പൊറിഞ്ചു ക്ലാര പൊറിഞ്ചു-ഭാഗം-1
ഈ കഥയ്‍ക്ക് ഓം ശാന്തി ഓം എന്ന സിനിമയുമായോ അതിന്റെ കഥയുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ബ്ലോഗ് പൈറസി എന്നു മുദ്രകുത്തി നമ്മള്‍ റെഡ്‍ചില്ലി, ഇറോസ് ഇന്റര്‍നാഷനല്‍ എന്നീ ചലച്ചിത്ര കമ്പനികള്‍ക്കും ഷാരൂഖ് ഖാന്‍, ഫറ ഖാന്‍ തുടങ്ങിയവര്‍ക്കും എതിരെ ശക്തമായ സമരപരിപാടികള്‍ നടത്തേണ്ടതാകുന്നു.
കഥ തുടങ്ങുന്നു.
ചവിട്ടുനാടകം, ബൈബിള്‍ നാടകം, മാര്‍ഗംകളി, ടാബ്ലോ തുടങ്ങിയ കലാരൂപങ്ങളുടെ ഈറ്റില്ലമായ പാലാ. 1970ലെ ഒരു ജൂബിലി പെരുനാള്‍. പാലാ ടൌണിന്റെ നടുവിലൂടെ അതിഗംഭീരമായ ജൂബിലി പെരുന്നാളിന്റെ പ്രദക്ഷിണം കടന്നു പോവുകയാണ്. വന്‍ജനക്കൂട്ടത്തെ വകഞ്ഞുമാറ്റിക്കൊണ്ട് കടന്നു പോകുന്ന നിസ്സാന്‍ ലോറികളില്‍ വിവിധ ടാബ്ലോ രൂപങ്ങള്‍.
അതില്‍ ഏറ്റവും ആകര്‍ഷകമായ ക്രിസ്‍മസ് പുല്‍ക്കൂടിന്റെ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന ടാബ്ലോയ്‍ക്ക് ജനക്കൂട്ടത്തിന്റെ അഭിനന്ദനം കിട്ടിക്കൊണ്ടിരിക്കുന്നു. ആ ടാബ്ലോയില്‍ ഔസേപ്പ് ദി ഫാദറായി നില്‍ക്കുന്നത് ഇടപ്പാടിക്കാരന്‍ കുഞ്ഞ്, കന്യകാമേരിയായി നില്‍ക്കുന്നത് ഭരണങ്ങാനംകാരി ക്ലാര എന്ന അതിസുന്ദരി. പിന്നെ അവിടെയും ഇവിടെയുമായി രാജാവ് കീജാവ്, ആട്ടിടയന്‍ കീട്ടിടയന്‍ എന്നൊക്കെ പറഞ്ഞ് കുറെ അലവലാതികളും.
ഈ അലവലാതികള്‍ക്കിടയില്‍ തിളങ്ങുന്ന കണ്ണുകള്‍ കന്യാകാമേരിയിലര്‍പ്പിച്ച് ഏതോ സ്വപ്നം കാണുന്നത് പോലെ നില്‍ക്കുകയാണ് ആട്ടിടയവേഷം ധരിച്ച പൊറിഞ്ചു എന്ന ജൂനിയര്‍ ടാബ്ലോ ആര്‍ട്ടിസ്‍റ്റ്. കന്യകാമേരിയുടെ വേഷമാണെങ്കിലും അതിനുള്ളിലെ (ഐ മീന്‍,മേക്കപ്പിനുള്ളിലെ) ക്ലാരയാണ് പൊറിഞ്ചുവിനെ ത്രസിപ്പിക്കുന്നത്. അവളെ നോക്കിക്കൊണ്ട് നില്‍ക്കാനാണെങ്കില്‍ ഈ യുഗം മുഴുവന്‍ വേണമെങ്കില്‍ ശ്വാസം പോലും എടുക്കാതെ നില്‍ക്കാമെന്ന് പൊറിഞ്ചുവിനുറപ്പുണ്ട്.
