ആദ്യബ്ലോഗ് ദമ്പതികളുടെ ആദ്യരാത്രി

ലോകത്തെ ആദ്യത്തെ ബ്ലോഗ് ദമ്പതികളായ ജോസൂട്ടിയുടെയും അന്നമ്മയുടെയും ആദ്യരാത്രി.അന്നമ്മയുടെ വീട്ടിലെ മുല്ലപ്പൂക്കള്‍ കൊണ്ടലങ്കരിച്ച മണിയറയില്‍ മണവാളന്റെ പളപളപ്പുള്ള കുപ്പായങ്ങളുമിട്ട് അമ്മായിയമ്മ കൊടുത്ത മോരു കൂട്ടി ചോറുണ്ട് ,പുതിയ കമന്റിനു വേണ്ടി റിഫ്രഷ് ബട്ടണില്‍ ഞെക്കി ബ്രൌസറില്‍ മിഴി നട്ടിരിക്കുന്ന ബ്ലോഗറെപ്പോലെ വാതില്‍ക്കല്‍ അന്നമ്മ അണിഞ്ഞൊരുങ്ങി വരുന്നത് കാത്തിരിക്കുകയാണ് ജോസൂട്ടി.

നിമിഷങ്ങള്‍ ബെര്‍ളിയുടെ ബ്ലോഗിലെ പോസ്‍റ്റുകള്‍ പോലെ വിലയില്ലാതെ കടന്നുപൊയ്‍ക്കൊണ്ടിരുന്നു. ഒടുവില്‍ കാത്തിരിപ്പിനൊടുവില്‍ വിശാലമനസ്‍കന്റെ പോസ്‍റ്റ് പോലെ മനം കുളിര്‍പ്പിച്ചു കൊണ്ട് അന്നമ്മ എത്തി. ജോസൂട്ടി ഒരു സ്‍മൈലി മാത്രം ഇട്ടു എണീറ്റു നിന്നു.

വനിതാബ്ലോഗര്‍മാരെ ബഹുമാനിച്ചില്ലെങ്കില്‍ പണി കിട്ടും. മൊത്തത്തില്‍ വനിതാബ്ലോഗ് സമൂഹത്തിന് അനഭിമതനായ തന്റെ ഭാര്യയായിരിക്കുന്നത് അതേ സമൂഹത്തില്‍ നിന്നുള്ള അന്നമ്മയാണ്. അതുകൊണ്ട് പ്രത്യേകം സൂക്ഷിക്കണം. അന്നമ്മയെ വെറുമൊരു ഭാര്യയായി കണ്ട് പിച്ചുകയോ മാന്തുകയോ എടീ പോടീ എന്നൊക്കെ വിളിക്കുകയോ ചെയ്‍താല്‍ ചിലപ്പോള്‍ വനിതാബ്ലോഗര്‍മാര്‍ ഇടപെട്ടുകളയും, ഒരു ഭര്‍ത്താവിന്റെ ക്രൂരകൃത്യങ്ങള്‍ എന്നു പറഞ്ഞ് അന്നമ്മ തന്നെ ഒരു പോസ്‍റ്റിട്ടാലും മതി ജന്മം പാഴാവാന്‍.

ദൈവമേ! ജോസൂട്ടിയുടെ ചങ്കിടിച്ചു.ഇതൊക്കെ പ്രായോഗികമായ പ്രതിസന്ധികളാണല്ലോ. ഇവളിനിയും തുടര്‍ന്നു ബ്ലോഗിയാല്‍ ….? ബ്ലോഗിയില്ലെങ്കില്‍…?വിവാദപോസ്‍റ്റിന് പ്രധാനശത്രു ഇട്ടിട്ടു ഡിലീറ്റ് ചെയ്‍ത കമന്റ് കണ്ടിട്ടെന്ന പോലെ ജോസൂട്ടിയുടെ മനസ് അസ്വസ്ഥമായി.

