Archive for March, 2011
സ്ഥാനാര്‍ഥിനിര്‍ണയം (ചാറ്റ് ഹിസ്റ്ററി)

സ്ഥാനാര്‍ഥിനിര്‍ണയം (ചാറ്റ് ഹിസ്റ്ററി)

Posted 24 March 2011 | By | Categories: Spoof | 49 Comments

കൂയ് !

ആ പൂയ് !

അണ്ണാ.. സുഖമല്ലേ ?

ആരെടാ കൊച്ചുകഴുവേറി നീ ?

ഞാന്‍ സണ്ണി.. ഫ്രം ദില്ലി…

സോ വാട്ട് ?

അണ്ണന്റെ ഫാനാണ് !

ഹഹഹ.. ഇന്ത്യക്കാരെല്ലാം എന്റെ ഫാന്‍സ് ആണ്..

അതെയതെ.. ഗേള്‍സൊക്കെ ഭയങ്കരം..

ഹൊഹൊ.. ഒന്നും പറയണ്ട…

എന്റെ ഫ്രണ്ട്‍സ് കുറച്ചു ഗേള്‍സ് അണ്ണനെ കാണാനാഗ്രഹിക്കുന്നു…

രാത്രി 9 കഴിഞ്ഞ് ടിബിയിലേക്കു വരാന്‍ പറ..

ഉവ്വ… അണ്ണന്‍ ഒറ്റയ്‍ക്കായിരിക്കുവോ അതോ വിദേശസുഹൃത്തുക്കള്‍ കാണുവോ ?

നിന്റെ ഫ്രണ്ട്‍സിനെന്നെ കാണണോ വേണ്ടയോ ?

കാണണം, കാണണം.. എന്തു വില കൊടുത്തിട്ടായാലും ശരി..

എങ്കി പറഞ്ഞ പോലെ ചെയ്യ്…

അപ്പോ അണ്ണനെപ്പറ്റി കേള്‍ക്കുന്നതൊക്കേ നേരാണല്ലേ ?

എന്തോന്ന് കേട്ടു ?

അല്ല അണ്ണന്‍ ഷിബു എന്ന കള്ളപ്പേരില്‍..

ഓ, ഈ പത്രക്കാരെക്കൊണ്ടു ഞാന്‍ തോറ്റു… ഷിബു എന്നത് എന്നെ വിട്ടില്‍ വിളിക്കുന്ന ചെല്ലപ്പേരാണ്..

അണ്ണന്‍ വല്യപൂശുവീരനാണെന്നും കേള്‍ക്കുന്നു…

പോടാ മ#@*$… ഒരുമാതിരി കോപ്പിലേ സദാചാരോം കൊണ്ടിറങ്ങിക്കോളും ബ്ലഡി ഫക്കിങ് ഇന്ത്യന്‍സ്..

അണ്ണനും ഒരിന്ത്യക്കാരനല്ലേ ?

ഹഹഹഹഹഹഹഹഹഹഹഹഹ…

അതെന്തിനാ ചിരിച്ചത്

ഹേയ് ചുമ്മാ… ഇവിടൊരു സൈഡില്‍ ടോം ആന്‍ഡ് ജെറി കാണുന്നുണ്ട്…

അണ്ണന്‍ ഇടയ്‍ക്കിടെ കേരളത്തില്‍ ഇങ്ങനെ പേരുമാറി ഒളിച്ചു വരുന്നതെന്തിനാ ?

ചെക്കനെക്കൊണ്ടു തോറ്റല്ലോ.. തുണ്ടുപടം കണ്ടോണ്ടിരിക്കുന്നേന്റെ ഇടയില്‍ എന്തിനാ ആളുകള്‍ ഇടയ്‍ക്കിടെ ടോയ്‍ലറ്റില്‍ പോകുന്നേ ?

ഉവ്വ മനസ്സിലായി…

പൊളിറ്റിക്സ് ഒക്കെ അറിയാവോ ?

കുറച്ചൊക്കെ.. ഡിഗ്രി എക്കണോമിക്സായിരുന്നു.. അതില്‍ ഒരു പേപ്പര്‍ പൊളിറ്റിക്സ് ഉണ്ടായിരുന്നു…

അതല്ല.. ഇന്ത്യന്‍ പൊളിറ്റിക്സ്… ശരിക്കുമുള്ള രാഷ്ട്രീയം ?

അണ്ണനെ അറിയാം.. അണ്ണന്റെ മമ്മി, സിസ്റ്റര്‍.. എല്ലാരേം അറിയാം..

അറിയാം മീന്‍സ് ?

പത്രത്തില്‍ കണ്ടിട്ടൊണ്ട്… വേറെയാരേം വല്യ പിടിയില്ല…

കേരളത്തില്‍ നമ്മടെ പാര്‍ട്ടി എങ്ങനൊണ്ട് ?

അയ്യോ അറിയത്തില്ല.. എല്ലാം കള്ളന്മാരാണെന്ന് എന്റെ പപ്പ എപ്പോഴും പറയും…

ങും.. എന്റെ പപ്പേം അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്…

ഇലക്ഷനൊക്കെ അടുത്തപ്പോഴേക്കും കണ്ടില്ലേ ? മൊത്തം അടിയായി…

ഇലക്ഷനില്‍ ആരു ജയിക്കും ?

അറിയത്തില്ല.. ഞാനീ വോട്ടൊന്നും ചെയ്യാന്‍ പോകത്തില്ല…

ഇതുവരെ ചെയ്തിട്ടില്ല ??

ഒരിക്കല്‍ മാത്രം.. അന്നത് അസാധുവായി..

ഏതാ മണ്ഡലം ?

അയ്യോ എനിക്കതൊന്നും അറിയാല്‍ മേല..

വെരിഗുഡ്… ആദ്യം എനിക്കുമിതൊന്നും അറിയത്തില്ലായിരുന്നു… ജില്ല ?

തൃശൂരാ.. ഞാനങ്ങോട്ടൊന്നും പോകാറില്ല.. സ്ഥിരമായി ഇവിടെയാ..

ഞാനും ആദ്യമങ്ങനൊക്കെ തന്നെയായിരുന്നു…

അല്ലണ്ണാ.. അണ്ണന്റെ ഈ ചെറുപ്പത്തിന്റെ രഹസ്യം എന്തുവാ ?

ഹഹഹ.. നീയവരെ ടിബിലോട്ടു വിടു ചെറുക്കാ…

അയ്യോ, അവര് വരും.. അവര് അണ്ണനെ ഉപദ്രവിക്കാതെ നോക്കിയാല്‍ മതി.. അണ്ണനു താല്‍പര്യമുണ്ടെങ്കില്‍ വേറേം പിള്ളേരുണ്ട്, വിടാം..

എല്ലാരേം കൂടി അങ്ങനെ ഒന്നിച്ചുവിട്ടാല്‍.. ??

വേണ്ട, ബാച്ചു ബാച്ചായിട്ടു വിടാം…

ശരി, നിനക്കിപ്പോ ഞാനെന്താ തരിക ?

അയ്യോ, എനിക്കൊന്നും വേണ്ട, അണ്ണന്റെ ഈ സ്നേഹം മാത്രം മതി..

അതുപറ്റില്ല… ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു..

അയ്യോ, എന്തിന് ?

നിന്നില്‍ ഭാവിയുള്ള ഒരു രാഷ്ട്രീയക്കാരനെ, ജനനായകനെ, ഭരണകര്‍ത്താവിനെ ഒക്കെ ഞാന്‍ കാണുന്നു…

അണ്ണാ, വിന്‍ഡോ മാറിയതാണോ ?

അല്ല നിന്നോടു തന്നെയാ… നിന്നിലെ സത്യസന്ധത, രാഷ്ട്രീയപരിജ്ഞാനം,നീതിബോധം എന്നിവ എന്നെ ഹഠാദാകര്‍ഷിച്ചു.

അയ്യോ അതെപ്പോ ??

നിനക്കു ഞാന്‍ ഈ തിരഞ്ഞെടുപ്പില്‍ സീറ്റൊരെണ്ണം തരട്ടേ ?

അയ്യോ, എനിക്ക് അണ്ണന്റെ പാര്‍ട്ടിക്കാരെ ആരേം പരിചയമില്ല..

അതൊന്നും പറഞ്ഞാല്‍ പറ്റില്ല, നിനക്കു ഞാന്‍ സീറ്റു തരും…

ദൈവമേ, ഇപ്പോ തന്നെ സ്ഥാനാര്‍ഥിയാകാന്‍ കുപ്പായം തുന്നി നടക്കുന്നവരെ മുട്ടീട്ട് നടക്കത്തില്ല..

നീയതൊന്നും പറയണ്ട.. ഇതൊക്കെ ഞാനാ തീരുമാനിക്കുന്നത്…

പക്ഷെ, എനിക്ക് രാഷ്ട്രീയമൊന്നും അറിയത്തില്ല…

ഓ പിന്നെ… ഇന്ത്യയുടെ രാഷ്ട്രപിതാവ് ആരാണ് ?

മഹാത്മാ ഗാന്ധി ?

ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് എന്നാണ് ?

ഓഗസ്റ്റ് 15ന്

മതി, ഇതു മതി..! അപ്പോ ഏതു മണ്ഡലമാ വേണ്ടെ ?

അയ്യോ അണ്ണാ.. കേരളത്തിലെ പാര്‍ട്ടിക്കാര് എന്നെ കൊല്ലും..

ഒന്നു പോടാ ഉവ്വേ.. അവന്മാരെ ഞാന്‍ കൊല്ലാനിരിക്കുവാ…

എന്നാലും.. ??

ഒരെന്നാലുമില്ല.. നിന്നെ ഞാനുറപ്പിച്ചു… മണ്ഡലം ഏതാണെന്നു വച്ചാല്‍ വീട്ടിച്ചോദിച്ചിട്ടു പറ… എന്നിട്ട് നാലു വെള്ളയുടുപ്പും വാങ്ങി അടുത്ത വണ്ടിക്ക് വിട്ടോ.. നീയവിടെ ചെല്ലുമ്പോഴേക്കും ലിസ്റ്റ് അവിടെ വന്നിരിക്കും…

ഈശ്വരാ, ഇതൊക്കെ സത്യമാണോ.. ??

അതെ വല്‍സാ.. നി പറഞ്ഞത് ചെയ്യ്.. അപ്പോ നാളെ 9 മണിക്ക് ടിബിയില്‍

അയ്യോ അതു ഞാനേറ്റു…നാളെയല്ല, നാളെ മുതല്‍..

അപ്പോ എല്ലാം ഫിക്സ്‍ഡ് !

സീറ്റ് വിഭജന ചര്ച്ച

സീറ്റ് വിഭജന ചര്ച്ച

Posted 23 March 2011 | By | Categories: Spoof | 41 Comments

ശരി അപ്പോ.. ചര്ച്ച തുടരാം… ഇതു വരെ ആയ സീറ്റുകളുടെ കണക്കൊന്നു നോക്കിക്കേ..

ആകെ സീറ്റ് 140. ഘടക കക്ഷികളെല്ലാം കൂടി 50.. നമുക്ക് ബാക്കിയുള്ളത് 90.. അതില് തീരുമാനമായത്.. നായര്-22, മുസ്ലിം- 12, ക്രിസ്ത്യാനി- 15 ഇതില് സിറിയന്, ലാറ്റിന്, ഓര്ത്തഡോക്സ്,സിഎസ്ഐ എല്ലാം വരും, ഈഴവര്-15.. ഇത്രേമാണ് ആയിട്ടുള്ളത്. ഇനിയുള്ളത് നമ്മുടെ അഭ്യുദയകാംക്ഷികള്ക്കും മറ്റും കൊടുക്കാനുള്ളതാണ്..

ഹും.. ചാക്കോച്ചന് സ്ഥിരം ടിബിയില് പെണ്പിള്ളേരെ എത്തിച്ചു കൊടുക്കുന്ന ഒരുത്തനുണ്ടായിരുന്നല്ലോ… എന്താ പേര് ?

ജോഷി, ജോഷി..

അതെ ജോഷി.. ആ ജോഷി ഒരുത്തന്റെ കാര്യം പറഞ്ഞിരുന്നു. ജോഷിയെ നമുക്കിനീം ആവശ്യമുള്ളതാ..അതുകൊണ്ട് ജോഷി പറഞ്ഞവനെ അങ്ങു ഫിക്സ് ചെയ്തേരെ..

അവന് വെല്യ തിരിമറിക്കാരനാ.. നിയമസഭേല് കേറ്റിയാല് അതിന്റെ കഴുക്കോല് വരെ ഊരിക്കോണ്ടു പോകുന്ന കക്ഷിയാ..

ഓ പിന്നെ.. താനൊക്കെ പിന്നെ നിയമസഭയ്ക്കകത്ത് ഒലത്തുവാണല്ലോ.. ഒന്നു പോടെ.. നമുക്കെല്ലാം ഫണ്ടുണ്ടാവണം.. അതിനു വേണ്ടിയല്ലേ ഇത്.. അല്ലാതെ എന്തോന്ന് നിയമോം സഭേം.. ആ പെട്ടെന്നാവട്ടെ.. വൈകിട്ട് പത്രമടിക്കുന്നേന് മുമ്പ് ലിസ്റ്റ് ഒണ്ടാകണം..

അല്ല സാറേ, ഇതിനി ഡെല്ഹീല്പ്പോയി കണ്ടു വരണ്ടേ ?

ഓ പിന്നെ, ഉണ്ട !.. ഡെല്ലിക്കാര്ക്ക് അങ്ങനെയൊന്നുമില്ലടെ.. സീറ്റു ചോദിച്ചു നടക്കുന്ന ഉണ്ണാക്കന്മാരെ പറ്റിക്കാന് നമ്മളങ്ങനെ പറയുന്നെന്നല്ലേയുള്ളൂ. നമ്മളൊരു ലിസ്റ്റ് അങ്ങു കൊടുക്കും, അത് ഡെല്ലി ഓഫിസീന്ന് അമേരിക്കെടെ എംബസി ഓഫിസില് കൊണ്ടുപോയി കൊടുക്കും ബൈ ഹാന്ഡ്.. അവര് അത് വായിച്ചു നോക്കീട്ട് ഓകെയാണെങ്കില് സീലു വച്ചു തരും .. അല്ലെങ്കില് തിരുത്തും.. അതു നമ്മളും സീലു വയ്ക്കും അത്രേയുള്ളൂ..

അയ്യോ, അമേരിക്കക്കെന്തുവാ നമ്മുടെ പാര്ട്ടീ കാര്യം ?

ഹഹഹഹഹ.. ഡാ ചെക്കാ നീ ലിസ്റ്റ് എഴുതെടാ.. ഓരോ മണ്ടന് ചോദ്യങ്ങള് !

ഇതൊക്കെ നാളെ വിക്കിലീക്ക്സില് വന്നാലോ സാറേ ?

എല്ലാം മോര്ഫിങ്ങാണെന്നു പറഞ്ഞാ മതി.. ഹല്ല പിന്നെ.. എടേ ആരാ വിക്കിലീക്ക്സ് ഒക്കെ നോക്കുന്നേ.. വിദേശത്തൊക്കെ കിടക്കുന്നവന്മാരാ.. അവന്മാരൊണ്ടോ നമുക്ക് വോട്ടു ചെയ്യുന്നു.. നമുക്കു വോട്ടു ചെയ്യുന്നവന് വിക്കിലീക്ക്സ് പോയിട്ട് നേരേ ചൊവ്വേ കറണ്ടും വെള്ളോം പോലും നമ്മള് കൊടുത്തിട്ടില്ല..വിക്കിലീക്ക്സ് പോലും വിക്കീലീക്ക്സ് !

അല്ല സാറേ കോരസാറിന്റെ പാര്ട്ടിക്കാര് നമ്മളെ വാരുവോ ?