ളാലം പാലവും കഴിഞ്ഞ് പള്ളിമുറ്റത്തെത്തി ടാബ്ലോ അവസാനിച്ചു. ലോറിയില്‍ അനങ്ങാതെ നിന്നവര്‍ ചലനമേറ്റുവാങ്ങി ചാടിയിറങ്ങി. ശ്വാസം പിടിച്ചു നില്‍ക്കുകയായിരുന്ന ക്ലാര പൊടുന്നനെ കുതറി തന്റെ വെള്ള ഗൌണ്‍ ഊരിയെറിഞ്ഞ് (ഐ മീന്‍,അകത്ത് ബ്ലൌസായിട്ടും പാവാടയായിട്ടും ഒക്കെ ഒത്തിരി സംഗതിലളൊണ്ട്, സെവന്റീസാണേ)കാളവണ്ടിയില്‍ കയറി വീട്ടിലേക്കു പോയി.
ആ ഗൌണ്‍ സ്വന്തമാക്കി ഏതോ സ്വപ്നത്തിലെന്നപോലെ ക്ലാര നടന്നു നീങ്ങുന്നതും നോക്കി നിന്ന പൊറിഞ്ചു കൂട്ടുകാരന്‍ മത്തായിച്ചനോടൊപ്പം തന്റെ സ്വപ്നം പങ്കുവച്ച് നടന്നു.
പാലാ ടൌണിലെ നമ്പര്‍ വണ്‍ ടാബ്ലോക്കാരിയും സുന്ദരിയുമാണ് ക്ലാര. പൊറിഞ്ചുവിനെപ്പോലെ തന്നെ ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഹരം. മിക്കവാറും ഇടവകകളില്‍ പെരുന്നാളിനും മറ്റും ക്ലാരയുള്ള ടാബ്ലോ പ്രധാന ഇനമാണ്. ക്ലാരയുണ്ടെങ്കില്‍ ജനം ഇളകും.
ക്ലാരയുടെ ടാബ്ലോയുടെ പടം പതിച്ച നോട്ടീസ് പതിച്ച സൈഡ് ഭിത്തിയേലും നോക്കി ളാലം പാലത്തിന്റെ കൈവരിയേലിരുന്ന് ആ നോട്ടീസിനോടു സംവദിക്കുന്നതാണ് പൊറിഞ്ചുവിന്റെ ഏറ്റവും വലിയ വിനോദം. ഒരു ഹരം എന്നതിനപ്പുറത്ത് ക്ലാര എന്നാല്‍ പൊറിഞ്ചുവിന് ജീവനാണ്. ഇത് അടുത്ത കൂട്ടുകാരനായ മത്തായിച്ചനും അറിയാം.
അങ്ങനെ ജൂബിലി ടാബ്ലോ മല്‍സരത്തിന്റെ സമ്മാനദാനം നടക്കുന്ന ദിവസമെത്തി. രാത്രിയാണ് പരിപാടി. ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങള്‍ ക്ലാരയ്‍ക്കാണ്. എന്നാല്‍ ആ പരിപാടിയില്‍ കണ്ട അണ്ടനെയും അടകോടനെയും പ്രവേശിപ്പിക്കില്ല. സോ, പൊറിഞ്ചുവും മത്തായിച്ചനും ഔട്ട്. വികാരിമാര്‍, അസിസ്‍റ്റന്റ് വികാരിമാര്‍,കൈക്കാരന്മാര്‍,പ്രസുദേന്തിമാര്‍,സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങി വളരെ നിലവാരമുള്ള പ്രേക്ഷകരാണ് പങ്കെടുക്കുന്നത്.