അന്നമ്മ ഇരിക്കൂ !- അന്നമ്മയെ കട്ടിലില്‍ ഇരുത്തിയ ശേഷമാണ് ജോസൂട്ടി ഇരുന്നത്. മറ്റേത് സ്‍ത്രീയെക്കാളും താന്‍ ബഹുമാനിക്കുന്നത് അന്നമ്മയെയാണെന്ന് ജോസൂട്ടിക്ക് തോന്നി. ബഹുമാനക്കുറവ് മൂലം യാതൊന്നും സംഭവിക്കരുത്.

എഴുതിയിട്ട് പബ്ലിഷ് ചെയ്യാത്ത പോസ്‍റ്റ് പോലെ ഒരു മൃദുസ്‍പര്‍ശനം ജോസൂട്ടിയുടെ വിരലുകളില്‍ വിങ്ങി നിന്നു. തൊടാമോ ആവോ !

ജോസൂട്ടിയുടെ ഇഷ്ടപ്പെട്ട ബ്ലോഗ് ഏതാണ് ? -അപ്രതീക്ഷിതമായിരുന്നു അന്നമ്മയുടെ ചോദ്യം.

കൊടകര….- പറയാന്‍ വന്നത് ജോസൂട്ടി വിഴുങ്ങി. പഴയതുപോലെയല്ല.ഇത് ഫസ്‍റ്റ് ബ്ലോഗ് ഫാമിലിയാണ്.ചുമ്മാ കണ്ട ബ്ലോഗിന്റെ ഒക്കെ പേരു പറഞ്ഞ് ലൈഫ് സ്‍പോയില്‍ ആക്കാന്‍ പറ്റില്ല.

എന്താ സംശയം.. അന്നമ്മയുടെ ബ്ലോഗ് !…എന്താ സംശയം ?

പിന്നെ കൊടകര എന്നു പറയാന്‍ വന്നത് ?

അതോ.. വിശന്നിട്ട് കൊടലുകരിയുന്നു എന്നു പറഞ്ഞതാ..

നേരോ.. അമ്മച്ചി വിളമ്പിവച്ചതുമുഴുവന്‍ തട്ടിയതാണല്ലോ.. എന്നിട്ടും വിശക്കുന്നോ ?

ഏയ്‍… ഇല്ല, എനിക്കു തോന്നീതാരുന്നു… മനസിന്റെ ടെന്‍ഷന്‍ കാരണം…

എന്തിനാ ടെന്‍ഷന്‍ ?

ആദ്യമായിട്ടാ ഒരു പെണ്‍കുട്ടിയുടെ ഇത്രേം അടുത്ത്…

ശൊ !! – അന്നമ്മയ്‍ക്ക് നാണം വന്നു.

അതിരിക്കട്ടെ… അന്നമ്മയ്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലോഗ് ഏതാണ് ? -ജോസൂട്ടി കോളറില്‍ സ്വയം പിടിച്ച് സുന്ദരനായിരുന്നു.

കൊടകരപുരാണം!!!

ഓഹോ, അപ്പോള്‍ നിനക്കൊക്കെ എന്തുമാവാം. ജോസൂട്ടി കോളറിലെ പിടിവിട്ടു. എങ്കിലും അല്‍പം ആശ്വാസം തോന്നി. കൊടകരപുരാണം എന്നെങ്കിലും പറഞ്ഞല്ലോ. ഇല്ലെങ്കില്‍ ഇഞ്ചീടെ ബ്ലോഗ്,ഇട്ടിമാളൂന്റെ ബ്ലോഗ്,കൊച്ചുത്രേസ്യേടെ ബ്ലോഗ്,മയൂരേടെ ബ്ലോഗ്,തുഷാരത്തിന്റെ ബ്ലോഗ്,നിര്‍മ്മലച്ചേച്ചീടെ ബ്ലോഗ്,സൂവിന്റെ ബ്ലോഗ്,സാരംഗീടെ ബ്ലോഗ് എന്നൊക്കെ കുറെ പെണ്ണുങ്ങളുടെ ബ്ലോഗിന്റെ പേരും പറഞ്ഞ് അല്ല കൊടകരപുരാണം എന്നു പറഞ്ഞാല്‍ എന്താ എന്നു ചോദിച്ച് ഉത്തരം കാത്തിരിക്കുന്ന ടൈപ്പല്ലല്ലോ ഇവള്‍ നന്നായി.

