ലീവര്‍ ക്രോസ് റോഡിലെ കൊലപാതകം-5
വാര്‍ഡന്റെ ഓഫിസില്‍ കാത്തിരിക്കുമ്പോള്‍ ഇരുവരും അക്ഷമരായിരുന്നു. താളത്തില്‍ ചലിച്ചുകൊണ്ടിരുന്ന സ്‍റ്റെല്ലയുടെ ഷൂവിന്റെ താളം ഉദ്വേഗത്തിന്റെ നെഞ്ചിടിപ്പുപോലെ അവിടുത്തെ ഏകാന്തതയില്‍ മുഴങ്ങി നിന്നു. നിമിഷങ്ങള്‍ക്കകം വാര്‍ഡനെത്തി.
കാക്കി കണ്ടതും മധ്യവയസ്ക വല്ലാത്ത വിധേയത്വം കാണിച്ചു. സ്വന്തം ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കൂട്ടാക്കാതെ അവര്‍ സ്‍റ്റെല്ലയ്‍ക്കു മുന്നില്‍ ചിരിയോടെ നിന്നു.
ഒരു കാര്യം അന്വേഷിക്കാന്‍ വന്നതാണ്.. ഞാന്‍ സ്‍റ്റെല്ല എസിപി.. ഇവിടെ താമസിക്കുന്നവരുടെയെല്ലാം വിവരം റജിസ്‍റ്ററില്‍ ഉണ്ടാവില്ലേ ?
കൊള്ളാം.. എല്ലാം ഇവിടെ കിറുകൃത്യമാ.. എല്ലാത്തിനും അതിന്റെ ചിട്ടയുണ്ട്.. രാവിലെ ആറ് മണി കഴിയാതെ ഗേറ്റ് തുറക്കില്ല… അതുപോലെ വൈകിട്ടും.. എട്ടു മണി കഴിഞ്ഞൊരാളും ഇതിനുള്ളില്‍ കയറില്ല.. വര്‍ക്കിങ് വിമന്‍സ് ഹോസ്‍റ്റലാണെന്നു കരുതി എന്തു തോന്ന്യാസവുമാകാമെന്ന് കരുതി വരുന്ന ഒരാളെയും ഞാന്‍ വച്ചു പൊറുപ്പിക്കത്തില്ല..
വാര്‍ഡന്റെ ആനാവശ്യമായ വിവരണങ്ങള്‍ ഇരുവരെയും മടുപ്പിച്ചു. വാര്‍ഡന്‍ അടുത്ത വാചകത്തിലേക്കു കടക്കും മുമ്പേ സ്‍റ്റെല്ല ഇടപെട്ടു- പഴയ റജിസ്‍റ്ററുകള്‍ എനിക്കൊന്നു കാണണമായിരുന്നു..
ഓ..ഓ… ശാന്തമ്മേ!!- വാര്‍ഡന്‍ അകത്തേക്ക് നോക്കി ഉച്ചത്തില്‍ വിളിച്ചു. മേശയില്‍ നിന്ന് അലമാരയുടെ താക്കോല്‍ ചികഞ്ഞെടുത്ത് മുറിക്കു പുറത്തേക്ക് നടന്നു.- വന്നോളു.. അതൊക്കെ മുകളിലത്തെ എന്റെ മുറിയിലാ.. ഇവിടെ ഇടയ്‍ക്കൊക്കെ കള്ളന്മാര്‍ കയറുന്നത് കൊണ്ട് വിലപിടിപ്പുള്ളതൊന്നും ഇവിടെ വയ്‍ക്കാറില്ല..
പിന്നാലെയെത്തിയ ശാന്തമ്മയും പിന്തുടര്‍ന്നു. മുകളിലത്തെ മുറിയിലെത്തും വരെ വാര്‍ഡന്‍ സംസാരിച്ചു കൊണ്ടേയിരുന്നു-87 മുതലുള്ള റജിസ്‍റ്ററുകള്‍ പരിശോധിക്കാം.. പക്ഷെ.. ഒന്നും കൊണ്ടുപോകാന്‍ ചോദിക്കരുത്..