കോരസാറ് വാരിയാലും ഇല്ലെങ്കിലും എല്ലാ മണ്ഡലത്തിലും നമ്മള് കോരസാറിനെ വാരും, എന്നു വച്ചാ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തോണ്ട് വാരും… കണ്ട അണ്ടനേം അടകോടനേ പിടിച്ചുകേറ്റി ലയിപ്പിച്ചിട്ട് സീറ്റ് എണ്ണം കൂട്ടി ചോദിക്കാത്തേന്റെ കൊറവേയുള്ളൂ… പണി കൊടുത്തില്ലേല് എന്നെ നീ ങ്ങനെ ങ്ങനെ വിളിച്ചോ..

അപ്പോ സാറേ, മറ്റേ സാറ് ജയിലീന്നു മല്സരിക്കുന്നതോ ?

അങ്ങനേം ഉണ്ടെടാ ചെല മണ്ഡലങ്ങള്.. പുള്ളി ജയിലീന്നല്ല ഏത് പാതാളത്തീന്നു മല്സരിച്ചാലും അവിടെ ജയിക്കും… പുള്ളി നാട് വികസിപ്പിക്കണോന്നോ, ജനങ്ങളെ ഉദ്ധരിക്കണോന്നോ ഒന്നുമില്ല, ജനത്തിന് പുള്ളിയെ ഇങ്ങനെ അഞ്ചു വര്ഷം കൂടുമ്പോ ജയിപ്പിച്ചോണ്ടിരിക്കണം… അല്ലാതെ പുള്ളി ജയിലിലാണോ പുറത്താണോ എന്നൊന്നും ആരും ശ്രദ്ധിക്കാറേയില്ല..

അപ്പോപ്പിന്നെ സാറേ പുള്ളിയെക്കാലും ഇമേജുള്ള നമ്മടെ മരിച്ചുപോയ നേതാവിനെ നമുക്ക് ഏതെങ്കിലും മണ്ഡലത്തീന്ന് മല്സരിപ്പിച്ചാലോ ? ഉറപ്പായിട്ടും ജയിക്കും.മരിച്ചുപോവുകേം കൂടി ചെയ്തതുകൊണ്ട് സഹതാപതരംഗോം കിട്ടും..

ശരിക്കും അതൊക്കെയാണ് വേണ്ടത്.. ഈ ഇലകഷന് കമ്മിഷന്റെ ഓരോ നിയമങ്ങള് കാരണമല്ലേ… തിരഞ്ഞെടുപ്പില് മല്സരിക്കുന്ന ആള്ക്ക് വോട്ടര്പട്ടികേല് പേരു വേണമെന്ന് നിര്ബന്ധമാണെന്ന്.. വല്ല കാര്യോം ഉണ്ടോ ഇത്തവണ നമ്മള് അധികാരത്തില്‍ കേറിയാല്‍ ഉറപ്പായും മരിച്ചവര്‍ക്കു മല്‍സരിക്കാനുള്ള നിയമം ഉണ്ടാക്കും..മറ്റോന്മാര്‍ക്ക് മരിച്ചവരെ വോട്ടേഴ്സ്‍ ലിസ്റ്റില്‍ തിരുകാമെങ്കില്‍ പിന്നെ നമുക്ക് സ്ഥാനാര്‍ഥിയാക്കിക്കൂടെ ?

അല്ല സാറേ, മറ്റോമ്മാര് അരമനേം കന്യാസ്ത്രീമഠോമൊക്കെ കേറിയിറങ്ങി വോട്ടു ചോദിക്കുന്നുണ്ട്…

മണ്ടന്‍മാര്‍, തെണ്ടികള്‍… ഇക്കാലമത്രയും അച്ചന്മാരുടെ തലമണ്ടയ്‍ക്ക് കല്ലെറിഞ്ഞിട്ട് ഇപ്പോ ചെന്നാല്‍ ഒലത്തിക്കൊടുക്കും…

അല്ല സാറേ, ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചുകൊടുക്കണമെന്നാണല്ലോ അച്ചന്മാരുടെ പോളിസി, മറുകരണം കാണിച്ചുകൊടുക്കാന്‍ ഇനിയുമൊരഞ്ചു വര്‍ഷത്തേക്കു കൂടി അവരെ തിരഞ്ഞെടുത്താലോ ?

അതങ്ങോട്ടും വേണം ഈ പോളിസി.. പാവപ്പെട്ട കോട്ടൂരച്ചനോടും മറ്റും എന്തുവാ ചെയ്തത് ? ഒറ്റ സിസ്റ്റര്‍ അഭയ അല്ലേ ഉള്ളൂ, അതേ കിണറ്റില്‍ ഒരാളെക്കൂടി ഇടാന്‍ സമ്മതിച്ചില്ലല്ലോ.. പിന്നെന്തിനാ ഇവന്‍മാര്‍ക്കൊരവസരം ?

എന്നാലും മൊത്തത്തില്‍ തരംഗം അവിടേം ഇവിടേം ഇല്ലാത്ത ഒരു അന്തരീക്ഷമാണ്.. കാറ്റങ്ങോട്ടു വീശിയാല്‍ ??

ഇല്ലെടേ ഇല്ല… നമ്മളെ തോല്‍പിക്കാനാവില്ലെടെ.. എന്നു വച്ച് തോല്‍പിച്ചിട്ടില്ലാന്നു പറയുന്നില്ല.. തോല്‍പിച്ചിട്ടൊണ്ട് പലവട്ടം.. മാമയ്‍ക്ക് സീറ്റ് കൊടുക്കുകേലന്നോര്‍്ത്ത് ആ വഴിയ്‍ക്ക് ജനവികാരം ഇളക്കി മൂപ്പിക്കാമെന്നു വിചാരിച്ചപ്പോള്‍ തക്കസമയത്ത് സീറ്റ് കൊടുത്ത് ആദ്യം നമ്മളെ തോല്‍പിച്ചു.. മാമേടെ മോന്റെ പേരിലുള്ള ആരോപണം കുത്തിപ്പൊക്കിക്കോണ്ടു വന്നപ്പോ.. അതന്വേഷിക്കാന്‍ അങ്ങേര് തന്നെ പരാതി കൊടുത്ത് പിന്നേം നമ്മളെ തോല്‍പിച്ചു… എന്നിട്ടിപ്പോ ദേ, അരിക്കേസ് കോടതിയിലെത്തിച്ച് എല്ലാത്തിനേം പൂട്ടാമെന്നു വിചാരിച്ചപ്പോ കോടതീം നമ്മളെ തോല്‍പിച്ചു.. പാവങ്ങടെ അരിമുടക്കിയ ചെറ്റകള്‍ എന്ന ഇമേജ് മാത്രം ബാക്കി…

തോല്‍വികളേറ്റു വാങ്ങാന്‍ തള്ളേ, നമ്മടെ ലൈഫുകള്‍ പിന്നെയും ബാക്കി !

ഫ! കഴുവേറീ.. തോന്ന്യാസം പറയുന്നോ ?

അല്ല സാറേ, ഞാനാ ഡയലോഗ് അങ്ങു കംപ്ലീറ്റ് ചെയ്താ…

തല്‍ക്കാലം നീയാ ലിസ്റ്റ് കംപ്ലീറ്റ് ചെയ്യ്.. ഞാനൊന്നു റെസ്റ്റ് എടുക്കട്ടെ… റൂമിക്കാണും.. ജോഷിയേ !!!

വോട്ട് ഫോര്‍ തോക്കു സ്വാമി

വോട്ട് ഫോര്‍ തോക്കു സ്വാമി

Posted 22 March 2011 | By | Categories: News | 21 Comments

വെറൈറ്റി ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് ? നിങ്ങള്‍ക്കു വെറൈറ്റി ഇഷ്ടമാണെങ്കില്‍ ഈ ഇലക്ഷന് നമ്മുടെ പ്രിയപ്പെട്ട തോക്കുസ്വാമിക്ക് വോട്ടു ചെയ്യൂ. തോക്കു സ്വാമി എന്നു സ്വയം വിശേഷിപ്പിക്കുന്ന (മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്ത പേര് അദ്ദേഹം സ്വീകരിച്ചെന്നേയുള്ളൂ) സ്വാമി ഹിമവല്‍ ഭദ്രാനന്ദ ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു. സ്വാമി വേട്ട നടന്ന കാലത്ത് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് അനാവശ്യമായി ഉപദ്രവിച്ച തോക്കുസ്വാമിയോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ.

സ്വാമിയെ ആക്കാനുള്ള ഒരവസരവും ഇപ്പോഴും മാധ്യമങ്ങള്‍ പാഴാക്കുന്നില്ല.ഒരു റിപ്പോര്ട്ടില്‍ ഇങ്ങനെ പറയുന്നു- ‘തോക്കുസ്വാമി ചെയര്‍മാനായി രൂപീകരിച്ച ‘ഹിമവല്‍ അഗ്നി ഡമോക്രാറ്റിക്‌ പാര്‍ട്ടി’യുടെ ബാനറിലാണ്‌ മത്സരം. തെരഞ്ഞെടുപ്പു ചിഹ്നമായി ‘തോക്ക്‌’ അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ഹിമവല്‍ ഭദ്രാനന്ദ. തെരഞ്ഞെടുപ്പിനു സമയമായപ്പോഴാണ്‌ സ്വാമി പാര്‍ട്ടി രൂപീകരിച്ചത്‌. മഞ്ഞയും ചുവപ്പും വെള്ളയും ചേര്‍ന്ന കൊടി അണിയറയില്‍ ഒരുങ്ങുകയാണ്‌. ‘ഫീനിക്‌സ് പക്ഷി’യാണ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം.’

അതേ സമയം സ്വാമിയുടെ സ്വന്തം സൈറ്റായ ഹിമവല്‍ ടൈംസിലെ വാര്‍ത്തയില്‍ ചിഹ്നമൊന്നും പറയുന്നില്ല. ഹിമവല്‍ ടൈംസ് വാര്‍ത്ത ഇങ്ങനെയാണ്.

‘ജനത്തിനു വേണ്ടി ജനത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെട്ടു വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ, ഹിമവല്‍ അഗ്നി ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപപ്പെടുത്തി. വരുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ കൊല്ലം നിയോജക മണ്ഡലത്തില്‍ 11 ല്‍ 10 സീറ്റില്‍ യുവജനത്തിന്റെ ശക്തിയായി അഗ്നി മത്സരിക്കും.

പരസ്പരം സ്ഥാനമാനത്തിനു വേണ്ടിയുള്ള അവഹേളിക്കല്‍ , ദുഷിക്കല്‍ , കുറ്റം ചുമത്തല്‍ ,അഴിമതി എന്നിവ അഗ്നിയില്‍ ഉണ്ടാവില്ല. ജനത്തിന്റെ മനസ്സറിഞ്ഞു ജനത്തിനോടൊപ്പം നില്‍ക്കുന്ന ഒരു പ്രസ്ഥാനമാണ് അഗ്നി. മറ്റുള്ള പാര്‍ട്ടിക്കാരെ പോലെ നടക്കാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരല്ല അഗ്നി സംഘം. അഗ്നി സംഘം എന്തെങ്കിലും വാഗ്ദാനം തന്നിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കിയിരിക്കും മറിച്ചു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചില്ലങ്കില്‍ അഗ്നിയുടെ നേതാക്കള്‍ ആ സ്ഥാനം രാജിവെച്ചിരിക്കും.

എല്ലായ്പ്പോഴും ജനങ്ങളെ സേവിക്കുക, ഏതു പ്രതിസന്ധിയിലും ജനങ്ങളുടെ കൂടെ അവരില്‍ ഒരാളായി അവരുടെ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുക എന്നതാണ് അഗ്നി സംഘത്തിന്റെ ലക്ഷ്യം. ഒരു മത സംഘടനകളുമായും അഗ്നിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല.തിരഞ്ഞടുപ്പില്‍ തോറ്റാലും ജയിച്ചാലും അഗ്നി ജനനന്മക്കു വേണ്ടി പ്രവര്‍ത്തിക്കും. ആരുടെയും കുറ്റം പറഞ്ഞു അഗ്നിക്ക് ഒരു സ്ഥാനവും നേടണ്ട. അഗ്നി ജനത്തിന്റെ വേലക്കാരാണ് അല്ലാതെ വോട്ടു വാങ്ങി വിജയിച്ചതിനു ശേഷം ജനത്തിനെ അടിമയാക്കുന്ന സ്ഥിരം പരിപാടി അഗ്നി കാണിക്കില്ല.’

കുറഞ്ഞ പക്ഷം, ഇങ്ങനെയൊക്കെ പറയാനുള്ള വിവേകമെങ്കിലും കാണിച്ച സ്വാമി മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തനാണ്. എന്റെ മണ്ഡലത്തില്‍ സ്വാമിയുടെ സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍, ആ സ്ഥാനാര്‍ഥിയെ എനിക്കു ബോധിച്ചാല്‍ എപ്പോ വോട്ടു ചെയ്തെന്നു ചോദിച്ചാല്‍ മതി. എന്നാല്‍ തല്‍ക്കാലം കൊല്ലത്തു മാത്രമേ പാര്‍ട്ടിയുള്ളൂ. കൊല്ലത്ത് പത്തനാപുരം ഒഴികെ ബാക്കി എല്ലായിടത്തും ഭദ്രാനന്ദയുടെ പാര്‍ട്ടി മത്സരിക്കുമത്രേ. കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി ഗണേഷ് കുമാറിനെ രക്ഷിയ്ക്കാനാണ് പത്തനാപുരത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താത്. യുവാക്കളെ രക്ഷിയ്ക്കുകയെന്ന ദൗത്യമാണ് തോക്ക് സ്വാമി ഏറ്റെടുത്തിരിയ്ക്കുന്നത്. മലമ്പുഴയില്‍ വി എസിനെതിരെ ഹിമവല്‍ ഭദ്രാനന്ദ മത്സരിക്കും എന്നും റിപ്പോര്‍ട്ടുകളില്‍ കാണുന്നു. കൊല്ലം മണ്ഡലത്തില്‍ അഡ്വക്കേറ്റ് സംഗീത് ലുയിസ് ,കുണ്ടറ ലെനിന്‍ മാത്യു , ഇരവി പുരം കൊട്ടിയം നൈസാം ,ചാത്തന്നൂര്‍ വിപിന്‍ കൃഷ്ണന്‍ എന്നിവര്‍ അഗ്നി സംഘം സ്ഥാനാര്‍ഥികളായി രംഗത്തുണ്ടാകുമത്രേ.

വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ നിരന്തരം വീഡിയോ ക്ലിപ്പുകള്‍ അപ്‌ലോഡ് ചെയ്യുന്ന ഭദ്രാനന്ദയ്ക്ക് ഇപ്പോള്‍ ‘യൂട്യൂബുസ്വാമി’ എന്നൊരു പേര് കൂടിയുണ്ട് എന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. ‘പത്രക്കാര്‍ എന്ന പ്രശ്നക്കാര്‍’ എന്നു തുടങ്ങി കത്തിക്കയറുന്ന വിഡിയോയിലൂടെയാണ് ഞാന്‍ സ്വാമിയുടെ ഫാനായത്. ഇപ്പോ യൂ ട്യൂബില്‍ സ്വാമിയുടെ വിഡിയോകളുടെ സ്ഥിരം വരിക്കാരനാണ്. സ്വാമി എനിക്കൊരഡിക്ഷനാണ് എന്നു വേണമെങ്കില്‍ പറയാം. താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ അഡിക്ട് ആവാം. അതിനു പറ്റിയ ചില വിഡിയോകള്‍ ഷെയര്‍ ചെയ്യുന്നു. ആരെയും ഫാനാക്കുന്ന പ്രഭാഷണതചാതുരി. ഇതൊക്കെ കണ്ടു കഴിയുമ്പോള്‍ ആരായാലും പുള്ളിയെ അന്വേഷിച്ച് കണ്ടുപിടിച്ച് മിനിമം ഒരു വോട്ടെങ്കിലും ചെയ്യും, ഉറപ്പാ !

സ്വാമിജിയുടെ സില്‍സിലകള്‍ !