ജോസൂട്ടിക്കേറ്റവും ഇഷ്ടമില്ലാത്ത ബ്ലോഗ് ഏതാ ?

ശെടാ! പിന്നെയും ചോദ്യം ഇങ്ങോട്ടാണല്ലോ. ജോസൂട്ടി ആലോചിച്ചു. മനസ്സിലുള്ളത് തുറന്നു പറഞ്ഞാല്‍ ഇപ്പോ ഡൈവോഴ്‍സ് ആയേക്കും. ഉത്തരം സൂക്ഷിച്ചു പറഞ്ഞില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരും.

ബെര്‍ളിത്തരങ്ങള്‍ !! -ജോസൂട്ടി പറഞ്ഞു. സംഗതി സേഫായി. ആ വൃത്തികെട്ടവന്‍ എഴുതുന്നതൊക്കെ താന്‍ വായിക്കുന്നുണ്ടെന്നു വന്നാല്‍ തന്നെ പകുതി മാനം പോകും. ഇനിയിപ്പോള്‍ പേടിക്കാനില്ല.

അതത്ര മോശം ബ്ലോഗാണെന്ന് എനിക്കു തോന്നുന്നില്ല… ഞാനിടയ്‍ക്കൊക്കെ വായിക്കാറുണ്ട്…-അന്നമ്മ കൂളായിട്ട് പറഞ്ഞു.

ജോസൂട്ടിക്ക് ചൊറിഞ്ഞു വന്നു. സര്‍വ സ്വാതന്ത്ര്യങ്ങളും ബലികഴിച്ച് താനിവിടെ വിനീതവിധേയനായി ഇരിക്കുമ്പോള്‍ അവളൊരു ലിബറേറ്റഡ് ബ്ലോഗറി ഇറങ്ങിയിരിക്കുന്നു.

ജോസൂട്ടിയെന്താ ആലോചിക്കുന്നത് ?

അല്ല… ഇന്ന് നമ്മുടെ സംയുക്തബ്ലോഗിന്റെ ആദ്യദിവസമാണല്ലോ… ആദ്യരാത്രി…പോസ്‍റ്റുകള്‍ കൊണ്ട് പെരുന്നാള്‍ തീര്‍ക്കുന്ന രാത്രി.

പിന്നെ.. ബ്ലോഗ് അഗ്രിഗേറ്ററുകള്‍ ഐഡന്റിഫൈ ചെയ്യുന്നവരെയെങ്കിലും പോസ്‍റ്റ് പാടില്ലെന്നാണ് പറയുന്നത്..നമുക്കു ചുമ്മാ ഇവിടിരുന്നു കമന്റുകളിടാം…കമന്റിട്ട് നേരം വെളുപ്പിക്കാം…

ശരി… അന്നക്കേറ്റവും ഇഷ്ടമില്ലാത്ത ബ്ലോഗ് ഏതാ ?

സത്യം പറയട്ടെ ?പറയെടീ പറ. എന്റെ ബ്ലോഗിന്റെ പേര് തന്നെ പറ -ജോസൂട്ടി മനസ്സില്‍ പറഞ്ഞു.

ജോസൂട്ടീടെ ബ്ലോഗ് തന്നെയാ – എന്താ അതിലെഴുതിയിരിക്കുന്നത്,ചുമ്മാ കുറെ വങ്കത്തങ്ങള്‍.

