Archive by Author
ഒടുവില്‍ യുണിസെഫ്‌ സത്യം പറഞ്ഞു

ഒടുവില്‍ യുണിസെഫ്‌ സത്യം പറഞ്ഞു

Posted 06 May 2013 | By | Categories: Media | 22 Comments

പത്രമാധ്യമങ്ങളില്‍ അടിച്ചു വരുന്ന ദുരിത കഥകള്‍ വെട്ടിയെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് അതിനു ലൈക്ക് ചോദിച്ചു വാങ്ങുന്ന ചിലരുടെ ഡെഡിക്കേഷന്‍ കണ്ടാല്‍ ഓരോ ലൈക്കും അവരുടെ ദുരിതാശ്വാസത്തിനുള്ള സംഭാവനകളായി മാറുമെന്നു തോന്നിപ്പോവും. 1 ലൈക്ക് = 100 രൂപ, 1 ഷെയര്‍ = 1000 രൂപ എന്നൊക്കെ പ്രഖ്യാപിച്ചാണ് ചിലര്‍ ലൈക്കുകള്‍ വാങ്ങുന്നത്. സത്യത്തില്‍ ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു വിടുന്നതോടെ നമ്മുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നൊരു വ്യാജനിര്‍വൃതി സൃഷ്ടിക്കുകയാണ് ഇത്തരക്കാരും ഇതിന് ഇരയാവുന്നവരും ചെയ്യുന്നത്.

അടിസ്ഥാനപരമായി പട്ടിണിയും പരിവട്ടവും ദുരിതങ്ങളും മാറാന്‍ അതിനാവശ്യമായ പണവും സൗകര്യങ്ങളും തന്നെ വേണം. അത്തരം വാര്‍ത്തകളുടെ ചുവട്ടില്‍ ലൈക്ക് ചെയ്തതുകൊണ്ട് ആരുടെയും പട്ടിണി അവസാനിക്കുകയോ ആരുടെയും സാമൂഹികപ്രതിബദ്ധത പൂവണിയുകയോ ചെയ്യുന്നില്ല. ലൈക്കുകളുടെ എണ്ണത്തില്‍ വേണമെങ്കില്‍ അഹങ്കരിക്കാവുന്ന യൂണിസെഫ് തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളെ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ സംഭാവനകളില്‍ നിന്നും വേര്‍തിരിച്ചു കാണുന്നതെങ്ങനെ എന്നത് വ്യക്തമാക്കുന്നതാണ് ഈ പരസ്യം. കാശിനു കാശ് തന്നെ വേണം, ലൈക്ക് കിട്ടിയിട്ട് കാര്യമില്ല എന്നാണ് ഈ പരസ്യത്തിന്റെ സന്ദേശം.

സത്യസന്ധവും സുതാര്യവുമായ കാര്യങ്ങള്‍ ഋജുവായി പറയുന്നതിന്റെ സൗന്ദര്യം ഈ പരസ്യത്തിലുണ്ട്. ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കിലാണെന്നും നമ്മള്‍ ഇവിടെ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതുമനുസരിച്ചാണ് ലോകം മുന്നോട്ടു പോകുന്നതെന്നും വിശ്വസിക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇത് പെട്ടെന്നു സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമുണ്ടാവും. ലൈക്ക് ചെയ്താല്‍ കാശ് തരാം എന്നു വരെ പറഞ്ഞ് ലൈക്ക് സമ്പാദിക്കുന്നവര്‍ക്ക് ഈ പരസ്യം ഒരു വെളിച്ചമാവട്ടെ എന്നാശംസിക്കുന്നു.

ആട്ടോ പൈലറ്റ് !

ആട്ടോ പൈലറ്റ് !

Posted 05 May 2013 | By | Categories: Spoof | 38 Comments

അളിയാ പൊങ്ങിയോ ?

എപ്പോഴും പൊങ്ങിനിക്കുവാണല്ലോ ?

എന്തോന്ന് ?

നീ എന്തുവാ ചോദിച്ചേ ?

ഡേയ്, ഈ ഫ്‌ളൈറ്റ് പൊങ്ങിക്കഴിഞ്ഞോന്ന് ?

അത് ശരി, നീയല്ലേ ക്യാപ്റ്റന്‍ നിനക്കറിഞ്ഞൂടെ ?

എനിക്കിവിടെ നൂറുകൂട്ടം പണികളുണ്ടെഡേയ്…. ഇത് പൊങ്ങിയോ താണോ എന്നൊക്കെ നോക്കാനാണ് നിന്നെ കോ പൈലറ്റായി ഇവിടെ ഇരുത്തിയിരിക്കുന്നത്…

പൈലറ്റുമാര്‍ക്കിടയില്‍ അങ്ങനെ മെയിന്‍ പൈലറ്റ് കോ-പൈലറ്റ് എന്നൊന്നുമില്ല.. എല്ലോരും പൈലറ്റ് തന്നെ..

അത് നീ അകത്ത് നിക്കുന്ന പെമ്പിള്ളേരോടു പറ… കോ-പൈലറ്റ് എത്രയായാലും കോ-പൈലറ്റ് തന്നെ…

കോ പൈലറ്റ് എന്നു വച്ചാല്‍ എന്തോന്ന് മൈക്കാട് പണിയോ ? ഡേയ് ഞാനും പൈലറ്റ് തന്നഡേ..

കോപ്പാ !

എന്തോന്നാ ??

കോപ്പൈലറ്റ് തന്നേന്ന്…

പത്തിരുനൂറ് ആളിതിലിരിക്കുന്നു ഇല്ലെങ്കില്‍ കോപ്പ് കൊണ്ടുപോയി വല്ല തെങ്ങിലും ഇടിപ്പിച്ചേനെ ഞാന്‍..

ഇതുകൊണ്ടാണ് നിന്നെ ഒരിക്കലും പൈലറ്റാക്കാത്തത്….

ഓ, പിന്നെ.. നീ വല്യ പുണ്യാളന്‍ തന്നെഡേ… ഇങ്ങോട്ടു കേറി വന്നപ്പോ ആ പെണ്ണിനോടെന്താ പറഞ്ഞേ ?

യു ലുക്ക് ലൈക്ക് ആന്‍ ഏഞ്ചലെന്ന്…

അലവലാതി ലുക്കുള്ള എയര്‍ ഹോസ്റ്റസുമാരെ പഞ്ചാരയടിക്കുന്നത് മൊത്തം പൈലറ്റ് സമൂഹത്തിനു തന്നെ നാണക്കേടാണ്…

പഞ്ചാരയോ ? ഞാനവള്‍ടെ ആത്മവിശ്വാസം ബൂസ്റ്റ് അപ്പ് ചെയ്തതാണ്… അത് അവള്‍ടെ വര്‍ക്കിനെ സ്വാധീനിക്കും…

എന്തോന്ന് വര്‍ക്ക് ?… എക്കോണമി ക്ലാസ്സില്‍ ഒലിപ്പിച്ചിരിക്കുന്ന വായില്‍നോക്കികള്‍ക്ക് കട്ടന്‍ചായ കൊണ്ടു കൊടുക്കുന്നതോ ?

അങ്ങനെ നോക്കിയാല്‍ നീയിവിടെ എന്തു വര്‍ക്കാണ് ചെയ്യുന്നത് ? കോ-പൈലറ്റെന്നു പറഞ്ഞ് ചുമ്മാ ഇതില്‍ വായില്‍നോക്കിയിരിക്കുന്നതല്ലാതെ ?

ഈ ആട്ടോ പൈലറ്റില്ലാരുന്നേല്‍ അണ്ണനും പാടുപെട്ടേനേ…

ആട്ടോ അല്ല ഓട്ടോ…

അണ്ണന്റെ പണി പോയാല്‍ പാടുപെടും കെട്ടോ… ഒരു പണീമറിയാതെ എങ്ങനെ ജീവിക്കാനാ..

നീ ആ സ്വിച്ചൊന്നിട്ടേ…

അണ്ണാ വേണ്ട… പറക്കുന്നേനെടേല്‍ അവളുമാരെ വിളിക്കേണ്ട..

നീ സ്വിച്ചിടെടാ… അടുക്കളയും ആരാമവുമായി എപ്പോഴും ഒരു പാലം ഇടുന്നത് നല്ലതാണ്..

ഏതാണ് ആരാമം ?

എയര്‍ ഹോസ്റ്റസ് സുന്ദരികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നിടം എവിടെയാണോ അവിടെ ?

കുന്തം …

ഞങ്ങളെ വിളിച്ചോ ?

രണ്ടും വന്നല്ലോ… നിങ്ങളവിടെ എന്തു ചെയ്യുവാരുന്നു ?

ഞങ്ങള് കഴിഞ്ഞയാഴ്ചത്തെ മംഗളം വായിക്കുവാരുന്നു… പൂങ്കണ്ണീര് നോവല്‍… ഹൊ കരഞ്ഞുപോകും..

ഡീ, ബിസിനസ് ക്ലാസിലെത്ര പേരുണ്ട് ?

ആരുമില്ലന്നേ… കാലിയായിക്കിടക്കുവാ..

ശ്ശൊ… കേട്ടിട്ടു കൊതിയാവുന്നു… നിങ്ങള് ഫ്രീയാണോ ?

ഫ! ചെറ്റത്തരം പറയരുത്…

അയ്യേ, മോള് തെറ്റിദ്ധരിച്ചു… നിങ്ങള് ഫ്രീയാണെങ്കില്‍ ഇവിടെ കൊറച്ച് നേരം ഇരിക്ക് ഞങ്ങള് അവിടെ പോയിക്കിടന്ന് ഇത്തിരി നേരം ഉറങ്ങട്ടെ…

ഓ, അങ്ങനെ… ഞങ്ങളിവിടിരുന്നാല്‍ കുഴപ്പമുണ്ടോ ?

എന്നാ നീയെന്റെ മടീലിരുന്നോടീ…

ചേട്ടന്‍ ചെല്ല്…. പോയിക്കിടന്നുറങ്ങ്.. ഇത് ഇങ്ങനെ പറന്നോളുമല്ലോ അല്ലേ ?

നിങ്ങള് ചുമ്മാ വെയിറ്റ് ബാലന്‍സ് ചെയ്യാനിവിടെ ഇരുന്നാല്‍ മാത്രം മതി…

അപ്പോ ഇതിന്റെ സ്റ്റിയറിങ്ങൊന്നും തിരിക്കണ്ടേ ?

ഓട്ടോ പൈലറ്റാടീ… ബിസിനസ് ക്ലാസ്സില്‍ കമ്പിളിപ്പൊതപ്പൊണ്ടല്ലോ അല്ലേ ? അപ്പോ ശരി.. ഞങ്ങളുറങ്ങീട്ടു വരാം….

ശ്ശൊ… !

എന്തുവാടീ ?

ശരിക്കും നമ്മളിരുന്ന് വിമാനം ഓടിക്കുന്ന പോലെ ഉണ്ടല്ലേ ?

ശെരിയാ… അങ്ങേര് ഓട്ടോ പൈലറ്റെന്നു പറഞ്ഞത് എന്തുവാടീ ?

അത് ഞാനും കേട്ടിട്ടുണ്ട്… പൈലറ്റാകുന്നേനു മുമ്പ് മൂപ്പര് ഓട്ടോ ഡ്രൈവറായിരുന്നത്രേ..

ശെരിക്കും ??

ശെരിക്കും…

എന്നാലും എങ്ങനെയാ അല്ലേ ?

അതിപ്പോ കടല വിറ്റു നടന്നവരൊക്കെയല്ലേ ഇപ്പോള്‍ കോടീശ്വരന്‍മാരാകുന്നത്… അങ്ങനെ വിചാരിച്ചാല്‍ മതി…

ശെരിയാ,.. ദേ നമ്മളിപ്പോ വിമാനമോടിക്കുന്നതുപോലെ അല്ലേ ?

അതെയതെ…കിക്കി…

ഇതിനകത്ത് മിററൊന്നും ഇല്ലല്ലോടീ…

പുറകീന്നു വണ്ടിയൊന്നും വരാനില്ലല്ലോ അതായിരിക്കും…

പോടീ, മുഖം നോക്കാനും മേക്കപ്പിടാനുമൊക്ക മിറര്‍ വേണ്ടേ ?

കിക്കി… അങ്ങേര് നിന്നെ മടീലിരുത്താന്ന് പറഞ്ഞത് ശരിക്കും ഉദ്ദേശിച്ചായിരിക്കുമോടീ ?

പോടീ ഒന്ന്… അല്ലെങ്കിലും ഞാനല്ലല്ലോ, നീയല്ലേ ഏഞ്ചല്‍.. ഹൊ!

