. കഥ ആരംഭിക്കുന്നത് മനോഹരമായ ഒരു നാട്ടിന്‍പുറത്താണ് സര്‍.. പച്ചവിരിച്ച നെല്‍പാടങ്ങളും കളകളാരവമൊഴുക്കി മന്ദം മന്ദം ഒഴുകിനീങ്ങുന്ന കൊച്ചരുവികളും പ്രഭാതത്തിന്റെ വെള്ളിരഥത്തിനു മംഗളം പാടുന്ന കുരുവികളും.. ദൂരെ..
എടോ, ഇതെന്താ കഥാപ്രസംഗമോ ? സിനിമയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന്റെ കഥ പറ.. ഋജുവായി ചുരുക്കി പറയുക.. അധികം സമയം മിനക്കെടുത്തരുത്..
ഇല്ല സര്‍.. മിനക്കെടുത്തില്ല സര്‍.. ഇത് ഒരു ഫാമിലി സബ്ജക്ടാണ് സര്‍..
അതാദ്യം പറഞ്ഞല്ലോ.. താന്‍ കഥ പറ..
പറയാം സര്‍.. ശശിധരന്‍ ഒരു പെയിന്റിങ് കോണ്‍ട്രാക്ടറാണ് സര്‍.. ശശിധരന് മൂന്നു മക്കളാണ്. സന്ധ്യ, ബിന്ധ്യ, സിന്ധ്യ..
നാലാമതൊന്നു കൂടി ഉണ്ടായാല്‍ വന്ധ്യ എന്നു പേരിട്ടേനെ അല്ലേ ?
സര്‍.. ആക്കരുത് സര്‍.. കോമഡിയാക്കരുത് സര്‍.. ഇത് പാവപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് സര്‍..
ങ്ഹാ.. പറ.. അല്ല ഈ കുട്ടികള്‍ക്കൊക്കെ എന്തു പ്രായം വരും ?
മൂത്തവള്‍ സന്ധ്യ 18 വയസ്സ്, രണ്ടാമത്തവള്‍ ബിന്ധ്യ 16 വയസ്സ്, മൂന്നാമത്തവള്‍ സിന്ധ്യ..
14 വയസ്സ്.. അല്ലേ ?
എങ്ങനെ മനസ്സിലായി സര്‍ ?
അതൂഹിച്ചു.. നമ്മള്‍ പറഞ്ഞ വന്ധ്യ ഉണ്ടായിരുന്നെങ്കില്‍ 12 വയസ്സ് കണ്ടേനെ അല്ലേ ?
സര്‍.. കഥ കേള്‍ക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി സര്‍.. ഞാന്‍ പൊക്കോളാം.. ഒരു പെയിന്റിങ് കോണ്‍ട്രാക്ടര്‍ക്ക് രണ്ടു വര്‍ഷം ഇടവിട്ടു കുട്ടികളുണ്ടാകുന്നത് ഒരു കുറ്റമാണോ സര്‍ ?
ഒരു കുറ്റവുമില്ല.. പക്ഷെ, ഇത് സിനിമയാണ്..
സാറ് തന്നെയല്ലേ പറഞ്ഞത് നല്ല ഫാമിലി വേണമെന്ന്.. അച്ഛന്റെയും മൂന്നു മക്കളുടെയും കാര്യം പറഞ്ഞപ്പോള്‍ തന്നെ സാറിനു മതിയായി… അച്ഛനും മക്കളുമില്ലാതെ പിന്നെ എന്തു ഫാമിലി സര്‍ ?
എടോ ഫാമിലി എന്നു പറഞ്ഞാല്‍ പത്തു പതിനഞ്ചു പേരുള്ള ഒരു ഫാമിലിയുടെ കഥ എന്നല്ല.. അതിവിടെ ആര്‍ക്കും പറയാം.. പ്രേക്ഷകരായ കുടുംബങ്ങളെ തിയറ്ററുകളിലെത്തിക്കാനും അവസാനം വരെ പിടിച്ചിരുത്താനും പറ്റിയ കഥ.. അതാണുദ്ദേശിക്കുന്നത്.. അല്ലാതെ ശശിധരനും മൂന്നു പെണ്‍മക്കളും എന്നു പറഞ്ഞിരുന്നിട്ടെന്തു കാര്യം ?