എനിക്കത്ര പഴയതൊന്നും വേണ്ട.. ഞാനിവിടെ താമസിച്ചു പോയ പെണ്ണുങ്ങളുടെ കണക്കെടുക്കാന്‍ വന്നതൊന്നുമല്ല.. എനിക്ക് വേണ്ടത് കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലെ റജിസ്‍റ്ററാണ്…ആവശ്യം വന്നാല്‍ ചിലപ്പോള്‍ കൊണ്ടുപോകേണ്ടതായും വരും…
ഒന്നും മിണ്ടാതെ വാര്‍ഡന്‍ അലമാര തുറന്ന് അധികം തിരയാതെ തന്നെ അല്‍പം പഴക്കമുള്ള റജിസ്‍റ്റര്‍ പുറത്തെടുത്തു.-ഇതാ.. ഇതാണ്.. കഴിഞ്ഞ ഓഗസ്‍റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ളവരുടെ വിവരം ഇതിലുണ്ട്..
സ്‍റ്റെല്ല റജിസ്‍റ്റര്‍ വാങ്ങി തുറന്ന് പരിശോധിച്ചു. ഡിസംബര്‍ മാസത്തിലെ പേജില്‍ ഓരോ വരിയിലൂടെയും വിലോടിച്ചു.ഒടുവില്‍ ഡിസംബര്‍ 18 എന്ന തീയതിയില്‍ വിരലുടക്കി.
420 ബി എന്നത് റോഡിലേക്ക് തുറക്കുന്ന ജനാലയ്‍ക്കരികിലുള്ള ബെഡ്ഡല്ലേ ?
അതെയതെ..- മനസ്സുകൊണ്ട് ഉറപ്പുവരുത്തിയിട്ട് വാര്‍ഡന്‍ പറഞ്ഞു.
ചാള്‍സിനു കൂടി കേള്‍ക്കത്ത വിധത്തില്‍ സ്‍റ്റെല്ല അതിലുള്ള വിവരം ഉറക്കെ വായിച്ചു- 420 ബി… ലിറില്‍ ഡെയ്‍സ് .. 24 വയസ്.. സ്‍റ്റാച്യൂണ്‍ ഇന്‍ഫോസിസ്‍റ്റംസ്.. പാലാരിവട്ടം…
സ്‍റ്റെല്ല നെറ്റി ചുളിച്ച് വാര്‍ഡനെ നോക്കി- ഈ കുട്ടി മലയാളിയല്ലേ ?
വാര്‍ഡന്‍ ആകാംക്ഷയോടെ റജിസ്‍റ്റര്‍ വാങ്ങി. വിവരങ്ങള്‍ വായിച്ചു നോക്കിയിട്ട് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കൃത്യമായും ഓര്‍മയുണ്ടായിരുന്ന ശാന്തമ്മയാണ് മറുപടി പറഞ്ഞത് – അതെ സാറെ.. ചങ്ങനാശേരീലോ മറ്റോ ഉള്ള കൊച്ചായിരുന്നു.
ശാന്തമ്മയുടെ മറുപടി തീരെ രസിച്ചില്ലെന്ന് വാര്‍ഡന്റെ മുഖം വ്യക്തമാക്കി. അവരെ നിശബ്ദയാക്കാനെന്നോണം വാര്‍ഡന്‍ തീ പാറുന്ന ഒരു നോട്ടമയക്കുന്നത് ഇരുവരും കണ്ടു.ശാന്തമ്മയുടെ മറുപടിയും വാര്‍ഡന്റെ ഭാവഭേദവും കണ്ട സ്‍റ്റെല്ല ശാന്തമ്മയുടെ ഉത്തരങ്ങളില്‍ താല്‍പര്യമില്ലെന്ന് ഭാവിച്ച് വാര്‍ഡന്റെ മറുപടിക്കായി കാത്തു.
ആലോചന മതിയാക്കി വാര്‍ഡനും അത് സമ്മതിച്ചു- അതെയതെ, ആ ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു…അല്ല.. ഈ കുട്ടിയുടെ മാത്രം പെര്‍മെനന്റ് അഡ്രസ് റജിസ്‍റ്ററിലില്ലല്ലോ ?
ഓഫിസ് അഡ്രസാണ് തന്നത് ..
പക്ഷെ, മറ്റുള്ളവരുടെയെല്ലാം യാഥ്ര്‍ത്ഥവിലാസമുണ്ടല്ലോ.. ഈ കുട്ടിയുടെ ഫോണ്‍ നമ്പര്‍ പോലുമില്ല..വൈ ?
വാര്‍ഡനെ വിയര്‍ത്തു- അത് പിന്നെ.. പിന്നെ തരാമെന്ന് പറഞ്ഞ് അന്നെഴുതാതെ പോയി.. പിന്നെ ഞാനുമതങ്ങ് മറന്നു പോയി…
ആ മറുപടി തീരെ വിശ്വാസമായില്ലെന്ന് സ്‍റ്റെല്ലയുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.എങ്കിലും അവള്‍ അടുത്ത ചോദ്യത്തിലേക്ക് കടന്നു- ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയെ ഈ കുട്ടി ഈ റൂമില്‍ താമസിച്ചിട്ടുള്ളല്ലോ.. പിന്നെ.. 102ലേക്ക് മാറിയതായി കാണുന്നു.. അതെന്താ അങ്ങനെ ?