ഇതിനു സ്റ്റിയറിങ്ങൊന്നും ഇല്ലേടീ ? ചുമ്മാ തിരിച്ചോണ്ടിരിക്കായിരുന്നു…

ചുമ്മാ പിടിച്ചോണ്ടിരിക്കാന്‍ ഗിയറല്ലേടീ നല്ലത് ?

പോടീ ഒന്ന്… വൃത്തികെട്ടവള്‍..

ഇതിനകത്ത് എന്തുമാത്രം മീറ്ററാ അല്ലേടീ ?

പെട്രോളിന്റേം ടയറിന്റെ കാറ്റിന്റേം ഓയിലിന്റേം… അങ്ങനെ ഓരോന്നിനും ഓരോ മീറ്ററല്ലേ ?

ആ പുറകിലത്തെ സീറ്റിലൊരു കോട്ടുകാരനിരിപ്പില്ലേ ? അതുവഴി പോരുമ്പോള്‍ എന്നാ നോട്ടമാണെന്നറിയാമോ ?

38ഡിയിലെ അല്ലേ ? മൂപ്പര് *********ന്റെ എംഡിയാ…. കുണ്ടിയാണ് വീക്ക്‌നെസ്സ് എന്നു തോന്നുന്നു…

അതെയതെ… ശ്ശൊ.. എനിക്കാണേല്‍ നാണം തോന്നി….

ഡീ ഈ നീണ്ടിരിക്കുന്ന സാധനം എന്താടീ ?

നിനക്കെപ്പോഴും നീണ്ടിരിക്കുന്ന സാധനങ്ങളോടാണല്ലോ താല്‍പര്യം ?

പോടീ ഒന്ന്… ഇത് ഹാന്‍ഡ്‌ബ്രേക്ക് ആണെന്നു തോന്നുന്നു…

അതിനിപ്പോ ഇത് പറക്കുവല്ലേ… നീ ചില്ലിലൂടെ നോക്കിക്കേ… കണ്ടോ ?

കാക്കയോ പ്രാവോ മറ്റോ പറക്കുന്നത് കാണാവോടീ ?

അതൊക്കെ താഴെക്കൂടിയല്ലേ പൊട്ടിപ്പെണ്ണേ… നമ്മള്‍ 13000 അടി മുകളിലാ ഇപ്പോള്‍…

ശ്ശൊ ! എന്താ ല്ലേ ?

ഫ്രണ്ട് സീറ്റിലിരിക്കുന്ന അമ്മച്ചി കുറച്ച് മുമ്പ് ചൂടുവെള്ളം ചോദിച്ചായിരുന്നു…

നമ്മളിവിടെ വെള്ളം ചൂടാക്കുവാണെന്നു വിചാരിച്ചോളും..

എടീ നമുക്കിതില്‍ പിടിച്ചു വലിച്ചാലോ ?

വേണ്ടാ ട്ടോ… ഇതിലൊന്നിലും പിടിച്ചേക്കരുത്… പിടിക്കാന്‍ പറ്റിയതൊക്കെ പുള്ളി പിന്നെ തരാം എന്നു പറഞ്ഞിട്ടാ പോയത്..

ഛെ… ഒരു വൃത്തികെട്ടവനാ അല്ലേ ?

ഓ! ആണുങ്ങളെല്ലാം ഇങ്ങനെയാടീ… എവനായാലും കണക്കാ…

ങ്ഹും… ഇതാണോടീ ബ്ലാക്ക്‌ബോക്‌സ് ?

പോടീ ഒന്ന്, ഇതാ കോ പൈലറ്റിന്റെ ടിഫിന്‍ ബോക്‌സാ…

ആ ചൊമല സ്വിച്ച് എന്തിനുള്ളതാടീ ?

അത് വിമാനം ഓണും ഓഫും ചെയ്യുന്നതായിരിക്കുമെടീ… അതിലൊന്നും തൊടണ്ടാട്ടോ…

ഇതിപ്പോ നേരം കുറെയായല്ലോ… അവന്‍മാര് അവിടെക്കിടന്നുറങ്ങിപ്പോയോ ? ഇത് താഴെയിറക്കാറാവുമ്പോഴേക്കും എണീറ്റു വരുമോ എന്തോ …

നീ കോളിങ് ബെല്ലടിച്ച് വിളിക്ക്…

ഏതാ അതിന് സ്വിച്ച് ? ഇവര് നമ്മളെ വിളിക്കാന്‍ ഞെക്കുന്ന സ്വിച്ച് ഇതാണെന്നു തോന്നുന്നു… കണ്ടോ എയര്‍ ഹോസ്റ്റസിന്റെ പടമുണ്ട്…

എന്നാ നീ പൈലറ്റിന്റെ പടമുള്ള സ്വിച്ചില്‍ ഞെക്ക്… അവന്‍മാര് വരും…

ദേ ഇതല്ലേ… ഞെക്കി !!!

അയ്യോ ന്റമ്മേ… നീ എവിടെയായീ ഞെക്കിയത് ? ഇത് കുലുങ്ങുന്നു…. അയ്യോ… രക്ഷിക്കണേ, രക്ഷിക്കണേ….

കെടന്നു കൂവാതെടീ… യാത്രക്കാര് കേള്‍ക്കും…. പിന്നെ ഇതിലൂടെ പറയുന്നത് തഴെ കണ്‍ട്രോള്‍ റൂമിലിരിക്കുന്ന കോന്തന്‍മാര്‍ക്കു കേള്‍ക്കാം…

നീ ഇ പറഞ്ഞതും കേള്‍ക്കില്ലേ ?

അയ്യോ… ശരിയാണല്ലോ… ശ്ശൊ!..

അയ്യോ ഇത് ചെരിയുന്നു…. ആരെങ്കിലും ഓടിവരണേ രക്ഷിക്കണേ…

മിണ്ടാതിരിക്കെടീ….

ഓംഹ്രീം കുട്ടിച്ചാത്താ… ഓംഹ്രീം കുട്ടിച്ചാത്താ… മായാവി വരുമോ എന്തോ…

ഡിങ്കനെക്കൂടി വിളിക്കെടീ ലുട്ടാപ്പീ…

എന്താ ? എന്താ ഇവിടെ ? ആരാ ഓട്ടോ പൈലറ്റ് ഓഫ് ചെയ്തത് ?

ഞാനല്ല, ഇവളാ.. ഞാന്‍ അപ്പോഴേ പറഞ്ഞതാ തൊടേണ്ടെന്ന്…

ക്യാപ്റ്റാ പണി കിട്ടിയേനെ…

എണീറ്റോടിക്കോ എല്ലാം…

കിക്കി…

കിണിക്കാതെ വിട്ടോ…

ശ്ശൊ! എന്നാലും നല്ല രസമായിരുന്നു അല്ലേടീ ?

ശെരിക്കും !!

ഇന്ത്യയുടെ വീരപുത്രന്‍മാര്‍

ഇന്ത്യയുടെ വീരപുത്രന്‍മാര്‍

Posted 03 May 2013 | By | Categories: Analysis | 39 Comments

പാകിസ്ഥാന് സ്വപ്‌നം കാണാന്‍ കഴിയാത്ത ഭാഗ്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സരബ്ജിത് സിങ്ങിനെ പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാര്‍ തല്ലിക്കൊന്നതിനു പകരമായി ജമ്മുവിലെ ജയിലില്‍ പാക് തടവുകാരനെ കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ തടവുകാരന്‍ തല്ലിച്ചതച്ചിരിക്കുന്നു. ടിയാനും കോമയിലാണ്. അജ്മല്‍ കസബിനെ പൊന്നുപോലെ നോക്കാന്‍ 80 കോടി രൂപ ചെലവഴിച്ചതിന്റെ പുണ്യമൊന്നും ഇനി പറയേണ്ട. പാകിസ്ഥാന്‍ എത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണോ അത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണ് ഇന്ത്യയും എന്നു നമ്മള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു. തടവുകാരെ തല്ലിക്കൊല്ലുന്ന കളിയില്‍ ഇന്ത്യയും പാകിസ്ഥാനും പുതിയ ടൂര്‍ണമെന്റ് ആരംഭിച്ചത് ലോകമാധ്യമങ്ങള്‍ ആഘോഷിക്കും. ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയുടെ നേരേ നോക്കി മൂക്കത്ത് വിരല്‍ വച്ച് അവര്‍ കഷ്ടമെന്നു പറയും.

സരബ്ജിത് സിങ്ങിനെ കൊന്നതിനു പകരമായി ഇന്ത്യന്‍ ജയിലില്‍ ഒരു പാക് തടവുകാരനെ കൊല്ലുകയാണ് വേണ്ടത് എന്ന പ്രാകൃതനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ ഇതില്‍ മനസ്സുകൊണ്ടെങ്കിലും സന്തോഷിച്ചേക്കാം, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി ഇത് ചരിത്രത്തിലെഴുതി ചേര്‍ക്കപ്പെടും. സരബ്ജിത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഇനി എവിടെയാണ് വില ? സരബ്ജിതിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ് മരണത്തോടു മല്ലിടുന്ന സനൗഉള്ള ഹഖിനെ എന്തു വിശേഷിപ്പിക്കും ? പാക് തടവുകാരനെ ആക്രമിക്കാന്‍ സഹതടവുകാരനായ വിനോദിനെ പ്രേരിപ്പിച്ചത് സരബ്ജിത് സിങ്ങിന്റെ കൊലപാതകം ആണെങ്കില്‍ അതിദേശീയവാദികള്‍ക്ക് വിനോദിനെയും വീരപുത്രന്‍ എന്നു വിളിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമുക്കു വേണ്ടത് വീരപുത്രന്‍മാരല്ല, നാടിനെ ഒറ്റുകൊടുക്കാത്ത മനുഷ്യസ്‌നേഹികളെയാണ്.

ക്ഷമയോടെ, കരുതലോടെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെയും ആഭ്യന്തരസുരക്ഷയെയുമെല്ലാം വെല്ലുവിളിക്കുന്നതാണ് ജമ്മു ജയിലില്‍ മുന്‍സൈനികന്‍ കൂടിയായ ഇന്ത്യന്‍ തടവുകാരന്‍ നടത്തിയ മര്‍ദനം. നയതന്ത്രശേഷിയില്ലാത്ത ഭരണാധികാരികള്‍ വിഡ്ഡിത്തം കണ്ടു നില്‍ക്കുന്നതും വി്ഡിത്തം പുലമ്പുന്നതും രാജ്യത്തെ പൗരന്‍മാര്‍്ക്കു തന്നെ നാണക്കേടാണ്. സരബ്ജിത് സിങ്ങിനെ ആക്രമിച്ചതില്‍ പാകിസ്ഥാന് വലിയ ദുഖമൊന്നും കണ്ടില്ലല്ലോ അപ്പോള്‍ എന്തിന് ഈ പാക് തടവുകാരന്റെ പേരില്‍ ദുഖിക്കുന്നു എന്നു ചിലര്‍ക്കു സംശയമുണ്ടാകാം. സരബ്ജിതിനെ മര്‍ദിച്ചതിനു പകരമായി മറ്റൊരു തടവുകാരനെ മര്‍ദിക്കുന്നതിന് നീതികരണമൊന്നുമില്ല. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍കാരനെ കൊന്നാലോ പാകിസ്ഥാന്‍കാരന്‍ ഇന്ത്യക്കാരനെ കൊന്നാലോ ഇല്ലാതാവുന്നത് ശത്രുതയും വിദ്വേഷവുമല്ല, മനുഷ്യജീവനുകളാണ്.

സബ്ജിത് സിങ്ങിനു നീതി കിട്ടിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാകിസ്ഥാന്‍ എന്ന രാജ്യത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്നിരിക്കെ അവിടെ ഇന്ത്യന്‍ തടവുകാരന്‍ കൊലപ്പെട്ടതും കസബിനെപ്പോലൊരു ഭീകരനെപ്പോലും വിഐപി പരിഗണനയില്‍ തീറ്റി വളര്‍ത്തിയ, ലോകശക്തികളിലൊന്നായ ഇന്ത്യയില്‍ പാകിസ്ഥാനിലേതിനു സമാനമായ സാഹചര്യത്തില്‍ ഒരു തടവുകാരന്‍ ആക്രമിക്കപ്പെടുന്നതും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. രണ്ടു വയസ്സുകാരിയെ മുതല്‍ തൊണ്ണുറുകാരിയെ വരെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന കാമഭ്രാന്തന്‍മാരുടെയും ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരുടെയും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ദി നെക്‌സ്റ്റ് ഗാന്ധിയും മദര്‍ തേരേസയ്ക്കു ശേഷം ഇന്ത്യയുടെ രക്ഷകയായെത്തിയ സോണിയാജിയും മണ്ടന്‍കുണാപ്പന്‍മാരായ ഇന്ത്യന്‍ കഴുതകളെ എക്കണോമിക്‌സ് പഠിപ്പിച്ച പ്രധാനമന്ത്രിയും മാത്രമേയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സരബ്ജിതിന്റെ മരണത്തോടെ പൗരന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നയതന്ത്രം തോറ്റുപോയെങ്കില്‍ ഈ ആക്രമണത്തോടെ ലോകസമൂഹത്തിനു മുന്നിലും നമ്മള്‍ തോറ്റിരിക്കുന്നു. ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.