ബ്ലോഗ് സംരക്ഷണ വാരം

ബ്ലോഗ് സംരക്ഷണ വാരം

Posted 21 March 2011 | By | Categories: Spoof | 55 Comments

പ്രിയപ്പെട്ടവരേ, ആഗോളതലത്തില്‍ ബ്ലോഗുകളുടെ പ്രചാരവും ബ്ലോഗെഴുത്തിന്റെ ആഴവും പരപ്പും മറ്റും മന്ദീഭവിക്കുകയും വായനക്കാരുടെയും ആരാധകരുടെയും ആവേശം ഘനീഭവിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ബ്ലോഗിലേക്കു മടങ്ങൂ; ബ്ലോഗിങ്ങിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി കേരളാ ബ്ലോഗ് ബുദ്ധീജീവി അസോസിയേഷന്റെ നേതൃത്വത്തില്‍ ബ്ലോഗ് സംരക്ഷണവാരം ആചരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ വരവോടെ ആളുകള്‍ ബ്ലോഗിങ് വിട്ടുപോകുന്നത് തടയുക, വായനക്കാരെ ബ്ലോഗുകളിലേക്ക് ആവാഹിക്കുക (ആകര്‍ഷിക്കാവുന്ന സ്‌റ്റേജ് ഒക്കെ കഴിഞ്ഞുപോയി), ബ്ലോഗര്‍മാര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ പരിഗണനയും അംഗീകരാവും നേടിയെടുക്കുക, ബ്ലോഗര്‍മാരോട് അച്ചടി മാധ്യമങ്ങള്‍ പുലര്‍ത്തുന്ന അവഗണനയ്‌ക്കെതിരേ പ്രക്ഷോഭം നടത്തുക, ബ്ലോഗ് മീറ്റുകള്‍ തുടരെത്തുടരെ സംഘടിപ്പിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളാണ് അസോസിയേഷന്റെ മുന്നിലുള്ളത്.

ബ്ലോഗുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നു മലയാളഭാഷ ഉണ്ടാകുമോ എന്നു പോലും സംശയമാണ്. അറബികും ഉര്‍ദുവും മാത്രമുണ്ടായിരുന്ന ഗള്‍ഫിലും അമേരിക്ക പോലുള്ള രാജ്യങ്ങളിലും ഒക്കെ മലയാളം എന്നൊരു ഭാഷയെ എത്തിച്ചതും അവിടെയുള്ള മലയാളികള്‍ക്ക് മലയാളം ധൈര്യമായി പറയാവുന്ന സാമൂഹികസാഹചര്യം സംജാതമാക്കിയതും നമ്മള്‍ ബ്ലോഗര്‍മാരുടെ അക്ഷീണപരിശ്രമം ഒന്നു മാത്രമാണ്. എന്നാല്‍, സര്‍ക്കാരും ഭാഷാ-സാഹിത്യ അക്കാദമികളും ബ്ലോഗര്‍മാരോട് പുലര്‍ത്തുന്ന അവഗണന അങ്ങേയറ്റം പൈശാചികമാണ്. ബ്ലോഗുകള്‍ അച്ചടി മാധ്യമങ്ങളെ തുടച്ചുനീക്കുന്ന ഒരു കാലമാണ് നമ്മുടെ പ്രഖ്യാപിത സ്വപ്നമെങ്കിലും പ്രിന്റ് മീഡിയയില്‍ വല്ലതുമൊക്കെ അച്ചടിപ്പിക്കുന്നതാണ് തല്‍ക്കാലം നമ്മളാഗ്രഹിക്കുന്നതെന്നത് ഇനിയും മറച്ചുവച്ചിട്ടു കാര്യമില്ല. സിനിമാക്കാരെയും സാഹിത്യകാരന്‍മാരെയുമൊക്കെ ഫീച്ചര്‍ ചെയ്യുന്നപോലെ ഈ മീഡിയ നമ്മള്‍ ബ്ലോഗര്‍മാരെ ഫീച്ചര്‍ ചെയ്യുന്നില്ല. നമ്മുടെ ബ്ലോഗുകള്‍ അവര്‍ പ്രധാനപേജുകളില്‍ അച്ചടിക്കുന്നില്ല. ഇതിനൊക്കെ മാറ്റമുണ്ടാവേണ്ടതാണ്.

പണ്ടത്തെ ഇറാക്കിലെ യുദ്ധകാലത്തെ സത്യങ്ങള്‍ പുറത്തറിയിച്ചതു മുതല്‍ ഇന്നിപ്പോള്‍ ഈജിപ്തിലും ലിബിയയിലും ഒക്കെ നടക്കുന്ന ജനകീയപ്രക്ഷോഭങ്ങള്‍ വരെ നമ്മള്‍ ബ്ലോഗര്‍മാര്‍ സംഘടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ ട്വിറ്റര്‍ എന്നു പറഞ്ഞൊരു സൈറ്റും അതിലുള്ളവരുമാണ് ഇതിന്റെ എല്ലാം പിന്നിലെന്ന് ഒരു കുപ്രചാരണം നടക്കുന്നുണ്ട്. ഇത് നമ്മള്‍ ബ്ലോഗര്‍മാരുടെ ശക്തി നിഷേധിക്കാനാവാത്ത സോഷ്യല്‍ മീഡിയക്കാര്‍ ബോധപൂര്‍വം നമ്മളെ കൊച്ചാക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന നുണകളാണ്. യുവതലമുറ ഇത്തരം പ്രചാരണങ്ങളില്‍ മോഹിതരായി ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കും ഗൂഗിള്‍ ബസ്സിലേക്കുമൊക്കെ പോകുന്നത് എന്തു വിലകൊടുത്തും നമ്മള്‍ തടയേണ്ടതുണ്ട്. ബ്ലോഗുകള്‍ക്ക് നേരിട്ടിരിക്കുന്ന ക്ഷീണം മാറ്റാന്‍ പ്രാഥമികമായി വേണ്ടതും അതാണ്. ഇതിനായി അസോസിയേഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കര്‍മപരിപാടികള്‍ എല്ലാവരുടെയും ശ്രദ്ധയിലേക്കായി പങ്കുവയ്ക്കുകയാണ്. എല്ലാവരുടെയും നന്മയ്ക്കു വേണ്ടിയായതിനാല്‍ സഹബ്ലോഗര്‍മാര്‍ ഇവയോട് സഹകരിക്കണമെന്ന് നിര്‍ബന്ധിക്കുന്നു.

ബ്ലോഗിലേക്കു മടങ്ങൂ: ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഗൂഗിള്‍ ബസ്സ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ അഭിരമിക്കുന്ന മുന്‍കാല ബ്ലോഗര്‍മാര്‍ക്കുള്ള കല്‍പനയാണ്. ബ്ലോഗെഴുത്തു നിര്‍ത്തി ഈ പറഞ്ഞിടത്തൊക്കെ ത്രെഡുകള്‍ പോസ്റ്റുന്ന ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള അസോസിയേഷന്‍ ഇവരെ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇത്തരം സൈറ്റുകളിലെ പ്രൊഫൈല്‍ ഡിലീറ്റ് ചെയ്യണമെന്നാണ് അസോസിയേഷന്‍ നിര്‍ദേശിക്കുന്നതെങ്കിലും ഇവയൊക്കെ സൗഹൃദ നെറ്റ്‌വര്‍ക്കുകള്‍ കൂടിയായതിനാല്‍ ഇവയിലെ സാന്നിധ്യം പൂര്‍ണമായി ഒഴിവാക്കാനാവാത്തതിനാല്‍ ഒരു വരി പോലും അപ്‌ഡേറ്റ് ആയോ സ്റ്റാറ്റസ് മെസ്സേജ് ആയോ കുറിക്കാതിരിക്കുക എന്നതാണ് പ്രധാനം. അസോസിയേഷന്റെ നിര്‍ദേശം അവഗണിച്ച് വീണ്ടും ഇത് തുടരുന്നവരെ വിവിധ മാര്‍ഗങ്ങളിലൂടെ പിന്‍തിരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

ബ്ലോഗ് സംരക്ഷണസേന: ബ്ലോഗില്‍ നിന്നകന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമായവരെ ബ്ലോഗിലേക്കു മടക്കിക്കൊണ്ടുവരുന്നതിനുള്ള കര്‍മസേനയാണിത്. അസോസിയേഷന്‍ അംഗങ്ങളായ ബ്ലോഗര്‍മാരാണ് സേനയിലുള്ളത്. എല്ലാ ബ്ലോഗര്‍മാര്‍ക്കും നിത്യവും ഓരോ ബ്ലോഗ് പോസ്റ്റ് എഴുതാന്‍ പ്രചോദനം നല്‍കുക എന്നതാണ് സേനയുടെ പ്രാഥമികദൗത്യം. ലിസ്റ്റിലുള്ള ബ്ലോഗര്‍മാരുമായി ചാറ്റിലൂടെ ഇക്കാര്യം ഓര്‍മിപ്പിക്കുകയും പോസ്റ്റിനു വിിഷയദാരിദ്ര്യമുണ്ടെങ്കില്‍ ആശയം നല്‍കുകയും ചെയ്യും. എന്നിട്ടും പോസ്റ്റിടുന്നില്ലെങ്കില്‍ സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്ന് സോഷ്യല്‍മീഡിയയിലെ ഇവരുടെ ത്രെഡുകളെ സ്ഥിരമായി തെറിവിളിക്കുക വഴി ഇവരെ ബ്ലോഗിലേക്കു വിരട്ടിയോടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. സേനയുടെ നിര്‍ദേശം അനുസരിച്ച് എന്നും ഓരോ പോസ്റ്റിടുന്നവര്‍ക്ക് ഓരോ പോസ്റ്റിനും 100 കമന്റ് ഉറപ്പാക്കുക എന്നതും ലക്ഷ്യമാണ്. ഇതനുസരിച്ച് പോസ്റ്റിടുന്ന എല്ലാവര്‍ക്കും സേനയുടെ നിര്‍ദേശപ്രകാരം അന്നു പോസ്റ്റിട്ട എല്ലാവരുടേയും ലിങ്കുകള്‍ അയച്ചു കൊടുക്കും. ആ ലിങ്കുകള്‍ ക്ലിക്ക് ചെയ്ത് കമന്റിടുക വഴി ‘എല്ലാവര്‍ക്കും 100 കമന്റ് എല്ലവരും പുലികള്‍’ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് അസോസിയേഷന്‍.

നവാഗതര്‍ക്കു പ്രോല്‍സാഹനം: പുതിയ ബ്ലോഗര്‍മാരെ അകര്‍ഷിക്കുക എന്നതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റുകള്‍ നല്‍കുന്ന ബ്ലോഗില്ലാത്തവരെ നിത്യപ്രേരണയിലൂടെ ബ്ലോഗര്‍മാരാക്കുക, എന്നും ഓരോ ബ്ലോഗ് പോസ്റ്റിടാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നവാഗതരായ ബ്ലോഗര്‍മാര്‍ വായനക്കാരില്ല എന്ന കാരണത്താല്‍ ബ്ലോഗിങ് നിര്‍ത്തി പോകാതിരിക്കുന്നതിനായി. കന്നി പോസ്റ്റ് മുതല്‍ 10 പോസ്റ്റുകള്‍ക്ക് ആവശ്യത്തിനു ഹിറ്റും കമന്റുകളും ഉറപ്പാക്കുന്നതിന് ബ്ലോഗര്‍മാര്‍ തന്നെ വായനക്കാരാവണം. ഇത് വലിയ പ്രോല്‍സാഹനമായി കണ്ട് തുടര്‍ന്നും ബ്ലോഗാന്‍ അവരെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. അതുപോലെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഓരോ വര്‍ഷവും കുറെ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും അതിന്റെ വാര്‍ത്ത പത്രങ്ങളിലും ചാനലുകളിലും വരുത്തുകയും ചെയ്യണം.

വായനക്കാരെ ആകര്‍ഷിക്കാന്‍ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്യുന്നതിനായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കാം. എന്നാല്‍ ഇതുകൊണ്ടു മാത്രം കാര്യമില്ല. ഓരോ ദിവസവും ഒന്നിലേറെ തവണ പോസ്റ്റുകളുടെ ലിങ്കുകളടങ്ങിയ ന്യൂസ്‌ലെറ്ററുകള്‍ മിനിമം 10,000 പേര്‍ക്കെങ്കിലും ഇമെയില്‍ അയക്കണം. 10 ശതമാനം ആളുകളെങ്കിലും ലിങ്ക് ക്ലിക്ക് ചെയ്തു നോക്കുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. മനപൂര്‍വം വിവാദങ്ങളുണ്ടാക്കുക, ബ്ലോഗ് പോസ്റ്റിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വിവാദമുണ്ടാക്കി വായനക്കാരെ ആകര്‍ഷിക്കുക എന്നിവയും വേണം.

കഴിവുള്ള ബ്ലോഗര്‍മാര്‍ ബ്ലോഗിങ് നിര്‍ത്തി ഗൂഗിള്‍ ബസ്സിലും മറ്റും ചുറ്റി നടക്കുന്നു എന്നത് തന്നെയാണ് ബ്ലോഗിലെ പ്രതിസന്ധിക്കു കാരണം. അവരെ തിരികെ കൊണ്ടുവരുന്നതോടൊപ്പം സ്വന്തമായി സൈറ്റ് തുടങ്ങുന്ന ഒരു വിഭാഗത്തെയും നിയന്ത്രിക്കേണ്ടതുണ്ട്. ഡേറ്റാബേസ് ഉണ്ടാക്കലാണ് പുതിയ വിനോദം. ഭാഷയുടെയും കലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും ഒക്കെ ഡേറ്റാബേസ് ഉണ്ടാക്കുന്നതിലൂടെ ഇവയെ ഒക്കെ നാശത്തില്‍ നിന്നു സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഇവര്‍ ഭാവിക്കുന്നുണ്ടെങ്കിലും വിക്കിപ്പീഡിയ കോപിയടിക്കുകയോ വല്ലവരുടേം കയ്യില്‍ നിന്ന് മലയാളം കണ്ടന്റ് തൂക്കിവാങ്ങിച്ച് സൈറ്റിലിട്ട് തങ്ങളുടെ ഉദ്ധാരണശേഷിയെപ്പറ്റി വീമ്പിളക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ബ്ലോഗിങ് വേസ്റ്റാണെന്നും ബ്ലോഗ് ചെയ്യുന്നവര്‍ വിഡ്ഢികളാണെന്നും ഭാവിക്കുന്ന ഇത്തരക്കാര്‍ തങ്ങളുടെ ഉദ്യമം സത്യസന്ധമായ എന്തോ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുമുണ്ട്. ഇത്തരക്കാരുടെ പൊയ്മുഖം പിച്ചിച്ചീന്തി ഇ-സമൂഹത്തില്‍ നാറ്റിക്കുകയും ബ്ലോഗര്‍മാരുടെ മഹത്വം അനുദിനം ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നതിലൂടെ അസോസിയേഷന്റെ ലക്ഷ്യങ്ങളില്‍ ചിലതെങ്കിലും സാക്ഷാത്കരിക്കുക തന്നെ ചെയ്യും.

പ്രിന്റ് മീഡിയ നമ്മളോടു കാണിക്കുന്ന അവഗണനയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി സ്വന്തമായി പത്രം, പുസ്തകം, സുവനീര്‍ എന്നിവ അടിക്കടി പ്രസിദ്ധീകരിച്ച് മനോരമ, മാതൃഭൂമി, ഡിസി, കറന്റ് തുടങ്ങിയ കുത്തകകളുടെ നിലനില്‍പ് വെല്ലുവിളിക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. പെട്ടെന്ന് ഇതിനും വായനക്കാരെ കണ്ടെത്താനാവാത്തതിനാല്‍ അതും നമ്മള്‍ തന്നെ വായിക്കേണ്ടി വരും. ഉദാഹരണത്തിന് 100 ബ്ലോഗര്‍മാര്‍ 1000 രൂപ വീതം പിരിവിട്ട് ഓരോരുത്തരുടെയും ഓരോ പോസ്റ്റ് വീതം ചേര്‍ത്ത് 100 പോസ്റ്റുകളടങ്ങിയ പുസ്തകം 100 കോപി വീതം അച്ചടിക്കുകയും ആ പുസ്തകങ്ങള്‍ ഈ ബ്ലോഗര്‍മാര്‍ തന്നെ വില കൊടുത്ത് വാങ്ങി വായിക്കുകയും ചെയ്യുന്ന നൂതനമായ രീതിയാണ് അവലംബിക്കുന്നത്. പ്രിന്റ് മീഡിയയെ നമ്മള്‍ അവഗണിക്കുന്നു എന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യവും ഇതിലുണ്ട്.

