കെഎസ്യു യൂത്ത് ഫെസ്റ്റിവല്‍ ആപ്ളിക്കേഷന്‍
ഏറ്റവും സ്നേഹം നിറഞ്ഞ രാഹുല്‍ജിക്ക്,
സത്യത്തില്‍ രാഹുല്‍ജിയെ ഓര്‍ക്കുമ്പോഴും രാഹുല്‍ജിയുടെ കാര്യം പറയുമ്പോഴും എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്റെ കൂടെ നാലാം ക്ളാസ്സില്‍ പഠിച്ച രാഹുല്‍. ജിയുടെ കാര്യമാണ്. ഗുരുവായൂരില്‍ ലോഡ്ജ് നടത്തിയിരുന്ന അവന്റെ അപ്പനും എന്നെ വലിയ കാര്യമായിരുന്നു. ഞാനും അവനും തമ്മിലുള്ള ഫ്രണ്ട്ഷിപ് എന്നൊക്കെ പറഞ്ഞാല്‍ അതു ഭയങ്കരമായിരുന്നു. എല്ലാ ദിവസവും അവന്റെ വീട്ടില്‍ നിന്നാണ് ഞാന്‍ മൂന്നു നേരവും ഭക്ഷണം കഴിച്ചിരുന്നത്. ബന്ധുക്കളോ സ്പോണ്‍സേഴ്സോ ഇല്ലാത്ത ഞാന്‍ വിശപ്പെന്തെന്ന് അറിഞ്ഞില്ല. അങ്ങനെയിരിക്കെ പെട്ടെന്നാണ് ഒരു ദിവസം രാഹുല്‍ജിയുടെ ഫാദര്‍ജി പോയതുപോലെ അവന്റെ അപ്പനും മരിച്ചുപോയത്. രണ്ടാഴ്ചത്തേക്ക് എനിക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല. അന്നാണ് ജീവിതത്തിലെ വലിയൊരു പാഠം ഞാന്‍ പഠിച്ചത്. സ്ഥിരമായി ഭക്ഷണം കഴിച്ചു ജീവിച്ചിട്ട് പെട്ടെന്നൊരു ദിവസം മുതല്‍ അതില്ലാതാവുമ്പോള്‍ നമുക്ക് വിശപ്പു തീരെ സഹിക്കാന്‍ കഴിയില്ല. അതിനു ശേഷം ഞാനവനെ കണ്ടിട്ടില്ല.
വളരെ ചെറുപ്പത്തിലേ തന്നെ ഞാന്‍ ഒരു കോങ്ക്രസുകാരനായിരുന്നു. എന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ റേഡിയോയില്‍ കോങ്ക്രസിനെപ്പറ്റിയും രാഹുല്‍ജിയുടെ വല്യമ്മച്ചിയെപ്പറ്റിയുമൊക്കെയുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ വയറ്റില്‍ കിടന്ന് ഞാന്‍ മുദ്രാവാക്യം മുഴക്കാറുണ്ടായിരുന്നു എന്ന് അമ്മച്ചി പറഞ്ഞതായി ഓര്‍ഫനേജിലെ ഫാദര്‍ പറഞ്ഞിട്ടുണ്ട്. എന്നെ ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ എന്റെ സോ കോള്‍ഡ് അമ്മച്ചി ഉടുത്തിരുന്നത് കോണ്‍ഗ്രസിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന ഒരു സാരിയായിരുന്നെന്നും പറഞ്ഞു കേട്ടിട്ടുണ്ട് ? ചില നേരത്ത് എന്റെ ഉള്ളിലെ കോങ്ക്രസുകാരന്റെ പിടപ്പു കാണുമ്പോള്‍ എന്റെ അമ്മച്ചി വല്ല ആനി ബസന്റോ മറ്റോ ആയിരുന്നോ എന്നു ഞാന്‍ വിസ്മയിക്കാറുണ്ട്.
വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ കോങ്ക്രസിനോടുള്ള അതിരുകടന്ന അനുഭാവം പ്രകടമാക്കിയിരുന്നതായി പലരും പറയുന്നു. ചിലതൊക്കെ എന്റെ ഓര്‍മയിലുമുണ്ട്. എന്റെ ബാല്യകാലസുഹൃത്ത് രാഹുല്‍.ജിയുമായി കോങ്ക്രസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഞാന്‍ വഴക്കടിക്കാറുണ്ടായിരുന്നു. നല്ലവനും സ്നേഹമുള്ളവനുമായിരുന്നെങ്കിലും അവന്റെ അപ്പന്‍ ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. എന്നെ തീറ്റിപ്പോറ്റിയിരുന്നത് അദ്ദേഹമായിരുന്നെങ്കിലും അദ്ദേഹം മരിച്ചപ്പോള്‍ എന്റെ ഉള്ളിലെ കോങ്ക്രസുകാരന്‍ സന്തോഷിക്കുകയായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ കെഎസ്യുവില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1976ല്‍ എട്ടാം ക്ളാസ്സില്‍ സ്കൂള്‍ ലീഡറായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് മോന്റെ വല്യമ്മച്ചിയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഞാന്‍ ക്ളാസുക്ളാസാന്തരം കയറിയിറങ്ങി സ്റ്റഡി ക്ളാസ്സുകള്‍ നല്‍കുമായിരുന്നു. പക്ഷെ, ഒരിക്കലും ഞാന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല, ഗ്രൂപ്പുകള്‍ മാറി പ്രവര്‍ത്തിച്ചിട്ടില്ല. ഒത്തുപോകാന്‍ പറ്റില്ല എന്നു തോന്നുമ്പോള്‍ സ്വന്തമായി ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ യുവത്വത്തിന് എന്റെ ആവശ്യമുണ്ടെന്നു കാലം എന്നോടു പറയുന്നു. എന്നാല്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പാവങ്ങളുടെ ഇടയില്‍ നിശബ്ദപ്രവര്‍ത്തനം നടത്താനാണ് എന്റെ താല്‍പര്യം. എന്നാല്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുമ്പോഴല്ല, രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കു വേണ്ടി സ്വന്തം താല്‍പര്യങ്ങള്‍ ബലി കഴിക്കുമ്പോഴാണ് ഒരാള്‍ ശരിക്കും രാജ്യസ്നേഹിയാവുന്നതെന്നുള്ള തത്വം ഞാനംഗീകരിക്കുന്നു. അതുകൊണ്ട് ഇനിയുള്ള കാലം കെഎസ്യു പ്രസിഡന്റായി ജീവിക്കാനുള്ള എന്റെ സമ്മതം ഞാനറിയിക്കുന്നു.
ഇത്തവണ പ്രതിഭാപരിശോധനയിലൂടെ കെഎസ്യു പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിനു ഞാന്‍ എല്ലാ പിന്തുണയും നല്‍കുന്നു. എന്നെപ്പോലെ ധാരാളം കഴിവുകള്‍ ഉള്ളവര്‍ക്ക് വലിയൊരു പ്രോല്‍സാഹനം ആവും അത്. ശരിക്കും രാഹുല്‍ജിയുടെ ഓരോ ഐഡിയാസ് ഭയങ്കരം ആണു കേട്ടോ. ഞാന്‍ ചെറുപ്പം മുതലേ കുറെക്കാലം കലാപ്രതിഭയായിരുന്നു. അഞ്ചാം ക്ളാസ് മുതല്‍ സ്കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു. ലൈറ്റ് മ്യൂസിക്, മിമിക്രി, മോണോ ആക്ട്, കഥാപ്രസംഗം, കവിതാപാരായണം, പെന്‍സില്‍ ഡ്രോയിങ് അങ്ങനെ എല്ലാത്തിലും ഫസ്റ്റ് ആയിരുന്നു. പിന്നെ, വില്ലടിച്ചാണ്‍പാട്ടിലും ശാസ്ത്രീയസംഗീതത്തിലും ഭരതനാട്യം (ജനറല്‍) കച്ചിപ്പിടി (ആണ്‍) എന്നിവയിലും ഫസ്റ്റ് അടിച്ചിട്ടുണ്ട്. ഫ്രാന്‍സീസ് ഡ്രസ്സിലും ടാബ്ളോയിലും മൈ**ലും ഛെ..മൈമിലും ഞാനായിരുന്നല്ലോ സ്ഥിരം ചാംപ്യന്‍.