ഭരണകൂടനിസ്സംഗതയുടെ രക്തസാക്ഷി

ഭരണകൂടനിസ്സംഗതയുടെ രക്തസാക്ഷി

Posted 02 May 2013 | By | Categories: Analysis | 49 Comments

ഇന്ത്യ-പാക്കിസ്ഥാന്‍ കപടനാടകങ്ങളുടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത മുതലാക്കി രാഷ്ട്രീയലാഭം കൊയ്യുന്ന രാഷ്ട്രീയകക്ഷികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും രക്തസാക്ഷിയാണ് പാകിസ്ഥാന്‍ ജയിലില്‍ തടവുകാര്‍ തല്ലിക്കൊന്ന സരബ്ജിത് സിങ്. അദ്ദഹത്തിന്റെ രക്തം കൊണ്ട് അധികാരിവര്‍ഗം ചുണ്ടു നനയ്ക്കും എന്നല്ലാതെ ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നം ലഘൂകരിക്കപ്പെടുകയോ ഇരകള്‍ക്കു നീതി ലഭിക്കുകയോ ചെയ്യുകയില്ല.

സരബ്ജിത് സിങ്ങിന്റെ കൊലപാതകത്തെക്കാള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നതും ഭയപ്പെടുന്നതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയാണ്. സരബ്ജിത്ത് സിങ് ഇന്ത്യയുടെ ധീരപുത്രനാണെന്നാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത്. 22 വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കിടന്നിട്ടും ഒരു ചുക്കും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല എന്നിരിക്കെ ഭീകരശൈലിയില്‍ അദ്ദേഹത്തെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയതിനു ശേഷം ഇത്തരം ഗീര്‍വാണങ്ങള്‍ അടിച്ചുവിടുന്നത് ശേഷിക്കുറവിന്റെ പ്രകടനമാണ്. ഡോ. മന്‍മോഹനെ ലോകത്തിലെ കരുത്തരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന എമ്പോക്കികളെ സ്തുതിക്കണം. സരബ്ജിത് സിങ് ഇന്ത്യക്കാരന്റെ ഗതികേടിന്റെ പ്രതീകമാണ്. ഭരണം എന്നത് സബ്‌സിഡി എടുത്തു കളയലും സാമ്പത്തിക പരിഷ്‌കാരങ്ങളും മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ നാടുഭരിക്കുമ്പോള്‍ സരബ്ജിത് സിങ് എന്നല്ല ഓരോ പൗരനും ഇതേ വിധിയാണ് കാത്തിരിക്കുന്നത്.

അംബാനിയുടെ രോമത്തിനോ മല്യയുടെ പെണ്ണുങ്ങളുടെ പാന്റീസിനോ രാഹുല്‍മോന്റെയോ റോബര്‍ട്ട് മരുമോന്റെയോ നിഴലിനോ ഭീഷണിയില്ലാത്തിടത്തോളം ഈ സര്‍ക്കാര്‍ സോഡ കുടിച്ച് വിശ്രമിക്കും. നീതി എന്നത് വ്യത്യസ്തമായി ഓരോ പൗരനും വ്യത്യസ്തമായി അനുഭവപ്പെടുന്നിടത്തോളം കാലം സമത്വത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം എടുത്തുപയോഗിക്കാന്‍ മടിയില്ലെന്നു തെളിയിച്ച സര്‍ക്കാര്‍ സരബ്ജിത് സിങ് മരണപ്പെട്ടതിലൂടെയും ചില ലാഭങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും.

സരബ്ജിത് സിങ്ങിനെ മഹത്വവല്‍ക്കരിക്കുന്നതും ധീരനായകനായി ചിത്രീകരിക്കുന്നതും പാകിസ്ഥാനെതിരേ ആക്രോശിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നല്ല. 22 വര്‍ഷക്കാലം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നിരപരാധിയായ സരബ്ജിത് സിങ്ങിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ സമയത്ത് അദ്ദേഹത്തെ വീരപുത്രനാക്കി പ്രഖ്യാപിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നത് ലജ്ജാകരമാണ്. പാകിസ്ഥാന്‍ ആരോപിക്കുന്നതുപോലെ പാകിസ്ഥാനില്‍ സ്‌ഫോടനം നടത്തിയത് സരബ്ജിത് ആയതുകൊണ്ടാണ് ഇന്ത്യ ഇതുവരെ കാര്യമായൊന്നും ചെയ്യാത്തതെങ്കില്‍ ഈ സമയത്ത് സരബ്ജിത്തിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിക്കുന്നതും ശരിയല്ല.

പാകിസ്ഥാന്‍ ഒരു രാജ്യമെന്ന നിലയില്‍ ലോകത്തിനു തന്നെ നാണക്കേടാണെന്നു തെളിയിച്ചു കഴിഞ്ഞതാണ്. അവരുടെ പരാജയങ്ങളുടെ പട്ടികയിലേക്ക് ഇതു കൂടി എഴുതിച്ചേര്‍ക്കപ്പെടും എന്നല്ലാതെ സരബ്ജിത്തിന്റെ കൊലപാതകം അവര്‍ക്ക് മറ്റൊന്നും നേടിക്കൊടുക്കില്ല. ഇന്ത്യയെ സംബന്ധിച്ച് ലജ്ജാകരമായ വലിയൊരധ്യായത്തിന്റെ അപമാനകരമായ അന്ത്യം ആണിത്. സരബ്ജിത്തിനു പാര്‍ട്ടി മെമ്പര്‍ഷിപ് നല്‍കി അടുത്ത തിരഞ്ഞെടുപ്പിനു പോസ്റ്ററടിക്കാനിരിക്കുന്ന ചോരകുടിയന്‍മാരായ രാഷ്ട്രീയനേതാക്കന്‍മാരേ നിങ്ങളെയോര്‍ത്ത് ലജ്ജിക്കാനല്ലാതെ ഈ ജനതയ്ക്ക് മറ്റൊന്നുമാവില്ല. പുഷ്പചക്രങ്ങളും മെഴുതിരി പ്രദക്ഷിണങ്ങളും ഔദ്യോഗികബഹുമതികളും ചിലപ്പോഴെങ്കിലും അര്‍ഥശൂന്യവും അടിസ്ഥാനരഹിതവും, നീതി നിഷേധിക്കപ്പെട്ട പരേതന്റെ മൃതശരീരത്തിന് അപമാനകരവുമായേക്കാം.

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

ഒരേ ഷര്‍ട്ട് 100 ദിവസം ഇടുന്നവരെ സ്ത്രീകള്‍ക്ക്‌ ഇഷ്ടമാവുമോ എന്തോ ?

Posted 01 May 2013 | By | Categories: News | 35 Comments

ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്നു പറഞ്ഞതു പോലെയാണ് ഈ ഷര്‍ട്ടിന്റെ കാര്യവും. അതിന്റെയൊരു വടിവും പുത്തന്‍ലുക്കും മണവുമൊക്കെ കണ്ടാല്‍ അലക്കുകയോ തേയ്ക്കുകയോ ചെയ്യാതെ ഷര്‍ട്ടുമുതലാളി 100 ദിവസമായി ഇട്ടുകൊണ്ടിരിക്കുകയാണെന്നു തോന്നില്ല. ചില നിരാഹാരസത്യഗ്രഹക്കാര്‍ രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നതുപോലെ ഈ ഷര്‍ട്ടും രാത്രിയില്‍ ആരും കാണാതെ അലക്കി ഇസ്തിരിയിടുന്നുണ്ടാവും എന്ന് ആരോപിക്കരുത്. പരീക്ഷണഘട്ടത്തില്‍ ഷര്‍ട്ട് കമ്പനിയുടെ മുതലാളി തന്നെ 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ധരിച്ച് സംഗതി തെളിയിച്ചതാണ്.

ഷര്‍ട്ട്: വൂള്‍ ആന്‍ഡ് പ്രിന്‍സ്
മുതലാളി: മാക്

ചെളിയോ ദുര്‍ഗന്ധമോ ഇല്ലാതെ പുതുപുത്തനായി 100 ദിവസം വരെ അലക്കാതെയും ഇസ്തിരിയിടാതെയും തുടര്‍ച്ചയായി ഇടാന്‍ കഴിയുന്ന ഷര്‍ട്ട് ആണ് വൂള്‍ ആന്‍ഡ് പ്രിന്‍സ്. പരമാവധി സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഷര്‍ട്ടിനു വേണ്ടി ആറു മാസം മുമ്പ് ആരംഭിച്ച പരീക്ഷണമാണ് വൂള്‍ ആന്‍ഡ് പ്രിന്‍സിന്റെ അണിയറക്കാരായ ചെറുപ്പക്കാരെ ഈ വൂള്‍ ഷര്‍ട്ടിലെത്തിച്ചത്. ഭീകരമാജിക്കൊന്നും ഇതിന്റെ പിന്നിലില്ല. ഉന്നതനിലവാരമുള്ള കമ്പിളിനൂലും അല്‍പം വൂള്‍ സയന്‍സും മാത്രം. കമ്പിളിക്ക് വിയര്‍പ്പ് വലിച്ചെടുക്കാനും അത് പിടിച്ചുനിര്‍ത്താതെ നീരാവിയാക്കാനുമുള്ള കഴിവാണ് ഷര്‍ട്ടിന്റെ രഹസ്യം.

പരുത്തിയെക്കാള്‍ ആറിരട്ടി നിലനില്‍ക്കുന്നതാണ് കമ്പിളി എന്നാണ് കണ്ടെത്തല്‍. പ്രകൃതിദത്തമായി തന്നെ ചുളിവുകളും ദുര്‍ഗന്ധവും ചെറുക്കുന്ന കമ്പിളിയുടെ സ്വാഭാവികസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളൂ എന്നാണ് കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ധനസമാഹരണം നടത്തുന്ന കമ്പനി പ്രതിനിധികള്‍ പറയുന്നത്.

അലക്കുകയോ ഇസ്തിരിയുകയോ ചെയ്യാതെ കമ്പനിയുടമയായ മാക് 100 ദിവസം തുടര്‍ച്ചയായി ഷര്‍ട്ട് ചുളിവോ ദുര്‍ഗന്ധമോ ഇല്ലാതെ ധരിച്ചു പരീക്ഷണം പൂര്‍ത്തിയാക്കിയതോടെയാണ് വൂള്‍ ആന്‍ഡ് പ്രിന്‍സ് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. 100 ദിവസം പേരിന് ധരിക്കുകയല്ല, മുഴുവന്‍ ദിവസവും ഷര്‍ട്ട് ധരിച്ച് സൈക്ലിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളിലും നിരവധി ജോലികളിലും മുഴുകിയാണ് ജീവിച്ചത്. എല്ലാ ദിവസവും ഹാംഗറില്‍ ഒരു മണിക്കൂര്‍ വീതം തൂക്കിയിട്ടതാണ് ഷര്‍ട്ടിന് ആകെ ലഭിച്ച വിശ്രമം. നിലവില്‍ തിരഞ്ഞെടുത്ത 15 പേര്‍ക്കായി ഷര്‍ട്ടുകള്‍ പരീക്ഷണധാരണത്തിനു നല്‍കിയിരിക്കുകയാണ്. കിക്ക്‌സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയുള്ള ധനസമാഹരണം വിജയിച്ചാല്‍ കമ്പനി ഉടനടി പ്രവര്‍ത്തനമാരംഭിക്കും. ഷര്‍ട്ടൊന്നിന് ഏകദേശം 5000 രൂപ വിലയാകും. അലക്ക് കുളി എന്നിവയില്‍ വിശ്വാസമില്ലാത്തവര്‍ സന്ദര്‍ശിക്കുക: woolandprince.com

QWERTYക്കു വിട; ഇനി KALQ കാലം

QWERTYക്കു വിട; ഇനി KALQ കാലം

Posted 30 April 2013 | By | Categories: Technomix | 7 Comments

മൂന്നും നാലും അക്ഷരങ്ങള്‍ ഒരൊറ്റ കീയില്‍ നല്‍കിയിരുന്ന പരമ്പരാഗത മൊബൈല്‍ ഫോണ്‍ കീ ബട്ടണില്‍ നിന്നും മുഴുവന്‍ കീബോര്‍ഡ് തന്നെ ലഭ്യമാക്കിക്കൊണ്ട് സ്മാര്‍ട്‌ഫോണുകള്‍ എത്തിയപ്പോള്‍ അതൊരു വിപ്ലവമായിരുന്നു. കംപ്യൂട്ടറിലെപ്പോലെ എല്ലാ അക്ഷരങ്ങള്‍ക്കും ഓരോ ചെറുകീകള്‍ നല്‍കി മുകളിലത്തെ നിരയിലെ ഇടതുവശത്തെ ആദ്യ ആറ് അക്ഷരങ്ങളുടെ പേരിട്ട് അതിനെ QWERTY എന്നു വിളിച്ചു. ക്വേര്‍ട്ടി വന്നതോടെ ഫോണ്‍ ഉപയോക്താക്കള്‍ രണ്ടു വിരല്‍ കൊണ്ട് അതിവേഗം ടൈപ്പ് ചെയ്യാന്‍ പഠിച്ചു. ഫോണ്‍ ഇരുകയ്യിലായി പിടിച്ചുകൊണ്ട് ഇരുകൈകളുടെയും തള്ളവിരലുകള്‍ കൊണ്ട് ടൈപ്പ് ചെയ്യുന്ന പ്രായോഗികരീതി സ്വഭാവികമായി തന്നെ ഉടലെടുത്തതാണ്.