എങ്കിലും ക്ലാര സ്‍റ്റേജിലേക്കു കയറിപ്പോകുന്നത് കാണാമല്ലോ എന്നു കരുതി പൊറിഞ്ചു മത്തായിച്ചനോടൊപ്പം ആ വാതില്‍ക്കല്‍ പോയി നിന്നു. കാത്തിരിപ്പിനൊടുവില്‍ കാളവണ്ടി വന്നു. കൊത്തിപ്പറിക്കാന്‍ വെമ്പി നില്‍ക്കുന്ന നൂറുകണക്കിനു കണ്ണുകള്‍ക്കു മുമ്പിലേക്ക് , ഹൊ എന്റെ മാതാവേ,വെള്ള ബൌള്‍സും വെള്ള മുഴുവന്‍ പാവാടേം പിന്നെ വെള്ള സ്‍കാര്‍ഫും ചുറ്റി അവളിറങ്ങി.
പൊറിഞ്ചു ചുമ്മാ മരിച്ചപോലങ്ങനെ നിന്നും. ചെറുചിരിയോടെ അവള്‍ നടന്നു നീങ്ങി. സ്വപ്നത്തിലെന്നപോലെ നിന്ന പൊറിഞ്ചുവിന്റെ കൈയില്‍ അവളെ സ്‍കാര്‍ഫ് ഉടക്കി. അവളതറിയാതെ നടന്നു. അവളെ അതറിയിക്കാതെ പൊറിഞ്ചു പിന്നാലെയും. വാതില്‍ക്കല്‍ വ്ച്ച് കപ്യാര്‍ ഷാജു തടഞ്ഞപ്പോളാണ് ക്ലാര വിവരമറിയുന്നത്. പൊറിഞ്ചുവിനെ വിസ്‍മയത്തോടെ നോക്കി സ്‍കാര്‍ഫ് ഊരിക്കൊണ്ട് അവളങ്ങുപോയി.
പിന്നെയുള്ള കുറെ ദിവസങ്ങള്‍ പൊറിഞ്ചു പ്രണയ സ്വപ്നങ്ങളിലായിരുന്നു.
ക്ലാരയോടടുക്കണം എന്നവന്‍ തീരുമാനിച്ചു.
ഭരണങ്ങാനം പള്ളിയിലെ പെരുന്നാളിനാണ് പിന്നെ പൊറിഞ്ചുവും ക്ലാരയും ഒരേ ടാബ്ലോയില്‍ വരുന്നത്. ഇസഹാക്കിനെ അബ്രഹാം ബലി കൊടുക്കാന്‍ നില്‍ക്കുമ്പോള്‍ തീയെരിയുന്ന മുള്‍പ്പടര്‍പ്പില്‍ മാലാഖ പ്രത്യക്ഷപ്പെടുന്നതാണ് ടാബ്ലോ. ഭരണങ്ങാനത്തെ കോടീശ്വരനായ ലൂക്കോസിന്റെ മകന്‍ ജിമ്മിയാണ് ടാബ്ലോയ്‍ക്ക് കാശു മുടക്കുന്നത്. ടാബ്ലോ രംഗത്തെ ഏറ്റവും കരുത്തനായ ജിമ്മി സ്വന്തം ഇടവകയിലെ ടാബ്ലോ ഗംഭീരമാകണമെന്ന വാശിക്കാരനാണ്.
പ്രദക്ഷിണം തുടങ്ങി. ക്ലാര മാലാഖയാണ്. ക്ലാരയോട് ആവേശമുള്ള വറീതാണ് അബ്രാഹം. പൊറിഞ്ചുവിന് ഒരു പാറയുടെ റോളാണ്.ടാബ്ലോ ചലിച്ചു തുടങ്ങി. എരിയുന്ന മുള്‍പ്പടര്‍പ്പിന്റെ എഫക്ടിനു വേണ്ടി തീയിട്ട കുട്ടകത്തിനു മുകളില്‍ ചൂട് സഹിച്ച് നില്‍ക്കുകയാണ് ക്ലാര. ടാബ്ലോ നീങ്ങുന്നതനുസരിച്ച് കാറ്റും വീശുന്നുണ്ടായിരുന്നു. കാറ്റില്‍ തീയാളിപ്പടര്‍ന്നു. ക്ലാര എന്ന മാലാഖയെ തീ പൊതിഞ്ഞു. മെല്ലെ മാലാഖയുടെ കുപ്പായത്തിലേക്ക് തീപടര്‍ന്നു.