അവസാനമായി; ബ്ലോഗ് മീറ്റുകള്‍, ശില്‍പശാലകള്‍ എന്നിവ നടത്തുന്നതും അസോസിയേഷന്റെ ഗൗരവപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഈ പരിപാടികളില്‍ ശരിക്കുള്ള സാഹിത്യകാരന്മാരെ വിളിച്ച് കള്ളുവാങ്ങിക്കൊടുത്ത് നമ്മള്‍ ബ്ലോഗര്‍മാരെ പൊക്കിപ്പറയിക്കുക, നമ്മള്‍ തന്നെ പിരിവിട്ട് പരസ്പരം നല്‍കുന്ന അവാര്‍ഡുകള്‍ സമ്മാനിപ്പിക്കുക എന്നിവ പ്രധാനമാണ്. സാഹിത്യകാരന്‍മാര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കുറച്ചൊക്കെ മീഡിയക്കാര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുന്ന റിപ്പോര്‍ട്ടുകള്‍ സ്‌കാന്‍ ചെയ്ത് ബ്ലോഗിലും ടിവിയില്‍ നിന്നു റെക്കോര്‍ഡ് ചെയ്ത് യു ട്യൂബിലും ഷെയര്‍ ചെയ്യുന്നതിനായി അസോസിയേഷന്‍ നിരീക്ഷകര്‍ സജീവമായിരിക്കും. ഇന്നല്ലെങ്കില്‍ നാളെ ബ്ലോഗിലെ വിജയഗാഥകള്‍ ചക്രവാളങ്ങളെ വിറപ്പിക്കുമെന്നും നമ്മള്‍ ബ്ലോഗര്‍മാര്‍ ലോകം കീഴടക്കുന്ന സുദിനം വന്നെത്തുമെന്ന പ്രതീക്ഷയില്‍ ബ്ലോഗുക. മറക്കരുത്, എന്നും ഓരോ ബ്ലോഗ് പോസ്റ്റുക, സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുക. ബ്ലോഗ്‌സലാം !

പെമ്പിള്ളേരോട് ഒരപേക്ഷ [വേണോങ്കി കാലും പിടിക്കാം]

പെമ്പിള്ളേരോട് ഒരപേക്ഷ [വേണോങ്കി കാലും പിടിക്കാം]

Posted 21 March 2011 | By | Categories: Analysis | 107 Comments

ദേശീയരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു യുവതിയുടെ കാലുകളാണ് ഇത്. എനിക്കു പറയാനുള്ളത് ഈ യുവതിയെപ്പറ്റിയോ ആ കാലുകളെപ്പറ്റിയോ അല്ല. ആ കാലുകളെ പിങ്കണിയിച്ചിരിക്കുന്ന വേഷവിധാനത്തെപ്പറ്റിയാണ്. ‍ Knitted Churidar എന്നു സാര്‍വദേശീയമായും ചുരിദാറും ടൈറ്റ് ബോട്ടോം എന്നു പ്രാദേശികമായും പറയുന്ന ഈ സാധനം വനിതാ ഫാഷനില്‍ എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നെനിക്കു പിടികിട്ടുന്നില്ല. അതേ സമയം, ഈ അതീവഗുരുതര ബോട്ടം ധരിച്ച പെണ്‍കുട്ടികള്‍ സൃഷ്ടിക്കുന്ന സാമൂഹികഅസന്തുലിതാവസ്ഥകള്‍ വര്‍ധിക്കുകയും ചെയ്യുന്നു.

സാരിയാണ് മലയാളിപ്പെണ്ണുങ്ങള്‍ക്ക് പറ്റിയ വേഷം എന്നു പറയുന്നത് പഴഞ്ചന്‍ മനസ്സാണെന്നാണ് ചില സ്ത്രീപക്ഷവാദികള്‍ പറയുന്നത്.അവര്‍ക്ക് സാരി ഉടുക്കാന്‍ അറിയാത്തതിന്റെ കോംപ്ലക്സ് അങ്ങനെ പറഞ്ഞുതീര്‍ക്കാം എന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍, കേരളത്തിലെ സ്ത്രീകളുടെ ശരീരഘടനയും മൊത്തത്തില്‍ തടിച്ച പ്രകൃതവും വച്ചു നോക്കുമ്പോള്‍ സാരി എന്നൊരു വേഷമുള്ളതാണ് കൂടുതല്‍ ഭാഗ്യം.

ഇനി സൗകര്യം വച്ചിട്ടാണെങ്കില്‍ ചുരിദാര്‍ കഴിഞ്ഞേ മറ്റൊരു വേഷമുള്ളൂ. ചിലര്‍ അതിനു മുകളില്‍ ഷാളൊക്കെ പുതച്ച് കൂടുതല്‍ രസകരമാക്കും. ജീന്‍സ് ടീ ഷര്‍ട്ട് തുടങ്ങിയ വേഷങ്ങളും മോശമല്ല. പെണ്ണിന്റെ പരിമിതികള്‍ (അങ്ങനെ ഒന്നില്ല എന്നു വിശ്വസിക്കുന്ന ഫെമിനിസ്റ്റാണ് ഞാന്‍ )എടുത്തു കാണിക്കാത്ത വേഷവിധാനങ്ങള്‍ അവരെ കൂടുതല്‍ സ്വതന്ത്രരാക്കുന്നുണ്ടാവാം.ആക്കുന്നുണ്ടെങ്കില്‍ ആക്കട്ടെ.

എന്തു പറഞ്ഞാലും ഓരോ വേഷങ്ങള്‍ക്കും ഓരോ രാഷ്ട്രീയമുണ്ട്. ഡിസൈനര്‍മാര്‍ക്കും അത് ധരിക്കുന്നവര്‍ക്കും അതെപ്പറ്റി ഒരു ധാരണയുമുണ്ടാവും. കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി ഉണ്ടാവേണ്ടതുപോലെ തന്നെ ഒരു ധാരണ ഇക്കാര്യത്തിലും ഉണ്ടായേ പറ്റൂ. അങ്ങനെയൊരു രാഷ്ട്രീയം വച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കുന്നതു പോലെയുള്ള ഒന്നാണ് മുകളില്‍ കണ്ട നിറ്റഡ് ചുഡി എന്നു പറയേണ്ടി വരും. ചുരിദാറിന് സ്ലിറ്റ് തുടങ്ങിയ കാലം മുതല്‍ ഈ ഒരു പിടികിട്ടായ്മ ഉണ്ട്. ചുരിദാര്‍ സ്വാതന്ത്ര്യം നല്‍കുന്ന വേഷമാണെന്നു പ്രഖ്യാപിക്കുകയും സ്ലിറ്റിനിടയിലൂടെ അനാവരണം ചെയ്യപ്പെടുന്ന തുട മുതല്‍ മുകളിലോട്ടുള്ള ഭാഗം മറയ്‍ക്കാന്‍ വേണ്ടി സ്ലീറ്റ് ചെയ്യപ്പെട്ട ചുരിദാറിന്റെ രണ്ടു വശത്തെയും നാലു പീസുകള്‍ കൈ കൊണ്ട് വലിച്ചെത്തിക്കാന്‍ പാടുപെടുകയും ചെയ്യുന്ന പെണ്ണുങ്ങളുടെ രാഷ്ട്രീയം പിടികിട്ടുന്നേയില്ല. അതിനിയിപ്പോ പിടികിട്ടണമെന്നും വാശിയില്ല.

നിറ്റഡ് ചുരി മൊത്തത്തില്‍ പെണ്ണുങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിട്ടില്ലെങ്കില്‍ തങ്ങള്‍ പഴഞ്ചനായിപ്പോകുമെന്ന് ഒരു ധാരണയും ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. ഉള്ള പെണ്ണുങ്ങളെല്ലാം ഈ സ്കിന്‍ടൈറ്റ് ബോട്ടം വാങ്ങിയിട്ട് പരസ്പരം അഭിനന്ദിക്കുമ്പോള്‍, അസൂയയോടെ നോക്കുമ്പോള്‍ ഇത് കാണേണ്ടി വരുന്ന പൊതുസമൂഹത്തോട് എങ്ങനെയുണ്ട് എന്നൊന്നു ചോദിക്കാമായിരുന്നു. മൂര്‍ച്ചയുള്ള നോട്ടങ്ങള്‍ എത്തുന്നുണ്ടെന്നതു കൊണ്ടു തന്നെ സംഗതി ഹിറ്റാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടാവും. സത്യത്തില്‍ ഈ നിറ്റഡ് ചുരി വല്ലാത്ത ഒരു സില്‍സില ആണെന്നു തുറന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

ഇന്നലെ വരെ സാധാരണ ചുരിദാര്‍ ധരിച്ചു വന്ന ഒരുത്തി ഇന്ന് ഈ പറഞ്ഞ ബോട്ടം ധരിച്ചു വരുമ്പോള്‍ അവള്‍ അടിയില്‍ എന്തോ ഇടാന്‍ മറന്നിട്ടു വരുന്നപോലെ ഒരു ഫീല്‍ ആണുണ്ടാവുന്നത്. സില്‍സിലകള്‍ നമ്മുടെ ജീവിത്തിന്റെ ഭാഗമാകുമെന്നതുപോലെ ഇതും ആയിക്കഴിഞ്ഞു. പക്ഷെ, ആര് ഇതൊക്കെ ഇടുന്നു എന്നിടത്താണ് ദാരുണമായ ചില പരിവേദനങ്ങള്‍ ബാക്കി നില്‍ക്കുന്നത്. പെണ്ണുങ്ങള്‍ക്കു ബോധമില്ല പണ്ടേതോ മെയില്‍ ഷോവനിസ്റ്റ് പറഞ്ഞത് പ്രസക്തമാകുന്നത് ഇവിടെയാണ്.

ഏത് വേഷം ധരിക്കുമ്പോഴും ഏറ്റവും പ്രധാനമായി വേണ്ടത് കോമണ്‍സെന്‍സ് ആണ്. ടൈറ്റ് ബോട്ടം ധരിക്കുമ്പോള്‍ അത്യാവശ്യം ഉണ്ടാവേണ്ട ഒന്ന് സാമാന്യം ഫിറ്റ് ആയ കാലുകളാണ്. ഈ സാധനം തനിക്കു ചേരുമോ ഇല്ലയോ എന്നൊന്നും ആലോചിക്കാതെ ഒരു അവയവോം ഫിറ്റല്ലാത്ത ഓരോ ആന്റിമാര്‍ ഇതിട്ട് വഴിയിലിറങ്ങുമ്പോള്‍ ബീഭത്സമാകുന്ന പെണ്‍ബോട്ടത്തിന്റെ തനിക്കാഴ്ചകള്‍ അവിവാഹിതരായ യുവാക്കളുടെ മനോവീര്യം പോലും കെടുത്തിക്കളയും. തേക്കിലയില്‍ ഇറച്ചി പൊതിയുക എന്നൊരു പ്രയോഗം ഉണ്ട്. ഇത് 50 പൈസലുടെ നേര്‍ത്ത പ്ലാസ്റ്റിക് കവറില്‍ 2 കിലോ ഇറച്ചിപൊതിഞ്ഞ മാതിരിയാണ്. നടക്കുമ്പോള്‍ തുള്ളിത്തുളുമ്പുന്ന മാംസ‍സ്തൂപങ്ങള്‍ കാലുകള്‍ ആണെന്ന ആത്മവിശ്വാസത്തോടെ ഈ ബോട്ടം ധരിച്ച് വഴിയിലിറങ്ങുന്ന സഹോദരിമാരേ, ഞങ്ങളെ ക്രൂശിക്കരുത്. ഇത്തരത്തിലൊരു ലൈംഗികദാരിദ്ര്യം കേരളസമൂഹത്തിനില്ല. പോരെങ്കില്‍ ഞങ്ങള്‍ക്കൊക്കെ വീട്ടില്‍ അമ്മപെങ്ങന്‍മാരുമുണ്ട്. അതൊന്നും നിങ്ങള്‍ക്കൊരു പ്രശ്നമല്ലെങ്കില്‍ മേനകാ ഗാന്ധിയുടെ കാരുണ്യം കൊണ്ട് നാട്ടിലെങ്ങും പേയുള്ളതും ഇല്ലാത്തതുമായി ലക്ഷക്കണക്കിനു തെരുവുനായ്‍ക്കളുണ്ട്. നിങ്ങളിത്ര ടൈറ്റായി നടക്കുമ്പോള്‍ സെക്സ് അപ്പീലിനെക്കാള് പ്രസക്തമാകുന്നത് മീറ്റ് അപ്പീല്‍ ആണെന്നതിനാല്‍ നല്ല കടി കിട്ടാന്‍ സാധ്യതയുണ്ട്.

ദയ, കരുണ, സ്നേഹം തുടങ്ങിയ വികാരങ്ങളുടെ ഹോള്‍സെയില്‍ സ്ത്രീകള്‍ക്കാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എല്ലാം കൂടി ചോദിക്കുന്നില്ല. കുറച്ച് ദയ ബാക്കിയുണ്ടെങ്കില്‍ ഈ ബോട്ടം മാംസവല്‍ക്കരണ പദ്ധതിയില്‍ നിന്ന് ദയാപൂര്‍വം പിന്മാറുക. പുറത്തിറങ്ങുമ്പോള്‍ വസ്ത്രം എന്നു പറയാന്‍ എന്തെങ്കിലും അടിയില്‍ നിര്‍ബന്ധമായും ധരിക്കുക. കാണാത്തതൊന്നും ഞങ്ങളെ കാണിക്കരുത് പ്ലീസ് !

ഒരു മലയാളിയുടെ സത്യവാങ്‍മൂലം !

ഒരു മലയാളിയുടെ സത്യവാങ്‍മൂലം !

Posted 20 March 2011 | By | Categories: Guest Blogs | 32 Comments

ബ്ലോഗില്‍ ഗസ്റ്റ് പോസ്റ്റുകള്‍ ഉള്‍പ്പെടുത്തി തുടങ്ങിയപ്പോള്‍ ആദ്യം തന്നെ പ്രസിദ്ധീകരിക്കണം എന്നാഗ്രഹിച്ച ഒന്നാണിത്. എംബിഎ ബിദ്യാര്‍ഥിയായ ജോസ് തോമസിന്റെ ഈ ‘കിടു പോസ്റ്റ്’ എന്തുകൊണ്ടും ഒരു മലയാളിയുടെ ആത്മാവിഷ്കാരമാണ് എന്നു പറയാതെ വയ്യ. ജോസിന്റെ അനുവാദത്തോടെ ആ ഗുമ്മന്‍ പോസ്റ്റ് എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു (എഡിറ്റിങ്ങോ തിരുത്തലുകളോ നടത്തിയിട്ടില്ല).