സര്‍.. എന്റെ കഥ കേള്‍ക്കാന്‍ പോലും കൂട്ടാക്കുന്നില്ലല്ലോ സര്‍..
ഇതിനി എന്തോന്നു കേള്‍ക്കാന്‍ ? ഇതിലേതെങ്കിലും ഒരുത്തിയെ ഏതെങ്കിലും കോടീശ്വരന്‍ പ്രേമിക്കും.. അല്ലെങ്കില്‍ ഏതെങ്കിലും ഒരുത്തി ശരിക്കും ഏതെങ്കിലും കോടീശ്വരന്റെ മകളായിരിക്കും.. അല്ലെങ്കില്‍ പ്രസവവാര്‍ഡില്‍ വച്ച് കൊച്ചിനെ മാറി.. അല്ലാതെ വേറെന്തു കഥ ? ഇതൊക്കെ തന്നെയാടോ ഞാന്‍ ഡെയ്ലി കേള്‍ക്കുന്നത്..
ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല സര്‍.. വളരെ ഡിഫറന്റാണെന്നു പറഞ്ഞിട്ടും സാറിനു വിശ്വാസമായില്ല..എന്റെ കഥയിലെ മൂന്നു പെണ്‍കുട്ടികളെയും ഒരു ദിവസം കാണാതാവുകയാണ് സര്‍..
ഒ !.. എന്നിട്ട് ?
ശശിധരനും ഭാര്യയും ഒരുപാട് ദുഖിച്ചു കരഞ്ഞു.. സത്യത്തില്‍ അവരെ തട്ടിക്കൊണ്ടുപോയതായിരുന്നു സര്‍..
ആര് ?
കിഡ്നാപ്പേഴ്സ് !
ഹ! അതാരെന്നല്ലേ ചോദിച്ചത് ? അതും എന്തു കാര്യത്തിന് ? ഈ പട്ടിണി പാവങ്ങളെ തട്ടിക്കൊണ്ടുപോയിട്ട് ആര്‍ക്കെന്തു കിട്ടാന്‍ ?
പറയാം സര്‍.. ആ മൂന്നു കുട്ടികളില്‍ ഒരുവള്‍ നാട്ടിലെ ഏറ്റവും വലിയ കോടീശ്വരനായ ശങ്കര്‍ മുതലാളിയുടെ മകളായിരുന്നു സര്‍..
എന്നു വച്ചാല്‍ ?
ആ മൂന്നു കുട്ടികളും ഇരട്ടകളായിരുന്നു സര്‍ !!
ഏത് ? 18ഉം, 16ഉം 14ഉം വയസ്സുള്ള കുട്ടികളോ ?
അല്ല.. പ്രായം ഒരു തടസ്സമാണെങ്കില്‍ അവര്‍ക്ക് ഒരേ പ്രായമാക്കാം സര്‍..
എടോ എങ്കിലും അവരെങ്ങനെ ഇരട്ടകളാകും ? അവര്‍ മൂന്നുപേരില്ലേ ?
എങ്കില്‍ ത്രിരട്ടകള്‍.. അതെന്തെങ്കിലുമാകട്ടെ സര്‍.. ഒറ്റ പ്രസവത്തിന് അഞ്ചും ആറുമൊക്കെ ഉണ്ടാകുന്നതില്‍ സാറിനു പരാതിയില്ല.. പാവപ്പെട്ട ഒരു പെയിന്റിങ് കോണ്‍ട്രാക്ടര്‍ക്ക് മൂന്നു കുട്ടികളുണ്ടായതാണ് കുഴപ്പം
ങ്ഹാ.. താന്‍ കഥ പറയൂ..