1989 ലെ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ എല്ലാ ഐറ്റത്തിനും മല്‍സരിച്ച് ഞാന്‍ കോളജിന്റെ അഭിമാനം കാത്തതാണ്. കഴിഞ്ഞതിന്റെ മുന്നിലത്തെ വര്‍ഷം കേരളോല്‍സവത്തില്‍ പഞ്ചായത്ത് ബ്ളോക്ക് തലങ്ങളില്‍ ഞാനായിരുന്നു കലാപ്രതിഭ. നാട്ടില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നു പിടിച്ച് ആരും മല്‍സരിക്കാനില്ലാതെ വന്നപ്പോള്‍ ഞാന്‍ എല്ലാത്തിനും പേരു കൊടുത്ത് ഫസ്റ്റ് വാങ്ങിയതാണെന്നും അന്നു മാര്‍ക്കിട്ട കൊച്ചമ്മിണി ടീച്ചറിനു ഞാന്‍ ഇതിനുവേണ്ടി കാശുകൊടുത്തെന്നും ഒക്കെ പറഞ്ഞ് മറ്റേ ഗ്രൂപ്പുകാര്‍ ഒരു വലിയ ഹരജി രാഹുല്‍ജിക്ക് അയക്കുന്നുണ്ട്. അത് തുറന്നുനോക്കുക പോലും ചെയ്യാതെ കോട്ടേലിട്ടേക്കണം, പിന്നല്ലാതെ.
എന്നെപ്പോലെയുള്ള പ്രതിഭകള്‍ മാത്രമായിരിക്കുമല്ലോ പിന്നെ കെസ്യുവില്‍ ഉണ്ടാവുക. ഞാന്‍ ചോദിക്കുന്നത് ആ സാഹചര്യത്തില്‍ നമുക്കൊരു നാടക ട്രൂപ്പും, മിമിക്രി ട്രൂപ്പും, കഥാപ്രസംഗ സമിതിയും ഒക്കെ ഉണ്ടാക്കിക്കൂടെ ? കെപിഎസി എന്നു പറയുന്ന മറ്റവന്‍മാരുടെ പ്രസ്ഥാനം പോലെ നമുക്കത് ഒരു സംഭവമാക്കി മാറ്റാം. മാജിക്, സര്‍ക്കസ് തുടങ്ങിയ കലകള്‍ കൂടി ഉള്‍പ്പെടുത്തി അതിവിപുലമായി ഒരെണ്ണം ആലോചിക്കാവുന്നതാണ്. ഇനി മറ്റൊരു നഗ്നസത്യം കൂടി ഞാന്‍ വെളിപ്പെടുത്തട്ടെ. ഞാനൊരു നല്ല എഴുത്തുകാരന്‍ കൂടിയാണ്. ഞെട്ടിയോ ? എങ്കില്‍ ഇതു കൂടി കേട്ടോളൂ, കെഎസ്യു തിയറ്റേഴ്സിനു വേണ്ടി ഇതിനോടകം മൂന്നു രാഷ്ട്രീയ നാടകങ്ങള്‍ ഞാനെഴുതിക്കഴിഞ്ഞു. എന്റെ പുറത്തു തട്ടി അഭിനന്ദിക്കാന്‍ രാഹുല്‍ജിയുടെ കൈകള്‍ തരിക്കുന്നുണ്ടാവും എന്നെനിക്കറിയാം. ഈ യോഗ്യതകളൊക്കെ നോക്കുമ്പോള്‍ തന്നെ മല്‍സരമില്ലാതെ എന്നെ കെഎസ്യു പ്രസിഡന്റാക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