I am a Malayali

1.I am not a Mallu I am a Malayali
2.Shakeela is not from my state
3.Sreesanth is from my state,but I hate him.
4.My mother tongue is not Tamil.
5.I may like Rajnikanth or Shah Rukh Khan…..but I always prefer Mohanlal
6.I love cricket…but I love football more
7.I am an Indian….yes Sachin is God…..
8.All my uncles are not in Dubai…
9.I am not always a Nair
10.I am an alcoholic,unless I am gay impotent or just plainly scared of mom.
11.I may or may not be Marxist,but essentially a socialist
12.I may not laugh at your joke…no offenses..blame it on Jagathy Sreekumar..I have already heard them.
13.You may not laugh at my joke…no offenses…blame it on Sreenivasan…you would not understand.
14.I am a non vegetarian…..and Yes I eat beef
15.If you find me and another malayali shouting at each other animatedly at the top of our voices calling each other names…never bother we are just having a healthy discussion on Mammootty and Mohanlal.
16.When I was a student….I never bunked…we just called a strike…
17.Yes I use a lungi….and play football wearing it…..now you can’t beat that.
18.I don’t understand Kadhakali…….
19.I don’t like you much,I may look down upon you…can’t help it….that is how we are made….
20.When you are talking to me….never mention Poland….again blame it on Sreenivasan..you wouldn’t understand.

അറബിയും ഒട്ടകവും പിന്നെ കാമറൂണ്‍ നായരും

അറബിയും ഒട്ടകവും പിന്നെ കാമറൂണ്‍ നായരും

Posted 19 March 2011 | By | Categories: Cinema | 41 Comments

കൊല്ലക്കുടിയില്‍ സൂചി വില്‍ക്കരുത് എന്ന പഴമൊഴിയും അതിന്റെ ഉദ്ദേശവുമൊക്കെ നമുക്കറിയാം. എന്നാല്‍ കൊല്ലന്‍ സൂചിക്കടയില്‍ ചെന്നു നിന്നിട്ട് ഭയങ്കരന്‍ സൂചികള് തന്നണ്ണാ എന്നു പറയുമ്പോള്‍ ഈ ടൈപ്പ് സൂചികള്‍ കൊല്ലന്‍ കണ്ടിട്ടില്ലെന്നു കരുതി അഭിമാനപുളകിതമായ അന്തരംഗവുമായി കുത്തിയിരിക്കുന്ന സൂചിക്കടക്കാരനെ അഭിനന്ദിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന രാഷ്ട്രീയം പുതിയതാണ്.

അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന സിനിമയുടെ അബുദാബിയിലെ ലൊക്കേഷനില്‍ ഷൂട്ടിങ് കാണാനും വിശ്വോത്തരസംവിധായകനായ പ്രിയദര്‍ശനേം യൂണിവേഴ്‍സല്‍ സൂപ്പര്‍സ്റ്റാറായ ലാലേട്ടനേം പരിചയപ്പെട്ട് അനുഗ്രഹം വാങ്ങിക്കാനും മറ്റുമായി വെറും രണ്ടു സിനിമകള്‍ മാത്രമെടുത്തിട്ടുള്ള ജയിംസ് കാമറൂണ്‍ ചെന്നു എന്നിടത്താണ് വാര്‍ത്ത കൊടുത്ത മാധ്യമങ്ങളുടെ മലയാള രാഷ്ട്രീയം കിടന്നു കളിക്കുന്നത്. പ്രിയദര്‍ശന്‍ സിനിമ ഷൂട്ട് ചെയ്യുന്നത് കണ്ട് ജയിംസ് കാമറൂണ്‍ അല്‍ഭുതപരതന്ത്രനായത്രേ.

അബുദാബിയിലെവിടെയോ പ്രിയന്‍ ചിത്രത്തിന്റെ ഷൂട്ടിങ്‌ ഉണ്ടെന്നു കേട്ടറിഞ്ഞ്‌ എത്തിയതായിരുന്നത്രേ കാമറൂണ്‍. ഇന്ത്യന്‍ സിനിമയിലെ മലയാളി മാഫിയയെക്കുറിച്ച് പഠിക്കാനോ എങ്ങനെ ഒരു കൂതറ സിനിമയെടുക്കാം എന്ന അന്വേഷണത്തിന്റെ ഭാഗമായോ അല്ല, പ്രിയദര്‍ശന്റെ സിനിമേടെ ഷൂട്ടിങ് നടക്കുന്നു എന്നു കേട്ട് മരുഭൂമിയിലൂടെ കാതങ്ങള്‍ സ‍ഞ്ചരിച്ച് ആരെത്തി ? ജയിംസ് കാമറൂണ്‍ എത്തി.

ക്യാമറമാന്‍ അഴകപ്പന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ്‌ ഒരു ജീപ്പില്‍ കാമറൂണ്‍ ലൊക്കേഷനിലെത്തിയത്‌. ജീപ്പില്‍ നിന്ന്‌ പുറത്തിറങ്ങിയ കാമറൂണിനെക്കണ്ട്‌ യൂണിറ്റ്‌ അംഗങ്ങള്‍ ആദ്യമൊന്ന്‌ പകച്ചെങ്കിലും പെടുന്നനെ എല്ലാവരും ചേര്‍ന്ന്‌ അദ്ദേഹത്തെ സ്വീകരിച്ചു. ആദ്യമൊന്നു പകച്ചു പോയതായി പ്രിയനും വെളിപ്പെടുത്തി. പിന്നീട്‌ സമചിത്തത വീണ്ടെടുത്തു. ലൊക്കേഷനില്‍ ഒരു മണിക്കൂറോളം ചെലവഴിച്ച അവതാര്‍ സംവിധായകന്റെ ലക്ഷ്യം ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ്‌ നേരില്‍ കാണുക തന്നെയായിരുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ അഭിനന്ദിച്ച അദ്ദേഹം പരിമിതമായ സൗകര്യങ്ങളില്‍ സിനിമയെടുക്കുന്നതില്‍ അദ്‌ഭുതപ്പെടുകയും ചെയ്‌തു. പ്രിയന്റെ സംവിധാന മികവിനെ നോക്കിക്കണ്ടതിന്‌ ശേഷം അദ്ദേഹത്തിന്റെ രീതികളില്‍ സംതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തു -മംഗളം വാര്‍ത്തയില്‍ പറയുന്നു.

ലാലേട്ടന് അവിടെ കാറിന്റെ (ഡ്രൈവിങ്ങിന്റെ) ലൈസന്‍സ് കിട്ടിയപ്പോള്‍ തന്നെ എന്റെ മനസ്സു പറഞ്ഞതാണ് ഇനീം എന്തൊക്കെയോ വരാനിരിക്കുന്നു എന്ന്. വന്നില്ലേ, ടൈറ്റാനിക്കും അവതാറും എടുത്ത സംവിധായകന്‍ ശരിക്കുമുള്ള സിനിമ എന്താണെന്നു കണ്ടുപഠിക്കാന്‍ നമ്മുടെ സ്വന്തം പ്രിയദര്‍ശന്റെ ഷൂട്ടില്‍ ലൊക്കേഷനില്‍ വന്നില്ലേ ? തന്റെ അടുത്ത പടത്തിലേക്ക് ലാലേട്ടന്റെ ഡേറ്റ് ചോദിക്കുക എന്ന ലക്‍ഷ്യം മനസ്സില്‍ വച്ചു തന്നെയായിരിക്കണം കാമറൂണ്‍ അതുവഴി കറങ്ങിപ്പോയത്. നിങ്ങള്‍ നോക്കിക്കോ അടുത്ത സ്കൂപ് അതായിരിക്കും. കാമറൂണ്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍- എന്തേ പുളിക്കുമോ ?

കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന പൊലീസ് നയം തന്നെയാണ് മാധ്യമങ്ങളും സ്വീകരിച്ചത്. കാമറൂണിനെ പാകത്തിനു കിട്ടാത്തതിനാല്‍ കാമറൂണിനെ കണ്ടവനായ പ്രിയദര്ശനുമായി അഭിമുഖം നടത്തി അതു പ്രസിദ്ധീകരിച്ചു കളഞ്ഞു അവര്‍, എന്തരോ എന്തോ !

ചൈനാ ടൗണ്‍ (ലൈവ്)

ചൈനാ ടൗണ്‍ (ലൈവ്)

Posted 19 March 2011 | By | Categories: News | 23 Comments

നഗരത്തില്‍ നാല് ജംക്ഷനുകളിലായി പത്തിരുപതു നിരീക്ഷണക്യാമറകള്‍ ഘടിപ്പിച്ചതോടെ നമ്മളൊക്കെ ഭയങ്കര സെറ്റപ്പാണെന്നു കരുതുന്നവര്‍ക്ക് ഈ ചൈനീസ് മോഡല്‍ ഇഷ്ടമാകുമോ എന്നറിയില്ല. സ്ട്രീറ്റ്വ്യൂ എന്നും പറഞ്ഞ് അവിടെയും ഇവിടെയും ക്യാമറ സ്ഥാപിക്കുന്ന ഗൂഗിളിനെ പുകച്ചു പുറത്തു ചാടില്ല ചൈന ഒളിക്യാമറകളുടെ കാര്യത്തില്‍ ഒരു ലോകറെക്കോര്‍ഡിനുള്ള പുറപ്പാടിലാണ്. രാജ്യമൊട്ടാകെ ചൈന സ്ഥാപിച്ചിരിക്കുന്ന ഒളിക്യാമറകളുടെ എണ്ണം 70 ലക്ഷമാണ്. 2015 ആവുമ്പോഴേക്കും 80 ലക്ഷം ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരങ്ങളുടെ രോമകൂപങ്ങളില്‍ വരെ ക്യാമറകള്‍ സ്ഥാപിക്കുകയാണ് ചൈന.

ചുരുക്കത്തില്‍ 2015 ആവുമ്പോഴേക്കും ചൈനയിലെ മൊത്തം ഒളിക്യാമറകളുടെ എണ്ണം ഒന്നരക്കോടിയാകും. ഇപ്പോള്‍ തന്നെ മൂന്നു ലക്ഷത്തിലേറെ ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ള ചോങ്ഖിങ്ങില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രണ്ടു ലക്ഷം ക്യാമറകള്‍ കൂടി സ്ഥാപിച്ച് മൊത്തം ക്യാമറകളുടെ എണ്ണം അഞ്ചു ലക്ഷമാക്കാനുള്ള പദ്ധതിയാണ് അധികൃതര്‍ നടപ്പാക്കുന്നത്. ചൈനയ്ക്ക് സൂക്ഷ്മനിരീക്ഷണത്തിന്റെ കാര്യത്തില്‍ ചോങ്ഖിങ്ങെന്നോ ബെയ്ജിങ്ങോ ഭേദമില്ല. 2015 ആകുമ്പോഴേക്കും ബെയ്ജിങ്ങിലും ഷാങ്ഹായിലും മാത്രമായി 30 ലക്ഷം ക്യാമറകളുണ്ടാവും. ക്യാമറ വച്ചിരിക്കുന്നതുകൊണ്ട് ചൈനയിലെ 30 ശതമാനം കേസുകളും ലോക്കല്‍-ഏരിയ കമ്മിറ്റികള്‍ക്കു വിടാതെ പൊലീസ് തന്നെ പരിഹരിക്കുകയാണത്രേ.

എന്നാല്‍ ലോകത്ത് ഏറ്റവും അധികം ഒളിക്യാമറകളുള്ള നഗരം ചൈനയിലല്ല. ലണ്ടന്‍ നഗരത്തിനാണ് ആ റെക്കോര്‍ഡ്. മൊത്തം 20 ലക്ഷം ഒളിക്യാമറകളാണ് ലണ്ടന്‍ നഗരത്തില്‍ മാത്രം സ്ഥാപിച്ചിരിക്കുന്നത്. ഇത് ലോക്കല്‍ കേസുകള്‍ സോള്‍വ് ചെയ്യാന്‍ പൊലീസിനെ ഭയങ്കരമായി സഹായിക്കുന്നുണ്ടത്രേ. സുരക്ഷ സുരക്ഷ എന്നു പറയുന്നതൊരു കുട്ടിക്കളിയല്ലെന്നു ചുരുക്കം. ക്യാമറയെവിടാണെന്നു കണ്ടുപിടിച്ച് അതിന്റെ കണ്ണുപൊത്തിയിട്ട് എന്തെങ്കിലും ചെയ്യാമൊന്നൊരു മോഹം ആര്‍ക്കും വേണ്ട. ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ പറഞ്ഞതുപോലെ ഈ ഫോറസ്റ്റ് അപ്പടി കാടാണല്ലോ എന്നു വെറുതെ ആത്മഗതം ചെയ്തു ഡീസന്റായി നടന്നുപോകുന്നതാണ് ബുദ്ധി.

ബഹ്‌റൈന്‍ കലാപം: ഒരു ഉള്‍കാഴ്ച

ബഹ്‌റൈന്‍ കലാപം: ഒരു ഉള്‍കാഴ്ച

Posted 18 March 2011 | By | Categories: Guest Blogs | 32 Comments

വി സ് നു സീറ്റ് കൊടുത്തില്ല , ഇതാ കൊടുത്തു.. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ ‍, നീലനു പകരം ഭാര്യ!! ഇനി ചക്കി മോളെ വിടുന്നില്ലേ!! ഇങ്ങനെ നീളുന്ന തലക്കെട്ടുകളില്‍ എവിടെയും ഞങ്ങളെ പോലുള്ള അരക്ഷിതാവസ്ഥ നേരിടുന്നവരുടെ വാര്‍ത്ത കണ്ടില്ല..

3 ലക്ഷം ഇന്ത്യക്കാരുള്ള ഒരു കൊച്ചു രാജ്യത്തു നിന്നും എഴുതട്ടെ!

AK 47 തോക്കുകള്‍ നമ്മുടെ പദ്മശ്രീ കേണല്‍ ലാലേട്ടന്റെ കയ്യില്‍ മാത്രം കണ്ടു ശീലിച്ച ഞങ്ങള്‍ക്ക് ഇത് ഒരു പുതിയ അനുഭവം ആണ്.
On Gun Point ” Hands up !! Knee Down !!” കണ്ടിട്ടുണ്ടോ? ഞങ്ങള്‍ അനുഭവിക്കുകയാണ്!! ഒരു അനുഭവം ഇവിടെ തുടങ്ങുന്നു.

” ഏതു പട്ടിക്കും ഒരു ദിവസം ഉണ്ടെന്നു പറയുന്നത് സത്യമാണെന്ന് ഇന്നലെ ഞാന്‍ മനസ്സിലാക്കി. ഇന്നലെ എന്‍റെ ദിവസമായിരുന്നു. എന്‍റെ ദിവസം എന്ന് പറഞ്ഞാല്‍ ശരിക്കും എന്‍റെ മാത്രം ദിവസം. കീര്‍ത്തിചക്ര എന്ന സിനിമ കണ്ടപ്പോള്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു കമാന്‍ഡോ ഓപറേഷന്‍ കാണണം എന്ന്. ഇന്നലെ ഞാന്‍ അത് അതിന്‍റെ മൂര്‍ത്തിമദ് ഭാവത്തില്‍ നേരിട്ട് കണ്ടു. കണ്ടു എന്നു മാത്രമല്ല അനുഭവിച്ചു. ബഹറിനില്‍ കലാപം കാരണം കഴിഞ്ഞ നാല് ദിവസങ്ങളായി ഓഫീസ്‌ ഒക്കെ മുടക്കായിരുന്നു. മിക്ക ഒഴിവു ദിവസങ്ങളും പോലെ ഇന്നലെയും രാവിലെ ഞാന്‍ എഴുന്നേറ്റത് ബ്ലാക്ക്ബെറിയില്‍ ഒരു ചാറ്റ് അലര്‍ച്ച കേട്ടിട്ടാണ്. എന്‍റെ മാനേജരുടെ വക.