ഈ മൂന്നു കുട്ടികളില്‍ ഒരു കുട്ടി ശങ്കര്‍ മുതലാളിയുടേതാണെന്ന് അറിഞ്ഞ് മുതലാളിയാണ് സര്‍ മൂന്നു കുട്ടികളെയും തട്ടിക്കൊണ്ടു പോകുന്നത്…
ഒറ്റ പ്രസവത്തിനുണ്ടായ മൂന്നു കുട്ടികളില്‍ ഒരാള്‍ മാത്രമെങ്ങനെ ശങ്കര്‍ മുതലാളിയുടേതാവുമെടോ ? ഇതെന്തു ശാസ്ത്രം ?
അതാണ് സര്‍ കഥയുടെ ട്വിസ്റ്റ്.. അന്ന് ആശുപത്രിയില്‍ ജനിച്ച മൂന്നു കുട്ടികളില്‍ ഒന്നിനെ മാറ്റി പകരം ശങ്കര്‍ മുതലാളിയുടെ കുഞ്ഞിനെ വയ്ക്കുകയായിരുന്നു സര്‍ ?
ആര് ?
വില്ലന്‍ !
വില്ലനോ ? അങ്ങനെയൊരാളെപ്പറ്റി ഇതുവരെ പറഞ്ഞില്ലല്ലോ ? അല്ല ഈ വില്ലനെന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ?
ഇതെന്തൊരു ചോദ്യമാണ് സര്‍.. ഇങ്ങനെ ചെയ്യുന്നതുകൊണ്ടാണല്ലോ ഇയാള്‍ വില്ലനാകുന്നത്..
ശരി.. എങ്കില്‍ ഈ വില്ലനോടു ചോദിച്ചാല്‍ പോരേ ശങ്കര്‍ മുതലാളിക്ക് ഏതാണ് തന്റെ കുട്ടിയെന്ന്.. എന്തിനാണ് ഈ മൂന്നു കുട്ടികളെയും കൂടി തട്ടിക്കൊണ്ടു പോകുന്നത് ?
എങ്കിലേ കഥയില്‍ ഡ്രാമയുള്ളൂ സര്‍..
തേങ്ങാക്കൊല.. ഞാനാദ്യമേ പറഞ്ഞതാ.. ഇയാള്‍ ഇങ്ങനെയെന്തെങ്കിലുമായിരിക്കും പറയാന്‍ പോകുന്നതെന്ന്.. സുഹൃത്തേ, ഇതൊന്നും ശരിയാവില്ല.. നിങ്ങള്‍ ചെല്ല്, നമുക്ക് പിന്നെ കാണാം..
അങ്ങനെ പറയരുത് സര്‍.. എന്റെ കയ്യില്‍ കോമഡിയുണ്ട്.. സത്യം പറഞ്ഞാല്‍ കോമഡിയാണ് എന്റെ ലൈന്‍.. സാറ് ഫാമിലി ചോദിച്ചതുകൊണ്ട് ഒരെണ്ണം തട്ടിക്കൂട്ടി പറഞ്ഞെന്നു മാത്രം.. നമ്മുടെ പ്രിയദര്‍ശനും സിദ്ദിഖ് ലാലും ഒക്കെ ചെയ്തപോലത്തെ ഒരു സബ്ജക്ട് ഉണ്ട് സര്‍..പക്കാ കോമഡി.
ശരി.. വളരെ ചുരുക്കി പറഞ്ഞോളൂ..
പറയാം സര്‍.. തൊഴില്‍രഹിതരായ മൂന്നു ചെറുപ്പക്കാരുടെ ഒരു കഥ പറയാം സര്‍..
കുറെ കാലമായില്ലേ ഇത് ? ഇന്നെവിടെയാണ് തൊഴില്‍രഹിതര്‍ ?
ഉണ്ട് സര്‍.. എനിക്കു വേറെ തൊഴിലൊന്നുമില്ല സര്‍.. സംവിധായകനെന്നു പറയുന്നതല്ലാതെ സാറിനും വേറെ തൊഴിലൊന്നും ഇല്ലല്ലോ.. ഒരര്‍ത്ഥത്തില്‍ നമ്മളെല്ലാം തൊഴില്‍രഹിതരാണ് സര്‍..