പക്ഷെ, അതിനും വായനക്കാരുണ്ടെടീ…

എനിക്കിഷ്ടമല്ല… നിങ്ങളെ എനിക്കിഷ്ടമാണെന്നു കരുതി നിങ്ങടെ ബ്ലോഗ് ഇഷ്ടമാവണമെന്നില്ലല്ലോ.. അല്ല ഒരര്‍ത്ഥത്തില്‍ അത് നന്നായി ഈഗോ ക്ലാഷ് ഉണ്ടാവില്ലല്ലോ.

ഓഹോ,അപ്പോള്‍ തുടര്‍ന്നെഴുതാന്‍ തന്നെയാണ് പരിപാടി.ഈഗോ ക്ലാഷ് ഉണ്ടാവാത്തവിധം നികൃഷ്ടമാണ് തന്റെ രചനകള്‍ എന്നും ഒരു സൂചന അതിലുണ്ട്.നിന്നെ ഞാനെടുത്തോളാം.

ജോസൂട്ടി പതുക്കെ വിഷയത്തിലേക്കു കടന്നു.-അന്നമ്മ അവസാനം കണ്ട സിനിമ ഏതാ ?

ങൂം..ഇല്ല അവസാനം ഒന്നും കണ്ടില്ല.. നമുക്കൊന്നിച്ചുപോയി കാണാമല്ലോ ഇനി…

ങും..നല്ല സിനിമകള്‍ കുറവാണ്.. ആരൊക്കെ അഭിനയിക്കുന്നുണ്ടെന്നു പറഞ്ഞാലും നമ്മുടെ പഴയനടിമാരോളം വരുമോ ?

ശാരദ,ഷീല ?

അല്ല…ഞാനുദ്ദേശിച്ചത് നമ്മുടെ മഞ്ചു വാര്യര്‍, സംയുകത വര്‍മ…

അവരൊക്കെ അഭിനയം നിര്‍ത്തിപ്പോയില്ലേ ?

കല്യാണം കഴിയുമ്പോള്‍ അഭിനയം നിര്‍ത്തുന്നത് സ്വാഭാവികമാണല്ലോ ?

ആണല്ലോ എന്നു പറഞ്ഞാല്‍ നിര്‍ത്തുന്നതിനെ ജോസൂട്ടി ന്യായീകരിക്കുകയാണെന്നു തോന്നുന്നു…

അത് നിര്‍ത്തുന്നവരുടെ ഇഷ്ടമാണല്ലോ !

അപ്പോള്‍ നിര്‍ത്താത്തവരോ ?

അല്ല.. കുടുംബത്തില്‍ പിറന്നവരൊക്കെ നിര്‍ത്തുമല്ലോ ?

നിര്‍ത്തുമല്ലോ എന്നു പറഞ്ഞാല്‍.. കുടുംബത്തില്‍ പിറന്നവരാണെങ്കില്‍ നിര്‍ത്തിക്കോളണം എന്നതുപോലെയുണ്ടല്ലോ?

അങ്ങനെയല്ല… അല്ലെങ്കില്‍ തന്നെ കണ്ട നടിമാരുടെ കാര്യം പറഞ്ഞ് നമ്മളെന്തിനാ വഴക്കടിക്കുന്നത് ?

അത് നേരാ.. അല്ല ജോസൂട്ടി,കല്യാണത്തോടെ ഞാന്‍ ബ്ലോഗിങ് നിര്‍ത്തണം എന്ന് ജോസൂട്ടി ആഗ്രഹിക്കുന്നുണ്ടോ ?