അത് പിന്നെ.. അവര്‍ ഗ്രൌണ്ട് ഫ്ലോറിലൊരു മുറി വേണമെന്ന് റിക്വസ്‍റ്റ് ചെയ്തിരുന്നു.. താഴെ ഒഴിവു വന്നപ്പോള്‍ കൊടുത്തെന്നു മാത്രം…
അങ്ങനെ റിക്വസ്‍റ്റ് ചെയ്യുന്നവര്‍ക്കൊക്കെ റൂം മാറ്റി കൊടുക്കാറുണ്ടോ ?
സ്‍പെഷല്‍ കേസുകള്‍ക്ക് മാത്രം…
എന്തായിരുന്നു ലിറില്‍ ഡെയ്‍സിന്റെ സ്‍പെഷ്യാലിറ്റി ?
വാര്‍ഡന് ഉത്തരം മുട്ടിയെന്നു തോന്നി. പക്ഷെ, അങ്ങനെയൊരു സന്നിഗ്ദ്ധഘട്ടതില്‍ അവരെ കുരുക്കുന്നത് ശരിയല്ലെന്ന് തോന്നിയ സ്‍റ്റെല്ല അവരോട് ചേര്‍ന്നു നിന്നു. – ഞാന്‍ പറയട്ടെ കാരണം ?
വാര്‍ന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു. അവര്‍ മൌനമായി നിന്നു.
സ്‍റ്റെല്ല തുടര്‍ന്നു- നല്ല കാശ് കിട്ടി..അല്ലേ ?.. താഴത്തെ സൌകര്യങ്ങളുള്ള മുറിയിലേക്ക് മാറാന്‍ ലിറില്‍ വാര്‍ഡന് കൈക്കൂലി തന്നു.. അതല്ലേ സത്യം ?
വാര്‍ഡന്റെ മുഖത്ത് ആശ്വാസം പടരുന്നത് സ്‍റ്റെല്ല കണ്ടു. വാര്‍ഡന്‍ രക്ഷപെട്ടതിന്റെ സന്തോഷത്തോടെ തലകുലുക്കി സമ്മതിച്ചു.
സ്‍റ്റെല്ല അര്‍ത്ഥവത്തായി ചിരിച്ചു. – ഞങ്ങള്‍ ഇപ്പോള്‍ വന്നത് കൈക്കൂലി കേസന്വേഷിക്കാനല്ലാത്തതിനാല്‍ വാര്‍ഡന്‍ ഭയപ്പെടേണ്ട…ലിറില്‍ ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ടോ ?
ഉണ്ടല്ലോ ?
അതേ റൂമില്‍ ?
അതെ..
ഒന്നു വിളിക്കുമോ ?
വാര്‍ഡന്‍ വീണ്ടും പരുങ്ങി- ഇപ്പോള്‍ ഇവിടെയില്ല.. ഓഫിസ്‍ ടൈമല്ലേ ?ഓ!ശരിയാണല്ലോ..
ഓകെ.. ഞങ്ങള്‍ ഓഫിസല്‍ പോയി കണ്ടോളാം..
അവളവിടെയില്ല- വാര്‍ഡന്‍ പെട്ടെന്നിടപെട്ടു- ഒരു ചെറിയ പ്രൊജക്‍ടുമായി ഹൈദരാബാദിനു പോയതാണ്.. രണ്ടാഴ്ച കഴിഞ്ഞേ തിരികെ വരൂ..
ഓകെ..ഓകെ..എങ്കില്‍ ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞ് വരാം..!
കൂടുതലൊന്നും പറയാതെ സ്‍റ്റെല്ല ഇറങ്ങി. പിന്നാലെ ചാള്‍സും. വളരെ സംശയാസ്‍പദമായി പെരുമാറിയിട്ടും കൂടുതലൊന്നും ചോദിക്കാതെ ഇറങ്ങിയ സ്‍റ്റെല്ലയുടെ നടപടിയില്‍ ചാള്‍സ് വിസ്‍മയിച്ചു.
മുറ്റത്തിറങ്ങിയ സ്‍റ്റെല്ല ആരെയോ തിരഞ്ഞെന്ന പോലെ മെല്ലെ രണ്ട് ചുവട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
എന്താ സ്‍റ്റെല്ല ?