തീ കണ്ട അബ്രാഹം വറീത് ബലിയര്‍പ്പണം വിട്ട് ലോറിയില്‍ നിന്ന് ചാടി. കത്തുന്ന ക്ലാരയെ രക്ഷിക്കാന്‍ ആരുമില്ല. പാറയായിരുന്ന പൊറിഞ്ചു പൊടുന്നനെ ചാടിയെണീറ്റു. തീയില്‍ ചവുട്ടി കുട്ടകത്തില്‍ കയറി ക്ലാരയെ എടുത്ത് കൊണ്ട് ലോറിയില്‍ നിന്ന് ചാടുമ്പോള്‍ പൊറിഞ്ചുവാകുന്ന പാറ ഒരു ഉല്‍ക്ക പോലെ ജ്വലിക്കുന്നുണ്ടായിരുന്നു. ക്ലാര രക്ഷപെട്ടു,പൊറിഞ്ചുവിന് പൊള്ളലേറ്റു.
ആ സംഭവത്തോടെ ക്ലാരയ്‍ക്ക് പൊറിഞ്ചുവിനോട് അടുപ്പമായി. ക്ലാര തന്റെ കാമുകിയായിക്കഴിഞ്ഞു എന്നു വിശ്വസിച്ച് അവള്‍ക്കു വേണ്ടി എന്തും ചെയ്യാല്‍ പൊറിഞ്ചു തയ്യാറായി. തിരക്കുള്ള ടാബ്ലോ ജീവിതത്തില്‍ നിന്ന് പൊറിഞ്ചുവിനു വേണ്ടി സമയം കണ്ടെത്താന്‍ ചില ടാബ്ലോകള്‍ മാറ്റി വയ്‍ക്കാന്‍ വരെ ക്ലാരയും തയ്യാറായി.
അടുത്ത വര്‍ഷത്തെ ജൂബിലിക്ക് പാലാ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടാബ്ലോ ഒരുക്കുന്നതിനുള്ള ജോലികള്‍ ജിമ്മി വളരെ മുമ്പേ തുടങ്ങിയിരുന്നു. റോഡ് നിറഞ്ഞ് പരന്നു കിടക്കുന്ന ആ ടാബ്ലോ മൂന്ന് ആനകളെക്കൊണ്ട് വലിപ്പിക്കാനായിരുന്നു പദ്ധതി. കന്യകാമാതാവിന്റെ സ്വര്‍ഗാരോഹണം ആയിരുന്നു അതിന്റെ തീം. മാതാവാകുന്നത് സാക്ഷാല്‍ ക്ലാരയും. ആ ടാബ്ലോ കാണാന്‍ രൂപതാജനം കൊതിച്ചു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു.
ടാബ്ലോ പണിയുന്ന ഭരണങ്ങാനം പള്ളിയുടെ മുറ്റത്തുള്ള ഷെഡിനു ചുറ്റും കറങ്ങിനടക്കുകയായിരുന്നു പലപ്പോഴും പൊറിഞ്ചുവിന്റെ പണി. അങ്ങനെ ഒരിക്കല്‍ ഷെഡിനു പുറത്തു കൂടി കറങ്ങി നടക്കുമ്പോള്‍ അപ്പുറത്ത് ജിമ്മിയുടെ ഷെവര്‍ലെ കാര്‍ കിടക്കുന്നത് കണ്ട് പൊറിഞ്ചു ഷെഡിന്റെ പടുതയ്‍ക്കിടയിലൂടെ നോക്കി.
അവിടെ കണ്ട കാഴ്ച പൊറിഞ്ചുവിനെ ഞെട്ടിക്കുന്നതായിരുന്നു.