ചെറുഫോണുകള്‍ പോലും ക്വേര്‍ട്ടി കീബോര്‍ഡ് വലിയ സംഭവമായി അവതരിപ്പിച്ചതോടെ ക്വേര്‍ട്ടി ഒരലങ്കാരം മാത്രമായി. ഓരോ അക്ഷരങ്ങള്‍ക്കും വേണ്ടി നിയോഗിച്ചിരിക്കുന്ന കീകളുടെ വലിപ്പം നന്നേ കുറഞ്ഞു. ഒരു കീയില്‍ സ്പര്‍ശിച്ചാല്‍ സ്പര്‍ശനമേല്‍ക്കുന്നത് പരിസരത്തുള്ള ഏതെങ്കിലുമൊക്കെ കീയാവാമെന്നായി. അപ്പോഴാണ് ക്വേര്‍ട്ടിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വലിയ സ്‌ക്രീനുകളുള്ള ഫോണുകളും വലിയ ബട്ടണുകളുള്ള ടാബ്‌ലെറ്റ് കംപ്യൂട്ടറുകളും എത്തിയത്. അപ്പോള്‍ ക്വേര്‍ട്ടിയുടെ നടുഭാഗത്തുള്ള ബട്ടണുകളിലേക്ക് വിരല്‍ എത്താത്ത അവസ്ഥയായി. ഒരു കയ്യില്‍ ഫോണ്‍ പിടിച്ച് മറുകൈ കൊണ്ട് ടൈപ്പ് ചെയ്യേണ്ട അവസ്ഥ ആദ്യത്തിനേതിനെക്കാള്‍ കഷ്ടവുമായി.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് പുതിയ കീബോര്‍ഡ് ഡിസൈന്‍- KALQ. മൊബൈല്‍ ഫോണില്‍ ടൈപ്പ് ചെയ്യുന്നവരെല്ലാം ടൈപ്പ്‌റൈറ്റിങ് പാസ്സായിട്ടുള്ളവരല്ല എന്നതിനാല്‍ പഴയ കീബോര്‍ഡിലെ അക്ഷരങ്ങളില്‍ സ്ഥാനചലനം ഉണ്ടാവുന്നതില്‍ ആശങ്കപ്പെടാനൊന്നുമില്ല. പാരമ്പര്യവും ചരിത്രവുമൊന്നുമല്ല ടൈപ്പ് ചെയ്യുന്നവരുടെ സൗകര്യം മാത്രമാണ് KALQ ഡിസൈനിന്റെ അടിസ്ഥാനം. ഫോണിന്റെ ഇരുവശത്തു നിന്നും വിരലെത്തുന്ന ദൂരത്തില്‍ നില്‍ക്കുന്ന കീബോര്‍ഡിന്റെ മധ്യഭാഗം ശൂന്യമായിരിക്കും. ഇരുവശങ്ങളിലും നാലുവരി വീതം. വലതുവശത്തെ നാലാമത്തെ വരിയിലെ അക്ഷരങ്ങള്‍ ചേര്‍ത്തുവച്ചുണ്ടാക്കിയ പേരാണ് KALQ.

തൊണ്ണൂറുകളുടെ അവസാനം രംഗത്തെത്തിയ ക്വേര്‍ട്ടി വിപ്ലവത്തിന് അന്ത്യം കുറിക്കാന്‍ കാല്‍ഖ് മതിയോ എന്നു ചിലര്‍ക്കു സംശയമുണ്ട്. ക്വേര്‍ട്ടിയില്‍ മിനിട്ടില്‍ 20 വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കാല്‍ഖില്‍ 37 വാക്ക് ടൈപ്പ് ചെയ്യാമെന്നാണ് കണ്ടെത്തല്‍. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫോമാറ്റിക്‌സിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പുതിയ കീബോര്‍ഡ് തയ്യാറാക്കിയത്. കാല്‍ഖ് കീബോര്‍ഡ് ഉപയോഗിക്കുന്ന ആദ്യ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തും.

വൃത്തികെട്ട ജോലി

വൃത്തികെട്ട ജോലി

Posted 30 April 2013 | By | Categories: Media | 38 Comments

ലോകതൊഴിലാളിദിനമായി. ഇന്നു മുഴുവന്‍ ലോകതൊഴിലാളികളെ വാഴ്ത്തിപ്പാടിയും അവരില്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു പറഞ്ഞും മാധ്യമങ്ങള്‍ നേരം കൊല്ലും. തൊഴിലാളി എന്നു പറഞ്ഞാല്‍ ചുമടെടുക്കുന്നവനും പറമ്പില്‍ കിളയ്ക്കുന്നവനും മെറ്റല്‍ പൊട്ടിക്കുന്നവനും റോഡ് ടര്‍ ചെയ്യുന്നവനുമൊക്കെയാണെന്ന് ചാനലുകള്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവും. അപ്പോള്‍ ഈ റിപ്പോര്‍ട്ടിങ് എല്ലാം നടത്തുന്ന സര്‍വരാജ്യമാധ്യമത്തൊഴിലാളികളുടെ കാര്യമോ ?

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജോലിയാണ് പത്രപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഇന്നാട്ടിലെ പത്ര-ചാനല്‍ മുതലാളിമാര്‍ സമ്മതിക്കില്ല. എന്നാല്‍ കരിയര്‍കാസ്റ്റ് ജോബ്‌സ് വെബ്‌സൈറ്റ് നടത്തിയ സര്‍വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മോശം ജോലിയായി തിരഞ്ഞെടുത്തിരിക്കുന്നത് പത്രപ്രവര്‍ത്തനമാണ്. ഇത് പരിശുദ്ധ വള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള കുത്തകപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആയതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം എനിക്കല്ല.

കരിയര്‍കാസ്റ്റ് പറയുന്നത് അനുസരിച്ച് പത്രപ്രവര്‍ത്തനത്തെക്കാള്‍ ഭേദമാണ് മരംവെട്ടുകാരന്റെ ജോലി. പിന്നെയും ഭേദമാണ് പട്ടാളക്കാരന്റെ ജോലി. കോടീശ്വരന്‍മാര്‍ പോലും സ്വപ്‌നം കാണുന്ന അഭിനേതാവിന്റെ ജോലി നിര്‍ഭാഗ്യവശാല്‍ മോശം ജോലികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. എണ്ണക്കിണറ്റിലെ ജോലിയാണ് പിന്നെയും ഭേദം. ഗ്ലാമറസ് എന്നു കരുതപ്പെടുന്ന എയര്‍ ഹോസ്റ്റസിന്റെ ജോലിയും മോശം ജോലികളുടെ പട്ടികയിലാണ്. കുറഞ്ഞ വേതനവും മുടിഞ്ഞ സമ്മര്‍ദ്ദവുമാണ് പത്രപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഈ തൊഴിലുകളെ മോശം തൊഴിലുകളുടെ പട്ടികയില്‍പ്പെടുത്തുന്നത്.

ഉന്നതപത്രസ്വാതന്ത്ര്യം നിലവിലുള്ള അമേരിക്കയിലായാലും പത്രങ്ങളുടെ പറുദീസയായ കൊച്ചുകേരളത്തിലായാലും പത്രക്കാരുടെ അവസ്ഥ അതിദയനീയമാണ് എന്നത് കരിയര്‍കാസ്റ്റ് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍, ദരിദ്രവാസികളായ പത്രക്കാരെപ്പറ്റി ആരും എവിടെയും വാര്‍ത്തകള്‍ കൊടുക്കാത്തതുകൊണ്ടും അവരുടെ തൊഴിലവകാശങ്ങളെപ്പറ്റി എഡിറ്റോറിയല്‍ മുതലക്കണ്ണീരുകള്‍ ഉണ്ടാവാത്തതുകൊണ്ടും സാധാരണക്കാരുടെ വിചാരം പത്രപ്രവര്‍ത്തകന്‍ എന്തോ സംഭവമാണെന്നാണ്. ഉണ്ടയാണ് എന്നതാണ് യഥാര്‍ഥ്യം.

കേരളത്തിലെ ശരാശരി പത്രപ്രവര്‍ത്തകന്‍ വേതനം കൊണ്ടു മാത്രം ജീവിക്കുന്നത് അപ്രായോഗികമാണ്. പലരും പകല്‍ സമയത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായും മറ്റു ചിലര്‍ സര്‍ക്കാര്‍ ഫഌറ്റ് വാങ്ങി ലോണടക്കാതെ മറിച്ചുവിറ്റുമൊക്കെയാണ് പിടിച്ചുനില്‍ക്കുന്നത്. പത്രപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കാര്യമാണെങ്കില്‍ മുഴുനീള കോമഡിയാണ്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാവിയെപ്പറ്റി ഒന്നും പറയാന്‍ സാധിക്കില്ല. ഏതെങ്കിലും കാലത്ത് പത്രപ്രവര്‍ത്തനം ലോകത്തിലെ മികച്ച ജോലികളിലൊന്നാവുമോ എന്നു പറയാന്‍ പറ്റില്ല. പത്രപ്രവര്‍ത്തകരുടെ ദുരിതങ്ങളെപ്പറ്റിയും അവരനുഭവിക്കുന്ന അനീതികളെപ്പറ്റിയും പൊതുസമൂഹം അറിയുന്നില്ല എന്നതാണ് ഇവരുടെ തൊഴില്‍മേഖല മെച്ചപ്പെടാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

പറഞ്ഞു വന്നത് ഏറ്റവും മോശപ്പെട്ട ജോലികളെപ്പറ്റിയാണല്ലോ. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തന്നെ ഇരിക്കട്ടെ. ഏതായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്നു കൂടി നമ്മള്‍ അറിഞ്ഞിരിക്കണ്ടേ ? കരിയര്‍കാസ്റ്റ് അതെപ്പറ്റിയും പഠിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ പഠനം അനുസരിച്ച് ഏറ്റവും മികച്ച ജോലികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആക്ച്വറിയാണ്. അതിന്റെ വളര്‍ച്ചാസാധ്യത കിടക്കുന്നത് 2010 മുതല്‍ 2020വരെയും. ദൈവത്തിനാണേ ആക്ച്വറി എന്ന തൊഴിലിനെപ്പറ്റി ഞാനാദ്യം കേള്‍ക്കുകയാണ്. എന്താണെന്നറിയാന്‍ വിക്കിപ്പീഡിയ നോക്കി- An actuary is a business professional who deals with the financial impact of risk and uncertainty. Actuaries provide expert assessments of financial security systems, with a focus on their complexity, their mathematics, and their mechanism എന്നാണ് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങി സകലധനകാര്യസ്ഥാപനങ്ങളിലും ആവശ്യമുള്ള തൊഴിലാളിയാണ് കക്ഷി. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ആക്ച്വറിയിലേക്കൊരു ചുവടുമാറ്റം അസാധ്യമല്ല. ഞാനീ എക്കോണമിക്‌സ് ഒക്കെ പഠിച്ചിട്ടുണ്ടല്ലോ.

തൊഴില്‍ ഏതായാലും അത് എത്ര ബോറായാലും അതിലേര്‍പ്പെടുന്നവന്റെ മനോഭാവമാണ് അതിനെ മനോഹരമാക്കുന്നത് എന്നാണെന്റെ വിശ്വാസം. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തോന്നുന്നവര്‍ മോശപ്പെട്ട ആളുകളായിരിക്കണം എന്നുമില്ല. ഈ തൊഴിലാളി ദിനത്തില്‍ എല്ലാ തൊഴിലുകള്‍ക്കും കാലോചിതമായ മികവും അംഗീകാരവും സാമ്പത്തികസുരക്ഷിതത്വവും ലഭിക്കട്ടെ എന്നാശംസിക്കുന്നു.