ആ ശാന്തമ്മയെ നമുക്ക് വേണം..എങ്ങനെയും അവരെ പൊക്കണം ..
ഓകെ.. നടക്കൂ വഴിയുണ്ടാക്കാം.- ചാള്‍സിന്റെ ആത്മവിശ്വാസത്തിന്റെ പിന്നാലെ സ്‍റ്റെല്ലയും നടന്നു.
ജീപ്പ് അല്‍പം മുന്നോട്ടു നീങ്ങിയപ്പോള്‍ ചാള്‍സ് പറഞ്ഞു- ഇവിടെ നിര്‍ത്തൂ…!
ജീപ്പ് നിര്‍ത്തി.
സ്‍റ്റെല്ല വിസ്മയിച്ചു- ചാള്‍സ് എന്തു ചെയ്യാന്‍ പോകുന്നു ?
ചാള്‍സ് ജീപ്പില്‍ നിന്നിറങ്ങി തൊട്ടപ്പുറത്തെ എസ്‍ടിഡി ബൂത്തില്‍ കയറി. ബൂത്തുകാരനോട് ഏതോ നമ്പര്‍ ചോദിക്കുന്നതും അയാള്‍ അത് എഴുതി നല്‍കുന്നതും ജീപ്പിലിരുന്ന് സ്‍റ്റെല്ല കണ്ടു. നിമിഷങ്ങള്‍ക്കകം ചാള്‍സ് മടങ്ങിയെത്തി ജീപ്പില്‍ കയറി.- ഇവിടെ വെയ്‍റ്റ് ചെയ്യാം.. ഇപ്പോ വരും ശാന്തമ്മ!
സ്‍റ്റെല്ല അതിശയത്തോടെ അതിലേറെ അവിശ്വാസത്തോടെ നോക്കി.
ചാള്‍സ് ചിരിച്ചു.- പൊലീസിനു മാത്രമല്ല ഞങ്ങള്‍ സാധാരണക്കാര്‍ക്കും ഉണ്ട് ബുദ്ധി… ഞാന്‍ ഹോസ്‍റ്റലിലേക്കാമ് വിളിച്ചത്.. 123ലെ ഗായത്രി ഓഫിസില്‍ തലകറങ്ങി വിണു എന്നും ഉടനെ അവരെ കൊണ്ടുപോകാന്‍ ആരെയെങ്കിലും വിടണമെന്നും പറഞ്ഞു…
ഏത് ഗായത്രി ? ചാള്‍സ് അവരെയൊക്കെ അറിയുമോ ?
ഏയ്.. ആ റജിസ്‍റ്ററില്‍ കണ്ടത് വച്ച് ചോദിച്ചതല്ലേ ?
ഗായത്രിയുടെ ഓഫിസ്‍ എവിടെയാണെന്നു കരുതിയാ ?
നെറ്റ്‍വണ്‍ കമ്മ്യൂണിക്കേഷന്‍സ്….അതിന്റെ മുന്നിലാണ് നമ്മുടെ ജീപ്പ് കിടക്കുന്നത്..
പുറത്തെ ബോര്‍ഡ് നോക്കിയ സ്‍റ്റെല്ല വിസ്മയിച്ചു.
കാത്തിരിപ്പ് വെറുതെയായില്ല. നിമിഷങ്ങള്‍ക്കകം ഹോസ്‍റ്റലിന്റെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ശാന്തമ്മ ധൃതിയില്‍ നടന്നു വരുന്നത് അവര്‍ കണ്ടു. പൊലീസ് ജീപ്പൊന്നും ശ്രദ്ധിക്കാതെ വേഗം ഓഫിസിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ സ്‍റ്റെല്ല പിന്നില്‍ നിന്നു വിളിച്ചു-ശാന്തമ്മേ !
അവര്‍ തിരിഞ്ഞു നോക്കി. സ്‍റ്റെല്ലയെ കണ്ടതും അവരുടെ മുഖത്ത് അമ്പരപ്പുണ്ടായി.
ശാന്തമ്മ ഒന്നു വന്നേ !
അല്ല കുഞ്ഞേ ഞാനിവിടെ.. ഗായത്രിക്കൊച്ച്..
സാരമില്ല ഗായത്രി ഇപ്പോള്‍ ഒരോട്ടോയില്‍ കയറി പോയി..
അയ്യോ.. ഞാന്‍ കണ്ടില്ല… എന്നാല്‍ ഞാനങ്ങ് ചെല്ലട്ടെ..