സൌദിയിലെ ഒരു ക്ലയന്റിനു ഒരു ടെക്നിക്കല്‍ പ്രോബ്ലം. ബഹറിനിലെ മിക്ക കമ്പനികളും അടച്ചിരിക്കുന്ന സമയത്താണ് സൌദിയിലെ ക്ലയന്റിന് പ്രശ്നം വരുന്നത്. ക്ലയന്റ് എന്നു പറഞ്ഞാല്‍ കലാപത്തെയും സ്വന്തം കുടുംബത്തെയും മറക്കുന്ന മാനേജരുടെ ആജ്ഞ കേട്ടതും എന്‍റെ ഉറക്കമോക്കെ പോയി. ആരും ഇല്ലാത്തതു കാരണം ഓഫീസിന്‍റെ അകത്തു കയറി ഉള്ളില്‍ നിന്നും ഞാന്‍ വാതില്‍ ലോക്ക് ചെയ്തു. അപ്പോള്‍ സമയം ഏകദേശം 11.30. ടോബ്ലെരോണ്‍ ചോക്ലേറ്റ്‌ ഒക്കെ തിന്ന് സമാധാനമായി വര്‍ക്ക്‌ ചെയ്യുകയായിരുന്ന ഞാന്‍ ഏകദേശം 12.25 ആയപ്പോള്‍ ആരോ ഓഫീസ് വാതില്‍ ഇടിച്ചു പൊളിക്കുന്ന ശബ്ദം കേട്ടു. തീവ്രവാദികള്‍ ആക്രമിക്കാന്‍ വരുന്നതാണെന്ന് കരുതി ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നാലാം നിലയിലെ ഓഫീസില്‍ നിന്നും താഴെ ചാടിയാലോ എന്നു പോലും ആലോചിച്ചു. ഇതൊക്കെ ആലോചിച്ചു തീരുന്നതിനു മുന്നേ തന്നെ ഏകദേശം 12 പേര്‍ റൂമിന്‍റെ അകത്തു കയറിയിരുന്നു. കറുപ്പ് കുപ്പായവും ഹെല്‍മെറ്റും മുഖംമൂടിയും ധരിച്ച ആയുധ ധാരികള്‍ എന്‍റെ നേരെ അവരുടെ കയ്യില്‍ ഇരിക്കുന്ന മെഷീന്‍ഗണ്‍ നീട്ടി.

ഒരു നിമിഷം ഞാന്‍ ലാലേട്ടനെ ആലോചിക്കുകയായിരുന്നു. Hands up. Freeze there.. ഇത്ര മാത്രമേ അവര്‍ പറഞ്ഞുള്ളൂ. ഞാന്‍ കയ്യും പൊക്കി അവിടെ അനങ്ങാതെ നിന്നു. തീവ്രവാദികള്‍ അല്ല എന്നു മനസ്സിലായപ്പോള്‍ തന്നെ എനിക്ക് പകുതി ശ്വാസം വീണു. എന്തായാലും ഇവര്‍ എന്നെ കൊല്ലാന്‍ വന്നവരല്ലല്ലോ. ദയനീയമായ എന്‍റെ നില്പു കണ്ടിട്ടാണോ എന്നറിയില്ല അതില്‍ ഒരു കമാണ്ടോ എന്നോട് knee down എന്നു പറഞ്ഞു. ജീവിതത്തിനും മരണത്തിനും ഇടയിലെ ദൂരം തീരെ കുറഞ്ഞത് പോലെ എനിക്ക് തോന്നി. ഉര്‍ദുവും ഇംഗ്ലീഷും കലര്‍ത്തിയ ഭാഷയില്‍ ഏകദേശം 20 മിനുട്ട് നീണ്ട ചോദ്യം ചെയ്യലിനു ശേഷം അവര്‍ എന്നെ എഴുന്നേറ്റു നില്‍ക്കാന്‍ അനുവദിച്ചു. അപ്പോഴേക്കും അവര്‍ ഓഫിസ് മുഴുവന്‍ അരിച്ചു പെറുക്കിയിരുന്നു.കമാന്‍ഡോകള്‍ക്ക് പിന്നാലെ ആയുധധാരികളായ പോലീസുകാരും പോലീസ് ഡയറക്ടറും വന്നു. എന്നെ വിളിച്ചു ഓഫീസിലെ സോഫയില്‍ ഇരുത്തി റിലാക്സ് ചെയ്യാന്‍ പറഞ്ഞു. പെട്ടെന്നാണ് അവര്‍ക്ക് അടുത്ത എന്തോ ഒരു വയര്‍ലെസ്‌ സന്ദേശം കിട്ടിയത്. ഉടന്‍ തന്നെ മുഴുവന്‍ കമാന്‍ഡോകളും പുറത്തേക്കോടി. ആയുധധാരിയായ ഒരു പോലീസുകാരന്‍ മാത്രം എന്‍റെ കൂടെ അവിടെ ഇരുന്നു. അയാള്‍ വളരെ സൌമ്യനായി എന്നോട് സംസാരിച്ചു. അവര്‍ക്ക് എന്തോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ടെന്നും അതാണ്‌ വന്നതെന്നും വാതില്‍ പൊളിച്ചതിനു സോറിയും അയാള്‍ പറഞ്ഞു. മരുഭൂമിയില്‍ മഴ പെയ്തത് പോലെ അപ്പോഴാണ്‌ എനിക്ക് സമാധാനമായത്.

എന്‍റെ ഫ്ലാറ്റ് ഉള്ള സ്ഥലം വളരെ സുരക്ഷിതമാണെന്ന് എല്ലാവരോടും ഞാന്‍ പറയാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ അയാളോട് ചോദിച്ചു ഈ സ്ഥലം സേഫ് അല്ലെ? അയാളുടെ മറുപടി ഇതായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ബഹറിനില്‍ എവിടെയും സുരക്ഷിതമല്ല. എവിടെ എപ്പോള്‍ എന്ത് സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ഏകദേശം 45 മിനുട്ടിന് ശേഷം തോക്കിന്‍ മുനയില്‍ നിന്നും എനിക്ക് മോചനം ലഭിച്ചു.

മുകളില്‍ പറഞ്ഞതു പോലെ ഒരു ആഗ്രഹം സാധിക്കപ്പെട്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം. ശരിക്കും ഇന്നലെ എന്‍റെ ദിവസം തന്നെയായിരുന്നു, ഒരു ഒന്നൊന്നര ദിവസം. ”

അങ്ങ് ഡല്‍ഹിയില്‍ നിന്നും ബഹറിനിലേക്ക് വരാന്‍ കപ്പല്‍ റെഡി ആണെന്നാണ്‌ കേട്ടത്. ആ കപ്പല്‍ ഇവിടെ എത്തുമ്പോഴേക്കും ലിബിയയില്‍ ഉള്ള ഒരു മലയാളി പറഞ്ഞത് പോലെ നമ്മുടെ മയ്യത്ത് കൊണ്ട് പോവേണ്ടി വരുമോ ആവോ.. കാത്തിരുന്നു കാണാം.. അല്ല.. കാത്തിരുന്ന് എല്ലാം അനുഭവിക്കാം. ഒടുവില്‍ നമ്മടെ ഗഫൂര്‍ക്കയുടെ ഉരുവില്‍ കയറി പോകേണ്ടി വരും ന്നാണ് തോന്നുന്നത്.. അറബി അറിയാലോ അല്ലെ? “അസലാമു അലിയ്കകും വാ അലയുക്കും ഉസ്ലാം”

മനാമയില്‍ ഗോള്‍ഡ്‌ സിറ്റി എന്ന് പറഞ്ഞാ അറിയാത്തവരില്ല, കേരളത്തിലെ ഏത് അണ്ടനും അടകോടനും ജ്വല്ലറി തുടങ്ങുന്ന ബഹരിന്റെ കേന്ദ്രസ്ഥാനം.. കഴിഞ്ഞാഴ്ച താഴെ കൂടെ ഒരു കൂട്ടം അക്രമികള്‍ വടിവാളും സൈക്കിള്‍ ചെയിനും ഒക്കെ ആയി ആര്‍ത്തിരമ്പി ഓടുന്നത് കണ്ട് വേഗം ഇന്ത്യന്‍ എംബസ്സിയുടെ വെബ്‌ സൈറ്റില്‍ കൊടുത്ത മൊബൈല്‍ നമ്പറിലേക്ക് ഡയല്‍ ചെയ്തു. മറുപടി അടിപൊളി.. ശരിക്കും അടി പൊളിഞ്ഞു.. ” Did you see with your own eyes or is ‌ simply telling ?? are you sure that you saw them beating someone ?? ok let me check !! ” എന്തോന്ന് ചെക്ക്‌? തേങ്ങാകൊല.. ഒരുത്തനും പിന്നെ തിരിച്ചു വിളിച്ചും ഇല്ല, അവിടെ ഒന്നും ഒരു പോലീസുകാരനും വന്നും ഇല്ല!!

എംബസി വെബ്‌ സൈറ്റില്‍ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്‌, നമ്മളൊക്കെ അതില്‍ പേരും അഡ്രസ്സും ഒക്കെ രജിസ്റ്റര്‍ ചെയ്യണം ന്നു.. ബഹുഭൂരിപക്ഷം വരുന്ന കമ്പ്യൂട്ടര്‍ കണ്ടിട്ട് പോലും ഇല്ലാത്ത പാവങ്ങള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യും ആവോ? അപ്പൊ ഉരു വരുമ്പോ ഇവര്‍ക്ക് സീറ്റ്‌ കിട്ടില്ലേ?

എല്ലാം അനുഭവിക്കാനും നാടിന്‍റെ സമ്പദ്ഘടനയെ തകര്‍ക്കാതെ വിദേശനാണ്യം കൊണ്ട് നാടിനെ സംരക്ഷിക്കാനും, വോട്ട് ചെയ്യാന്‍ പോലും എംബസ്സിയില്‍ കാശ് കൊടുക്കേണ്ട ഗതികേട്!! ഭാര്യെയും മക്കളെയും വേഗം നാട്ടിലേക്ക് അയക്കാന്‍ വെമ്പല്‍ കൊള്ളുന്ന ദാരിദ്രനാരായണന്‍ മാരായ ഗള്‍ഫുകാര്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി..

കഴിഞ്ഞ തിങ്കളാഴ്ച വെറും 6000 രൂപ ഉണ്ടായിരുന്ന വിമാന ടിക്കറ്റിനു ഇന്ന് 12000 മാത്രം!! കലക്കവെള്ളത്തിലല്ലേ മീന്‍ പിടിക്കാന്‍ പറ്റൂ.. തിരക്കിട്ട സീറ്റ് വിഭജന ചര്ച്ചക്കിടയിലും നമ്മുടെ അഹമ്മദ് സാഹിബ് പറയുന്നത് കേട്ടു “India is closely monitoring the evolving situation in Bahrain ”
ഞമ്മക്ക് ഇംഗ്ലീഷ് അറിഞ്ഞൂടാ സാറേ….ഈ monitoring ന്നു വച്ചാ എന്തൂട്ടാ????

കടപ്പാട്: commando operation നേരിട്ട് അനുഭവിച്ച സജിന്‍ KP .. ഇവന് 24 വയസ്സില്‍ 2 അറ്റാക്ക്‌ കഴിഞ്ഞു.. :) വെളുത്തു സുന്ദരന്‍ ആയിരുന്ന ഇവന്‍ ഇപ്പൊ പേടിച്ചു കറുത്ത് പോയി..

വാല്‍കഷ്ണം: Asianet flash news : മുഖ്യമന്ത്രി V S പ്രധാനമന്തിക്ക് ബഹ്‌റൈന്‍ മലയാളികളുടെ സുരക്ഷ ഉറപ്പു വരുത്തണം ന്നു കത്ത് എഴുതി .. 2017 ല്‍ VS വീണ്ടും അധികാരത്തില്‍ വരുമ്പോഴേക്കും ഒരു തീരുമാനം ഉണ്ടാകും ന്നു പ്രതീക്ഷിക്കാം അല്ലെ?

അങ്ങനെ വിഎസിന് ഒരു സീറ്റ് ഒപ്പിച്ചു കൊടുത്തു !

അങ്ങനെ വിഎസിന് ഒരു സീറ്റ് ഒപ്പിച്ചു കൊടുത്തു !

Posted 18 March 2011 | By | Categories: Politics | 23 Comments

വിഎസ് അച്യുതാനന്ദന്‍ മല്‍സരിക്കുന്നുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് ആളുകളുടെ ചോദ്യം. ഉണ്ടെങ്കില്‍ അത് ജനങ്ങളുടെ വിജയം,മാധ്യമങ്ങളുടെ വിജയം (സ്വാഭാവികമായും പാര്‍ട്ടിയുടെ പരാജയം), ഇല്ലെങ്കില്‍ അത് സത്യം, നീതി ധര്‍മം എന്നിവയുടെ പരാജയം, പാര്‍ട്ടിയുടെ ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും വിജയം. വിഎസ് മലമ്പുഴയില്‍ മല്‍സരിക്കുമെന്ന് പിണറായിയെ കൊണ്ട് പറയിച്ചതിന്റെ ക്രെഡിറ്റ് നിലവില്‍ അനുകൂലികള്‍ക്കോ മീഡിയയ്‍ക്കോ ? എനിക്കു മനസ്സിലാകാഞ്ഞിട്ടു ചോദിക്കുവാണ് ഇത് എന്തോന്ന് വെള്ളരിക്കാപ്പട്ടണമോ ?

വിഎസ് അനുകൂലികള്‍ എന്നു വിശേഷിപ്പിക്കുന്നവര്‍ സത്യത്തില്‍ ആരാണ് ? അവരൊക്കെ സിപിഎമ്മിന്റെ തത്വശാസ്ത്രങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന അഴിമതിരാഷ്ട്രീയത്തിനെതിരേ പടപൊരുതുന്ന നല്ലവരായ കമ്യൂണിസ്റ്റുകാരാണെന്ന് കരുതുന്നെങ്കില്‍ അത് അബദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളതുപോലെ നമ്മള്‍ ഉദ്ദേശിക്കുന്ന മാതിരി ഒരു പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. വിഎസ് മല്‍സരിക്കണോ വേണ്ടയോ എന്നു പാര്‍്ട്ടിയും വിഎസും ചേര്‍ന്ന് തീരുമാനിച്ചുകൊള്ളും. അക്കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് വിഎസും പറഞ്ഞിട്ടുണ്ട്. പക്ഷെ, സോ കോള്‍ഡ് വിഎസ് അനുകൂലികള്‍ അതൊന്നും സമ്മതിക്കില്ല, വിഎസിനെ മല്‍സരിപ്പിച്ചേ അടങ്ങൂ.

മഹത്തായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിലോ കേരളാ കോണ്‍ഗ്രസിലോ ഇത്തരത്തിലൊരു ഏര്‍പ്പാടുള്ളതായിട്ടു ഞാന്‍ കേട്ടിട്ടില്ല.സിപിഎമ്മിന്റെ കാര്യത്തില്‍ മാത്രം ജനത്തിന് അസാധാരണമായ ഉത്കണ്ഠ. വിഎസ് ഇല്ലെങ്കില്‍ കേരളം നരകത്തിലേക്കോ നാശത്തിലേക്കോ പോകുമെന്ന മട്ടിലാണ് കാര്യങ്ങള്‍. വിധിയുടെ വിളയാട്ടം കൊണ്ട് വിഎസിനു ലഭിച്ചിരിക്കുന്നത് അദ്ദേഹം ഒരിക്കല്‍പ്പോലും സ്വപ്നം കണ്ടിട്ടില്ലാത്ത ഇമേജ് ആണ്. വിഎസിനെ ഒതുക്കാന്‍ പാര്‍ട്ടി പഠിച്ച പണിയെല്ലാം നോക്കിയിട്ടും ഏതോ ഒരു പക്ഷിയെപ്പോലെ അദ്ദേഹം പാര്‍ട്ടിയുടെ മുകളില്‍ ചിറകിട്ടടിക്കുകയാണ് എന്നാണ് സങ്കല്‍പം. വിഎസിന് ഈ ഇമേജുണ്ടായത് അദ്ദേഹം സിപിഎമ്മിലായതുകൊണ്ടാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ അദ്ദേഹം ഒരിക്കലും മുഖ്യമന്ത്രി ആവില്ലായിരുന്നു. ആയാലും അഞ്ചു വര്‍ഷം തികയ്‍ക്കും മുമ്പേ എടുത്തു തോട്ടിലെറിഞ്ഞേനെ. മാത്രവുമല്ല തിരഞ്ഞെടുപ്പുകാലത്ത് വല്ല പ്രചാരണത്തിനുമിറക്കിയെങ്കിലല്ലാതെ സീറ്റില്‍ തൊടാന്‍ കൂടി സമ്മതിക്കില്ലായിരുന്നു. ഇതിനെക്കാള്‍ ഇമേജുണ്ടായിരുന്ന എ.കെ.ആന്റണിയെ കേരളത്തില്‍ നിന്ന് എങ്ങനെ പറപ്പിച്ചു എന്നത് കെപിസിസിക്കാരോട് ചോദിച്ചാല്‍ അറിയാം.