ജോണ്‍സണ്‍ ചതിച്ചു

ജോണ്‍സണ്‍ ചതിച്ചു

Posted 29 April 2013 | By | Categories: Media | 30 Comments

കൊച്ചുകുഞ്ഞുങ്ങളുടെ ചര്‍മ്മം പൂപോലെ മൃദൂലമാക്കും ബാക്ടീരിയകളുടെ തുടച്ചുനീക്കും എന്നൊക്കെ പറഞ്ഞും പരസ്യപ്പെടുത്തിയും അഭിവന്ദ്യ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ മേലേക്ക് വര്‍ഷിച്ചത് നല്ല ഒന്നാംതരം വിഷം ആണെന്നു കണ്ടെത്തിയിരിക്കുന്നു. ക്യാന്‍സറിനു കാരണമാകാവുന്ന എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ച് ജോണ്‍സണ്‍സ് ബേബി പൗഡര്‍ ശുദ്ധീകരിച്ചു എന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പൗഡര്‍ എത്തിക്കുന്ന മുംബൈ മുലുന്ദിലെ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കിയിരിക്കുകയാണ്.

വെറുമൊരു വാര്‍ത്തയല്ല, സംഗതി സീരിയസ്സാണ്. ജോണ്‍സണും പിന്നെ ജോണ്‍സണും വല്യ പിടിപാടുള്ള കക്ഷികളാണ്. സംഗതി സത്യമാണെങ്കില്‍ തന്നെയും കമ്പനിയുടെ പൗഡര്‍ വില്‍പനയെയും ബ്രാന്‍ഡ് ഉദ്ധാരണശേഷിയെയും പ്രതികൂലമായി ബാധിക്കുന്ന ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കും ഫേസ്ബുക്കിലും മറ്റും പോസ്റ്റു ചെയ്യുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കും ലൈക്ക് ചെയ്യുന്നവര്‍ക്കുമൊക്കെയെതിരേ കമ്പനി കേസ് കൊടുക്കുകയും ആ കേസിന്‍മേല്‍ സത്വരനടപടികളുണ്ടാവുകയും ചെയ്‌തേക്കാം എന്നത് മനസ്സിലാക്കിക്കൊണ്ട് മാത്രം ഇത് പ്രചരിപ്പിക്കുക. ഇന്ത്യയിലെ പത്തോ നൂറോ കോടി ചാവാലിപ്പിള്ളേരാണോ അഭിവന്ദ്യ ജോണ്‍സണ്‍ ആന്‍ഡ്് ജോണ്‍സന്റെ ബ്രാന്‍ഡ് ഇമേജ് ആണോ വലുതെന്ന് സ്വയം ആലോചിക്കുക. പിള്ളേര്‍ക്കു ക്യാന്‍സര്‍ വരുന്നതും അവറ്റകള്‍ ചത്തുപോകുന്നതും സ്വാഭാവികം. കമ്പനിയുടെ ബ്രാന്‍ഡ് ഇമേജ് ഇടിയുന്നത് അങ്ങനെയല്ല (എന്‍ഡോസള്‍ഫാന്‍ വിഷമാണെന്നു പറഞ്ഞതിന് സള്‍ഫാനുണ്ടാക്കുന്ന കമ്പനിയുടെ കേസില്‍ ഡോക്ടര്‍മാര്‍ കോടതി കയറുന്ന നാടാണിത്).

ജോണ്‍സന്റെ പൗഡറിട്ടില്ലെങ്കില്‍ പിള്ളേര്‍ ചത്തുപോകുമെന്ന പിടിവാശിയോടെ ഇപ്പോഴും പൗഡറിടുന്ന പാവപ്പെട്ട അമ്മമാര്‍ ഈ വാര്‍ത്ത അറിയാനുള്ള സാധ്യത കുറവാണ്. അവര്‍ നാളെയും മറ്റന്നാളുമൊക്കെ മക്കളെ പൗഡറിട്ട് കുട്ടപ്പന്‍മാരാക്കും. അവര്‍ കട്ടപ്പൊകയന്‍മാരാകാതിരിക്കാന്‍ ഇപ്പോഴേ ശ്രദ്ധിക്കുക. ഇപ്പോള്‍ നമ്മുടെ കയ്യിലിരിക്കുന്ന പൗഡര്‍ ടിന്നിനുള്ളില്‍ വിഷമുണ്ടോ ഇല്ലയോ എന്നതല്ല. നേരത്തെ നടത്തിയ പരിശോധനയില്‍ പൗഡര്‍ ശുദ്ധീകരിക്കാന്‍ മേല്‍പ്പറഞ്ഞ എഥിലിന്‍ ഓക്‌സൈഡ് ഉപയോഗിച്ച് സ്‌റ്റെറിലൈസ് ചെയ്തു എന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2007ല്‍ വിറ്റഴിച്ച 15 ബാച്ച് പൗഡറുകള്‍ (1,60,000 ടിന്നുകള്‍) ഇത്തരത്തില്‍ ശുദ്ധീകരിക്കപ്പെട്ടവയായിരുന്നെന്നാണ് കണ്ടെത്തിയത്. എഫ്ഡിഎ വല്യ കാര്യമായിട്ട് ചോദിച്ചപ്പോള്‍ ഓ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ടിലായിരുന്നേ്രത ജോണ്‍സന്റെ പ്രതികരണം. ആ പൗഡര്‍ ഉപയോഗിക്കുന്ന പിള്ളേരുടെ ജീവനില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണുള്ള അതീവശ്രദ്ധയും കരുതലും പിന്നെ മറ്റേടത്തെ ആത്മാര്‍ത്ഥതയും വ്യക്തമാക്കുന്ന മറുപടിയാണത്. ഇനി ഒരു പരസ്യം കാണാം.

എന്താ ല്ലേ ? എന്‍ഡോസള്‍ഫാന്‍ പരിശുദ്ധമാണ് പക്ഷെ, അതുപയോഗിക്കാനറിയാത്തവര്‍ ഉപയോഗിച്ച രീതി തെറ്റായിപ്പോയതുകൊണ്ടാണ് ഇവിടെ പല ദുരന്തങ്ങളും ഉണ്ടായത് എന്നു അതിന്റെ ആളുകള്‍ പറഞ്ഞതുപോലെ ചിലപ്പോള്‍ പരിശുദ്ധമായി ശുദ്ധീകരിച്ച ജോണ്‍സണ്‍സ് ബേബി പൗഡര്‍ എഫ്ഡിഐയിലെ പരിശോധിക്കാനറിയാത്ത ഉദ്യോഗസ്ഥന്‍മാര്‍ പരിശോധിച്ചതുകൊണ്ട് വിഷലിപ്തമായി കണ്ടെത്തിയതാവാം. അങ്ങനെയങ്കില്‍ എഫ്ഡിഐ ഉദ്യോഗസ്ഥരും ബേബി പൗഡറിനു ചീത്തപ്പേരുണ്ടാക്കുന്ന തരത്തില്‍ വാര്‍ത്തകളും ബ്ലോഗ് പോസ്റ്റുകളുമൊക്കെ എഴുതിയവരും പ്രതികളും കൂട്ടുപ്രതികളുമായേക്കാം. തല്‍ക്കാലം സംഭവവികാസങ്ങള്‍ ഇങ്ങനെയൊക്കെയാണ്, പിള്ളേരെ സൂക്ഷിക്കുക. പിന്നെ, പൗഡറിട്ടതുകൊണ്ട് ഇവിടെ ആരും സുന്ദരന്‍മാരോ സുന്ദരിമാരോ ആയിട്ടില്ല.

ഭയങ്കരന്‍ പരസ്യം

ഭയങ്കരന്‍ പരസ്യം

Posted 28 April 2013 | By | Categories: Media | 49 Comments

ഗിന്നസ് ബുക്ക് പ്രകാരം ഏറ്റവും ദൈര്‍ഘ്യമേറിയ പരസ്യചിത്രം നിവിയയുടേതാണ്. നിവിയ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംപ്രേഷണം ചെയ്ത 60 സെക്കന്‍ഡ് ഉള്ള ആ പരസ്യത്തെ ബഹുദൂരം പിന്നിലാക്കി ടാറ്റ സ്‌കൈ എച്ച്ഡിയുടെ പരസ്യം ദൈര്‍ഘ്യത്തിനു പുറമേ അതിന്റെ വ്യത്യസ്തത കൊണ്ടു കൂടി ശ്രദ്ധേയമാണ്. 210 സെക്കന്‍ഡ് ആണ് ടാറ്റ സ്‌കൈ എച്ച്ഡിയുടെ പരസ്യത്തിന്റെ ദൈര്‍ഘ്യം. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുന്ന വെള്ളിയാഴ്ച ജയില്‍ ചാടാന്‍ തീരുമാനിക്കുന്ന ഇന്ത്യയിലെ ഒരു ജയിലിലെ വിദേശ തടവുകാരുടെ തിങ്കഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള അഞ്ചു ദിവസങ്ങളാണ് പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുള്ളത് (ക്രിസ്മസിനും വിഷുവിനുമൊക്കെ നാട്ടില്‍പ്പോയി വന്ന ഇറ്റാലിയന്‍ മറീനുകളെ ഇത്തരുണത്തില്‍ സ്മരിക്കുന്നു). ജയില്‍ ചാട്ടം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒരു ഹോളിവുഡ് സിനിമയുടെ മികവോടെ ചിത്രീകരിച്ചിരിക്കുന്നു. ജയിലധികൃതരെല്ലാം മാച്ച് ലൈവ് കാണുമ്പോള്‍ അവര്‍ പദ്ധതി നടപ്പാക്കുന്നു. ശേഷം പരസ്യത്തില്‍ തന്നെ കാണാം.

ടെലിവിഷന്‍ പരസ്യചിത്രത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളില്‍ നിന്നു മാറി 3 മിനിറ്റ് നേരം ഈ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് അപ്രായോഗികവും കമ്പനിയെ സംബന്ധിച്ച് നഷ്ടവുമാകയാല്‍ മുഴനീളം പരസ്യം സംപ്രേഷണം ചെയ്തത് ഒറ്റ ദിവസത്തേക്ക് മാത്രമാണ്. അതോടെ, ഇന്ത്യന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഏറ്റവും ദൈര്‍ഘ്യമേറിയ പരസ്യചിത്രം എന്ന ഖ്യാതി ടാറ്റ സ്‌കൈ എച്ച്ഡിയുടെ A Hardworking Indian എന്ന ഈ പരസ്യമാണ്. പരസ്യം പൂര്‍ണരൂപത്തില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 10 ദിവസം കൊണ്ട് ഒന്നരലക്ഷത്തിറെപ്പേര്‍ പരസ്യം കണ്ടു കഴിഞ്ഞു.

ഒഗില്‍വി ആന്‍ഡ് മാതര്‍ സംവിധായകനായ വിവേക് കക്കാടുമായി ചേര്‍ന്നു നിര്‍മിച്ചതാണ് പരസ്യചിത്രം. ഹംഗറിയിലെ ശരിക്കുമുള്ള ജയിലിനുള്ളിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു മലയാള സിനിമയ്ക്കു ചെലവാകുന്നതിലുമധികം തുകയും നിര്‍മാണത്തിനായി ചെലവിട്ടിട്ടുമുണ്ട്.

ഇവന്റെ എവിടെയാണ് സൗന്ദര്യം ?

ഇവന്റെ എവിടെയാണ് സൗന്ദര്യം ?

Posted 27 April 2013 | By | Categories: Analysis | 106 Comments

ശരാശരി സുന്ദരിയായ വടക്കേലെ ജാന്‍സിക്ക് 12 പ്രേമലേഖനം കൊടുത്തിട്ടും നിരാശനാകേണ്ടി വന്ന, ഒറ്റ പെണ്ണുങ്ങള്‍ പോലും തിരിഞ്ഞു നോക്കാത്ത ജസ്റ്റിന് ഏതാണ്ട് ഇതേ ഛായയായിരുന്നു. എസ്‌റ്റേറ്റ് ബംഗ്ലാവിലെ മൊസൈക്ക് മാറ്റി മാര്‍ബിള്‍ ഇടുന്ന കാലത്ത് മിനുക്കുപണിക്കു വന്ന മംഗലാപുരംകാരന്‍ പയ്യനും ഇതിയാന്റെ ഛായയായിരുന്നു. സൗന്ദര്യക്കൂടുതല്‍ കാരണം സൗദിയിലെ സ്ത്രീകള്‍ വശംകെട്ടുപോവും എന്നു പറഞ്ഞ് സദാചാരപ്പോലീസ് നാടുകടത്തിയെന്നു പറയുന്ന മൂന്നു ബോറന്‍മാരില്‍ ഒരാളുടെ ചിത്രമാണിത്. പേര്- ഒമര്‍ ബോര്‍കാന്‍ അല്‍ ഗല. ലിവന്റെ
എവിടെയാണ് സൗന്ദര്യം എന്നു മാത്രം എനിക്കു മനസ്സിലാവുന്നില്ല.