കൊള്ളാം, അതു പറയാനാണിത്രയും വളച്ചു കെട്ടിയത്. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. പക്ഷെ, അതൊരുമാതിരി ചുറ്റായിപ്പോയി. ഉണ്ടെന്നു പറഞ്ഞാല്‍ പ്രശ്‍നമാകും. മറ്റ് വനിതാബ്ലോഗര്‍മാര്‍ ഇടപെടും.ഇല്ലെന്നു പറഞ്ഞാല്‍ ഇവള്‍ തന്റെ കുറ്റങ്ങളും കുറവുകളും എല്ലാം പോസ്‍റ്റുകളായിടും. പിന്നെ താന്‍ ബ്ലോഗിങ് നിര്‍ത്തേണ്ടി വരും.

ജോസൂട്ടി ഒന്നും പറഞ്ഞില്ല ? -അന്നമ്മ സീരിയസായിരുന്നു.

അന്നമ്മേ.. ഞാന്‍ നിന്റെ ഭര്‍ത്താവാണ്.. ഞരമ്പുരോഗിയായ പുരുഷബ്ലോഗറോടെന്നപോലെ നീയിത്ര കടുപ്പത്തില്‍ എന്നോടു പെരുമാരുത്..

അങ്ങനെയല്ല.. എന്തായാലും നമ്മുടെ കല്യാണം കഴിഞ്ഞു.. ഇനിയിപ്പോള്‍ ഇക്കാര്യത്തിലുള്ള നിങ്ങളുടെ നിലപാട് അറിഞ്ഞിട്ടാവട്ടെ ബാക്കി…

അതല്ല..അന്നമ്മേ.. ഇന്നിപ്പോള്‍ നമ്മളിത്രയും സംസാരിച്ചു.. നാളെ അന്നമ്മ കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ ബ്ലോഗിങ് നിര്‍ത്തണോ എന്ന വിഷയത്തെക്കുറിച്ച് പോസ്‍റ്റ് എഴുതിയാല്‍ എന്റെ മാനം പോകുമോ ?

അതെനിക്കറിയില്ല.. പക്ഷെ, നാളെ ഞാനീ പോസ്‍റ്റ് എഴുതുമെന്നതില്‍ സംശയമില്ല.. എന്തിനെഴുതാതിരിക്കണം.. എന്താ അതൊരു ഇഷ്യു അല്ലേ ?

എന്തിനാ അന്നമ്മേ ? നിനക്ക് വല്ല പാചകക്കുറിപ്പുകളോ ഇന്റീരിയര്‍ ഡിസൈനിങ്ങോ മറ്റോ എഴുതിക്കൂടെ ?

ഇച്ചിരെ പുളിക്കും.. ബ്ലോഗും ദാമ്പത്യവും എന്ന പേരില്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്…

ജോസൂട്ടി എട്ടുനിലയില്‍ ഞെട്ടി- കമന്റ് ഓപ്‍ഷന്‍ ഇല്ലായിരിക്കും..

പിന്നില്ലാതെ.. അനോണികള്‍ക്കു വരെ കമന്റാം..

ഒരു ബ്ലോഗറിയുടെ ഭര്‍ത്താവ് എന്ന പേരില്‍ ഞാനും തുടങ്ങും ഒരു ബ്ലോഗ് !

തന്റെ പരിപ്പു ഞാനെടുക്കും.ബ്ലോഗിങ് ഒക്കെ പെണ്ണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ളതാ… ബ്ലോഗ് ക്ലൂഗ് എന്നൊക്കെ പറഞ്ഞ് സമയം കളഞ്ഞാല്‍ ചവിട്ടു മേടിക്കും… പോയി പണിയെടുത്ത് കുടുമ്മത്ത് കാശു കൊണ്ടുവന്നില്ലേല്‍ അടുപ്പ് പുകയുവേല… വല്ലോം എഴുതണോന്ന് തോന്നുമ്പോള്‍ അടിച്ച് എന്റെ ഡ്രാഫ്ടിലിട്ടേച്ചാല്‍ മതി.. ഞാന്‍ വേണ്ട മാറ്റം വരുത്തി പബ്ലിഷ് ചെയ്‍തോളാം…

അപ്പോ എന്റെ ബ്ലോഗ് ?