എന്തിന് ഇപ്പോള്‍ ഇതു പറയുന്നു എന്നു ചോദിച്ചാല്‍, ജനം വിഎസ് അനുകൂലതരംഗവുമായി തെരുവിലിറങ്ങിയതിന്റെ പേരില്‍, മാധ്യമങ്ങള്‍ വിഎസിനു സീറ്റില്ല എന്നു കേട്ട് ഇന്നലെ മുഴുവന്‍ ഞെട്ടിയതിന്റെ പേരിലാണ് ഇന്ന് അവയ്‍ലബിള്‍ പിബി അദ്ദേഹത്തിനെ മലമ്പുഴയില്‍ നിര്‍ത്തുമെന്ന് പറഞ്ഞത് എന്നു ഞാന്‍ വിശ്വസിക്കാത്തതുകൊണ്ടാണ്. നന്നായി മാനേജ് പോകുന്ന ഒരു പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. കഴിഞ്ഞ 5 വര്‍ഷത്തെ ഭരണമികവ് എന്നു പറയുന്നത് വിഎസിന്റെ വണ്‍ മാന്‍ ഷോ ആയിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എല്ലാ വകുപ്പുകളും വികസനോന്‍മുഖമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അതിന്റെയൊക്കെ ക്രെഡിറ്റ് മുഖ്യമന്ത്രിയായ വിഎസിനു കൂടി അവകാശപ്പെട്ടതാണ്. എന്നാല്‍ എല്ലാം വിഎസിന്റെ മായാജാലമാണെന്നും മറ്റു മന്ത്രിമാരും നേതാക്കന്‍മാരും അഴിമതിക്കാരും വികസനവിരുദ്ധരുമാണെന്ന് സ്ഥാപിച്ചുകൊണ്ടാണ് വിഎസ് അനുകൂലികള്‍ പ്രചാരണം നടത്തുന്നത്.

വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചന്തുവായി കസറി എന്നു കരുതി എംടി വീണ്ടുമൊരു വടക്കന്‍പാട്ട് സിനിമയാക്കുമ്പോള്‍ അതില്‍ മമ്മൂട്ടിയെ നായകനാക്കണമെന്നു പറഞ്ഞ് ഫാന്‍സുകാര്‍ നാട്ടില്‍ പ്രക്ഷോഭം നടത്തുകയും എംടിയെ വെല്ലുവിളിക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കും ? വിഎസ് മല്‍സരിക്കുന്നതും മല്‍സരിക്കാത്തതും പാര്‍ട്ടിയുടെ കാര്യമാണ്. മുഖ്യമന്ത്രിയായി വിഎസ് മികച്ച പ്രകടനം കാഴ്ച വച്ചു എന്നു സമ്മതിച്ചാല്‍ അതിന്റെ അര്‍ഥം വിഎസിനെക്കാള്‍ നല്ലൊരു മുഖ്യമന്ത്രി സിപിഎമ്മില്‍ നിന്നുണ്ടാവില്ല എന്നല്ല. അങ്ങനെ പ്രചരിപ്പിക്കാനും സ്ഥാപിക്കാനും ശ്രമിക്കുന്നവര്‍ വിഎസ് അനുകൂലികള്‍ എന്നതിനെക്കാള്‍ പാര്‍ട്ടി വിരുദ്ധരാണെന്നേ പറയാനൊക്കൂ.

ഇപ്പോഴത്തെ അവസ്ഥയില്‍ വിഎസിനെ മലമ്പുഴയില്‍ മല്‍സരിപ്പിക്കുമെന്നു പറയുന്ന അവയ്‍ലബിള്‍ പിബി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാന്‍ ഒരു ശീട്ടുകൂടി ഇറക്കുകയാണ് ചെയ്തിരിക്കുന്നത്. അല്ലാതെ ജനങ്ങളും മാധ്യമങ്ങളും ചേര്‍ന്ന് പാര്‍ട്ടിയെ മലര്‍ത്തിയടിച്ച് വിഎസിനെ ഏതോ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചു എന്നത് ഒരു അബദ്ധധാരണയാണ്.

കുറിപ്പ്:- ഞാന്‍ ഇടതനോ വലതനോ ഒന്നുമല്ല. നാട്ടില്‍ ജനാധിപത്യവും സാമൂഹികസുരക്ഷയും സ്വാതന്ത്ര്യവും നല്‍കാന്‍ കഴിയുന്ന, സുസ്ഥിരഭരണം നടത്താന്‍ കഴിയുന്ന മുന്നണിയാണ് എന്റെ മുന്നണി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെയും കേരളത്തില്‍ (തല്‍ക്കാലം) സിപിഎമ്മിനെയും പിന്തുണയ്‍ക്കുന്ന ശരാശരി മലയാളിയുടെ ബുദ്ധിയേ എനിക്കുള്ളൂ. എന്നാലും പാലായില്‍ പോയി വോട്ടു ചെയ്യുമ്പോള്‍ അറിയാതെ രണ്ടിലയിലായിരിക്കും വീഴുന്നത്. ഞാനിപ്പോ എന്താ ചെയ്ക !

കൂള്‍ ജപ്പാന്‍ !

കൂള്‍ ജപ്പാന്‍ !

Posted 17 March 2011 | By | Categories: Analysis | 23 Comments

ജപ്പാനില്‍ അങ്ങേയറ്റം ഭീകരമായ അന്തരീക്ഷമാണെന്നും അവിടെ ജീവിതം റേഡിയേറ്ററിലെ വെള്ളം പോലെ തിളയ്‍ക്കുകയാണെന്നും കരുതി ജപ്പാന്‍കാരുടെ ബന്ധുക്കളും സുഹൃത്തുക്കളും കേരളത്തിലിരുന്ന് വ്യാകുലപ്പെടുന്നുണ്ടെങ്കില്‍ വേണ്ട എന്നു ജപ്പാനില്‍ നിന്നുള്ള സുഹൃത്തുക്കള്‍ തന്നെ പറയുന്നു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നു കരുതി അഞ്ചാറു ജില്ലകളിലുള്ളവര്‍ ഓടാന്‍ തയ്യാറായി, നീന്താന്‍ തയ്യാറായി അല്ല ജീവിക്കുന്നതെന്നപോലെ ടോക്കിയോ നഗരത്തില്‍ ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു. ഇവിടിരുന്ന് വെറുതെ ബിപി കൂട്ടരുതേ എന്നു മാത്രം അപേക്ഷിച്ചുകൊണ്ട് ജപ്പാനില്‍ നിന്ന് ഒരു സുഹൃത്ത് അയച്ചു തന്ന രണ്ടു വിഡിയോകള്‍ ഷെയര്‍ ചെയ്യുന്നു. രണ്ടും ഇന്നലെ (മാര്‍ച്ച് 17ന്) ടോക്കിയോ നഗരത്തില്‍ നിന്നും ചിത്രീകരിച്ചത്. ജീവിതം ഇവിടുത്തേതിനെക്കാള്‍ സാധാരണമാണ് അവിടെ. കണ്ടു നോക്കൂ.

പിന്നെ റേഡിയേഷന്‍ എന്നു കേട്ടാല്‍ വീട്ടില്‍ കയറി പുതച്ചുമൂടിയിരിക്കണമെന്നു കരുതുന്നവര്‍ക്കായി ചില വിവരങ്ങള്‍ കൂടി. ഒന്ന്, ആണവദുരന്തത്തെ തുടര്‍ന്നു മാത്രം ഉണ്ടാവുന്ന ഒന്നല്ല റേഡിയേഷന്‍ . അനുദിനം നമ്മുടെ ജീവിതത്തില്‍ റേഡിയേഷന്‍ സംഭവിക്കുന്നുണ്ട്. എക്സ്റേ മുതല്‍ എയറോപ്ലെയ്‍ന്‍ വരെ റേഡിയേഷനുണ്ടാക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിന്റെയൊരു കണക്ക് ഈ സൈറ്റിലുണ്ട്. ഇനി ടോക്കിയോയിലെ ഇന്നലത്തെ റേഡിയേഷനും ലിങ്കില്‍ കാണുന്ന വിവിധ റേഡിയേഷന്‍ കണക്കുകളും വച്ചു നോക്കുമ്പോള്‍ അറിയാം ആരാണ് കൂടുതല്‍ റേഡിയേഷന്‍ അനുഭവിക്കുന്നതെന്ന്. അതിന്റെ കുറച്ചുകൂടി വ്യക്തമായ ഒരു ഗ്രാഫ് ന്യൂയോര്‍ക് ടൈംസില്‍ പ്രസിദ്ധീകരിച്ചത് അടിച്ചുമാറ്റി ഇവിടെയിടുന്നു (ഇത് മോഷണമല്ല, അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ വിപ്ലവത്തിന്റെ ഭാഗമാണ്).

ജപ്പാനെപ്പറ്റി കഥകള്‍ മെനയുന്നതിലാണ് ഇപ്പോ ലോകത്തിനു കമ്പം. ആരാന്റമ്മയ്‍ക്കു റേഡിയേഷന്‍ വന്നാല്‍ സഹതപിക്കാന്‍ നല്ല ചേലാണെന്നു പറഞ്ഞപോലെയാണ് എല്ലാവരുടേം കാര്യം. തല്‍ക്കാലം അക്കളി വേണ്ട എന്നും ജപ്പാനിലെ ഏതാനും ഭാഗങ്ങളില്‍ മാത്രമേ ഒരു പ്രതിസന്ധി നിലവിലുള്ളൂ എന്നും ജപ്പാന്റെ പേരില്‍ പ്രചരിക്കുന്ന കള്ളക്കഥകള്‍ വിശ്വസിച്ച് നെഞ്ചത്തടിക്കരുതെന്നും ജപ്പാനില്‍ കൂള്‍ കൂളായി ജീവിക്കുന്നവര്‍ ഓര്മിപ്പിക്കുന്നു. ജപ്പാനെപ്പറ്റിയുള്ള ഒറിജിനല്‍ വാര്‍ത്തകള്‍ തല്‍സമയം ഇവിടെ കാണാം. കണ്ട ബിബിസിയും കുബിസിയുമൊന്നും പറയുന്നത് വിശ്വസിക്കരുതെന്നു ചുരുക്കം.

പെണ്ണുങ്ങളെ കടിക്കരുത്

പെണ്ണുങ്ങളെ കടിക്കരുത്

Posted 17 March 2011 | By | Categories: Analysis | 38 Comments

പെണ്ണുങ്ങളുടെ മനസില്‍ വിഷമാണ് എന്നാരോ എപ്പോഴോ എവിടെയോ വച്ചു പറഞ്ഞിട്ടുണ്ട് . മനസ്സ് എന്നതുകൊണ്ട് പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് ഏത് അവയവമാണെന്ന് വ്യക്തമല്ലെങ്കിലും ഏതാണ്ട് ഈ ഭാഗത്തായിട്ടു വരുന്ന ഭാഗമാണെങ്കില്‍ സംഗതി കുഴപ്പമാണ്. പണ്ട് പൂതനയോ മറ്റോ അതില്‍ വിഷം പുരട്ടിയൊരു നമ്പര്‍ ഇറക്കിയതായി കേട്ടിട്ടുണ്ട്. അത് പക്ഷെ ഒരു കൊച്ചുകുഞ്ഞിനോടായിരുന്നു. പദ്ധതി പൊളിഞ്ഞും പോയി. ഇസ്രയേലി മോഡലിന്റെ സഗതിയുടെ വലിപ്പം കണ്ട് വെള്ളമിറക്കിയിട്ടുള്ള ഫാന്‍സ് ഇന്നു മുതല്‍ ഡീസന്റായിരിക്കും. അതില്‍ തൊടാന്‍ പോയിട്ട് നോക്കാന്‍ പോലും ജനം ഭയപ്പെടും. ഉഗ്രന്‍ റേഡിയേഷന്‍ വന്നുകൊണ്ടിരിക്കുന്ന ആണവറിയാക്ടറുകളെയെന്ന പോലെ ഭയപ്പെട്ട് രണ്ടടി മാറിയേ നടക്കൂ ഏതു ഞരമ്പുരോഗിയും.

മോഡല്‍ എന്നു പറയുമ്പോള്‍ ചില മ്യൂസിക് ആല്‍ബങ്ങളില്‍‍ അംഗനവാടി ടീച്ചര്‍ എന്നു പറയുന്നതുപോലെ എടുത്താല്‍ മതി. കഥയിലെ നായിക ഓറിറ്റ ഫോക്‌സ് ഒരു ബി ഗ്രേഡ് മോഡലാണ്. അതായത് ഊതിപ്പെരുപ്പിച്ച അവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള മോഡലിങ്. ഏതവയവമാണ് ഊതിപ്പെരുപ്പിച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് അശ്ലീലമാകും. മോഡലിങ് ഉപജീവനമാക്കിയ ആ പാവപ്പെട്ട സഹോദരിയുടെ ചിത്രം കാണിക്കാം.

ഇതാണ് മുതല്‍. ആ കണ്ണുകള്‍ മാത്രം മതി മനുഷ്യരുടെ റേഡിയേഷന്‍ കൂടാന്‍. ബാക്കിയുള്ളവ ഞാന്‍ വര്‍ണിക്കുന്നില്ല. ‘ഇതു കണ്ടാരുന്നോ’ എന്ന മട്ടില്‍ പുള്ളിക്കാരി അവതരിപ്പിച്ചിരിക്കുന്ന അവയവമാണ് മോഡലിന്റെ ഹൈലൈറ്റ്. വിധിയായിട്ട് ആ സ്ത്രീയുടെ നെഞ്ചിലിത്രേം ഭാരം കയറ്റിവച്ചല്ലോ എന്നു പരിതപിക്കരുത്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പാടുപെട്ട് പല തവണ ഓപറേഷന്‍ ചെയ്തുണ്ടാക്കിയതാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു ബഹുമാനം വേണം. ചുമ്മാ തട്ടാമെന്നോ മുട്ടാമെന്നോ എന്തിന് നോക്കാമെന്നു പോലും കരുതേണ്ട. അപ്പോപ്പിന്നെ അതുപയോഗിച്ച് എന്തെങ്കിലും കാര്യം നടത്താമെന്നു തീരെ കരുതേണ്ട.ഈ സംഭവത്തോടെ അതിന്റെ മുകളില്‍ വല്ല സ്വപ്നമോ ഭാവനയോ മെനഞ്ഞുരസിക്കുന്നതു പോലും ആളുകള്‍ നിര്‍ത്തും. ഇംപ്ലാന്റുകള്‍ വച്ചു സംഗതി വലുതാക്കിയ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാര്‍ പേടിച്ചിട്ട് കൂടെക്കിടക്കില്ല.

ഓറിറ്റ പോക്സ് ടെല്‍ അവീവില്‍ പരസ്യചിത്രീകരണത്തിലായിരുന്നു. ഘടാഘടിയനും കാമവെറിയനുമായ ഒരു ഘോരസര്‍പ്പമാണ് നായകന്‍. ഓറിറ്റ സര്‍പ്പേട്ടനെ തന്റെ ശരീരമാകെ കയറ്റിവിട്ടു. ലോകത്തൊരു പുരുഷനും ഒരു സ്ത്രീയുടെയും ശരീരത്തിലൂടെ സഞ്ചരിക്കാത്ത വഴികളിലൂടെ കഠോരസര്‍പ്പം സഞ്ചരിച്ചു, ഒരു ഭ്രാന്തനെപ്പോലെ. എന്നിട്ടെന്തുണ്ടായി ? കണ്ടു നോക്കൂ.