ഷെഡിനുള്ളിലെ ടാബ്ലോ സെറ്റില്‍ ജിമ്മിയോടൊപ്പം തന്റെ പ്രിയപ്പെട്ട ക്ലാരയും. വിറയലോടെ പൊറിഞ്ചു അവരുടെ സംഭാഷണത്തിന് കാതോര്‍ത്തു.ഇനിയും തനിക്ക് കാത്തിരിക്കാന്‍ വയ്യെന്നും എത്രയും വേഗം തന്നെ കല്യാണം കഴിക്കണമെന്നും ക്ലാര പറഞ്ഞത് കേട്ട് പൊറിഞ്ചു ഞെട്ടി. ക്ലാരയും ജിമ്മിയും കാമുകീകാമുകന്മാരോ ? താനൊരു മണ്ടന്‍ !
കണ്ണീരോടെയാണെങ്കിലും പൊറിഞ്ചു ബാക്കി സംഭാഷണം ശ്രദ്ധിച്ചു. അടുത്ത വര്‍ഷം പെരുന്നാളിന് കന്യാകാമാതാവായി വേഷമിടാനിരിക്കുന്ന ക്ലാര അതിനു മുമ്പ് വിവാഹിതയായാല്‍ കന്യക അല്ലാതായിത്തീരുമെന്നും അങ്ങനെ കന്യക അല്ലാതായിത്തീരുന്ന ക്ലാര കന്യകാമാതാവായി വേഷമിട്ടാല്‍ ടാബ്ലോ ചീറ്റിപ്പോവുമെന്നും അതിനാല്‍ ഇത്രേം കാശു മുടക്കിയ ടാബ്ലോ ചീറ്റിപ്പോവാതിരിക്കാന്‍ അടുത്ത ജൂബിലി വരെയെങ്കിലും കല്യാണക്കാര്യം ചിന്തിക്കാന്‍ പറ്റില്ലെന്നും ജിമ്മി പറയുന്നത് ഒളിച്ചിരുന്ന പൊറിഞ്ചു കേള്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ക്ലാര അത് എതിര്‍ത്തു. ടാബ്ലോ അല്ല, ജീവിതമാണ് പ്രധാനം. വിവാഹം കഴിക്കാതിരുന്നാലും തനിക്ക് കന്യകാമാതാവായി വേഷമിടാനുള്ള യോഗ്യത ഇല്ലെന്നു ക്ലാര പറഞ്ഞപ്പോള്‍ ജിമ്മി ഞെട്ടി, പൊറിഞ്ചുവും.
പൈക പള്ളിയിലെ പെരുന്നാളിന് ടാബ്ലോ കഴിഞ്ഞ് ഗ്രീന്‍ റൂമില്‍ ജിമ്മി കടന്നു വന്നതും അവിടെ നടന്ന കാര്യങ്ങളും ക്ലാര ഓര്‍മിപ്പിച്ചു- താനിന്ന് ഗര്‍ഭിണിയാണ്. ജിമ്മിയുടെ കുഞ്ഞ് ക്ലാരയുടെ ഉദരത്തില്‍ വളരുന്നുണ്ട്. ജിമ്മി ഞെട്ടി, പൊറിഞ്ചുവും.
തന്റെ ക്ലാര ജിമ്മി മുതലാളിയുടെ കാമുകി മാത്രമല്ല അയാളുടെ കുഞ്ഞിന്റെ അമ്മ കൂടിയാണ്.
ഗര്‍ഭിണിയായ ക്ലാരയെ വച്ച് ടാബ്ലോ ചെയ്യാന്‍ പറ്റില്ല എന്നു ജിമ്മിക്കും അറിയാം. അപ്പോള്‍ പത്ത് മൂവായിരം രൂപയിറക്കി പണിത ഈ ടാബ്ലോ ?
ജിമ്മി പെട്ടെന്നു പ്ലേറ്റ് മാറ്റി. തന്റെ കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞതില്‍ അയാള്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. ടാബ്ലോ അല്ല ജീവിതം തന്നെയാണ് വലുതെന്ന് അയാള്‍ ഏറ്റു പറഞ്ഞു. ക്ലാരയ്‍ക്ക് സന്തോഷമായി. പണി തീര്‍ത്ത് ഈ ടാബ്ലോ തന്നെ തങ്ങളുടെ കല്യാണത്തിന് കല്യാണമണ്ഡപമാക്കാമെന്ന് ജിമ്മി പറഞ്ഞു.