ഹഹഹഹ…അത് ഡിലീറ്റ് ചെയ്യണം എന്താ സംശയം ?

ജോസൂട്ടി ഞെട്ടി. ദൈവം തമ്പുരാനേ !

ഇനി അത് ഡിലീറ്റ് ചെയ്യാനൊന്നും ഇവിടെ ഇരിക്കേണ്ട..യൂസര്‍നെയിമും പാസ്‍വേര്‍ഡും ഇങ്ങു പറഞ്ഞാല്‍ മതി..യൂസര്‍നെയിം ?

ജോസുകുട്ടി !

പാസ്‍വേര്‍ഡ് ?

തങ്കക്കുടം !

അപ്പോഴേക്കും ആദ്യ ബ്ലോഗ് രാത്രി കഴിഞ്ഞ് നേരം പരപരപരപരപരാ വെളുത്തു തുടങ്ങിയിരുന്നു.

ബ്ലോഗര്‍വധം ഒന്നാം ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയോടെ ദാമ്പത്യത്തിലെ സ്‍ത്രീപക്ഷവിജയം എന്ന വിഷയത്തില്‍ കമന്റുകളും ഹിറ്റുകളും കുറയാതെ ഒരു പോസ്‍റ്റിടേണ്ടതെങ്ങനെ എന്നാലോചിച്ച് അന്നമ്മ കാര്‍കുന്തളം കെട്ടി വച്ച് കംപ്യൂട്ടറിന്റെ മുന്നിലേക്കു പോയി.

കടുപ്പവും മധുരവും കൂടാതെ കുറയാതെ അന്നമ്മയ്‍ക്ക് ഒരു ചായ ഇടേണ്ടതെങ്ങനെ എന്നാലോചിച്ച് ജോസൂട്ടി അടുക്കളയിലേക്കും.

Related Posts with Thumbnails
View Comments to “ആദ്യബ്ലോഗ് ദമ്പതികളുടെ ആദ്യരാത്രി”
  1. Mary 7 February 2008 at 9:10 am #

    I dont think that this is a nice post. its my personal opinion..just like, a paradooshanam..how to comment about others blog…what do you think of urself? why cant you stop ur rubbishness? Its not at all nice. Not at all. junk writing!

  2. കുഞ്ഞായി 16 December 2007 at 6:02 am #

    നല്ല ഉഗ്രന്‍ ഹുമര്‍ with കട്ടപ്പാര

  3. അഗ്രജന്‍ 4 December 2007 at 10:22 am #

    ചിരിച്ച് പണ്ടാരടങ്ങി :)

  4. പ്രയാസി 7 November 2007 at 7:35 am #

    കലക്കീ…:)

  5. Syam 30 October 2007 at 3:51 am #

    കൊള്ളാം…….

    എന്നുവെച്ഛു ബോറഡിപ്പിക്കല്ലെ

  6. sandoz 29 October 2007 at 8:11 am #

    ഹ.ഹ…അച്ചായോ…തകര്‍ത്തു…
    എന്റെ കൂട്ടുകാരന്‍ കൂടിയാണെന്ന് വധു അറിഞ്ഞാല്‍ നായകന്റെ കാര്യം പോക്കാണു…

  7. ഏറനാടന്‍ 27 October 2007 at 3:12 am #

    ഹഹഹാ ഞാന്‍ കരുതി ബ്ലോഗുമാല തൂക്കിയ ബ്ലോഗുകട്ടിലും പൊളിഞ്ഞു ബ്ലോഗുദമ്പതികള്‍ തറ പറ്റിക്കാണും എന്നായിരുന്നു.. ഭാഗ്യമതുണ്ടായില്ല. ന്നാലും എന്റെ ബെര്‍ളീ.. ഹോ!