പാമ്പാണെങ്കിലും കണ്ട്രോളിനൊരു പരിധിയില്ലേ ? അതു പോയപ്പോള്‍ പാമ്പ് കടിച്ചു. അതും കടിവളരെ നിര്‍ണായകമായ മര്‍മത്തു തന്നെ. വല്ല പുരുഷമോഡലുമായിരുന്നെങ്കില്‍ ഓറിറ്റ ഒരൊറ്റ അടിക്ക് താഴെയിട്ടേനെ. ഇത് പാമ്പാണ് തൊട്ടാല്‍ പണികിട്ടും. കടികൊണ്ട സാധനവുമായി ആശുപത്രിയില്‍ പോയി ഓറിറ്റ പെട്ടെന്ന് എല്ലാം ശരിയാക്കി. പക്ഷെ, ദാരുണമായത് പിന്നെയാണ് സംഭവിച്ചത്. ഉഗ്രവിഷമുള്ള ഘോരസര്‍പ്പ മോഡല്‍ അല്‍പസമയത്തിനകം അന്തരിച്ചു, അതും വിഷം തീണ്ടിയിട്ട്. അതായത് ഓറിറ്റയുടെ ലവെടെ കടിച്ച പാമ്പിന് വിഷം തീണ്ടി എന്നു പറയുമ്പോള്‍ നാമെന്താണ് മനസ്സിലാക്കേണ്ടത് ?

സിലിക്കണ്‍ സഞ്ചികള്‍ കുത്തിനിറച്ചാണ് ഇത്തിരിപ്പോന്ന ഈ സാധനം പെണ്ണുങ്ങള്‍ ബലൂണ്‍പോലെ വീര്‍പ്പിക്കുന്നത്. ആ ബലൂണ്‍ കണ്ടിട്ടാണ് പുരുഷന്‍മാര്‍ കവിതയെഴുതുന്നതം സിനിമ പിടിക്കുന്നതുമൊക്കെ. സംഗതി ഒറിജിനലാണെന്നു കരുതി കടിച്ച പാമ്പിനു പണി കിട്ടി. ഓറിറ്റയുടെ സിലിക്കണ്‍ ലതില്‍ നിന്നും ഉഗ്രസിലിക്കണ്‍ വിഷം പാമ്പിന്റെ വയറ്റില്‍പ്പോയി അതു ചത്തു. വിശാലമനസുള്ള സ്ത്രീകളുമായി ബന്ധപ്പെടുന്നവര്‍ അവിടെയും ഇവിടെയും കടിക്കാതെ നോക്കണം. എയ്‍ഡ്‍സ് പിടിച്ചാല്‍ പോലും കുറച്ചു ടൈം കിട്ടും. ഇത് സംഗതി അപ്പോത്തന്നെ തീരും. ഒരു പക്ഷത്ത് പാമ്പും മറുപക്ഷത്ത് സ്ത്രീയുമായതുകൊണ്ട് കേസില്‍ പാമ്പിനെ വിളിച്ചുകൊണ്ടു വന്ന പരസ്യചിത്ര സംവിധായകന്‍ അകത്തുപോകുമെന്നു പ്രതീക്ഷിക്കാം.

റേഡിയേഷനും ചുമയും (ജപ്പാന്‍ തട്ടിപ്പ് ജ്വരം)

റേഡിയേഷനും ചുമയും (ജപ്പാന്‍ തട്ടിപ്പ് ജ്വരം)

Posted 15 March 2011 | By | Categories: Analysis | 21 Comments

നിങ്ങള്‍ക്ക് അകാരണമായ കോള്‍മയിര് (കുളിര് എന്നും പറയും)അനുഭവപ്പെടുന്നുണ്ടോ ? കലശലായ ഛര്‍ദ്ദിയും തലവേദനയും മറ്റും അനുഭവപ്പെടുന്നുണ്ടോ ? എങ്കില്‍ അത് റേഡിയേഷനാവാന്‍ സാധ്യതയുണ്ട്. ജപ്പാനിലെ ആണവറിയാക്ടറില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട റേഡിയേഷന്‍ കടലേഴും താണ്ടി നമ്മുടെ പരിസരത്ത് വരെ എത്തിയെന്നു വിശ്വസിക്കാതിരിക്കാന്‍ പ്രത്യേകിച്ചു കാരണമൊന്നുമില്ല. എത്തി എന്നു വിശ്വസിക്കാന്‍ ഉഗ്രന്‍ ബിബിസി റിപ്പോര്‍ട്ടുമുണ്ട്. ഇന്നലെ പലതവണ ഫോര്‍വേഡ് ചെയ്തു കിട്ടിയ ആ ബിബിസി വാര്‍ത്ത ങ്ങനെയാണ്.

BBC Flash news : Japan Government confirms radiation leak at Fukushima nuclear plants. Asian countries should take necessary precautions. If rain comes, remain indoors first 24 hours. Close doors and windows. Swab neck skin with betadine where thyroid area is, radiation hits thyroid first. Take extra precautions. Radiation may hit Philippine at around 4 pm today. If it rains today or in the next few days in Hong Kong. Do not go under the rain. If you get caught out, use an umbrella or raincoat, even if it is only a drizzle. Radioactive particles, which may cause burns, alopecia or even cancer, may be in the rain.

അതായത് ഏഷ്യയിലാകെ റേഡിയേഷന്‍ വ്യാപിക്കുന്നതിനാല്‍ നമ്മള്‍ ഏഷ്യാക്കാര്‍ മഴ പെയ്താല്‍ 24 മണിക്കൂര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയണം. ജനാലകളും വാതിലുകളും അടച്ചിടണം. റേഡിയേഷന്‍ ആദ്യം തൈറോയ്‍ഡിനെ പിടിക്കുമെന്നതിനാല്‍ കഴുത്തില്‍ ബീറ്റാഡൈന്‍ പുരട്ടി തോര്‍ത്തും ചുറ്റിയിരിക്കണം. കൃത്യം 4 മണിക്ക് ഫിലീപ്പീന്‍സിലെത്തുന്ന റേഡിയേഷന്‍ മഴ പെയ്താല്‍ ഇന്നു തന്നെ അല്ലെങ്കില്‍ നാളെ ഹോങ്കോങ്ങിലേക്കു പോകും. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ ഏഷ്യക്കാര്‍ ക്യാന്‍സര്‍ വന്നു ചത്തുപോവും.

ഭാഗ്യത്തിനു മഴ പെയ്തില്ല. തോര്‍ത്തൊരെണ്ണം കഴുത്തില്‍ ചുറ്റാന്‍ ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. ബീറ്റാഡൈന്‍ കിട്ടാത്തതുകൊണ്ട് കുറച്ചു വിക്സും പുരട്ടിയിരിക്കുമ്പോഴാണ് ബിബിസിയുടെ സൈറ്റില്‍ ഈ വിശദീകരണം കണ്ടത്. റേഡിയേഷനെപ്പറ്റി ബിബിസി ഫ്ലാഷ് ന്യൂസ് എന്നു പറഞ്ഞു പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്നും അവിടെ ലീക്കുണ്ടെങ്കിലും 10-30 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നുമിരിക്കെ ഏഷ്യക്കാര്‍ പേടിച്ചുമുള്ളാതിരിക്കേണ്ട കാര്യമില്ലെന്നും ചുരുക്കം. മുന്നറിയിപ്പു പ്രകാരം ഫിലീപ്പീന്‍സില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ഇന്ത്യ-പാക് മല്‍സരം ടിവിയില്‍ ലൈവുള്ള ദിവസത്തെ ഇന്ത്യന്‍ തെരുവ് പോലെ നാലു മണിയോടെ രാജ്യം വിജനമാവുകയും ചെയ്തത്രേ. കഴുത്തില്‍ ചുറ്റിയ തോര്‍ത്തഴിച്ച് അരയില്‍ കെട്ടി. പേടിയും കോള്‍മയിരും മാറിയ നിലയ്ക്ക് ഇനി നാലെണ്ണം പറയാം.

അമ്മയ്‍ക്ക് പ്രാണവേദന മോള്‍ക്ക് വീണവായന എന്നു പറഞ്ഞതുപോലെയാണ് ഇന്റര്‍നെറ്റില്‍ ചില അലവലാതികളുടെ വിനോദപരിപാടികള്‍. അത്തരത്തില്‍ ലേറ്റസ്റ്റാണ് ഈ റേഡിയേഷന്‍ മുന്നറിയിപ്പ്. എത്ര തട്ടിച്ചാലും പഠിക്കില്ലെന്നുറപ്പുള്ള നമ്മളെപ്പോലുള്ളവര്‍ നഗ്നസത്യം എക്സ്ക്ലൂസീവായി ഇമെയിലിലൂടെയാണ് വരുന്നത് എന്നു വിശ്വസിക്കാന്‍ മാത്രം മണ്ടന്‍ കുണാപ്പന്‍മാരായിപ്പോയി. ഈ സൂനാമിയോടനുബന്ധിച്ച് പ്രചരിച്ചിട്ടുള്ള തട്ടിപ്പുകളില്‍ ഇത് ഒന്നുമാത്രമാണ്.

ജപ്പാന്‍ സൂനാമിയുടേതെന്ന പേരില്‍ നമ്മള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന ചിത്രങ്ങള്‍ പലതും ഉഗ്രന്‍ ഫോട്ടോഷോപ്പ് തട്ടിപ്പുകളാണെന്നും ജപ്പാനെ സഹായിക്കൂ എന്നും പറഞ്ഞ് ജപ്പാന്‍ ദുരിതാശ്വാസനിധി എന്ന പേരില്‍ സൈറ്റുകള്‍ തട്ടിക്കൂട്ടി നെറ്റില്‍ അസ്സലായി പിരിവുനടത്തുന്നവര്‍ പെരുങ്കള്ളന്‍മാരാണെന്നും വിദഗ്ധന്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിനോടകം സംഭാവന നല്‍കിക്കഴിഞ്ഞിട്ടുള്ള ആര്‍ദ്രഹൃദയര്‍ പൊറുക്കണം. ലോകത്തിന്റെ ജപ്പാന്‍ സിംപതി മുതലെടുക്കാന്‍ നടത്തുന്ന തട്ടിപ്പുകളില്‍ കോടികളാണ് മറിയുന്നതത്രേ. ജപ്പാനില്‍ നിന്നു വരുന്നതാണെന്നു പറഞ്ഞ് മഞ്ഞ കാര്‍ഡും അടിച്ച് തമിഴ്‍ ഫാമിലികള്‍ നമ്മുടെ വീട്ടുമുറ്റത്ത് വരുന്ന കാലം അതിവിദൂരമല്ല.

സൂനാമിയില്‍ കാണാതായവരെ കണ്ടെത്തുന്നതിനു വേണ്ടി ഗൂഗിള്‍ പടുത്തുയര്‍്തിയ ജപ്പാന്‍ പേഴ്സന്‍ ഫൈന്‍ഡന്‍ ആപ്ലിക്കേഷനില്‍ കണ്ട അണ്ടനും അടകോടനുമൊക്കെ കയറി ജീവിച്ചിരിക്കുന്നവര്‍ മരിച്ചതായും മരിച്ചവര്‍ ജീവിച്ചിരിക്കുതായുമൊക്കെ എഡിറ്റ് ചെയ്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ബന്ധുക്കളെ വേട്ടയാടുന്നതായി വേറെ റിപ്പോര്‍ട്ടുകളുണ്ട്.

സൂനാമിത്തിരകള്‍ വലിയ ഉയരത്തില്‍ വന്നു എന്നു നമ്മള്‍ റിപ്പോര്‍ട്ടുകളില്‍ കണ്ടു. റിപ്പോര്‍ട്ടര്‍മാര്‍ കാണാത്തതെല്ലാം സോഷ്യല്‍ മീഡിയ കാണുന്നു എന്നാണ് വെപ്പ്. അത്തരത്തിലൊന്നാണ് സൂനാമിത്തിരയില്‍പെട്ട് ഒരു തിമിംഗലം കെട്ടിടത്തിന്റെ മുകളില്‍ കയറിയതിന്റെ വിഡിയോ. സംഗതി ഫേസ്‍ബുക്കിലും യൂ ട്യൂബിലുമെല്ലാം ജോറായി ഓടുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഹിറ്റുണ്ടാക്കുന്ന അസംബന്ധകലാസൃഷ്ടിയെ സില്‍സില എന്നു വിളിക്കാമെങ്കില്‍ ഈ സൂനാമിക്കാലത്തെ സില്‍സില എന്ന നിലയ്ക്ക് യൂ ട്യൂബ് പ്രേക്ഷകര്‍ വിഡിയോ ഉണ്ടാക്കിയവന്റെ തന്തയ്‍ക്കും തള്ളയ്‍ക്കും ഡിഎന്‍എയ്‍ക്കും വരെ വിളിച്ചുകൊണ്ടിരിക്കുന്നു. ഇത് സില്‍സില പോലൊന്നുമല്ല. ആറാമത്തെ സെക്കന്‍ഡില്‍ ഒരു തെറിയിങ്ങനെ തികട്ടി വന്ന് നിങ്ങളുടെ ചുണ്ടില്‍ വിശ്രമിക്കും. എത്ര ക്ഷമാശീലനാണെങ്കിലും ശരി വിഡിയോ 21 സെക്കന്‍ഡില്‍ അവസാനിക്കുമ്പോള്‍ നിങ്ങളത് വിളിച്ചിരിക്കും. വിഡിയോ കണ്ടു നോക്കൂ.

ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല കഴപ്പുകള്‍. ലോകപ്രസിദ്ധ ആനിമേറ്റഡ് പരമ്പരയായ പോക്‍മോന്റെ സൃഷ്ടാവ് സടോഷി ടജീരി (നമുക്ക് സതീഷ് എന്നു വിളിക്കാം) സൂനാമിയില്‍പ്പെട്ടു മരിച്ചു എന്ന വാര്‍ത്ത ഒരു പതിനായിരം പേരെങ്കിലും റീട്വീറ്റ് ചെയ്തു കാണും. ഹോളിവുഡ് നടിമാരുള്‍പ്പെടെ പലരും സതീഷേട്ടന്റെ മരണം റീട്വീറ്റ് ചെയ്തതോടെ ഇനി ശരിക്കും പുള്ളി മരിച്ചോ എന്നൊരാശങ്ക പോക്‍മോന്‍ വിതരണക്കമ്പനിക്കു പോലുമുണ്ടായി. സൂനാമിയും മറ്റും കണ്ട് പുള്ളിയൊന്നു തലകറങ്ങി വീണു എന്നല്ലാതെ ഒരു കോപ്പും സംഭവിച്ചിട്ടില്ലെന്നും ആള്‍ നല്ല പച്ചയായി ജപ്പാനിലൂടെ നടക്കുന്നു എന്നും സ്ഥിരീകരിച്ചു. ട്വിറ്ററിലെ പുലികള്‍ക്കു കുലുക്കമില്ല, റീട്വീറ്റിങ് ഇപ്പോഴും ഉഷാറായി നടക്കുന്നു.

ആയതിനാല്‍ ജപ്പാനെയും സൂനാമിയെയും പറ്റി ഒരു പരിധിവിട്ട് ആശങ്കപ്പെടുന്നത് നിര്‍ത്തുക. രാജ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക, അവിടുത്തെ മനുഷ്യര്‍ക്കു വേണ്ടിയും. ആധികാരികമായ വിവരങ്ങള്‍ ആധികാരികമായ വഴികളിലൂടെ തന്നെ എത്തും എന്നു വിശ്വസിക്കുക, ആരുമറിയാക്കഥകള്‍ ഫോര്‍വേഡ് ചെയ്യും മുമ്പ് ഒന്നു ഗൂഗിള്‍ ചെയ്തു നോക്കുക. പത്തോ നൂറോ എത്രയായാലും സംഭാവന ചെയ്യുമ്പോള്‍ വിശ്വസനീയമായ മാര്‍ഗങ്ങളിലൂടെ മാത്രം ചെയ്യുക. ദാറ്റ്സ് ഓള്‍.