മമമ്മൂക്കയെപ്പോലെ പൗരുഷമുള്ള മുഖമോ ലാലേട്ടനെപ്പോലെ പ്രണയാര്‍ദ്രമായ കണ്ണുകളോ ദിലീപിട്ടേനെപ്പോലെ തുടുത്ത കവിളുകളോ പൃഥ്വിരാജേട്ടനെപ്പോലെ സെക്‌സ് പായ്ക്ക് ബോഡീസോ ഈ ചെറുപ്പക്കാരനില്ല. ഇന്ത്യയിലെ തെരുവുകളിലൂടെ പെണ്‍പിള്ളേരെ ചൂളംകുത്തി തേരാ-പാരാ നടക്കുന്ന വായ്‌നോക്കി ചെക്കന്‍മാരുടെ അതേ ലുക്ക്. കേരളത്തിലെ ചില കുണ്ടന്‍മാരെപ്പോലെ കണ്ണെഴുതിയിരിക്കുന്നതിന്റെ അശ്ലീലം മറുവശത്ത്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന ഫോട്ടോയില്‍ ബൈസോ ട്രൈസോ ഡെല്‍റ്റോ ഒന്നും കാണാനില്ല. ഇവനെ അതിസുന്ദരനെന്നു വിശേഷിപ്പിക്കുന്നത് നിലവിലുള്ള സാധാരണ സുന്ദരന്‍മാര്‍ക്കു പോലും ഭീകര നാണക്കേടാണ്.

സൗദിയിലെ സ്ത്രീകള്‍ വളരെ സുന്ദരികളാണെന്നാണ് കേട്ടിട്ടുള്ളത്. ഇമ്മാതിരി ഐറ്റങ്ങളെ കണ്ടാല്‍ കണ്ട്രോളു പോകുന്ന തരത്തില്‍ അവര്‍ പ്രീമച്വര്‍ ആണോ എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് ഇവര്‍ സൗന്ദര്യക്കൂടുതലുള്ളവരാണെന്ന് അവിടുത്തെ സദാചാരപ്പോലീസ് പറഞ്ഞിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് ഏലിയന്‍ സൂപ്പര്‍ സ്റ്റാറും മണ്ണത്തൂര്‍ വില്‍സണ്‍ ഫേസ്ബുക്ക് സെലബ്രിറ്റിയുമായതുപോലെ ഈ ചെറുപ്പക്കാരന്‍ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സൗദി അറേബ്യയുടെ ജി സ്‌പോട്ടിനെ കിടുകിടാ വിറപ്പിക്കുന്ന വീരമദാലസനായി. അവിടുത്തെ സദാചാര പോലീസ് ഇവിടെയും ഉണ്ടായിരുന്നെങ്കില്‍ എന്നെയൊക്കെ തൂക്കിക്കൊന്നേനെ. സൗന്ദര്യക്കൂടുതല്‍ കൊണ്ട് രക്തസാക്ഷിത്വം വഹിക്കുന്നതില്‍ നാണക്കേടൊന്നുമില്ല, പക്ഷെ എനിക്കതില്‍ താല്‍പര്യമില്ല.

ദുബായ്ക്കാരനായ ഒമര്‍ ഫോട്ടോഗ്രാഫറും കവിയും നടനുമൊക്കെയാണെന്നാണ് പപ്പരാസികള്‍ പറയുന്നത്. എന്തൊരു വൃത്തികെട്ട കോംബിനേഷനാണെന്നു നോക്കണം. ഫോട്ടോഗ്രാഫറും സംവിധായകനുമാവാം, ഒരന്തസ്സുണ്ട്. അല്ലെങ്കില്‍ കവിയും കഥാകാരനുമാവാം അതുമല്ലെങ്കില്‍ പത്രപ്രവര്‍ത്തനും ബ്ലോഗറുമാവാം, വളരെ വളരെ അന്തസ്സുണ്ട്. ഫോട്ടോഗ്രാഫറും കവിയും നടനുമെന്നു പറയുമ്പോള്‍ തന്നെ ഒരു ഫ്രോഡ് മണം. ലിവന്റെ ഫേസ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് കണ്ടിട്ട് കവിത ഏഴയലത്തുകൂടി പോയ ലക്ഷണമില്ല. നടനാണെന്നൊക്കെ ചുമ്മാ പറയാമെന്നല്ലാതെ അവിടൊക്കെ സിനിമയോ നാടകമോ വല്ലതുമുണ്ടോ ?

ഇതിയാന്റെ സൗന്ദര്യം കണ്ടിട്ട് ഹൃദയം നിലച്ചുപോയെന്നോ കണ്ണുകള്‍ കണ്ടിട്ട് ബിപി കൂടിയെന്നോ ഒക്കെ പറഞ്ഞ് സൗന്ദര്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ലോക്കല്‍ മല്ലു ആന്റിമാര്‍ വരെ ഫേസ്ബുക്കില്‍ കാല്‍പനികം കളിച്ചു നടക്കുന്നുണ്ട്. ശുദ്ധതട്ടിപ്പാണ്. നമ്മളെപ്പോലെയുള്ള മലയാളികളും ബുദ്ധിമാന്‍മാരുമായ സുന്ദരന്‍മാരെ ആക്ഷേപിക്കുന്നതിനും പ്രകോപിപ്പിക്കുന്നതിനും വേണ്ടി അവര്‍ വെറുതെ പുലമ്പുകയാണ്. അല്ലെങ്കിലും കുഞ്ചാക്കോ ബോബന്‍ ഗന്ധര്‍വ്വനാണെന്നു വിശ്വസിച്ചിരുന്ന പെണ്ണുങ്ങള്‍ പിള്ളേരും പൃങ്ങാണിയുമായി കഴിയുന്ന മലയാളക്കരയില്‍ ഇമ്മാതിരി ചെക്കന്‍മാരെയൊക്കെ സുന്ദരന്‍മാരെന്ന പേരില്‍ അവതരിപ്പിക്കുന്നത് വിഡ്ഡിത്തമാണ്. തലയില്‍ കുരുവിക്കൂടും മുഖത്ത് കപ്പടാമീശയും ഉഗ്രന്‍ കുടവയറുമുള്ള മലയാളികളെയേ അവര്‍ക്കിഷ്ടമാവൂ. അങ്ങനെയല്ലാത്തെ ഒരുത്തനെ ഇഷ്ടപ്പെടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല.

എല്ലാ പുരുഷവായനക്കാരും ചേര്‍ന്ന് പ്രാര്‍ഥിക്കുക:
ഈശ്വരാ… ഇവനു ചിക്കന്‍പോക്‌സ് പിടിച്ചു മുഴുവന്‍ പാണ്ടാവണേ…

കൊച്ചുമുതലാളി ഇനി ഫെറാരി ഓടിക്കരുത്

കൊച്ചുമുതലാളി ഇനി ഫെറാരി ഓടിക്കരുത്

Posted 26 April 2013 | By | Categories: Analysis | 32 Comments

ഫെറാരി, യു ട്യൂബ്, ശോഭ സിറ്റി. ഈ മൂന്നു ഘടകങ്ങളും മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ അത്ര അപൂര്‍മല്ലാത്ത ഒരു സംഭവമാണ് തൃശൂരില്‍ എട്ടു വയസുകാരന്‍ വാഹനമോടിച്ചത്. എന്നാല്‍, പണക്കാര്‍ക്കെതിരെയും ബൂര്‍ഷ്വ റസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുമെതിരെയുള്ള നമ്മുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഭാഗമായും യൂ ട്യൂബ് പോലെയുള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ചെക്കന് അസാധാരണമായ പ്രചാരം കിട്ടിയതിനാലും ഫെറാരി കാര്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെക്കനെയും കാറോടിക്കാന്‍ അനുമതി കൊടുത്ത രക്ഷിതാവിനെയും പിടച്ചകത്തിടുകയും വേണമെന്ന് നമ്മള്‍ വാദിക്കുന്നു. പണക്കാരെ ബഹുമാനിക്കുന്നതില്‍ കേരള സമൂഹം വളരെ പിന്നിലാണെന്നു പറയേണ്ടി വരുന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

എല്ലാവരും ഫെറാരി ഡ്രൈവിങ്ങിനെ എതിര്‍ക്കുമ്പോള്‍ എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നതാണല്ലോ ഇവന്റെ പണി എന്നു വിചാരിക്കരുത്. അതിന്റെ മറ്റൊരു വശം ഞാന്‍ പറയുന്നു എന്നേയുള്ളൂ. എട്ടു വയസ്സുകാരന്‍ ഫെറാരി കാറോടിച്ചത് തെറ്റോ ശരിയോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കുട്ടിക്കെതിരെ കേസെടുത്തതിന്റെ പൊരുള്‍ എനിക്കു മനസ്സിലാവുന്നില്ല. എട്ടു വയസ്സുള്ള കുട്ടിയില്‍ നിന്ന് എന്ത് സാമൂഹിക ഉത്തരവാദിത്വമാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത് എന്നതും മനസ്സിലാവുന്നില്ല. നമ്മളെല്ലാം എട്ടാം വയസ്സ് കഴിഞ്ഞാണ് ഇവിടെ എത്തിയത്. എട്ടാം വയസ്സില്‍ വീട്ടില്‍ വണ്ടിയുണ്ടായിരുന്നവരില്‍ അത് ഒന്നു സ്റ്റാര്‍ട്ട് ചെയ്തു പോലും നോക്കിയിട്ടില്ലാത്തവര്‍ എത്ര പേരുണ്ടാവും ? എട്ടു വയസ്സുകാരനെയല്ല, കാറോടിച്ചു നടക്കാന്‍ എട്ടുവയസ്സുകാരന് സാഹചര്യമുണ്ടാക്കിക്കൊടുത്ത വ്യക്തികള്‍ക്കും സമൂഹത്തിനുമെതിരേയാണ് കേസെടുക്കേണ്ടത്. കുട്ടിയുടെ പിതാവ് മാത്രമല്ല, അവിടെ നിയമലംഘനത്തിനു സാഹചര്യമൊരുക്കിയ പാര്‍പ്പിടസമുച്ചയത്തിന്റെ ചുമതലക്കാരും ഈ സംഭവത്തില്‍ ഉത്തരവാദികളാണ്.

എട്ടു വയസ്സുകാരന്‍ വാഹനമോടിച്ചതിനെപ്പറ്റി പലരും പറയുന്ന പോയിന്റ് ആ ചെക്കന്‍ വണ്ടിയോടിച്ച് അവിടെ നിന്നിരുന്ന പിള്ളേരുടെ ദേഹത്തു മുട്ടിച്ചിരുന്നെങ്കിലോ എന്നാണ്. അപകടമുണ്ടായാല്‍ അത് വാഹനമോടിക്കുന്നവര്‍ക്കും പരിസരത്തുള്ളവര്‍ക്കുമൊക്കെ ബാധകമാണ്. നിയമലംഘനത്തിന് കുട്ടിയ്ക്ക് അനുമതി നല്‍കുകയോ കുട്ടിയെ അതില്‍ നിന്നു പിന്തിരിപ്പിക്കാതിരിക്കുകയോ ആണ് കുട്ടിയുടെ രക്ഷിതാവ് ചെയ്ത അങ്ങേയറ്റം ഗുരുതരമായ കുറ്റം. അതേ സമയം, എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടി മോട്ടോര്‍വാഹന വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നതിനോട് യോജിക്കാനുമാവുന്നില്ല. കുട്ടിക്കെതിരേ കേസെടുക്കുന്നുണ്ടെങ്കില്‍ അതു വീട്ടുകാര്‍ അവകാശപ്പെടുന്ന തരത്തില്‍ അത്യപൂര്‍വമായ ഒരു ഡ്രൈവിങ് മികവ് കുട്ടിക്കുണ്ടോ എന്ന് ഏതെങ്കിലും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ക്ക് പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാവണം. കുട്ടികളെ കുട്ടികളായി തന്നെ കാണുന്നതാണ് ഏതു വകുപ്പിനും നല്ലത്.