  8. Manju 25 October 2007 at 5:15 pm #

    ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
    —————————
    http://www.jayakeralam.com കണ്ട്‌
    താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

    Jayakeralam for Malayalam Stories and Poetry…
    സ്നേഹപൂര്‍വ്വം
    ജയകേരളം Editor

  9. Siju | സിജു 24 October 2007 at 3:15 pm #

    :-)

  10. കലേഷ് കുമാര്‍ 24 October 2007 at 2:53 pm #

    ബെര്‍ളീ, നിന്നെക്കൊണ്ട്‌ തോറ്റു!
    :)

  11. കുടുംബംകലക്കി 24 October 2007 at 5:33 am #

    “ജോസൂട്ടി പതുക്കെ വിഷയത്തിലേക്കു കടന്നു.-അന്നമ്മ അവസാനം കണ്ട സിനിമ ഏതാ?”

    ജോസൂട്ടി സിനിമാ ബ്ലോഗാണോ നടത്തുന്നത്?

  12. വാളൂരാന്‍ 23 October 2007 at 1:58 pm #

    അയ്യോ അയ്യയ്യോ… ഇതു കിക്കിടിലന്‍….
    ഉഗ്രോ ഭവ….

  13. മുരളി മേനോന്‍ (Murali Menon) 23 October 2007 at 11:51 am #

    മനോഹരമായ് അവതരണം…വായിച്ച് വായിച്ച് ആദ്യരാത്രി തീര്‍ന്നത് അറിഞ്ഞില്ല.കലക്കി ബെര്‍ലി. അനുമോദനങ്ങള്‍

  14. ::സിയ↔Ziya 23 October 2007 at 5:08 am #

    എന്നാലുമെന്റച്ചായാ…ചിരിച്ച് പണ്ടാരടങ്ങി :)
    മൊത്തം അവതാരങ്ങളുടെയും പരിപ്പെടുത്തു കളഞ്ഞല്ലോ! അമ്പമ്പോ:)

    ഓറ്റോ. ഇത്രേം വല്യ വിവാഹസമ്മാനം ഇനി കിട്ടാനില്ല :)

  15. ദില്‍ബാസുരന്‍ 23 October 2007 at 5:03 am #

    ഹ ഹ ഹ… ബെര്‍ളിച്ചായാ തകതകര്‍ത്തു. ‘വനിതാബ്ലോഗറുണ്ട് സൂക്ഷിക്കുക’ എന്നൊരു പോസ്റ്റ് പൂശിയാല്‍ പ്രശ്നമാവുമോ എന്നാലോചിച്ച് ഇരിക്ക്യായിരുന്നു ഞാന്‍. കലക്കന്‍ പോസ്റ്റായിപ്പോയി ഇത്. മറുപടി കിട്ടുന്നത് വാങ്ങി വെച്ചോളൂ.

  16. സുനീഷ് തോമസ് / SUNISH THOMAS 23 October 2007 at 3:06 am #

    karthaaveeeeee….. ethennathano!!kollam ketto. blog dampathimar orumichu vannu thannolum, marupadi. :)

  17. ചിത്രകാരന്‍chithrakaran 23 October 2007 at 2:47 am #

    ബെര്‍ളി…, മനോഹരം…!!!!!!!

  18. അനില്‍ശ്രീ... 23 October 2007 at 2:21 am #

    പടക്കളം, ജീവിത യാത്രയില്‍ നിന്ന് തുടങ്ങിയ ബ്ലോഗുകള്‍ നിര്‍ത്തി പോകുമോ ബെര്‍ളീ,

    ഒരു പുലിമട മാത്രം ബാക്കി….. (അവിടെ പോയില്ലെങ്കില്‍ വിവരം അറിയും….അല്ലേ)

  19. Sul | സുല്‍ 23 October 2007 at 1:58 am #

    ബെര്‍ളീ അടിപൊളി.

    -സുല്‍

  20. സാല്‍ജോҐsaljo 23 October 2007 at 12:31 am #

    പോസ്റ്റ് കൊള്ളാം! രസികനായിട്ടുണ്ട്.