ഗായത്രി ആശുപത്രിയിലേക്കാ പോയത്… ശാന്തമ്മ ഞങ്ങളോടൊപ്പം വരൂ.. നമുക്കിത്തിരി സംസാരിക്കാനുണ്ട്… ജീപ്പിലോട്ട് കേറിയാട്ടെ…
അല്ല ഞാന്‍..ഹോസ്റ്റലിലോട്ട്…
സ്‍റ്റെല്ല ശാന്തമ്മയുടെ കൈയില്‍ പിടിച്ചു.- അതൊക്കെ പോവാം.. ആദ്യം ജീപ്പിലോട്ട് കേറ്…
ശങ്കയോടെ ശാന്തമ്മ ജീപ്പിന്റെ പിന്‍സീറ്റില്‍ കയറി.ജീപ്പ് നിങ്ങിത്തുടങ്ങുമ്പോള്‍ വയര്‍ലെസില്‍ അവര്‍ പ്രതീക്ഷിച്ചിരുന്ന സന്ദേശമെത്തി.-നോര്‍ത്തില്‍ റെയില്‍വേക്രോസിന്റെ ഭാഗത്ത് ട്രാക്കില്‍ ഒരു പെണ്‍കുട്ടിയുടെ ബോഡി കണ്ടെത്തിയിട്ടുണ്ട്…ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കും വെളുത്ത നിറം, അഞ്ചടി മൂന്നിഞ്ചു പൊക്കം..
കാര്യങ്ങല്‍ ഏറെക്കുറെ കൂട്ടിവായിക്കാന്‍ സാധിച്ചിരുന്ന ശാന്തമ്മയുടെ നെഞ്ചില്‍ തീയാളി. ചാള്‍സിനും ഉദ്വേഗമായി.
പോയി നോക്കാം അല്ലേ ചാള്‍സ് ?- സ്‍റ്റെല്ല ചോദിച്ചു. ചാള്‍സ് തലകുലുക്കി
ജീപ്പ് റെയില്‍വേ ക്രോസിനടുത്തെത്തുമ്പോള്‍ അവിടെ മുതദേഹത്തിനു ചുറ്റും ആളുകള്‍ കൂടി നിന്നിരുന്നു. സ്‍റ്റെല്ലയും ചാള്‍സും ധൃതിയിലിറങ്ങി അവിടേക്ക് നടന്നു. ജീപ്പില്‍ അക്ഷമയായിരുന്ന ശാന്തമ്മയും പിന്നാലെയിറങ്ങി.
ആള്‍ക്കൂട്ടത്തെ മാറ്റി നിര്‍ത്തി പൊലീസുകാര്‍ സ്‍റ്റെല്ലയ്‍ക്ക് വഴിയൊരുക്കി. ആകാംക്ഷ നിറഞ്ഞ കണ്ണുകളോടെ ഇരുവരും എത്തി നോക്കി. ട്രെയിന്‍ കയറി ശരീരം രണ്ടായിരിക്കുന്നു. സ്‍റ്റെല്ല തൊപ്പിയൂരി ചാള്‍സിനെ നോക്കി.
പെണ്‍കുട്ടിയുടെ ചുരിദാറായിരുന്നു ചാള്‍സ് ആദ്യം ശ്രദ്ധിച്ചത്. വയലറ്റ് ചുരിദാറാണ് ആ കുട്ടി ധരിച്ചിരുന്നത്. പക്ഷെ, രാത്രിയില്‍ കണ്ട സംഭവത്തിലെ കുട്ടി ധരിച്ചിരുന്നത് വെള്ള ചുരിദാറും. വേറെ തിരിച്ചറിയാനൊന്നും ഓര്‍മയിലുണ്ടായിരുന്നില്ലെങ്കിലും ഇത് ആ കുട്ടിയല്ല എന്ന് ചാള്‍സിനുറപ്പായിരുന്നു.
ചാള്‍സിന്റെ നിരാശ സ്‍റ്റെല്ലയുടെ പ്രതീക്ഷകള്‍ക്കും വിരാമമിട്ടു. പതിവു നടപടികള്‍ നടത്താന്‍ നിര്‍ദേശം നല്‍കി തിരിഞ്ഞു നടക്കാന്‍ ഭാവിക്കുമ്പോള്‍ പരിസരത്തെ നടുക്കിക്കൊണ്ട് ഒരു സ്‍ത്രീയുടെ നിലവിളി ഉയര്‍ന്നു.