കാര്യങ്ങള്‍ ഇത്രയുമായ നിലയ്ക്ക് നമുക്കല്‍പം കുടുംബകാര്യങ്ങള്‍ സംസാരിക്കാം. മമ്മി കോങ്ക്രസ് പ്രസിഡന്റായതില്‍ പിന്നെ വീട്ടില്‍ എങ്ങനെയാണ് ? ഇറ്റലിക്കൊക്കെ പോകാറുണ്ടോ ? അവിടെ ഇപ്പോള്‍ ആരാണുള്ളത് ? അവിടെ മമ്മീടെ വീതത്തിലുള്ള സ്ഥലവും കാര്യങ്ങളുമൊക്കെ വിറ്റോ അതോ പാട്ടത്തിനു കൊടുത്തോ ? റബ്ബറായിരിക്കും അല്ലിയോ ? ആ കാരാട്ടിനെക്കൊണ്ട് വല്ല ഉപദ്രവവുമുണ്ടെങ്കില്‍ പറയണം. നമുക്കിവിടിന്നു പയ്യന്‍മാരെ വിട്ടടിപ്പിക്കാം. പുള്ളീടെ മുടി വിഗ്ഗാണോ ? പ്രിയങ്കാജിക്കു വേരെടെ ഉപദ്രവം വല്ലതുമുണ്ടോ ഇപ്പോഴും മെലിഞ്ഞു തന്നെ ഇരിക്കുന്നു. രാഹുല്‍ജി ഇങ്ങനൊക്കെ നടന്നാല്‍ മതിയോ ? കല്യാണമൊക്കെ കഴിച്ചു സ്വസ്ഥമാവണ്ടേ ?
കുറെക്കാലമായി മനസ്സില്‍ കൊണ്ടു നടന്ന ഒരു സംശയം നേരിട്ടങ്ങു ചോദിച്ചേക്കാം. ഇനിയിപ്പോള്‍ നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പോകുന്ന നിലയ്ക്ക് ഇത്തരം സംശയങ്ങള്‍ ഇല്ലാതിരിക്കുന്നതാണല്ലോ നല്ലത്. അതായത് ഗാന്ധി കുടുംബത്തിന്റെ ഒരു കാര്യമാണ്. ഈ ബന്ധങ്ങള്‍ എന്നും എന്നെ കണ്‍ഫ്യൂഷനിലാക്കിയിട്ടേ ഉള്ളൂ. അതായത്. രാഹുല്‍ജിയുടെ ഫാദറാണല്ലോ രാജീവ് ഗാന്ധി. രാജീവ് ഗാന്ധിയുടെ അമ്മ- ഇന്തിരാ ഗാന്ധി- ഇന്തിരാ ഗാന്ധിയുടെ അച്ഛന്‍ മഹാത്മാ ഗാന്ധി. എന്റെ സംശയം അപ്പോള്‍ ഇതിനിടയില്‍ വേറെ ഒരാളുടെ പേരിങ്ങനെ പറഞ്ഞു കേള്‍ക്കുന്നുണ്ടല്ലോ. ആ.. ജവഹര്‍ലാല്‍ നെഹ്റു. മൂപ്പരുമായി എന്താ ബന്ധം ? നമ്മുടെ ഈ ഗാന്ധി കുടുംബത്തില്‍ കണ്ട നെഹ്റുവിനൊക്കെ എന്താ കാര്യം ? ഇനിയിപ്പോള്‍ പറയാന്‍ കൊള്ളാത്ത വല്ല കേസുകെട്ടുമാണെങ്കില്‍ ഞാനൊന്നും ചോദിച്ചിട്ടുമില്ല, രാഹുല്‍ജി ഒന്നും കേട്ടിട്ടുമില്ല. നമ്മളീ ചെറുപ്പക്കാരാകുമ്പോള്‍ കാര്യങ്ങളൊക്കെ തുറന്നു ചോദിക്കാമല്ലോ. അപ്പോള്‍ അങ്ങനെ. ഞാന്‍ ഡല്ലിക്കു വരേണ്ടതെപ്പോഴാന്നു വച്ചാല്‍ പറഞ്ഞാല്‍ മതി.
സ്നേഹപൂര്‍വം,
വിശ്വസ്തനായ സുഹൃത്ത്,
ടിപ്ടോപ് വിജയന്‍,
ടിപ്ടോപ് ഇലക്ട്രിക്കല്‍സ്,
പിണറായി, കണ്ണൂര്‍.