അഞ്ചു വയസ്സുകാരന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനം കാണാതെ പറയുന്നതും ആറു വയസ്സുകാരന്‍ കയ്യും കാലും കെട്ടി നീന്തിനടക്കുന്നതും പയ്യന്‍സിന്റെ അദ്ഭുതസിദ്ധികളായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഡ്രൈവിങ്ങില്‍ അത്യപൂര്‍വമായ സിദ്ധികളുള്ള പാവം എട്ടുവയസ്സുകാരനെ ക്രൂശിക്കുന്നത് എന്തിനാണ് എന്ന് ചെക്കന്റെ ഡ്രൈവിങ് മികവില്‍ വിശ്വാസമുള്ള വീട്ടുകാര്‍ ചോദിച്ചാലോ ? സ്വന്തം മകന് ഫെറാരിയുടെ കീ കൊടുത്തുവിടണമെങ്കില്‍ അവന്റെ അച്ഛന് മകന്റെ ഡ്രൈവിങ്ങില്‍ എത്രത്തോളം വിശ്വാസമുണ്ടായിരിക്കും എന്നാലോചിക്കണം. വിഡിയോയുടെ ചുവട്ടിലെ ഒരു കമന്റില്‍ പറയുന്നതുപോലെ ലൈസന്‍സും വാഹനമോടിക്കാന്‍ നിയമപ്രകാരമുള്ള പ്രായവുമുണ്ടെങ്കിലും മാര്‍ക്കറ്റിലേക്കു പോലും കാര്‍ കൊടുത്തുവിടാത്ത അച്ഛന്‍മാരുമുണ്ട്.

ഈ വിഡിയോയുടെ ചുവട്ടിലും ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലുമൊക്കെ ആളുകള്‍ പൊതുവേ അഭിപ്രായപ്പെട്ടത് കേരളത്തിലേക്കു വിദേശപണം ഒഴുകിയെത്തുകയും ആളുകള്‍ക്ക് അത് എങ്ങനെ വിനിയോഗിക്കണം എന്നറിയാതാവുകയും ചെയ്തതോടെ കൊച്ചുപിള്ളേര്‍ വരെ ഫെറാരി വാങ്ങിച്ച് ഓടിച്ചു കളിക്കുകയാണ് എന്നാണ്. ഒലക്കയാണ്. ചെക്കന്‍ ഓടിച്ചത് ഫെറാരി ആയിപ്പോയതാണ് സത്യത്തില്‍ നല്ലൊരു ശതമാനം ആളുകളുടെയും ധാര്‍മികരോഷത്തിനു കാരണം. സാധാരണക്കാരന്റെ മാരുതി ആള്‍ട്ടോ ആണ് ഓടിച്ചിരുന്നതെങ്കില്‍ ‘ശ്ശൊ ആ കൊച്ചിന്റെയൊരു കാര്യം’ എന്നു പറഞ്ഞ് നമ്മളതു വിട്ടു കളഞ്ഞേനെ. കാരണം, കൊച്ചുപിള്ളേര്‍ മാരുതി ഓടിക്കുന്ന നാട്ടുവഴികള്‍ കേരളത്തിനുള്ളില്‍ ധാരാളമുണ്ട്. ഫെറാരിയില്‍ നല്ല വിശ്വാസമുള്ള ആരോ വിഡിയോ എടുത്ത് യൂ ട്യൂബിലിട്ടു എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. യു ട്യൂബില്‍ വരാത്ത എത്രയോ കുട്ടി ഡ്രൈവുകള്‍ ഈ നാട്ടില്‍ ഓരോ ദിവസവും നടക്കുന്നു. ഇവിടെയൊക്കെയും കുറ്റക്കാര്‍ വാഹനമോടിച്ച കുട്ടികളല്ല, അവര്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന രക്ഷിതാക്കളാണ്.

ഇവിടെ എട്ടാം വയസ്സില്‍ കാറോടിച്ചതാണ് പ്രശ്‌നം എന്നൊരു ഫീലുമുണ്ട്. ഒന്‍പതാം വയസ്സിലും പത്താം വയസ്സിലും എന്തിന് പതിനാറാം വയസ്സിലും വാഹനമോടിക്കുന്നതും കുറ്റകരം തന്നെയാണ്. യൂണിഫോമിട്ട് ബജാജ് പള്‍സറില്‍ ഒറ്റച്ചക്രത്തില്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ പോകുന്ന ഇന്നാട്ടിലെ സാധാരണക്കാരായ എത്രയോ കുട്ടികളെ ഡെയ്‌ലി കാണാറുണ്ട്. രണ്ടാഴ്ച മുമ്പ് കഷ്ടിച്ച് അഞ്ചു വയസ്സുള്ള മകന് ബൈക്കിന്റെ ഹാന്‍ഡില്‍ വിട്ടുകൊടുത്ത് ബൈക്കോടിച്ചു പോകുന്ന ഒരച്ഛനെ കണ്ടു. ഫെറാരിയാണെങ്കിലും ബൈക്ക് ആണെങ്കിലും തകിടഗുണാരി ആയിക്കഴിഞ്ഞു മൂക്കില്‍ പഞ്ഞി വച്ചോ നടുവിനു പ്ലാസ്റ്ററിട്ടോ ഒറ്റ കിടപ്പു കിടന്നാല്‍ പിന്നെ എണീറ്റെന്നു വരില്ല. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ ഒരോ വര്‍ഷവും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത് പത്തയ്യായിരം ആളുകളാണ്.

ഫെറാരി പയ്യന്റെ കേസില്‍ എനിക്കു വിശ്വാസമില്ല. വാര്‍ത്ത വായിച്ചാല്‍ തന്നെ കേസെടുത്തിരിക്കുന്നത് പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചതിനാണോ അതോ ബൂര്‍ഷ്വാസിയുടെ അടയാളമായ ഫെറാരിയോടിച്ചതിനാണോ അതോ പ്രസ്തുത വിഡിയോ 10 ലക്ഷം പേര്‍ കണ്ടതിനാണോ എന്ന കാര്യത്തില്‍ സംശയം തോന്നും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായോ ബോധവല്‍ക്കരണത്തിനു വേണ്ടിയോ ഒന്നുമല്ല, വിഡിയോ ഹിറ്റ് ആയതുകൊണ്ടും സംഗതി വിവാദമായതുകൊണ്ടുമാണ് സംഗതി കേസായത്. കേസും വിവാദവുമല്ല, ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ രക്ഷിതാക്കള്‍ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി കുട്ടികള്‍ വാഹനമോടിക്കുന്നതിലെ അപകടം എന്താണെന്ന് ശാസ്ത്രീയമായി ലളിതമായി വിശ്വാസ്യതയോടെ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.

ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ്

ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ്

Posted 25 April 2013 | By | Categories: Gossip | 24 Comments

കൊച്ചു കൊച്ചു കണ്ടെത്തലുകളും ഗാഡ്ജറ്റുകളും വരെ താല്‍പര്യത്തോടെ പിന്‍തുടരുന്നവര്‍ ഈ സംഗതി കാണാതെ പോകരുത്. ജീവിതം മാറിമറിയുന്നത് ഇങ്ങനെ ചില ഗാഡ്ജറ്റുകളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയുമാണല്ലോ. ജിടോകും സ്‌കൈപും വിഡിയോ ചാറ്റും ഗൂഗിള്‍ ഹാങ് ഔട്ടുമൊക്കെ വ്യക്തിജീവിതങ്ങളെയും ബന്ധങ്ങളെയും സ്വകാര്യപ്രണയങ്ങളെയുമൊക്കെ സ്വാധീനിച്ചിട്ടുള്ളതിന് പ്രത്യേകിച്ച് സാക്ഷ്യപത്രങ്ങളൊന്നുമില്ല. ടെക്‌സ്റ്റ്, വോയ്‌സ്, വിഡിയോ ചാറ്റുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിച്ചു എന്നു കരുതുന്നവര്‍ക്ക് ഡ്യുറെക്‌സിന്റെ ഫണ്‍ടാവെയര്‍ ഞെട്ടിക്കുന്ന കണ്ടെത്തലായിരിക്കും.

ഗര്‍ഭനിരോധന ഉറക്കമ്പനിയായ ഡ്യുറെക്‌സ് ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ വിസ്മയമാണ് ഫണ്‍ടാവെയര്‍. വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് എന്നു പറയുന്നതുപോലെ ടച്ചിങ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് ആണ് ഫണ്‍ടാവെയര്‍ വാഗ്ദാനം ചെയ്യുന്നത്. ഫണ്ണും അണ്ടര്‍വെയറും ചേര്‍ന്നുണ്ടായതാണ് ഫണ്‍ടാവെയര്‍. അതായത് അണ്ടര്‍വെയറിനുള്ളില്‍ ഫണ്‍ (അതു പിന്നെ നമുക്കറിയാത്തതാണല്ലോ) അല്ലെങ്കില്‍ അണ്ടര്‍വെയറും ഫണ്ണും ഒരുമിച്ച് എന്നൊക്കെയാണ് ഫണ്‍ടാവെയര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഡ്യൂറെക്‌സിന്റെ ഫണ്‍ടാവെയര്‍ ധരിക്കുകയും വെയറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷന്‍ വഴി വിദൂരത്തിരിക്കുന്ന കശ്മലന്‍ അല്ലെങ്കില്‍ കശ്മലയുമായി ബന്ധപ്പെടുകയും കശ്മലന്‍ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനില്‍ വികാരപരവശനായി സ്പര്‍ശിക്കുമ്പോള്‍ ഇപ്പുറത്തിരിക്കുന്നയാള്‍ക്ക് ഫണ്‍ടാവെയര്‍ വഴി അത് തല്‍സമയം അനുഭവപ്പെടുകയും ചെയ്യുന്ന അദ്ഭുത പ്രക്രിയയാണ് ഇത്. സംഗതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കാന്‍ ഡ്യൂറെക്‌സ് വിഡിയോ കാണുക.

വിഡിയോ കണ്ടിട്ട് ഇത് പരസ്പരം ഇക്കിളിയാക്കുന്നതിനുള്ള ഉപകരണമാണെന്നാണ് തോന്നുന്നത്. അത് പരീക്ഷണ ടച്ചിങ് ആയതുകൊണ്ടും ഈ വിഡിയോ ഇങ്ങനെ യൂ ട്യൂബിലിടുകയും ബ്ലോഗര്‍മാര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഇവര്‍ അകാരണമായി ചിരിക്കുന്നത്. ശരിക്കും സ്വകാര്യതയില്‍ വൈകാരികമായി അടുപ്പമുള്ളവര്‍ ഇത്തരുണത്തില്‍ സ്പര്‍ശിച്ചാല്‍ വിവരമറിയും. മേല്‍പ്പറഞ്ഞ പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ട കപിള്‍സ് പറഞ്ഞത് ഉടുപ്പിനുള്ളില്‍ ഇലക്ട്രിക് ഉറുമ്പുകള്‍ കറങ്ങിനടക്കുന്നമാതിരി ഒരു ഫീലിങ് ആയിരുന്നു എന്നാണ്. അണ്ടര്‍വെയറിനുള്ളില്‍ ശരിക്കുള്ള ഉറുമ്പ് പോകുന്നത് തന്നെ ഭീകരാനുഭവമായി കരുതപ്പെടുന്ന കേരളം പോലുള്ള സ്ഥലത്ത് ഇലക്ട്രിക് ഉറുമ്പുകള്‍ ആസ്വാദ്യകരമാവുമോ എന്തോ.

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയത്ത് കിസ്സിജ്ഞര്‍ എന്ന പേരിലൊരു ചാറ്റ് ഉപകരണം ആരോ അവതരിപ്പിരുന്നു. ചാറ്റ് ചെയ്യുമ്പോള്‍ ഈ സാധനം എടുത്ത് ഉമ്മ വച്ചാല്‍ അപ്പുറത്തിരിക്കുന്നയാളും സാധനം ചുണ്ടോടു ചേര്‍ത്താല്‍ ചുബനം അതേ തീവ്രതയോടെ മുറുക്കത്തോടെ ട്രാന്‍മിറ്റ് ചെയ്യുമത്രേ. എന്തായാലും ശാസ്ത്രം പുരോഗമിക്കുകയാണ് എന്നതില്‍ സന്തോഷമുണ്ട്. പഴയ ടെലിപ്പതിയും കൂടുവിട്ടു കൂടുമാറ്റവും ഹഠയോഗികളുടെ കുത്തകവിദ്യകളുമൊക്കെ ശാസ്ത്രീയ അടിത്തറയോടുകൂടി തന്നെ ജനകീയമാകുന്നത് നല്ല കാര്യമാണ്. ഗൂഗിള്‍ ഗ്ലാസ്സും അതുപോലുള്ള ഗ്ലാസുകളും ഡ്രൈവര്‍ലെസ് കാറും പിന്നെ ഇതുപോലുള്ള സാമഗ്രികളുമൊക്കെയാവുമ്പോള്‍ ഏറെക്കുറെ ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാനുള്ള വകയാകുമെന്നു തോന്നുന്നു.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കത്തിവേഷം

ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കത്തിവേഷം

Posted 23 April 2013 | By | Categories: Features | 71 Comments

സിനിമയിലെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റി അനേകം ചര്‍ച്ചകള്‍ ഏറ്റെടുത്തു നടത്തുന്ന പുരോഗമനവാദികളായ സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ കഥകളിയുടെ കാര്യം വന്നപ്പോള്‍ കഥകളിസംരംക്ഷണസംഘവും കഥകളി പ്രതിരോധസംഘവുമൊക്കെയായി മാറി പെപ്‌സിയെ തെറിവിളിക്കുന്നതാണ് അടുത്ത കാലത്തെ ഏറ്റവും സവിശേഷതമായ വിരോധാഭാസങ്ങളിലൊന്ന്. കഥകളി എനിക്കറിയില്ല. അത് കണ്ടാല്‍ എനിക്കൊന്നും മനസ്സിലാവുകയുമില്ല. എന്നാല്‍, കഥകളിയോട് എനിക്ക് പ്രത്യേകിച്ച് ഒരു ഇഷ്ടക്കേടുമില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി ഇവിടെ പ്രക്ഷോഭം നടത്തുന്നവര്‍ അത് സിനിമയില്‍ മാത്രം പുലരേണ്ട ഒന്നാണെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ ദയനീയമാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം കഥകളിയിലും മാപ്പിളപ്പാട്ടിലും മാര്‍ഗംകളിയിലുമൊക്കെയാവാം.