ഉവ്വുവ്വ്.. താന്‍ വേഗം പറ !
ഈ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരു കിഡ്നാപ്പിങ് കമ്പനി തുടങ്ങുകയാണ് സര്‍..
കമ്പനി എന്നു പറഞ്ഞാല്‍.. നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത് .. സ്റ്റോക് എക്സ്ചേഞ്ചിലൊക്കെ ലിസ്റ്റ് ചെയ്തിട്ടുള്ള..
അല്ല സര്‍.. അങ്ങനെയല്ല സര്‍.. ഇത് ഒരു രഹസ്യ കമ്പനിയാണ്.. നമ്മുടെ റാംജിറാവ് സ്പീക്കിങ് പോലെ..
ഓ.. അതു ശരി.. അപ്പോള്‍ ടെലഫോണ്‍ ഡയറക്ടറിയില്‍ നമ്പര്‍ മാറിക്കിടക്കുന്നതും അങ്ങനെ തന്നെയുണ്ടോ ?
സാര്‍.. എനിക്കിട്ടു താങ്ങുകയാണല്ലേ.. മനസ്സിലായി സര്‍.. എനിക്കെല്ലാം മനസ്സിലായി.. എന്തായാലും സാറ് ചോദിച്ച സംഭവം ഇല്ല.. ഇവര്‍ ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ നിന്നാണ് കാര്യങ്ങള്‍ വഴി തിരിയുന്നത്. അവിടെയായിരിക്കും ഇന്റര്‍വെല്‍…
അതുശരി.. അപ്പോള്‍ ഇന്റര്‍വെല്‍ വരെ എന്തു കാണിക്കും ?
നമുക്ക് സലിംകുമാറിനെയും സുരാജിനെയും വിളിക്കാം സര്‍.. അവരെന്തെങ്കിലുമൊക്കെ കാണിച്ച് ഫസ്റ്റ് ഹാഫ് ഓകെയാക്കിക്കോളില്ലേ സര്‍ ?
ഇതെന്തുവാടോ, സര്‍ക്കസ്സോ എന്തെങ്കിലുമൊക്കെ കാണിച്ച് ആളുകളെ പിടിച്ചിരുത്താന്‍ ? എടോ അവരൊക്കെ അഭിനേതാക്കളല്ലേ, ചുമ്മാ വന്ന് എന്തെങ്കിലും കാണിക്കാന്‍ പറഞ്ഞാല്‍ അവരെന്തു കാണിക്കാനാണ് ?
അല്ല സര്‍.. സാധാരണ കോമഡിയുണ്ടല്ലോ സര്‍.. പട്ടി കടിക്കാനോടിക്കുന്നതും ചാണകക്കുഴിയില്‍ വീഴുന്നതും പിന്നെ പാത്രം വച്ച് അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞു കളിക്കുന്നതുമൊക്കെ…
ഇതൊക്കെ താനാ ജോണി ആന്റണിയോടെങ്ങാനും പറ… എടോ ഒരു കഥ പറയാനില്ലെങ്കില്‍ താന്‍ പിന്നെന്തിനു സിനിമയെക്കുറിച്ചാലോചിക്കുന്നു ?