ക്ലാര നിന്ന നില്‍പില്‍ സ്വപ്നങ്ങള്‍ നെയ്തു. പൊറിഞ്ചുവിനും ഉള്ളില്‍ സന്തോഷം തോന്നി. ഇനി അവരായി അവരുടെ പാടായി എന്നോര്‍ത്ത് തന്റെ ഒളിഞ്ഞു നോട്ടം മതിയാക്കി പൊറിഞ്ചു ഇറങ്ങി നടന്നു.
എന്നാല്‍ പൊറിഞ്ചു പോതും ജിമ്മിയുടെ സ്വഭാവം മാറി. ഇത്രയും പണം മുടക്കിയ ടാബ്ലോ അങ്ങനെ വെറുതെ പാഴായിപ്പോകേണ്ടെന്നും അത് ചുട്ടെരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ ജിമ്മി പെയിന്റടിക്കാന്‍ സൂക്ഷിച്ചു വച്ചിരുന്ന മണ്ണെണ്ണ ടാബ്ലോയിലേക്ക് കോരി ഒഴിച്ചു. ക്ലാര സ്തംഭിച്ചു. പൊടുന്നനെ ക്ലാരയെ വലിച്ചിഴച്ച് അതിന്റെ നടുവിലേക്കിട്ടിട്ട് ജിമ്മി ടാബ്ലോയ്‍ക്ക് തീ കൊളുത്തി.
തീ വേഗം കത്തിപ്പടര്‍ന്നു. അലൂമിനിയം ഷെഡിന്റെ വാതില്‍ പുറത്തു നിന്ന് പൂട്ടി തന്റെ കാറെടുത്ത് പോകുമ്പോള്‍ അകത്ത് തീയാളുകയായിരുന്നു. ഷെഡിന്റെ വാതില്‍ക്കല്‍ വന്ന് ജീവനുവേണ്ടി അലറിക്കരഞ്ഞ ക്ലാരയുടെ നിലവിളി റോഡിലേക്കിറങ്ങിയ പൊറിഞ്ചു കേട്ടു.
നിമിഷങ്ങള്‍ക്കുള്ളില്‍ പൊറിഞ്ചു തിരിച്ചെത്തി. കത്തിയെരിയുന്ന ഷെഡിലെ ക്ലാരയെ രക്ഷിക്കാന്‍ പുറകിലത്തെ ഷീറ്റ് വളച്ച് പൊറിഞ്ചു അകത്ത് കടന്നു. അകത്ത് ഭയങ്കര തീയായിരുന്നു. എന്നാല്‍ പൊറിഞ്ചുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പ് ക്ലാരയുടെ ജീവനെടുത്ത് കൊണ്ട് അതിനുള്ളിരുന്ന വെടിമരുന്ന് പൊതി പൊട്ടിത്തെറിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയില്‍ തെറിച്ചു മെയിന്‍ റോഡില്‍ വീണ പൊറിഞ്ചുവിനെ മേലുകാവിലെ നാടകക്കാരന്‍ ലൂക്കോസിന്റെ ഫിയറ്റ് കാര്‍ ഇടിച്ചു തെറിപ്പിച്ചു. ഗര്‍ഭിണിയായ ഭാര്യയെയും കൊണ്ട് മേരിഗിരി ആശുപത്രിയിലേക്കു പോവുകയായിരുന്ന ലൂക്കോസ് ഇറങ്ങി നോക്കി. മൃതപ്രായനായ പൊറിഞ്ചുവിനെ വലിച്ചു കാറിലിട്ട് ആശുപത്രിയിലേക്ക് കുതിച്ചു.
എന്നാല്‍ ദുര്‍വിധി എന്നു പറയട്ടെ, കാഷ്വാലിറ്റിയില്‍ വച്ച് പൊറിഞ്ചു ദാരുണമായി മരിച്ചു. അതേ സമയം തന്നെ ലൂക്കോസിന്റെ ഭാര്യ മിടുക്കനായ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.
(തുടരും)