പെപ്‌സി സെവന്‍ അപിന്റെ പരസ്യത്തില്‍ കഥകളിയെ അധിക്ഷേപിച്ചു എന്ന മുറവിളിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. കഥകളി കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന കലയാണെന്നും കോളയുടെ പരസ്യത്തില്‍ അത് വഷളായി ചിത്രീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത്തരത്തില്‍ പൈതൃകകലകളെ അധിക്ഷേപിക്കുന്നതിനെതിരേ നിയനിര്‍മാണം വേണമെന്നും തുടങ്ങി മൊത്തത്തില്‍ കഥകളിക്കു വേണ്ടിയുള്ള കണ്ണീര്‍പ്രവാഹമാണ് എങ്ങും. സെവന്‍ അപിന്റെ പരസ്യം ഞാനും കണ്ടു. പരസ്യം ചെയ്യുന്ന ഉല്‍പന്നം ഉപയോഗിക്കുന്നവര്‍ മൊത്തത്തില്‍ വ്യത്യസ്തരായിത്തീരും എന്ന ക്ലീഷേ സന്ദേശമാണ് ഈ പരസ്യവും നല്‍കുന്നത്. കഥകളിയുടെ സ്ഥിരം ശൈലിയും പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും കണ്ടാല്‍ 7 അപ് കുടിക്കുന്നവരുടെ സമനില തെറ്റി വട്ടായിപ്പോവും എന്നാണ് ഉദ്ദേശിക്കുന്നതെന്നേ തോന്നൂ. പരസ്യം കാണാത്തവര്‍ ഒന്നു കണ്ടു നോക്കൂ.

കഥകളിയെ അധിക്ഷേപിച്ചു, കഥകളിയെ രക്ഷിക്കണം എന്നൊക്കെ വാദിക്കുന്നവര്‍ക്കുപോലും കഥകളി കണ്ടാല്‍ മനസ്സിലാക്കാനോ ആസ്വദിക്കാനോ ഒക്കെ സാധിക്കുമോ എന്നെനിക്കറിയില്ല. ഞങ്ങള്‍ക്ക് കഥകളിയൊന്നും മനസ്സിലാവില്ല, പക്ഷെ കഥകളി പവിത്രമായി കാത്തുസൂക്ഷിക്കണം എന്നു പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. സെവന്‍ അപിന്റെ പരസ്യത്തില്‍ കഥകളി വേഷക്കാരന്‍ മറ്റെന്തോ നൃത്തം കളിക്കുന്നത് കഥകളിയെ അധിക്ഷേപിക്കലാണ് എന്ന വാദം തന്നെ തെറ്റാണ്. നമ്മുടെ കഥകളി നമുക്ക് പവിത്രമായി തോന്നുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ കഥകളി വേഷമിട്ട് മറ്റെന്തെങ്കിലും നൃത്തം ചെയ്യുന്നത് ആഭാസമാണ് എന്നു പറയുന്നത് തെറ്റാണ്. കഥകളി പവിത്രമാണെന്നു മലയാളിക്കു തോന്നുന്നതുപോലെ ഡിസ്‌കോയും ഡപ്പാന്‍ കൂത്തുമൊക്കെ പവിത്രമാണെന്ന് അതിനെ സ്‌നേഹിക്കുന്നവരും വിശ്വസിക്കുന്നുണ്ടാവും. ഇവിടെ പരസ്യത്തില്‍ കഥകളിയെ ബോധപൂര്‍വം അധിക്ഷേപിക്കുന്നു എന്നു പറയുന്നത് കഥകളി വക്താക്കളുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ്. കഥകളിയല്ല, കഥകളി വേഷക്കാരന്‍ മാത്രമാണ് പരസ്യത്തിലുള്ളത്. കലാമണ്ഡലത്തിലോ സമാനമായ സങ്കേതങ്ങളിലോ പോയി ശാസ്ത്രീയമായി കഥകളി അഭ്യസിക്കാത്തവര്‍ കഥകളി വേഷം ധരിക്കുന്നത് കഥകളിയെ അധിക്ഷേപിക്കലാണ് എന്നു പറയുന്നത് ഒരുതരം തീവ്രവാദമാണ്.

കഥകളിയുടെ അന്തസ്സും ആഭിജാത്യവുമൊക്കെ സംരക്ഷിക്കേണ്ടത് കഥകളി കലാകാരന്‍മാര്‍ തന്നെയാണ്. പണ്ട് അമേരിക്കയില്‍ കഥകളി അവതരിപ്പിക്കാന്‍ പോയ മുഖ്യധാരാ കലാകാരന്‍മാരിലൊരാള്‍ ഹോട്ടല്‍ ജീവനക്കാരിയായ മദാമ്മയെ കയറിപ്പിടിച്ച് അകത്തായ വാര്‍ത്ത പത്രത്തില്‍ വായിച്ചിരുന്നു. സത്യത്തില്‍ അത്തരക്കാരാണ് കഥകളിയെ അധിക്ഷേപിക്കുന്നത്. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിന്റെ പരിപാടികളില്‍ പോലും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ ഒരു കാഴ്ചസുഖത്തിനു വേണ്ടി കഥകളി വേഷങ്ങളെ തെരുവില്‍ അണിനിരത്തുന്നത് കണ്ടിട്ടുണ്ട്. കഥകളിയുടെ വക്താക്കളുടെ തിയറി അനുസരിച്ചാണെങ്കില്‍ അതും കഥകളിയെ അധിക്ഷേപിക്കലാണ്. അതില്‍ കഥകളി വേഷമിട്ടവരാരും ഒരു കഥയും പറയുന്നില്ല. വന്നിറങ്ങുന്ന വിഐപിക്ക് കേരളം ഫീല്‍ ചെയ്യാന്‍ ചുമ്മാ വേഷമിട്ട് നില്‍ക്കുന്നു എന്നു മാത്രം. അതുപോലെ തന്നെ എത്രയോ മലയാള സിനിമകളില്‍ കഥകളി കോമഡി സീനുകളിലെ വേഷംകെട്ടു മാത്രമായി മാറിയിരിക്കുന്നു. സെവന്‍ അപിനെതിരെയുള്ള വാദങ്ങള്‍ വച്ചു നോക്കിയാല്‍ അതും കഥകളിയെ അധിക്ഷേപിക്കലാണ്.

ഇവിടെ, കഥകളിയെ അധിക്ഷേപിച്ചു എന്നതിനെക്കാള്‍ കോളയുടെ പരസ്യത്തില്‍ അതുപയോഗിച്ചു എന്നതാണ് പ്രതിഷേധങ്ങളുടെ പ്രധാനകാരണം എന്നു തോന്നുന്നു. പെപ്‌സി, കോള തുടങ്ങിയ വാക്കുകള്‍ അല്ലെങ്കില്‍ തന്നെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള ഉപഭോഗസമൂഹത്തില്‍ വെറുക്കപ്പെട്ടതാണല്ലോ. കഥകളിയെ അധിക്ഷേപിക്കണമെങ്കില്‍ അത് ഞങ്ങളായിക്കോളാം കണ്ട കോളക്കാരൊന്നും അതിനു തുനിയേണ്ട എന്നേയുള്ളൂ. സത്യത്തില്‍ കലാരൂപങ്ങള്‍ സ്വതന്ത്രമായി അവതരിക്കാനും പുനരാവിഷ്‌കരിക്കാനും കഴിയാതെ വരുന്നത് കഷ്ടമാണ്. കഥകളിയോട് ഭക്തിയുള്ളവരെപ്പോലെ തന്നെ കഥകളി കാണുമ്പോള്‍ കോമഡിയായി തോന്നുന്നവരും നാട്ടിലുണ്ടാവാം. അല്ലെങ്കില്‍ തന്നെ പൈതൃകകലകളിലൊന്നായ ഓട്ടന്‍ തുള്ളല്‍ സത്യത്തില്‍ ആക്ഷേപിക്കാന്‍ വേണ്ടി മാത്രമുള്ള കലയാണ് എന്നിരിക്കെ് കഥകളിയുടെ വക്താക്കള്‍ ആക്ഷേപത്തിനെതിരേ തിരിയുന്നത് അര്‍ഥശൂന്യമാണ്.

കേരളം എന്നു പറയുമ്പോള്‍ തന്നെ കഥകളിയും ആനയും പിന്നെ ഒരു ഹൗസ്ബാട്ടുമാണ് ഓട്ടോമാറ്റിക്കായി തന്നെ മനസ്സിലേക്കു വരുന്നത്. നല്ലൊരു ശതമാനം മലയാളികളെ സംബന്ധിച്ചും കഥകളിക്ക് പൈതൃകകലയെന്ന ഒരാനച്ചന്തം മാത്രമാണ് ഫീല്‍ ചെയ്യാറുള്ളത്.അതുകൊണ്ട് കഥകളിയോട് എന്തുമാവാം എന്നല്ല. ഈ കാലഘട്ടത്തില്‍ അതിജീവിക്കുന്ന കലാരൂപമെന്ന നിലയ്ക്ക് കഥകളിയും പലതരത്തില്‍ ആവിഷ്‌കരിക്കപ്പെടുമെന്നതില്‍ സംശയമില്ല. കഥകളിക്കാരല്ലാതെ ആരെങ്കിലും കഥകളി വേഷമിടുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യമാണ്.

ഇന്ന് ഏറ്റവും ശക്തമായ മാധ്യമങ്ങളിലൊന്ന് പരസ്യചിത്രങ്ങളാണ്. കഥകളി എന്താണ് എന്നറിയാത്ത സമൂഹത്തിനു മുന്നില്‍ ഇങ്ങനൊരു വേഷത്തിലൂടെയെങ്കിലും കഥകളി അവതരിപ്പിച്ചതിന് സെവന്‍ അപിനോട് നന്ദി പറയുകയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. സെവന്‍ അപ് പരസ്യത്തിലൂടെ കഥകളി അധിക്ഷേപിക്കപ്പെടുകയല്ല ജനകീയമാവുകയാണ് ചെയ്തത്. കാരണം, യു ട്യൂബില്‍ മാത്രം അനേകം ആളുകള്‍ സെവന്‍ അപ് പരസ്യം കണ്ടിട്ടുണ്ട്. പരസ്യം കണ്ട് ഈ കലാരൂപത്തില്‍ താല്‍പര്യമുള്ളവര്‍ എന്താണ് ഈ വേഷം എന്നന്വേഷിക്കുകയും യഥാര്‍ഥ കഥകളിയിലേക്ക് എത്തുകയും ചെയ്‌തേക്കാം. അല്ലാതെ സെവന്‍ അപ് പരസ്യം കണ്ടിട്ട് ആരും കഥകളിയെ വെറുക്കാന്‍ പോകുന്നില്ല. കഥകളിയോട് ശരിക്കും താല്‍പര്യമുള്ളവര്‍ അതിനെ ജനകീയമാക്കുന്നതിനുള്ള നടപടികളാണ് എടുക്കേണ്ടത്. ഒരു കലാരൂപം സംരക്ഷിക്കപ്പെടുമ്പോഴല്ല, സ്വതന്ത്രമാക്കപ്പെടുകയും ജനകീയമാക്കപ്പെടുകയും ചെയ്യുമ്പോഴാണ് അതിന്റെ മൂല്യം വര്‍ധിക്കുന്നത്.