എനിക്കു തിരക്കഥാകൃത്താവണം സര്‍… കഥ, തിരക്കഥ, സംഭാഷണം എന്നും പറഞ്ഞ് എന്റെ പേരെഴുതി കാണിക്കുമ്പോള്‍ ജനം കയ്യടിക്കണം സര്‍.. ശ്രീനിവാസനു ശേഷം മലയാളസിനിമയിലെ ജീനിയസ്സ് ഞാനാണെന്ന് പത്രക്കാര്‍ എഴുതണം സര്‍…
ശ്രീനിവാസനു ശേഷം എന്നു പറയാന്‍ ശ്രീനിവാസനിപ്പോഴും ശേഷിക്കുന്നുണ്ടല്ലോ.. പിന്നെ തുറന്നു പറയുന്നതുകൊണ്ടൊന്നും തോന്നരുത്.. താനൊരു ജീനിയസ്സാണെന്ന് ആരും എവിടെയും എഴുതാന്‍ സാധ്യതയില്ല…
സര്‍.. ഇതിത്തിരി കടുത്തുപോയി.. നിങ്ങള്‍ക്കെന്നെ അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ അതു പറയൂ..എനിക്കറിയാം നനിങ്ങളുടെ കക്ഷത്തിലിരിക്കുന്ന തിരക്കഥാകൃത്തുക്കള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ സംസാരിക്കുന്നത്.. പുതിയ എഴുത്തുകാരെ നിങ്ങള്‍ക്കെല്ലാം ഭയമാണ്..
എടോ.. അടങ്ങെടോ …താനിങ്ങനെ ചൂടായാലെങ്ങനാ ? ങ്ഹേ, ഞാന്‍ പറഞ്ഞൂന്നു മാത്രം.. തനിക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ താന്‍ പരിശ്രമിക്കൂ.. തീര്‍ച്ചയായും ഉയരങ്ങളിലെത്താന്‍ തനിക്കു കഴിയും.. കഴിവു മാത്രമല്ല, കഠിനാധ്വാനവും പരിശ്രമശീലവും കൂടിയാണ് ജീനിയസ്സുകളെ സൃഷ്ടിക്കുന്നത്..
പോടോ.. ഇനി താന്‍ മണാകുണാ ഒന്നും പറയണ്ട.. ഞാന്‍ കാണിച്ചു തരാം തനിക്ക് എന്റെ റേഞ്ച് എന്താണെന്ന്.. മലയാളം സിനിമ എന്ന ഇട്ടാവട്ടത്തില്‍ കിടന്ന് തന്നെപ്പോലൊരു സാദാ സംവിധായകനോട് തായം കളിക്കേണ്ടവനല്ല ഞാന്‍.. തനിക്കറിയാമോ.. എന്റെ പിടി അങ്ങു ഹോളിവുഡിലാണ്.. താന്‍ ട്വന്റീത് സെഞ്ച്വറി ഫോക്സ് ട്വന്റീത് സെഞ്ച്വറി ഫോക്സ് എന്നു കേട്ടിട്ടുണ്ടോ ? അതിന്റെ മുതലാളി ആരാണെന്നു തനിക്കറിയാമോ ?
ങ്ഹില്ല.. ആരാ ???
ങ്ഹും.. അതുപോലുമറിയില്ല.. ഒരു സംവിധായകന്‍ വന്നിരിക്കുന്നു.. എനിക്കും അറിയില്ല.. പക്ഷെ, ഇന്നല്ലെങ്കില്‍ നാളെ ഞാനയാളുടെ അഡ്രസ് കണ്ടുപിടിക്കും. എന്നിട്ട് തന്നോടു പറഞ്ഞതുള്‍പ്പെടെ അഞ്ച് ത്രെഡുകള്‍ പുള്ളിക്കയച്ചു കൊടുക്കും.. ഒത്തുവന്നാല്‍ അഞ്ചുമാസത്തിനകം എന്റെ ഹോളിവുഡ് സിനിമ ഇവിടെ ഈ കേരളത്തിലും റിലീസ് ചെയ്യും… മലയാള സിനിമ മുടിഞ്ഞു പണ്ടാരമടങ്ങി എന്റെ പടം കളിക്കുന്ന തിയേറ്ററിനു മുന്നില്‍ കൊച്ചുപുസ്തകം വിറ്റുതാന്‍ ജീവിക്കും.. അന്നു കാണുമ്പോള്‍ പറയാം ബാക്കി…
അന്നവിടുന്ന് ഇറങ്ങിപ്പോന്ന പോക്കാണ്. അന്നു രാത്രിയില്‍ തന്നെ ഈ ബ്ളോഗ് തുടങ്ങി, പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