  21. സാല്‍ജോҐsaljo 23 October 2007 at 12:30 am #

    ശ്രീയാ പറഞ്ഞത് താന്‍ പോസ്റ്റിട്ടകാര്യം…

    “നിമിഷങ്ങള്‍ ബെര്‍ളിയുടെ ബ്ലോഗിലെ പോസ്‍റ്റുകള്‍ പോലെ വിലയില്ലാതെ കടന്നുപൊയ്‍ക്കൊണ്ടിരുന്നു. “

    അല്ലേലും തന്നോടുള്ള ഈ സ്നേഹവും ആദരവും ഇതുകൊണ്ടാ, ഈ സത്യസന്ധതകൊണ്ടാ… ശ്രീ ആ ടിഷ്യൂബോക്സിങ്ങെടുത്തേ… സങ്കടം വരുന്നു…

  22. ശ്രീ 23 October 2007 at 12:16 am #

    ബെര്‍‌ളിച്ചായാ…

    ചിരിപ്പിച്ചു കളഞ്ഞല്ലോ…

    എല്ലാവരേയും ഒന്നു തോണ്ടിയല്ലേ? കലക്കി.
    :)

  23. അനൂപ്‌ തിരുവല്ല 22 October 2007 at 10:43 pm #

    സൂക്ഷിച്ചോ കൊട്ടേഷന്കാര് ഇറങ്ങിയിട്ടുണ്ട് !

  24. വാല്‍മീകി 22 October 2007 at 9:01 pm #

    മൊത്തത്തില്‍ സംഭവം കൊല്ലം ബെര്‍ളി. പക്ഷെ ഒരു പോലീസ് പ്രൊട്ടെക്ഷന് ആവശ്യപെടുന്നത് നന്നായിരിക്കും.

  25. Jackson 22 October 2007 at 8:59 pm #

    ബെര്‍ളിച്ചായാ.. സൂപ്പര്‍..

  26. AJESH CHERIAN 22 October 2007 at 5:09 pm #

    ഇവിടെ കമന്റിടാത്തവര്‍ വനിതാബ്ലോഗര്‍മാരെ പേടിയുള്ളവന്മാരാകുന്നു. ദൈവമേ അവന്മാരുടെയെല്ലാം ആത്മാവിന് കൂട്ടായിരിക്കേണമേ. ബീച്ചാ, ആരുമില്ലേലും ഈ ഞാന്‍ കാണും. എന്നായാലും കൊള്ളാം, ഈ ഉദ്യമം കൊള്ളാം. കവിളത്തെ മസിലുകളെ വേദനിപ്പിച്ച പോസ്‌റ്റ്.

  27. കുതിരവട്ടന്‍ :: kuthiravattan 22 October 2007 at 4:39 pm #

    :-)

  28. ധ്വനി 22 October 2007 at 2:38 pm #

    വലരിത്തോട്ടില്‍ തോട്ടാ ഇട്ടതുപോലുണ്ട്! ഒറ്റയെണ്ണത്തിന്റെ കണ്ണു കാണരുത്! കണ്ടു നില്‍ക്കുന്നവനും നനയണം!! ഹഹ!

  29. നിഷ്ക്കളങ്കന്‍ 22 October 2007 at 2:03 pm #

    ബെ‌ര്‍ളീ,
    കൊല്ല്.കൊല്ല് :) )

  30. മെലോഡിയസ് 22 October 2007 at 12:41 pm #

    ബെര്‍ളിച്ചായാ..മൊത്തത്തില്‍ ഒരു പാരവെപ്പ് അല്ലേ..കൊള്ളാം ട്ടാ.

  31. മഹിമ 22 October 2007 at 10:49 am #

    ‘ബ്ലോഗിനികളുടെ പരിപ്പെടുത്തുവല്ലേ?’

    നല്ല രസായിട്ടുണ്ട്!

Leave a Reply